World

അയര്‍ലണ്ടിൽ മലയാളികൾക്ക് അഭിമാനമായി ഫാ. മാനുവല്‍ കരിപ്പോട്ട്

അയര്‍ലണ്ടിൽ മലയാളികൾക്ക് അഭിമാനമായി ഫാ. മാനുവല്‍ കരിപ്പോട്ട്

സ്വന്തം ലേഖകൻ

അയര്‍ലണ്ട്: അയര്‍ലണ്ടിലെ കൗണ്ടി കിൽഡെയറിലെ കാര്‍മലൈറ്റ് ആശ്രമത്തിന്റെ ആശ്രമാധിപനായിരുന്ന റവ. ഫാ. മാനുവേൽ കരിപ്പോട്ട്, തന്നെ മര്ദ്ദിച്ചവശനാക്കി ബോധം കെടുത്തിയ ഐറിഷ് യുവാക്കളോട് നിരുപാധികം ക്ഷമിച്ചുകൊണ്ടാണ് മലയാളികൾക്ക് അഭിമാനമായിമാറിയത്.

അയര്‍ലണ്ടിലെ ജഡ്ജി മൈക്കിള്‍ ഓഷെ അച്ചന്റെ പ്രവൃത്തിയെ വാനോളം പുകഴ്ത്തി. “ഇന്ത്യയില്‍ നിന്നുള്ള ഈ വൈദികന്‍റെ നടപടി തികച്ചും പ്രശംസനീയവും മാതൃകാപരവുമാണ്” എന്നായിരുന്നു അയര്‍ലൻഡിലെ കില്‍ഡയർ സര്‍ക്ക്യൂട്ട് കോർട്ട് ജഡ്ജിയുടെ വാക്കുകൾ.

നിന്‍റെ ഒരു ചെകിടത്ത് അടിക്കുന്നവന് മറ്റേ ചെകിടുകൂടി കാണിച്ചുകൊടുക്കുക എന്ന സുവിശേഷം ജീവിതത്തിൽ പ്രാവര്‍ത്തികമാക്കികൊണ്ട് മലയാളികള്‍ക്കെല്ലാം അഭിമാനമായി മാറിയിരിക്കുകയാണ് റവ.ഫാ.മാനുവല്‍ കരിപ്പോട്ട്.

സംഭവം ഇങ്ങനെയായിരുന്നു: 2017 ഏപ്രിലില്‍ 40 കുപ്പി ബിയറും കഞ്ചാവും ഉപയോഗിച്ച ശേഷം ഇടിച്ചും തൊഴിച്ചും അച്ചനെ ബോധം കെടുത്തിയ ജയിംസ് മിഗ്വേൽ (21) അലന്‍ ഗിറക്തി (20) എന്നിവരെ ഗാര്‍ഡ് അറസ്റ്റ് ചെയ്യുകയും കോടതി നടപടികള്‍ക്കു ശേഷം ജയിലില്‍ അയക്കുകയും ചെയ്തു.

ആക്രമണത്തിനു ശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ അച്ചന് ആശുപത്രിയിലും വീട്ടിലുമായി മാസങ്ങളോളം ചെലവഴിച്ചു. കണ്ണിനു സാരമായ പരുക്കും നീരുവച്ച് കണ്ണ്തുറക്കാന്‍ പറ്റാത്ത അവസ്ഥ, ദേഹത്തിന് ചതവ്, ചുണ്ടിന് മുറിവ്, ശരീരം മുഴുവന്‍ നീര് ഈ അവസ്ഥയിരുന്നു അച്ചന്റെ വേദനയുടെ നാളുകൾ.

ഈ കേസ് തുടര്‍ വിചാരണയ്ക്കായി കോടതിയില്‍ വന്നപ്പോഴാണ് താന്‍ ഈ രണ്ടു യുവാക്കളോടും നിരുപാധികം ക്ഷമിക്കുന്നു, ഇവരെ വെറുതെ വിടണമെന്ന് ജഡ്ജിയോട് അച്ചൻ അപേക്ഷിച്ചത്. അപേക്ഷ സ്വീകരിച്ച ജഡ്ജി മൈക്കിള്‍ ഓഷേ, കേസ് റദ്ദാക്കുകയും പ്രതികളെ വെറുതെ വിടുകയും ചെയ്തു.

കിൽഡെയറിലെ ജനങ്ങളുടെ പിന്തുണ കേസിലെ ഒരുവലിയ ഘടകമായിരുന്നെന്ന് ജഡ്ജി ഓര്‍മ്മിപ്പിച്ചു. അതുപോലെതന്നെ, വൈദികന്‍റെ ക്ഷമിക്കുന്ന സ്നേഹത്തിന്‍റെ നിലപാടാണ് ഈ കേസിന്‍റെ വഴിത്തിരിവായി മാറിയതെന്നും, പ്രതികളുടെ രണ്ടരവര്‍ഷം വീതമുള്ള ശിക്ഷ റദ്ദാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

പ്രതികൾ തങ്ങള്‍ ചെയ്ത തെറ്റില്‍ ലജ്ജിക്കുന്നതായും ഫാ.മാനുവേൽ കാരിപ്പോട്ടിനോട് ക്ഷമ ചോദിക്കുന്നതായും അറിയിച്ചു. അയര്‍ലൻഡിലെ ടിവി, റേഡിയോ, പത്രമാധ്യമങ്ങളെല്ലാം ഈ വാര്‍ത്ത വളരെ പ്രാധാന്യത്തോടെയാണു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

2016-ൽ അയര്‍ലൻഡിലേയ്ക്ക് പോയ ഫാ.മാനുവൽ, തന്‍റെ ശുശ്രൂഷകള്‍ അവസാനിപ്പിച്ച് 2018 ഓഗസ്റ്റ് അവസാനത്തോടെ നാട്ടിലേക്ക് മടങ്ങി വരുന്നു. നെയ്യാറ്റിൻകര രൂപതയിലെ മംഗലത്തുള്ള ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറായിട്ടാണ് അദ്ദേഹം നാട്ടിലേക്ക് വരുന്നത്.

2016-ൽ അയര്‍ലൻഡിലേയ്ക്ക് പോകുന്നതിനുമുൻപ് നെയ്യാറ്റിൻകര രൂപതയിൽ ദീർഘകാലം അച്ചൻ സേവനം ചെയ്തിട്ടുണ്ട്. ഇടവക വികാരിയായും, നെയ്യാറ്റിൻകര രൂപതയുടെ മൈനർ സെമിനാരിയിൽ അധ്യാപകനായും, ആത്മീയപിതാവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വീണ്ടും നെയ്യാറ്റിൻകര രൂപതയിലേയ്ക്ക് തിരിച്ചു വരുന്ന മനുവലച്ചനെ സ്വീകരിക്കുവാൻ സന്തോഷത്തോടെ കാത്തിരിക്കുകയാണ് അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവും, വൈദികരും ജനങ്ങളും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker