Articles

അഭയാകേസ് രൂപം കൊണ്ടത് ഇങ്ങനെ…

കുറ്റാരോപിതർക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ജസ്റ്റിസ് ഹേമയുടെ വിധി പകർപ്പിന്റെ വെളിച്ചത്തിൽ...

ജസ്റ്റിൻ ജോർജ്, ഭരണങ്ങാനം

കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട ഏത് വിവാദത്തിലും ഏറ്റവും അധികം ചർച്ചയാകുന്നത് സിസ്റ്റർ അഭയയുടെ മരണവുമായി ബന്ധപ്പെട്ട വിവാദമാണ്. 28 വർഷം മുൻപ് കോട്ടയം ടൗണിലെ പയസ് ടെൻത് കോൺവെന്റിനോട് ചേർന്നുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മരണം നടക്കുന്ന സമയത്ത് പയസ് ടെൻത് കോൺവന്റിൽ 20 സിസ്റ്റേഴ്സും BCM കോളേജിൽ പഠിക്കുന്ന കുട്ടികളും ഉൾപ്പടെ 123 താമസക്കാരാണ് ഉണ്ടായിരുന്നത്. സിസ്റ്റർ അഭയയും BCM കോളേജിലെ വിദ്യാർത്ഥിനി ആയിരുന്നു. കുറ്റാരോപിതരായ വൈദികരും BCM കോളേജിലെ പ്രഫസ്സർമാരാണ്. BCM കോളേജിൽ പഠിക്കുന്ന നൂറിന് മുകളിൽ കുട്ടികളുള്ള ഹോസ്റ്റലിൽ, അതും രാവിലെ കുട്ടികൾ എഴുന്നേറ്റ് പഠിക്കുന്ന പരീക്ഷാ കാലത്ത്, അവരുടെ രണ്ട് പ്രഫസ്സർമാർ മതിൽ ചാടി ഹോസ്റ്റലിൽ കയറി എന്ന വാദത്തിൽ നിന്ന് തന്നെ ആരോപണത്തിൽ കാര്യമില്ല എന്ന് സാമാന്യ ബോധമെങ്കിലും ഉള്ളവർ മനസ്സിലാക്കേണ്ടതാണ്.

സിസ്റ്റർ അഭയയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി 2-3 ദിവസത്തിനുള്ളിൽ ജോമോൻ പുത്തൻപുരയുടെ നേതൃത്വത്തിൽ സിസ്റ്റർ അഭയയുടെ ഘാതകരെ കണ്ടെത്തണം എന്ന ആവശ്യവുമായി ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. കോട്ടയം അതിരൂപതയിലെ യുവജന പ്രസ്ഥാനത്തിൽ (KCYL) പ്രവർത്തിച്ചു കൊണ്ടിരുന്ന ജോമോന് അതിരൂപതാ നേതൃത്വത്തിലേക്ക് എത്താൻ താല്പര്യം ഉണ്ടായിരുന്നെങ്കിലും എത്തുവാൻ സാധിച്ചില്ല. പ്രാഥമിക വിദ്യാഭ്യാസം മാത്രമേ ഉള്ളൂ എന്നതിനാലും, അത്ര നല്ലത് അല്ലാത്ത കുടുംബ പശ്ചാത്തലം ആയതിനാലുമാണ് തഴയപ്പെട്ടത് എന്നാണ് കേട്ടിരിക്കുന്നത്. ജോമോന്റെ അപ്പൻ മരിക്കുന്ന കാലത്ത് പാലായിലെ സിസ്റ്റേഴ്സിന്റെ വൃദ്ധ മന്ദിരത്തിൽ കിടന്ന് മരിക്കേണ്ട അവസ്ഥ വന്നതിനാൽ, മക്കളും അപ്പനും തമ്മിൽ അത്ര നല്ല ബന്ധം അല്ലായിരുന്നു ഉള്ളതെന്ന് അനുമാനിക്കാവുന്നതാണ്. ആരോപണ വിധേയനായ കോട്ടൂർ അച്ചനാണ് KCYL ന്റെ ചാപ്ലിനായി സേവനം അനുഷ്ട്ടിച്ചിരുന്നത്. ഇങ്ങനെയുള്ള അഭിപ്രായ വ്യത്യാസത്തിന്റെ കാലത്താണ് അഭയയുടെ മരണം സംഭവിക്കുന്നതും, ജോമോൻ ഇടപെടുന്നതും എന്നാണ് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്.

ആത്മഹത്യ ആകാൻ സാധ്യത ഉണ്ടായിരുന്നിട്ടും, കൊലപാതകം ആയിരിക്കും എന്ന വാദത്തിനാണ് സിസ്റ്റർ അഭയ ആയിരുന്ന സന്യാസ സഭയുടെ അധികൃതരും കോട്ടയം രൂപതാ അധികൃതരും മുൻ‌തൂക്കം കൊടുത്തത്. സിസ്റ്റർ അഭയ ആത്മഹത്യ ചെയ്തത് ആണെന്ന് സമ്മതിച്ചിരുന്നെങ്കിൽ കത്തോലിക്കാ സഭയുടെ അന്നത്തെ രീതി അനുസരിച്ചു തെമ്മാടി കുഴിയിൽ അടക്കേണ്ടി വരുമായിരുന്നു. ആത്മഹത്യ ചെയ്തവരുടെ മൃത സംസ്കാരത്തിൽ വീട്ടിൽ വന്ന് ഒപ്പീസ് ചൊല്ലുകയും കുഴി വെഞ്ചിരിക്കുന്നതും അല്ലാതെ വൈദികരുടെ പങ്കാളിത്തം ഉണ്ടാവുകയില്ല. മൃതശരീരം അടക്കുന്നത് സെമിത്തേരിയുടെ മൂലയിലും ആയിരിക്കും. തെമ്മാടി കുഴി ഇല്ലാത്ത ഇന്നത്തെ കാലത്ത് പോലും ആരെങ്കിലും ആത്മഹത്യ ചെയ്താൽ എന്തെങ്കിലും നിർവാഹം ഉണ്ടെങ്കിൽ ഹാർട്ട് അറ്റാക്ക് ആയി പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന നിരവധി സംഭവങ്ങൾ അറിയാവുന്നതിനാൽ സിസ്റ്റേഴ്സ് അങ്ങനെ കരുതിയതിൽ തെറ്റ് പറയാൻ പറ്റില്ല.

സിറോ മലബാർ സഭയിലെ ക്നാനായ സമുദായക്കാർക്ക് വേണ്ടി പ്രത്യേകം ഉള്ളതാണ് കോട്ടയം അതിരൂപത. Sisters of the Visitation of the most Virgin Mary (SVM), Sisters of St. Joseph’s Congregation (SJC), Caritas Secular Institute, Little Daughters of St. John Guelbert (LDSJG) എന്നിങ്ങനെ നാല് സന്യാസ സമൂഹങ്ങളാണ് സിസ്റ്റേഴ്സിനായി കോട്ടയം അതിരൂപതയിൽ ഉള്ളത്. കത്തോലിക്കാ സഭയിലെ ഇതര വിഭാഗത്തിൽ ഉള്ളവരുമായി ക്നാനായ സമുദായത്തിലെ ആരെങ്കിലും വിവാഹം കഴിച്ചാൽ പുറത്താകുന്നത് പോലെ ഇവരുടെ സന്യാസ സമൂഹത്തിലും ക്നാനായ സമുദായത്തിലെ പെൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം ഉള്ളത്. St. Joseph’s Congregation ലെ സിസ്റ്റർ ആത്മഹത്യ ചെയ്തു എന്ന പേര് ദോഷം വന്നാൽ മാതാപിതാക്കൾ തങ്ങളുടെ മക്കളെ സിസ്റ്റർ അഭയ ആയിരുന്ന കോൺവെന്റിലേക്ക് വിടാതെ ഇരുന്നാലോ എന്ന ആശങ്കയും സ്വാഭാവികമായും സിസ്റ്റേഴ്സിന് ഉണ്ടായിരുന്നിരിക്കാം.

ലോക്കൽ പോലീസ് വിശദമായി അന്വേഷിച്ചതിന് ശേഷം ആത്മഹത്യ ആകാമെന്ന് റിപ്പോർട്ട് കൊടുത്ത കേസിൽ കൂടുതൽ അന്വേഷണം വേണമെന്ന് സിസ്റ്റർ അഭയയുടെ സന്യാസ സമൂഹത്തിലെ മദർ സുപ്പീരിയറിന്റെ നേതൃത്വത്തിൽ 67 സിസ്റ്റേഴ്സ് ഒപ്പിട്ട പരാതി മുഖ്യമന്ത്രിക്ക് കൊടുത്തു. 1992 ഏപ്രിലിൽ ക്രൈംബ്രാഞ്ച് തുടങ്ങിയ അന്വേഷണത്തിലും ആത്മഹത്യ ആകാമെന്നാണ് 1993 ജനുവരിയിൽ റിപ്പോർട്ട് കൊടുത്തത്. ഇതിൽ തൃപ്തിയാകാതെ കോൺവെന്റ് അധികൃതർ കൊടുത്ത പരാതിയുടെ ഭാഗമായിട്ടാണ് 1993 മാർച്ചിൽ സിബിഐ കേസ് ഏറ്റെടുക്കുന്നത്. മെഡിക്കൽ തെളിവുകൾ വെച്ച് നോക്കുമ്പോൾ ‘കൊലപാതകമാണോ ആത്മഹത്യ ആണോ എന്ന് കണ്ടെത്താൻ സാധിച്ചില്ല’ എന്ന റിപ്പോർട്ടാണ് 1996 നവംബറിൽ കോടതിയിൽ കൊടുക്കുന്നത്. ഈ റിപ്പോർട്ട് കോടതി അംഗീകരിക്കാത്തതിനാൽ 1999 ജൂലൈയിൽ ഏർപ്പെടുത്തിയ രണ്ടാമത്തെ സംഘം അന്വേഷിച്ചു, 2005 ഓഗസ്റ്റിൽ കൊലപാതകം ആണെന്ന് സംശയിക്കാമെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല എന്ന റിപ്പോർട്ട് കൊടുത്തു. കോടതിയിൽ നിന്ന് നിശിത വിമർശനം കിട്ടി മൂന്നാമത്തെ അന്വേഷണ സംഘത്തെ ഏർപ്പാടാക്കി ഇരിക്കുമ്പോളാണ് Sr. Sephy, Fr. Jose Poothrikkayil, Fr. Thomas Kottoor എന്നിവരെ ചോദ്യം ചെയ്താൽ സത്യാവസ്ഥ പുറത്തറിയാം എന്ന രീതിയിൽ കോട്ടയം അതിരൂപതയുടെ കീഴിലുള്ള സന്യാസികളുടെ സൊസൈറ്റിയിൽ അംഗമായിരുന്ന ഒരു അച്ചന്റെ കത്ത് സിബിഐക്ക് ലഭിക്കുന്നത്.

കോട്ടയം അതിരൂപതയുടെ കീഴിലുള്ള സൊസൈറ്റിയിലെ ഉന്നത സ്ഥാനത്തുള്ള അച്ചനാണ് സിബിഐക്ക് കത്ത് അയച്ചതെന്ന് ഇന്ത്യൻ എക്സ്പ്രസ്സിൽ വന്ന വാർത്തക്ക് ശേഷം രൂപതാ നേതൃത്വം അദ്ദേഹത്തോട് വിശദീകരണം ചോദിച്ചപ്പോൾ, അങ്ങനെ ഒരു കത്ത് താൻ അയച്ചിട്ടില്ല മറ്റു വല്ലവരും തന്റെ പേരിൽ കത്ത് അയച്ചത് ആയിരിക്കാം എന്ന് അതിരൂപത അധികാരികൾക്ക് എഴുതി കൊടുക്കുകയാണ് ചെയ്തിട്ടുള്ളത്. അതിന് ശേഷം അദ്ദേഹത്തെ കോട്ടയം രൂപതയിൽ നിന്ന് ക്യാനഡയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. സിബിഐ ചോദ്യം ചെയ്യുന്ന അവസരത്തിൽ നിങ്ങളുടെ കൂടെയുള്ള ഒരച്ചൻ കത്തയച്ചിട്ടുണ്ട് എന്ന് പറഞ്ഞു, ഈ കത്ത് പൂതൃക്കയിൽ അച്ചനെ കാണിച്ചിരുന്നു എന്നും പറയപ്പെടുന്നുണ്ട്. സിബിഐക്ക് കത്തയച്ചു എന്ന് പറയപ്പെടുന്ന അച്ചൻ കോട്ടയം അതിരൂപതയുടെ മുഖപത്രമായ അപ്നാദേശിന്റെ മാനേജർ ആയി പ്രവർത്തിച്ചിരുന്നു. അപ്നദേശിൽ നടത്തിയ സാമ്പത്തിക തിരിമറികളുടെ പേരിലും, അവിടെ ജോലി ചെയ്തിരുന്ന ഒരു ചെറുപ്പക്കാരനെ അകാരണമായി പറഞ്ഞു വിട്ടു എന്ന പരാതിയെ കുറിച്ചും അന്വേഷിക്കാൻ അതിരൂപതാ നേതൃത്വം ഒരു കമ്മീഷനെ വെക്കുകയും ഇദ്ദേഹത്തിന് തെറ്റ് പറ്റി എന്ന് കണ്ട് പിടിക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിന് വേണ്ടി വെച്ച കമ്മീഷനിൽ കോട്ടൂർ അച്ചനും ഉണ്ടായിരുന്നു.

കോട്ടയം അതിരൂപതയിലെ സിസ്റ്റേഴ്സിനെ പോലെ St. Stanislaos minor seminary, Oblates of the Sacred Heart (OSH), Missionary Society of St Pius Xth (MSP), Order of St. Benedict (Osb) എന്നിങ്ങനെ സന്യാസ വൈദികർക്ക് വേണ്ടി നാല് സൊസൈറ്റികൾ ഉണ്ട്. Oblates of the Sacred Heart (OSH) എന്ന സൊസൈറ്റിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന ഇതേ അച്ചന്റെ പേരിൽ വീണ്ടും സാമ്പത്തികാരോപണം ഉണ്ടാവുകയും അന്വേഷണം നടത്തി കുറ്റകാരൻ ആണെന്ന് കണ്ടെത്തി സൊസൈറ്റിയുടെ നേതൃ സ്ഥാനങ്ങളിൽ എത്തുന്നതിൽ വിലക്ക് ഏർപ്പെടുത്തിയിട്ട് ഉള്ളതുമാണ്. ഈ സൊസൈറ്റിയിലെ അംഗമായ പൂതൃക്കയിൽ അച്ചൻ ഏതെങ്കിലും രീതിയിൽ ഈ അന്വേഷണത്തിൽ സഹകരിച്ചിരുന്നോ എന്നതിൽ വ്യക്തതയില്ല. കമ്മീഷനുകളുടെ അന്വേഷണങ്ങളിൽ കുറ്റം കണ്ട് പിടിച്ചതിന്റെ പ്രതികാരം തീർക്കാനാണ് സിസ്റ്റർ അഭയയുടെ കൊലക്കേസിൽ കോട്ടൂർ അച്ചനും, പൂതൃക്കയിൽ അച്ചനും, സിസ്റ്റർ സെഫിക്കും പങ്ക് ഉണ്ട് എന്ന് തോന്നിപ്പിക്കാവുന്ന തരത്തിൽ സിബിഐക്ക് കത്തയച്ചത് എന്നാണ് കരുതപ്പെടുന്നത്.

പ്രതികൾ ആരാണ് എന്നതിനെ കുറിച്ച് ഒരു ഊഹവും ഇല്ലാതെ കോടതിയുടെ നിശിത വിമർശനം ഏറ്റിരുന്ന സിബിഐക്ക് മൂന്ന് പേരുകൾ കിട്ടിയതോടെ ആരോപണ വിധേയരിൽ കുറ്റം ചാർത്താൻ സാധിക്കുന്ന തരത്തിലുള്ള കഥയും, അതിന് വേണ്ട സാക്ഷികളെയും ഉണ്ടാക്കി. ക്നാനായ സമുദായത്തിന് വെളിയിൽ നിന്ന് വിവാഹം കഴിച്ചതിനാൽ സമുദായത്തിന് വെളിയിലേക്ക് പോകേണ്ടി വന്ന വിദേശ രാജ്യങ്ങളിലെ ചിലർ ചേർന്ന് ഉണ്ടാക്കിയ സംഘടന, കോട്ടയം അതിരൂപതക്ക് എതിരെയുള്ള പോരാട്ടത്തിന് ആക്ഷൻ കൗൺസിൽ നേതാവ് ജോമോൻ പുത്തൻപുരക്ക് പണം അയച്ചു കൊടുത്തു കൊണ്ടിരുന്നു എന്നാണ് പലരും പറഞ്ഞു കേട്ടിട്ടുള്ളത്. കുടുംബ സ്വത്തോ, ജോലിയോ, കൂലിയോ ഇല്ലാത്ത ജോമോൻ പുത്തൻപുരയുടെ ആർഭാട ജീവിതത്തിന്റെ ഫേസ്‌ബുക്കിലുള്ള ഫോട്ടോകളിൽ നിന്ന് ആരൊക്കെയോ പണം കൊടുക്കുന്നുണ്ട് എന്ന് അനുമാനിക്കാവുന്നതാണ്. രാഷ്ട്രീയ, സാമൂഹിക, സാമുദായിക താല്പര്യമുള്ള മറ്റു ചിലരും സാമ്പത്തികമായും അല്ലാതെയുമുള്ള സപ്പോർട്ടോടെ ജോമോന്റെ കൂടെ പിന്നീട് കൂടിയെന്ന് പറയപ്പെടുന്നുണ്ട്.

കോട്ടയം രൂപതയുടെ അപ്നാദേശ് എന്ന പ്രസിദ്ധീകരണത്തിന്റെ ഓഫീസിൽ ജോലി ചെയ്തിരുന്ന സിസ്റ്റർ സെഫി താമസിച്ചിരുന്നതും സിസ്റ്റർ അഭയ ആയിരുന്ന പയസ് ടെൻത് കോൺവെന്റിലാണ്. അപ്നാദേശ് എന്ന പ്രസിദ്ധീകരണത്തിന്റെ ചില ഉത്തരവാദിത്വങ്ങൾ BCM കോളേജിലെ മലയാളം പ്രഫസർ ആയിരുന്ന പൂതൃക്കയിൽ അച്ചന് ഉണ്ടായിരുന്നു. കോട്ടൂർ അച്ചൻ BCM കോളേജിലെ സൈക്കോളജി പ്രഫസ്സറുമാണ്. ഇങ്ങനെയാണ് ഇവരെ മൂന്ന് പേരെയും ബന്ധിപ്പിച്ചു കൊണ്ടുള്ള കഥകൾ മെനയാനുള്ള സാഹചര്യം ഉണ്ടാകുന്നത്.

സിസ്റ്റർ അഭയ താമസിച്ചിരുന്ന ഹോസ്റ്റലിൽ താമസിച്ചിരുന്ന പെൺകുട്ടികളിൽ ചിലർ, അവർക്ക് അടുപ്പം ഉണ്ടായിരുന്ന ആൺകുട്ടികളുമായി ക്ലാസ് കട്ട് ചെയ്ത് ആലപ്പുഴ ബീച്ചിൽ കറങ്ങി നടന്നതിനാൽ, പോലീസ് സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ട് പോവുകയും മാതാപിതാക്കളെ വിളിച്ചു വരുത്തി പറഞ്ഞയക്കുകയും ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. അതിനുശേഷം ഹോസ്റ്റലിൽ നിന്ന് ഈ കുട്ടികളെ പറഞ്ഞു വിട്ടതിനാൽ സുഹൃത്തുക്കളായ ആൺകുട്ടികൾ ഹോസ്റ്റൽ അധികൃതരെ ഫോണിൽ വിളിച്ചു പല പ്രാവിശ്യം ഭീക്ഷണിപ്പെടുത്തിയിട്ടുണ്ട്. അഭയയുടെ മരണത്തിന് ശേഷം ഹോസ്റ്റലിൽ താമസിച്ച എല്ലാവരെയും പോലീസ് ചോദ്യം ചെയ്തവരുടെ കൂടെ ഇവരെയും വിളിച്ചു ചോദ്യം ചെയ്തിരുന്നു. പെൺകുട്ടികളുടെ സുഹൃത്തുക്കളിൽ ഒരാൾ വലിയ ഒരു വ്യവസായിയുടെ മകനാണ്, രണ്ടാമത്തെ ആൾ ഇന്നത്തെ മുൻനിര രാഷ്ട്രീയ നേതാവിന്റെ സഹോദരിയുടെ മകനാണ്. മൂന്നാമത്തെ ആളുടെ പേര് ബിജു പണിക്കർ എന്നാണ്. സിബിഐ അന്വേഷണത്തിന്റെ കാലത്ത് ബിജു പണിക്കരിലേക്ക് അന്വേഷണം നീളുന്നു എന്ന തരത്തിൽ ഒരു വാർത്ത മനോരമയിൽ വന്നിരുന്നു. പിറ്റേ ദിവസം മുതൽ ബിജു പണിക്കരെ കാണാനില്ല. ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്ന് ഇന്നും ആർക്കും അറിയില്ല.

സിബിഐ രചിച്ച കഥയുടെ ഭാഗമായി കോട്ടൂർ അച്ചനെയും, പൂതൃക്കയിൽ അച്ചനെയും, സിസ്റ്റർ സെഫിയെയും 2008 നവംബറിൽ അറസ്റ്റ് ചെയ്തു. 2009 ജൂലൈയിൽ കൊലപാതക കുറ്റം ചുമത്തി കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു. അറസ്റ്റിലായവർ ജാമ്യത്തിനായി കൊടുത്ത ഹർജി ജസ്റ്റീസ് കെ.ഹേമയുടെ ബെഞ്ചിലാണ് വാദം കേട്ടത്. “സിബിഐയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ടാണ് ജസ്റ്റിസ് ഹേമ ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്”. അതിലെ പ്രസക്തമായ ചില പരാമർശങ്ങൾ ചുവടെ ചേർക്കുന്നു:

പാരഗ്രാഫ് 32, 33, 34: അന്വേഷണ ഏജൻസികൾ ആത്മഹത്യ എന്ന് പറഞ്ഞു ക്ലോസ് ചെയ്യാൻ ശ്രമിച്ച കേസിന്റെ അന്വേഷണം ഇവിടെ വരെ എത്തിച്ചത് സഭാധികാരികളുടെ ശക്തമായ ഇടപെടൽ കൊണ്ടാണെന്ന് പറഞ്ഞാണ് സഭാധികാരികൾ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന CBI യുടെ വാദത്തെ ജസ്റ്റീസ് തള്ളി കളഞ്ഞത്. സഭാധികാരികൾ അഭയയുടെ മരണം ആത്മഹത്യ ആണെന്ന് പറഞ്ഞ ഏതെങ്കിലും സാഹചര്യം ചൂണ്ടിക്കാണിക്കാൻ സിബിഐക്ക് കഴിയുമോ എന്നും ചോദിച്ചു. മദർ സുപ്പീരിയറും 67 സന്യാസിനികളും സിബിഐക്ക് അന്വേഷണം കൈമാറണം എന്ന് ആവശ്യപ്പെട്ട പരാതിയുടെ കോപ്പി ഉള്ളപ്പോൾ, സഭാധികാരികൾ അന്വേഷണത്തെ തടസ്സപ്പെടുത്തി എന്ന് എങ്ങനെ പറയാൻ കഴിയും, സന്യാസിനികൾ നൽകിയ പരാതിയെ തുടർന്നല്ലേ സിബിഐ FIR ഫയൽ ചെയ്തിരിക്കുന്നത് എന്നും ജസ്റ്റീസ് ചോദിച്ചു.

ഖണ്ഡിക 36,37: പയസ് ടെൻത് ഹോസ്റ്റലിൽ താമസിച്ചിരുന്ന പെണ്കുട്ടികളുടെ കൂടെ ആലപ്പുഴയിൽ കറങ്ങി നടന്ന ആൺകുട്ടികൾ കോൺവെന്റിലേക്ക് ഫോൺ വിളിച്ചു നടത്തിയ ഭീഷണിയെ കുറിച്ച് അന്വേഷിക്കണം എന്ന് കോൺവെന്റ് അധികാരികൾ ആവശ്യപ്പെടുകയും, അതിൽ ചിലരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിലെ രണ്ട് കുട്ടികളെ കാണാതെ ആവുകയും ഞരമ്പ് മുറിച്ചു ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ പിന്നീട് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന് ശേഷവും കോൺവെന്റ് അധികാരികൾ അഭയയുടെ മരണം ആത്മഹത്യ ആക്കാൻ ശ്രമിക്കുന്നു എന്ന് സിബിഐ പറയുന്നത് എന്ത് കൊണ്ടാണെന്ന് കോടതിക്ക് മനസ്സിലാകുന്നില്ല എന്നും പറഞ്ഞു.

ഖണ്ഡിക 38, 39, 40, 41, 42 : അടുക്കള അലങ്കോലമായി കിടന്നത് മാത്രമാണ് കൊലപാതകം ആണെന്ന സിബിഐയുടെ വാദത്തിന് തെളിവായി ചൂണ്ടി കാണിക്കുന്നത്. അടുക്കളയിൽ വെച്ച് പ്രതികളിൽ ഒരാൾ പിടിക്കുകയും മറ്റൊരാൾ കോടാലി / ചുറ്റിക വെച്ച് അടിച്ചു ബോധം കെടുത്തിയതിന് ശേഷമാണ് കിണറ്റിലേക്ക് ഇട്ടത് എന്ന് പറയുന്നുണ്ടെങ്കിലും പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ ചെറിയ രീതിയിലുള്ള മുറിവുകളെ കുറിച്ച് മാത്രമാണ് സൂചിപ്പിച്ചിട്ടുള്ളത്. അടുക്കളയിൽ വെച്ച് കോടാലി / ചുറ്റികക്ക് അടിച്ചു എന്ന സിബിഐയുടെ വാദത്തെ അംഗീകരിക്കാൻ സാധിക്കുന്ന തരത്തിൽ അടുക്കളയിലോ, കോടാലിയിലോ, ചുറ്റികയിലോ, സിസ്റ്റർ അഭയയുടേതായി കണ്ടെത്തിയ തലമുണ്ടിലോ രക്തത്തിന്റെ അംശം ഉള്ളതായി കുറ്റപത്രത്തിൽ എവിടെയും പറയുന്നില്ല.

ഖണ്ഡിക 43: 20 സന്യാസിനികൾ ഉൾപ്പടെ 123 സ്ത്രീകൾ താമസിക്കുന്ന ഹോസ്റ്റലിൽ വെളുപ്പിന് ആക്രമണം നടന്നിട്ടുണ്ടെങ്കിൽ അത് ആരും അറിയാതെ ഇരിക്കുകയോ രക്തത്തിന്റെ പാടുകൾ ഉണ്ടെങ്കിൽ കാണാതിരിക്കുകയോ ചെയ്യില്ല. അടുക്കള അലങ്കോലമായി കിടന്നിട്ടുണ്ടെങ്കിൽ അത് മറ്റെന്തെങ്കിലും കാരണത്താൽ ആയിരിക്കാം, കൊലപ്പെടുത്താൻ വേണ്ടിയുള്ള മല്പിടുത്തതിൽ സംഭവിച്ചതാണ് എന്ന് കരുതാൻ സാധിക്കില്ല.

ഖണ്ഡിക 47, 48, 49, 50: കൊലക്ക് ഉപയോഗിച്ച ആയുധമായി സിബിഐ കാണിച്ചിരിക്കുന്ന കോടാലി / ചുറ്റിക വെച്ച് അടിച്ചാൽ വലിയ മുറിവ് ഉണ്ടാകേണ്ടത് ആണെങ്കിലും പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ ചെറിയ മുറിവുകളെ കുറിച്ച് മാത്രമാണ് പരാമർശിച്ചിട്ടുള്ളത്.

ഖണ്ഡിക 54, 55, 56: നാർകോ അനാലിസിസിന്റെ റിപ്പോർട്ടായി സമർപ്പിക്കപ്പെട്ട CD കൾ പരിശോധിച്ചതിൽ നിന്നും എഡിറ്റ് ചെയ്യുക മാത്രമല്ല കൃത്രിമവും നടത്തിയിട്ടുണ്ട് എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാവുന്നതാണ്. നാർകോ അനാലിസിസ് നടത്തിയ ആൾ ഈ കൃത്രിമങ്ങൾക്ക് കൂട്ട് നിന്നിട്ടുണ്ട്. എഡിറ്റ് ചെയ്യാത്ത CD കോടതിയിൽ ഹാജരാക്കാൻ സിബിഐയോട് ആവശ്യപ്പെടുകയും ചെയ്തു.

ഖണ്ഡിക 59, 60: അന്വേഷണം നടത്തിയ ലോക്കൽ പോലീസ് ഉദ്യോഗസ്ഥൻ വി.വി.അഗസ്റ്റിൻ സിസ്റ്റർ അഭയയുടെ കഴുത്തിൽ ഉണ്ടായിരുന്ന മുറിവിനെ കുറിച്ച് ഇൻക്വിസ്റ്റ് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടില്ല എന്ന സിബിഐയുടെ വാദത്തെയും, പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ അങ്ങനെ ഒരു കാര്യം പറഞ്ഞിട്ടില്ല എന്ന് പറഞ്ഞു തള്ളി കളഞ്ഞു. സിബിഐയുടെ കഥക്ക് അനുസരിച്ച് ഇൻക്വിസ്റ്റ് റിപ്പോർട്ട് തിരുത്താൻ ലോക്കൽ പൊലീസിലെ മഹസ്സർ തയ്യാറാക്കിയ അഗസ്റ്റിനിൽ സമ്മർദ്ദം ചെലുത്തിയതിനെയും കോടതി വിമർശിച്ചു.

ഖണ്ഡിക 72, 73: 39 സാക്ഷികളുമായും പ്രത്യേകിച്ചു പോസ്റ്റുമാർട്ടം നടത്തിയ ഡോക്ടർ സി.രാധാകൃഷ്ണനുമായും ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ സിസ്റ്റർ അഭയ ആത്മഹത്യ ചെയ്തത് ആകാനാണ് സാധ്യത എന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. അടുക്കള അലങ്കോലപ്പെടുത്തിയത് മരിക്കുന്നതിന് മുൻപുള്ള വിഭ്രാന്തയിൽ കാണിച്ച പ്രവർത്തികൾ കൊണ്ട് ആയിരിക്കാം. വെള്ളത്തിൽ മുങ്ങി മരിച്ചത് ആണെന്നാണ് മെഡിക്കൽ എവിഡൻസ് കാണിക്കുന്നത്. സിസ്റ്റർ അഭയയുടെ അമ്മക്കും അമ്മയുടെ സഹോദരനും മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നു എന്നതിന് തെളിവുകൾ ഉണ്ട്. പരീക്ഷയിൽ 5% മാർക്ക് മാത്രമാണ് സിസ്റ്റർ അഭയക്ക് നേടുവാൻ കഴിഞ്ഞത്, അതിന്റെ അസ്വസ്ഥത ഉണ്ടായിരുന്നിരിക്കാം. അപ്പന്റെ ഉത്തരവാദിത്വ കുറവ് കൊണ്ട് കോൺവെന്റിൽ അടക്കേണ്ട ഫീസായ 1000 രൂപ കൊടുക്കാൻ സാധിക്കാത്തതിനാൽ വിഷമം ഉണ്ടെന്ന് കരുതുന്നതായി ക്രൈം ബ്രാഞ്ചിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഖണ്ഡിക 79,80, 81: സിബിഐയുടെ പ്രധാനപ്പെട്ട സാക്ഷിയായ മോഷ്ട്ടാവ് അടക്കാ രാജു പറയുന്നത്, മോഷ്ടിക്കാൻ വന്നപ്പോൾ ഉണ്ടായ ഇടിമിന്നലിന്റെ വെളിച്ചത്തിൽ പ്രതികളായ അച്ചന്മാർ സ്പൈറൽ സ്‌റ്റെയർ കേസിലൂടെ കെട്ടിടത്തിന്റെ അഞ്ചാം നിലയിലേക്ക് കയറുന്നത് കണ്ടു എന്നാണ്. 16 വർഷം മുൻപ് ഇടിമിന്നലിന്റെ വെളിച്ചത്തിൽ കണ്ട കുറ്റാരോപിതരെ, സിബിഐ അന്വേഷണത്തിന്റെ ഭാഗമായി പത്രത്തിൽ ഫോട്ടോ വന്നപ്പോൾ അടക്കാ രാജു തിരിച്ചറിഞ്ഞു സിബിഐയെ ചെന്ന് കണ്ടു പറഞ്ഞു, എന്ന അവകാശവാദം വിശ്വാസ യോഗ്യം അല്ല. സിബിഐയുടെ റിപ്പോർട്ട് പ്രകാരം അടുക്കളയോട് ചേർന്നുള്ള മുറിയിൽ താമസിക്കുന്ന സിസ്റ്റർ സെഫിയെ കാണാൻ വന്ന പ്രതികൾ സ്പൈറൽ സ്റ്റെയർകെയ്സ് വഴി അഞ്ചാം നിലയിലെ ടെറസിലേക്ക് കേറേണ്ട ആവശ്യം എന്താണെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ സാധിച്ചിട്ടില്ല.

ഖണ്ഡിക 82: പയസ് ടെൻത് കോൺവെന്റിന് സമീപം താമസിക്കുന്ന രണ്ടാമത്തെ സാക്ഷിയായ സഞ്ജു പി.തോമസ് കോട്ടൂരച്ചന്റെ സ്‌കൂട്ടർ തന്റെ വീടിന്റെ പരിസരത്ത് രാത്രി 12:30 ക്ക് കണ്ടിരുന്നു എന്ന് മാത്രമാണ് പറയുന്നത്.

ഖണ്ഡിക 85: മൂന്നാമത്തെ സാക്ഷിയായി അവതരിപ്പിച്ചിരിക്കുന്നത് സാമൂഹിക പ്രവർത്തകൻ ആണെന്ന് അവകാശപ്പെടുന്ന ഡ്രൈവർ ജോലി ചെയ്തു ജീവിക്കുന്ന വേണുഗോപാലിനെയാണ്. കോട്ടൂരച്ചനെ കാണാൻ ചെന്ന വേണുഗോപാലിനോട് അറിയാതെ തനിക്ക് തെറ്റ് പറ്റിപ്പോയി എന്ന് പറഞ്ഞിട്ടുണ്ട് എന്നാണ് സാക്ഷി മൊഴിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സിബിഐ പറയുന്നത് അനുസരിച്ചു കുറ്റം ആരോപിക്കപ്പെട്ട പ്രതികളിൽ ഒരാൾ ഭൂമിക്ക് താഴെയുള്ള എന്തിനെയും സ്വാധീനിക്കാൻ മാത്രം പണവും സ്വാധീനവുമുള്ള കത്തോലിക്കാ സഭയുടെ കോട്ടയം അതിരൂപതയിലെ ചാൻസലറാണ്. അദ്ദേഹത്തെ ആദ്യമായി കാണാൻ ചെന്ന മുൻപരിചയം ഇല്ലാത്ത വേണുഗോപാലിനോട് കോളേജ് പ്രഫസറും സൈക്കോളജിയിൽ ഡോക്ടറേറ്റുമുള്ള അച്ചൻ കുറ്റസമ്മതം നടത്തും എന്ന് കരുതാൻ സാധിക്കില്ല.

ഖണ്ഡിക 87, 88: ‘സന്യാസിനിയായ സ്ത്രീയെ പൊതു സമൂഹത്തിന് മുൻപിൽ അപമാനിക്കുക’ എന്ന ഉദ്ദേശത്തിൽ കന്യകാത്വ പരിശോധന നടത്തി സ്വകാര്യ ഭാഗങ്ങളെ കുറിച്ചുള്ള ചർച്ച നടത്തിയത് തികച്ചും നിരാശാജനകവും, തോന്ന്യാസവും ആണെന്ന് കോടതി എടുത്ത് പറഞ്ഞിട്ടുണ്ട്. പരിശോധനയുമായി ബന്ധപ്പെട്ട് സിബിഐയുടെ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ തെറ്റാണെന്നും, കോടതിയുടെ മേൽനോട്ടത്തിൽ ഇന്ത്യയിലെ ഏത് ഹോസ്പിറ്റലിൽ വേണമെങ്കിലും പരിശോധനക്ക് വിധേയ ആകാൻ തയ്യാർ ആണെന്ന് സിസ്റ്റർ സെഫി കോടതിയെ അറിയിച്ചതും റിപ്പോർട്ടിൽ ചൂണ്ടി കാണിച്ചിട്ടുണ്ട്.

ഖണ്ഡിക 89: തെളിവുകൾ കണ്ടെത്തിയതിന് ശേഷം പ്രതികളിലേക്ക് എത്തുന്ന ശരിയായ അന്വേഷണ രീതിക്ക് പകരം ഈ കേസിൽ പ്രതികളെ തീരുമാനിച്ചിട്ട് തെളിവ് ഉണ്ടാക്കാൻ ശ്രമിക്കുകയാണ് ചെയ്തത് എന്ന് കോടതിക്ക് വ്യക്തമായിട്ടുണ്ട്. അഭയയുടെ ആത്മാവിന് (ആത്മാവുണ്ട് എന്ന വിശ്വാസം ശരി ആണെങ്കിൽ) നിത്യശാന്തി കിട്ടണമെങ്കിൽ സത്യസന്ധമായി സിബിഐയിലെ ഉന്നത ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ ഒരിക്കൽ കൂടി കേസ് അന്വേഷിക്കേണ്ടതാണ്.

ഖണ്ഡിക 94, 95, 96, 98, 99: വ്യക്തമായി പറയുന്നതിങ്ങനെയാണ്: // കാര്യ കാരണങ്ങളെ കുറിച്ച് പേടിക്കാതെ ‘മീഡിയ പ്രഖ്യാപിച്ച വിധി വിശ്വസിക്കുന്ന ജനങ്ങളുടെ ആർപ്പു വിളികളിൽ’ മൂന്ന് മനുഷ്യരുടെ ജീവിതം ദുരിതത്തിലായി. ഇങ്ങനെ ആണെങ്കിൽ ഈ രാജ്യത്ത് ക്രിമിനൽ ജസ്റ്റിസിന്റെ ആവശ്യം എന്താണ്? അനാവശ്യമായ മീഡിയായുടെ ഇടപെടലുകൾ പോലീസ്, ക്രൈം ബ്രാഞ്ച്, കോൺവെന്റ്, പള്ളി എന്നിവരെ അകാരണമായി പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. സത്യം എന്താണെന്ന് മനസ്സിലാക്കാത്ത ഇവരോട് പൊറുക്കണേ എന്നേ പറയാനുള്ളൂ. അടുത്ത ദിവസം മീഡിയാകളിൽ വാർത്തകൾ വരുമ്പോൾ ഉരുകി ഒലിച്ചു പോകുന്ന മെഴുക് അല്ല, ശക്തമായ ഉരുക്ക് ഉപയോഗിച്ചാണ് ജഡ്ജിമാരെ നിർമ്മിച്ചിരിക്കുന്നത്. സ്വർഗം ഇടിഞ്ഞു വീണാലും, രേഖകളും തെളിവുകളും അടിസ്ഥാനപ്പെടുത്തി നിയമപരമായി മാത്രമേ വിധി പ്രഖ്യാപിക്കാൻ സാധിക്കുകയുള്ളു. “സത്യം എന്നും നില നിൽക്കണം” എന്ന ആഹ്വാനത്തോടെ കുറ്റാരോപിതർക്ക് കോടതി ജാമ്യം അനുവദിച്ചു//.

// 95. Poor public. They do not know what the records bear. By the sustained brain washing on them, they may not be able to even accept any judicial pronouncement, which may run contrary to what they are made to believe so far. Honestly. The courts can go only on the basis of the facts covered by the case records. But, the public still chase the mirage. They fail to realise that the truth lies far away. I wish to state only these two lines: “Forgive them, Father. They do not know what they are doing” !!

96. But, judges are made up of stronger metal. They do not, like candles, burn out or melt away in the heat of any threat which they may find on the next day’s media head-lines. They shall, and can, act only on the basis of the facts contained in the records and, as per law. Even if heaven falls down, justice shall prevail.//

ഇംഗ്ളീഷിൽ ഉള്ള വിധിന്യായം മലയാളത്തിലേക്ക് പരിഭാഷ പെടുത്തിയപ്പോൾ ആശയപരമായ തെറ്റുകൾ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അത് മനഃപൂർവം അല്ല എന്ന് അറിയിക്കുന്നു. വായനക്കാർക്ക് റഫർ ചെയ്യുന്നതിന്റെ ആവശ്യത്തിനായി കോടതി വിധിയുടെ ലിങ്കും കൂടെ ചേർക്കുന്നു.

https://indiankanoon.org/doc/1483643/

ക്യാനഡയിലെ അച്ചനോട് : ദിവസവും അർപ്പിക്കുന്ന പരിശുദ്ധ കുർബാനക്ക് എന്തെങ്കിലും വില കല്പിക്കുന്നുണ്ടെങ്കിൽ, ഇന്ത്യയിലെ പരമോന്നത കോടതി കുറ്റാരോപിതർ തെറ്റ് ചെയ്തില്ല എന്ന് വിധിച്ചതിന് ശേഷമെങ്കിലും, താങ്കളുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് പൊതു സമൂഹത്തോട് ഏറ്റു പറഞ്ഞു മാപ്പിരക്കണം എന്നാണ് ക്യാനഡയിലെ അച്ചനോട് അവസാനമായി പറയാനുള്ളത്. കുറ്റാരോപിതർക്ക് നഷ്ട്ടപെട്ട ജീവിതം അത് കൊണ്ട് ഒന്നും തിരിച്ചു കിട്ടില്ലെങ്കിലും, മനഃസമാധാനത്തോടെ ഈ ലോക ജീവിതം അവസാനിപ്പിച്ച് പോകുവാനുള്ള അവസരം എങ്കിലും അവർക്ക് ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker