Daily Reflection

ആത്മാവിൽ വേരൂന്നിയ ജീവിതം

അവന്റെ വഴി മരുഭൂമിയിലെ കള്ളിച്ചെടിപോലെയായിരുന്നു...

ഒരു വൈറസിന് നമ്മുടെ തിരക്കുപിടിച്ച ഓട്ടങ്ങളെയെല്ലാം പിടിച്ചു നിർത്താനായി. ഈ ഓട്ടങ്ങൾക്കിടയിൽ മറന്ന് പോകുന്ന ചില മൂല്യങ്ങളെ ധ്യാനിക്കാനുള്ള ദിവസങ്ങളാണ് നമുക്ക് മുന്നിൽ. ഒരു പരിധിവരെ നമ്മുടെ ഓട്ടം പണത്തിന്റെ പുറകെയാണ്. സമ്പത്തിനുമുന്നിൽ പലതും നമ്മൾ മാറ്റിവയ്ക്കുന്നു, ആത്മീയതപോലും. വേറെ ഒരുതരത്തിൽ പറഞ്ഞാൽ ഈ ലോകത്തിലെ സമ്പത്ത് തേടിപോകുമ്പോൾ യഥാർത്ഥ സമ്പത്തുകാണാതെ പോകുന്നുവെന്നതാണ് സത്യം; ലൂക്കാ 16:19-31-ലെ ധനവാനെപോലെ. അവൻ തന്റെ സമൃദ്ധിയിൽ മറന്നുപോയ ഒരു മൂല്യമാണ് അപരന്റെ വേദന കാണാതെ പോയത്, ലാസറെന്ന ദരിദ്രന്റെ വിശപ്പു കാണാതെ പോയത്. ഈ ലോകത്ത് വച്ച് സ്നേഹം പങ്കുവയ്ക്കാൻ പിശുക്ക് കാണിച്ചപ്പോൾ പരലോകത്തും ദൈവം അവനോടും പിശുക്കു കാണിച്ചു. കാരണം അവന്റെ വഴി മരുഭൂമിയിലെ കള്ളിച്ചെടിപോലെയായിരുന്നു, കിട്ടാവുന്ന ജലമെല്ലാം വലിച്ചെടുത്തു, മറ്റുള്ളവർക്ക് മുള്ളുകൾ മാത്രം നൽകി ജീവിച്ച ഒരു ജീവിതം.

ഈ ലോകത്തു തന്നെത്താൻ സമ്പന്നനാവുകയും അവ പങ്കുവയ്ക്കുന്നതിൽ പിശുക്കു കാട്ടുകയും ചെയ്യുന്നവൻ, മരുഭൂമിയിൽ കുറ്റിച്ചെടിപോലെയാണെന്നു ജെറമിയാ പ്രവാചകനിലൂടെ ദൈവം നമ്മെ പഠിപ്പിക്കുന്നു. എന്നാൽ, കർത്താവിനെ തേടുന്നവനും നേടുന്നവനും വെള്ളത്തിലേക്ക് വേരൂന്നിയിരിക്കുന്നു, വരൾച്ചയുടെ കാലത്തും അതിനു ഉത്കണ്ഠയില്ല, അത് ഫലം നല്കിക്കൊണ്ടേയിരിക്കും. വെള്ളത്തിൽ വേരൂന്നിയ ജീവിതം എന്നുപറഞ്ഞാൽ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ ജീവിതം. വെള്ളം, പരിശുദ്ധാത്മാവിന്റെ പ്രതീകമാണല്ലോ. ദൈവത്തെ തേടുന്നവന്റെ ജീവിതം ഇങ്ങനെ ആത്മാവിനാൽ നയിക്കപ്പെട്ടതാണെന്നു വചനത്തിൽ പല ഭാഗങ്ങളിൽ പറയുന്നുണ്ട്. ഉദാഹരണമായി, സങ്കീർത്തനം 1:2-ൽ പറയുന്നു: “കർത്താവിന്റെ വചനം ധ്യാനിക്കുന്നവൻ നീർച്ചാലിനരികെ നട്ടതും യഥാകാലം ഫലം തരുന്നതും, ഇലകൊഴിയാത്തതുമായ വൃക്ഷം പോലെയാണ്”. വീണ്ടും ഉത്പത്തി 49:22-ൽ പറയുന്നു, നീരുറവയ്ക്കരികെ നിൽക്കുന്ന വൃക്ഷമാണ് ജോസഫ്”. പഴയനിയമത്തിലെ ജോസഫ് ഒരു വലിയ ജനതയെ ക്ഷാമത്തിൽ നിന്നും രക്ഷിച്ചപ്പോൾ ജോസഫിനെ കുറിച്ച് പറയപ്പെട്ട വാക്കുകളാണ് ഇവ.

നമ്മുടെ ജീവിതത്തിൽ ശൂന്യതയും മരുഭൂമിയനുഭവവും വളർച്ചയുമൊക്കെ ഉണ്ടാകുന്നതിനു കാരണം ദൈവത്തിനുമുന്നിൽ സമ്പന്നനാവാൻ ശ്രമിക്കാത്തതുകൊണ്ടാണ്. ഈ ധനവാന്റെയും ലാസറിന്റെയും ഉപമയിൽ ധനവാനും സഹോദരങ്ങളും ദൈവിക സമ്പത്തുനേടാതെ മോശയുടെയും പ്രവാചകരുടെയും വാക്കുകളും കേൾക്കാതെ ജീവിച്ചവർ ആയിരുന്നുവെന്നു ഉപമയുടെ വായിച്ചെടുക്കാം. എന്നാൽ, പഴയനിയമത്തിലെ ജോസഫ് ദൈവത്തിൽ വേരൂന്നിജീവിച്ചതുകൊണ്ടു തന്നെ, അനേകർക്ക്‌ ഫലം നല്കുന്ന വൃക്ഷമായി മാറ്റപ്പെട്ടു. ആയതിനാൽ ദൈവിക സമ്പത്തു നേടുന്നവരാകാൻ പരിശ്രമിക്കാം, അങ്ങനെയുള്ളവരുടെ ജീവിതം അനേകർക്ക്‌ തണലേകുന്ന, ഫലം നല്കുന്ന ജീവിതമായി മാറ്റപ്പെടും, കാരണം വചനം പറയുന്നു, “ഓരോ മനുഷ്യനും നട്ട ജീവിത രീതിക്കും പ്രവർത്തിക്കുമനുസരിച്ച് ഞാൻ പ്രതിഫലം നൽകും (ജെറമിയ 17:10).

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker