Daily Reflection

അനുഗമനം സാധ്യമാകുന്നത് വിളി കേൾക്കുമ്പോൾ മാത്രമാണ്

അനുഗമനം സാധ്യമാകുന്നത് വിളി കേൾക്കുമ്പോൾ മാത്രമാണ്

ആമോ. – 8:4-6,9-12 മത്താ. – 9:9-13

“ഞാന്‍ വന്നത് നീതിമാന്മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്.”

ചുങ്കസ്‌ഥലത്ത്‌ ഇരുന്ന മത്തായിയോട് യേശു പറയുന്നു: എന്നെ അനുഗമിക്കുക. അവന്‍ എഴുന്നേറ്റ്‌ യേശുവിനെ അനുഗമിച്ചു.

അനുഗമനം സാധ്യമാകുന്നത് വിളി കേൾക്കുമ്പോൾ മാത്രമാണ്. കേൾക്കുന്ന വിളിയോട് നമ്മുടെ പ്രതികരണവും പ്രധാനം. ക്രിസ്തുവിന്റെ വിളി കേട്ട് അനുഗമിക്കുവാൻ ആരംഭിച്ച മനുഷ്യന് പിന്നെ ഉണ്ടാകുന്നത് സ്വപ്നം കാണാൻ കഴിയാത്തതിലും വലിയ അനുഗ്രഹമായിരുന്നു.

നമ്മുടെ ജീവിതത്തിലും ഇങ്ങനെ ക്രിസ്തുവിന്റെ വിളി സംഭവിക്കുന്നുണ്ട്. പക്ഷെ, നമ്മൾ പലപ്പോഴും  ഒരുക്കക്കുറവ് മൂലമോ, മറ്റ് ആകുലതകൾ മൂലമോ വിളി ശ്രവിക്കുന്നില്ല. സത്യത്തിൽ നമ്മൾ ഭാഗ്യം ചെയ്തവരാണ്, കാരണം ദിവ്യബലിയർപ്പണം ഉദാത്തമായ ശ്രവണത്തിന് നമ്മെ ഒരുക്കുന്നുണ്ട്.

തന്റെ വിളി ശ്രവിച്ച് തന്നെ അനുഗമിക്കുന്നവനോടൊപ്പം യാത്രചെയ്യാൻ ക്രിസ്തു തയ്യാറാണ്. നമ്മുടെ പ്രത്യുത്തരമാണ് പ്രധാനം. അതായത്, കേൾക്കുക – അനുഗമിക്കുക. പ്രാർത്ഥന നമുക്ക് ഒരു ശ്രവണ സഹായിയാണ്. നിരന്തരമായ പ്രാർഥന നമുക്ക് ക്രിസ്തുവിന്റെ ശബ്ദം തിരിച്ചറിയുവാൻ പാകത്തിലുള്ള കേൾവിശക്തി നൽകും.

സമൂഹത്തിൽ ഉന്നതരെന്ന് കരുതുന്നവർ, തങ്ങളാണ് യഥാർത്ഥ വിശ്വാസികൾ എന്ന് നടിച്ചിരുന്ന ഒരുകൂട്ടർ ചോദിക്കുന്നു: ‘നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്‌ഷിക്കുന്നതെന്തുകൊണ്ട്‌?’ ഇത് കേട്ട യേശുവിന്റെ ഉത്തരം നമുക്ക് വലിയ ആശ്വാസമാണ്: “ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ്‌ വൈദ്യനെക്കൊണ്ട്‌ ആവശ്യം”. നമ്മൾ തികച്ചും പൂർണ്ണരല്ല എന്ന അവബോധത്തിൽ നിന്ന് മാത്രമേ നമ്മുടെ ജീവിതത്തിൽ ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ ആവശ്യം സ്‌പഷ്‌ടമാവുകയുള്ളൂ.

സ്നേഹപിതാവായ ദൈവമേ, അങ്ങേ തിരുസുതനെ ഞങ്ങൾക്ക് ആശ്വാസവും നിത്യജീവനിലേക്കുള്ള വഴികാട്ടിയുമായി നല്കിയല്ലോ. ‘ഞാന്‍ വന്നത്‌ നീതിമാന്‍മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്‌’.  എന്ന ക്രിസ്തു നാഥന്റെ വചസുകൾക്ക് വേണ്ടവിധം ചെവികൊടുക്കുവാനും, ക്രിസ്തുവിന്റെ വിളിക്ക് കാതോർത്തുകൊണ്ട് അവിടുത്തെ അനുഗമിക്കുവാനും, ക്രിസ്തു സാമീപ്യം അനുദിനം ആസ്വദിച്ച് ജീവിക്കുവാനും ഞങ്ങളെ സഹായിക്കേണമേ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker