Vatican

അതിക്രമങ്ങള്‍ ഉപേക്ഷിക്കാം സാഹോദര്യം വളര്‍ത്താം; വത്തിക്കാന്റെ “ഈദ്-ഉള്‍-ഫിത്ര്‍” സന്ദേശം

തുറവോടെയും അറിവോടെയും, സഹോദരീ സഹോദരന്മാരായി പരസ്പരം അംഗീകരിക്കണം; ഭീതിയാലും, അറിവില്ലായ്മയാലും മതങ്ങള്‍ക്കിടയില്‍ ഉയര്‍ത്തിയിട്ടുള്ള വിഭജനത്തിന്റെ ഭിത്തികള്‍ ഇല്ലായ്മചെയ്യണം

ഫാ.വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: അതിക്രമങ്ങള്‍ ഉപേക്ഷിച്ചും, മനുഷ്യവ്യക്തികളെ ആദരിച്ചും സംവാദത്തിന്റെ സംസ്കാരം ലോകത്തു വളര്‍ത്തണമെന്ന ആഹ്വാനവുമായി വത്തിക്കാന്റെ ഈ വര്‍ഷത്തെ “ഈദ്-ഉള്‍-ഫിത്ര്‍” സന്ദേശം. മെയ് 10-ന് വത്തിക്കാന്റെ മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പുറപ്പെടുവിച്ച ‘വിശ്വസാഹോദര്യത്തിനുള്ള കാഹളമാവട്ടെ ഈ ഉപവാസ നാളുകൾ’ എന്ന തലക്കെട്ടോട് കൂടിയ സന്ദേശത്തിന്റെ ആഹ്വാനമാണിത്.

ലോകമെമ്പാടുമുള്ള മുസ്ലിങ്ങളോടും ക്രൈസ്തവ സഹോദരങ്ങളോടും വത്തിക്കാന്‍ സന്ദേശത്തിലൂടെ ആഹ്വാനംചെയ്യുന്നത് വിശ്വസാഹോദര്യം വളര്‍ത്താനും കൂട്ടായ്മയുടെ സംസ്കാരം നിലനിര്‍ത്താനുമാണ്. അതിനായി വിഭജനത്തിന്റെ ഭിത്തികള്‍ ഭേദിക്കുന്ന ഉപവിയുടെ മാര്‍ഗ്ഗം സ്വീകരിക്കാനും നിർദ്ദേശിക്കുന്നു.

കൂടാതെ തുറവോടെയും അറിവോടെയും, സഹോദരീ സഹോദരന്മാരായി പരസ്പരം അംഗീകരിക്കണമെന്നും; ഭീതിയാലും, അറിവില്ലായ്മയാലും മതങ്ങള്‍ക്കിടയില്‍ ഉയര്‍ത്തിയിട്ടുള്ള വിഭജനത്തിന്റെ ഭിത്തികള്‍ ഇല്ലായ്മചെയ്ത് സൗഹൃദത്തിന്റെയും മാനവികതയുടെയും ചക്രവാളങ്ങള്‍ തുറക്കേണ്ടതാണെന്നും സന്ദേശം ആഹ്വാനം ചെയ്യുന്നുണ്ട്. മനുഷ്യന്റെ അടിസ്ഥാന നന്മ ലക്ഷ്യമാക്കി ഉപവി പ്രവൃത്തികള്‍വഴി ലോകത്ത് സമാധാനം വളര്‍ത്താനുള്ള ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനത്തോട് യു.എ.ഇ.-യിലെ ഭരണകര്‍ത്താക്കള്‍ കൈകോര്‍ത്ത്, സംയുക്തമായി നടത്തിയ പ്രഖ്യാപനത്തെ ഉദ്ധരിക്കുന്നതാണ് ഈ സന്ദേശത്തിലെ വാക്കുകൾ.

ആദരിക്കേണ്ടത് സാഹോദര്യത്തിന്റെ കരുത്തതിനെയാണെന്നും, അതിനായി അടിസ്ഥാന ആദര്‍ശങ്ങളില്‍ ഊന്നിനിന്നുകൊണ്ട് ഇന്നത്തെ സമൂഹിക പരിസരത്ത് മതത്തിന്റെയും ജാതിയുടെയും അതിര്‍വരമ്പുകള്‍ക്കപ്പുറം മനുഷ്യരെ, വിശിഷ്യാ പാവങ്ങളും പരിത്യക്തരുമായവരെ തുണയ്ക്കേണ്ടത് അനിവാര്യമാണെന്നും സന്ദേശം വിശദീകരിക്കുന്നു. അതുപോലെ തന്നെ, ലോകത്തുള്ള മതവൈവിധ്യങ്ങളും മതസ്വാതന്ത്ര്യവും ആദരിക്കുന്നതിനും, സംവാദത്തിന്റെയും അറിവിന്റെയും മാര്‍ഗ്ഗത്തില്‍ ജനങ്ങളെ വളര്‍ത്തുന്നതിനും, വിവിധ മതവിശ്വാസികളിലുള്ള സഹോദര്യത്തിന്റെ കരുത്തും, ആത്മാര്‍ത്ഥതയും, സത്യസന്ധമായ ലക്ഷ്യങ്ങളും, അവരുടെ സംസ്കാരത്തനിമകളെയും മാനിക്കണമെന്ന ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകളും സന്ദേശത്തിൽ ഉദ്ധരിക്കുന്നുണ്ട്.

ഉപവാസം, പ്രാര്‍ത്ഥന, ദാനധര്‍മ്മം എന്നിവയ്ക്കായി സമര്‍പ്പിച്ചിരിക്കുന്ന പുണ്യമാസമാണ് റമദാന്‍. ഹിജീര്‍ 1440- Ɔമാണ്ടിലെ റമദാന്‍ മാസം മെയ് 6-ന് ആരംഭിച്ച്, ജൂണ്‍ 6-ന് ആചരിക്കുന്ന ഈദ്-ഉള്‍-ഫിത്ര്‍ പെരുന്നാളോടെ സമാപിക്കുന്നതാണ് പുണ്യമായ റമദാന്‍.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker