Articles

അമ്മയുടെ വാത്സല്യവും, സഹോദരിയുടെ കരുതലും നൽകിയ എഫ്.സി.സി. സഹോദരിമാർ; ഒരു വൈദീകന്റെ കുറിപ്പ്

വിഷമമേറിയ അവസ്ഥയിൽ കൈയിൽ ജപമാലയും പിടിച്ചു പ്രാർത്ഥിക്കുന്ന സിസ്റ്റേഴ്സ് എന്നും ഒരു മാതൃക ആയിരുന്നു...

ഫാ.ജിനു ജോസഫ് തെക്കേത്തല

ഞാൻ ഒരു വൈദികനാണ്. ഇപ്പോൾ പഠന, സേവന സംബന്ധമായ കാര്യങ്ങൾക്ക് ഇന്ത്യക്ക് വെളിയിൽ ആണെങ്കിലും സമൂഹമാധ്യമങ്ങൾ വഴിയായി ഓരോദിവസവും ഉയർന്നുവരുന്ന അടിസ്ഥാനരഹിതമായ സന്യാസവീക്ഷണങ്ങളും, വിചിന്തനങ്ങളും, അഭിപ്രായ സൃഷ്ടികളുമാണ് ഈ കുറിപ്പെഴുതാൻ കാരണം.

തമിഴ്‌നാടിന്റെ ഭൂരിഭാഗം ഉൾകൊള്ളുന്ന തക്കല എന്ന രൂപതയിലെ അംഗമാണ് ഞാൻ. ധാരാളം ബുദ്ധിമുട്ടുകൾക്ക് നടുവിലും മിഷൻ പ്രവർത്തനങ്ങളുടെ മുഴുവൻ ചൈതന്യവും ഉൾകൊള്ളുന്ന മണ്ണാണ് തക്കലയുടേത്. ഇത് ഒരു നിമിഷം കൊണ്ട് പണിതുയർത്തപ്പെട്ടതല്ല, മറിച്ച് ചോദ്യശരങ്ങൾക്കു നടുവിൽ നിറുത്തപ്പെടുന്ന അനേകം വൈദികരുടെയും സന്യസ്തരുടെയും രക്തത്തുള്ളികളാൽ നിർമ്മിക്കപ്പെട്ടതാണ്.

ഒരു ഇടവകയിൽ വികാരിയാവുകയെന്നതായിരുന്നു മറ്റുള്ള രൂപതാ വൈദികരെ പോലെ എന്റെയും വലിയ ഒരു ആഗ്രഹം. അങ്ങനെ നൂതന വാർത്താവിനിമയ വിഷയത്തിൽ ഉപരിപഠനം പൂർത്തിയാക്കി 2017-ൽ തിരികെ നാട്ടിൽ എത്തിയപ്പോൾ അഭിവന്ദ്യ ജോർജ് രാജേന്ദ്രൻ പിതാവ് എന്നെ വിശ്വസ്തതാപൂർവം തെറ്റിയോട് എന്ന ഇടവകയിലെ വികാരിയായി നിയമിച്ചു. പൗരോഹിത്യത്തിൽ വർഷങ്ങൾ ചിലതു കഴിഞ്ഞെങ്കിലും ആദ്യമായി വികാരിനിയമന പാത്രവുമായി ഇടവകയിൽ ചെന്നപ്പോൾ അല്പം ചങ്കിടിപ്പ് ഉണ്ടായിരുന്നു.

ഇടവക ജനങ്ങളുടെ സ്നേഹം ആദ്യ ദിവസങ്ങളിൽ തന്നെ എന്നിലുണ്ടായിരുന്ന ഭയം അകറ്റി. ദൈവത്തെ കൊടുക്കുമ്പോൾ തിരികെ നൽകുന്ന സന്തോഷം അവർണ്ണനീയമായിരുന്നു. ഒപ്പം എന്റെ സഹവൈദികരും എന്നെ ആവോളം സഹായിച്ചു. അമ്മയുടെ വാത്സല്യവും, സഹോദരിയുടെ കരുതലും എനിക്ക് വീണ്ടും ഇടവകയിൽ ബഹുമാനപ്പെട്ട എഫ്.സി.സി. സഹോദരിമാർ നൽകിയപ്പോൾ തെറ്റിയോട് എന്റെ സ്വന്തം വീടായി മാറുകയായിരുന്നു.

എന്നാൽ, ഇന്ന് അകലെയിരുന്ന് ആ സഹോദരിമാരുടെ കണ്ണുനീര് കാണുമ്പോൾ, ആ പഴയ ബഹുമാനപുരസരമുള്ള പെരുമാറ്റത്തെ നന്ദിയോടെ ഓർക്കുന്നു, ഒപ്പം മാപ്പ് ചോദിക്കുന്നു. അന്തിച്ചർച്ചകളുടെ വിഷയമായി തരംതാഴ്ത്തപ്പെടുന്നത്, ആയിരക്കണക്കിന് ആളുകൾക്ക് സഹായഹസ്തമായ ഒരു സന്യാസ സമൂഹമാണെന്നത് കാലമെങ്കിലും തെളിയിക്കും എന്നത് തീർച്ച. ഏതെല്ലാം ചർച്ചകളിൽ ആ സഭയെയോ, സഭാംഗങ്ങളെയോ താറടിച്ചു കാണിക്കാൻ പരിശ്രമിച്ചാലും വ്യക്തിപരമായ ജീവിതത്തിൽ പ്രാർത്ഥന കൊണ്ടും, സമീപനം കൊണ്ടും എന്നെ ഏറെ സഹായിച്ചവരാണ് ഈ സഭയിലെ സിസ്റ്റേഴ്സ്.

പുറത്തുനിന്നും തെറ്റിദ്ധാരണകളും കടന്നാക്രമണങ്ങളും ഉള്ളപ്പോൾ പോലും വെറുപ്പിന്റേതായ വാക്കുകൾ അവരിൽനിന്നു ഞാൻ കേട്ടിട്ടില്ല. മറിച്ച്, ഈ സഭയുടെ കീഴിലുള്ള മഠങ്ങളിലെ ബോർഡിൽ പരിഹാരപ്രദക്ഷിണം, കരുണകൊന്ത, രാത്രിആരാധന, ഉപവാസം, പരിഹാരകൊന്ത എന്നീ തലകെട്ടുകളോടുകൂടിയ നിർദ്ദേശങ്ങളാണ് സഭാംഗങ്ങൾക്കു ലഭിച്ചിരുന്നത്. ചിലയവസരങ്ങളിൽ തങ്ങളുടെ സഹോദരങ്ങൾക്കായി മുട്ടുകുത്തി നിന്ന് മണിക്കൂറുകൾ ദിവ്യകാരുണ്യനാഥന് മുൻപിൽ ചിലവിടുന്നതും കണ്ടിട്ടുണ്ട്. ഇടവകയിലെ എല്ലാ ആളുകളുമായും അവരുടെ സുഖത്തിലും ദുഃഖത്തിലും സ്വന്തം സഹോദരങ്ങളെ പോലെ ഇടപഴകുന്നതുകൊണ്ടാവണം “അക്ക”എന്ന് അവരെ വിളിക്കുന്നത്‌ പോലും കേട്ടിട്ടുണ്ട്. ഒരിക്കൽ പോലും നൈരാശ്യത്തിന്റെ കണ്ണുനീർ ഞാൻ കണ്ടിരുന്നില്ല. മാനുഷികമായ കുറവുകൾ അംഗീകരിച്ചുകൊണ്ടുതന്നെ എല്ലാവരെയും ഒപ്പം നിർത്താൻ പരിശ്രമിച്ചിരുന്നു. വിഷമമേറിയ അവസ്ഥയിൽ കൈയിൽ ഒരു ജപമാലയും പിടിച്ചു പ്രാർത്ഥിക്കുന്ന ഞങ്ങളുടെ സിസ്റ്റേഴ്സ് എന്നും ഒരു മാതൃക ആയിരുന്നു. ചെയ്തിരുന്ന ജോലികളിൽ മാന്യത വ്യത്യാസവും, കൂലിവ്യത്യാസവും ഉണ്ടായിരുന്നുവെങ്കിലും ഞങ്ങൾ എഫ്.സി.സി. സന്യാസ സമൂഹത്തിലെ അംഗങ്ങൾ ആണെന്നത് മാത്രമായിരുന്നു അഭിമാനപൂർവം അവർ പറഞ്ഞിരുന്നത്. സ്വന്തമായി ഒരിക്കലും ഒന്നും ആഗ്രഹിക്കാത്ത ഞങ്ങളുടെ സിസ്റ്റേഴ്സ് എപ്പോഴും സഭയുടെ നന്മയെയും, ദൈവിക കരുണയും ഉപദേശിച്ചു തരുമായിരുന്നു.

അഭിപ്രായ ഭിന്നതകൾ ഉണ്ടാകുന്ന നേരത്തുപോലും ക്ഷമ ചോദിച്ചുകൊണ്ട് പരസ്പരം തിരുത്തുവാനും, മനസിലാക്കുവാനും പരിശ്രമിച്ചിരുന്നു. ഇത് ഈ സഭയുടെ ഒരു വലിയ പ്രത്യേകതയാണ് എന്നത് ഞാൻ മനസിലാക്കിയത് പല പ്രൊവിൻസുകളിലും, ജനറലേറ്റിലും ധ്യാനിപ്പിച്ച അവസരത്തിലായിരുന്നു. ധ്യാനങ്ങളിൽ ബൈബിൾ വ്യാഖാനത്തിനായി പലപ്പോഴും എനിക്ക് മുൻപിലുണ്ടായിരുന്നത് എന്റെ ഇടവകയിലെ സിസ്റ്റേഴ്സിന്റെയും ഇടവക മക്കളുടെയും ജീവിത മാതൃകകളായിരുന്നു.

എല്ലാം ഉണ്ടായിട്ടും ഒന്നും വേണ്ട എന്നുവയ്ക്കുന്നത് ശൂന്യതഭാവമല്ല, മറിച്ച് എല്ലാം ദാനമായി നൽകുന്ന തമ്പുരാനിലുള്ള അകമഴിഞ്ഞ വിശ്വാസമാണെന്നതാണ് ഈ സന്ന്യാസ സമൂഹത്തിന്റെ മുഖമുദ്ര.

Show More

One Comment

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker