India

ആരാധനാലയങ്ങള്‍ വിശ്വാസികൾക്കായി തുറക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖ

സാമൂഹ്യ അകലം പാലിക്കലും അനുബന്ധ നിർദേശങ്ങളും കൃത്യതതയോടെ പാലിക്കപ്പെടണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്...

ജോസ് മാർട്ടിൻ

ന്യൂഡൽഹി: ജൂൺ 8 മുതൽ അതായത് തിങ്കൾ മുതൽ ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള മാർഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. വ്യാഴാഴ്ചയാണ് കോവിഡ് 19 പ്രതിരോധിക്കുന്നത് സംബന്ധിച്ച് ആരാധനാലയങ്ങളിൽ പ്രവേശിക്കുന്ന വിശ്വാസികൾ പാലിക്കേണ്ട മാർഗരേഖ പുറത്തിറക്കിയത്. സാമൂഹ്യ അകലം പാലിക്കലും അനുബന്ധ നിർദേശങ്ങളും കൃത്യതതയോടെ പാലിക്കപ്പെടണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം 65 വയസ്സ് കഴിഞ്ഞവരും, 10 വയസ്സിന് താഴെ ഉള്ളവരും, ഗർഭിണികളും, മറ്റ് അസുഖങ്ങൾ ഉള്ളവരും വീടുകളിൽ തന്നെ കഴിയണമെന്നും, ആരാധനാലയങ്ങള്‍ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും കേന്ദ്രം നിഷ്‌കർഷിക്കുന്നു. പൊതുവായി പാലിക്കേണ്ട പ്രതിരോധ നടപടികൾ, ആരാധനാലയങ്ങളിലും, മതപരമായ സ്ഥലങ്ങളിലും പാലിക്കപ്പെടേണ്ട പ്രതിരോധ നടപടികൾ എന്നിങ്ങനെ രണ്ട് ഭാഗങ്ങളായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗരേഖ.

കേന്ദ്ര നിർദേശങ്ങളുടെ പൂർണ്ണരൂപം ഇങ്ങനെ

COVID-19 ന്റെ അപകടസാധ്യത കുറയ്ക്കുന്നതിന് പൊതുവായി പാലിക്കേണ്ട പ്രതിരോധ നടപടികൾ:

1) പൊതുസ്ഥലങ്ങളിൽ ആറടിയുടെ എങ്കിലും സാമൂഹിക അകലം ഉറപ്പാക്കണം.

2) മാസ്കുകൾ നിർബന്ധമായും ഉപയോഗിക്കുക.

3) കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 40 മുതൽ 60 സെക്കന്റ് വരെയും, ആൽക്കഹോൾ അടങ്ങിയ സാനിറ്ററി ഉപയോഗിച്ചാണെങ്കിൽ 20 സെക്കന്റും കഴുകണം

4) ശ്വസനപരമായ മര്യാദകൾ കർശനമായി പാലിക്കണം. അതായത്, ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ ടിഷ്യു, തൂവാല അല്ലെങ്കിൽ കൈമുട്ട് വളച്ച് ഉപയോഗിക്കുന്ന രീതി പാലിക്കുക. ഉപയോഗിച്ച ടിഷ്യുപേപ്പറുകൾ എവിടെയെങ്കിലും വലിച്ചെറിയാതിരിക്കുക.

5) ഓരോരുത്തരും അവരവരുടെ ആരോഗ്യസ്ഥിതി സ്വയം നിരീക്ഷിക്കുകയും, ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ എത്രയും വേഗം സംസ്ഥാന, ജില്ലാ ഹെൽപ്പ് ലൈനിൽ റിപ്പോർട്ട് ചെയ്യുക.

6) പൊതുസ്ഥലത്ത് തുപ്പുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.

7) Aarogya Setu ആപ്പിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

ആരാധനാലയങ്ങളിലും, മതപരമായ സ്ഥലങ്ങളിലും പാലിക്കപ്പെടേണ്ട പ്രതിരോധ നടപടികൾ:

1) പ്രവേശന കവാടത്തിൽ താപനില പരിശോധിക്കാൻ സംവിധാനവും, കൈകൾ ശുദ്ധമാക്കാൻ സാനിറ്റൈസറും ഉണ്ടാകണം.

2) കോവിഡ് രോഗലക്ഷണം ഇല്ലാത്തവരെ മാത്രമേ ആരാധനാലയത്തിൽ പ്രവേശിക്കാൻ പാടുള്ളൂ.

3) ഫെയ്‌സ് മാസ്കുകൾ ഇല്ലാത്തവരെ പ്രവേശിപ്പിക്കരുത്.

4) COVID-19 നെ തടയുന്നത് സംബന്ധിച്ച് സ്വീകരിക്കേണ്ട പ്രതിരോധ നടപടികളെക്കുറിച്ചുള്ള പോസ്റ്ററുകളോ മറ്റ് സംവിധാനങ്ങളോ പ്രദർശിപ്പിക്കണം. കൂടാതെ, COVID-19 പ്രതിരോധ നടപടികളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനുതകുന്ന ഓഡിയോ, വീഡിയോ ക്ലിപ്പുകൾ പ്രദർശിപ്പിക്കുക.

5) ഒരുമിച്ച് ആൾക്കാരെ പ്രവേശിപ്പിക്കരുത്

6) പാദരക്ഷകൾ സാധ്യമെങ്കിൽ വാഹനങ്ങളിൽ തന്നെ സൂക്ഷിക്കുക. ആവശ്യമെങ്കിൽ പ്രത്യേക സ്ഥലത്ത് പാദരക്ഷകൾ സൂക്ഷിക്കുവാനുള്ള ക്രമീകരണം ചെയ്യുക. ഓരോരുത്തരും പ്രത്യേകമായാണ് വയ്ക്കേണ്ടത്, എന്നാൽ ഒരു കുടുംബത്തിലെ അംഗങ്ങൾക്ക് ഒരുമിച്ച് പാദരക്ഷകൾ വയ്ക്കാവുന്നതാണ്.

7) പാർക്കിംഗ് സ്ഥലങ്ങളിലും പരിസരത്തും സാമൂഹ്യ അകലം പാലിക്കൽ മാനദണ്ഡങ്ങൾ പാലിക്കപ്പെടണം.

8) ആരാധനാലയത്തിന് പുറത്തുള്ള കടകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലും സാമൂഹിക അകലം ഉറപ്പാക്കണം.

9) സാമൂഹിക അകലം ഉറപ്പാക്കുന്നതിന് പ്രതലത്തിൽ പ്രത്യേക അടയാളപ്പെടുത്തലുകൾ നടത്തുക.

10) ആരാധനാലയത്തിനുള്ളിലേയ്ക്ക് പ്രവേശിക്കാനും, പുറത്തേക്ക് പോകാനും പ്രത്യേക വഴികൾ ക്രമീകരിക്കുക.

11) ആരാധനാലയത്തിലേയ്ക്ക് പ്രവേശിക്കുന്നതിനായി ക്യൂ നിൽക്കുമ്പോൾ കുറഞ്ഞത് 6 അടി വരെയെങ്കിലും ശാരീരിക അകലം പാലിക്കുക.

12) ആരാധനാലയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് കൈയും കാലും സോപ്പും ജലവും ഉപയോഗിച്ച് കഴുകണം.

13) മതിയായ സാമൂഹിക അകലം പാലിക്കുന്ന തരത്തിലായിരിക്കണം ഇരിപ്പിട ക്രമീകരണം നടത്തേണ്ടത്.

14) എയർ കണ്ടീഷനിംഗ് ഉപകരണങ്ങളുടെ താപനില ക്രമീകരണം 24-30°C പരിധിയിലായിരിക്കണം, അതേസമയം ആപേക്ഷിക ആർദ്രത 40-70% പരിധിയിലുമായിരിക്കണം. ശുദ്ധവായു സഞ്ചാരത്തിനായി ക്രോസ് വെന്റിലേഷൻ ഉപയോഗപ്പെടുത്തുക.

15) ആരാധനാലയത്തിലെ രൂപങ്ങളിലോ, വിഗ്രഹങ്ങളിലോ, വിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാൻ ഭക്തരെ അനുവദിക്കരുത്.

16) വലിയ ആൾക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകൾ അനുവദിച്ചിട്ടില്ല.

17) അണുബാധ പടരാനുള്ള സാധ്യത കണക്കിലെടുത്ത്, ഗാനങ്ങൾ ആലപിക്കുന്നതിനായി ഗായകസംഘങ്ങൾക്ക് പകരം റെക്കോർഡുചെയ്‌ത ഭക്തി ഗാനങ്ങളും, സംഗീതവും ഉപയോഗിക്കുക.

18) പരസ്പരം അഭിവാദ്യം ചെയ്യുമ്പോഴുള്ള ശാരീരിക സമ്പർക്കം ഒഴിവാക്കുക.

19) സമൂഹ പ്രാർത്ഥനയ്ക്കായി ഇരിപ്പിടങ്ങളിൽ ഉപയോഗിക്കുവാനായി സ്വന്തമായി പായകൊണ്ടു വരിക. പൊതുവായി പായയോ ഇരിപ്പിൽ വിരിയോ അനുവദിച്ചുകൂടാ.

20) പ്രസാദമോ, തീർത്ഥം നൽകലോ, തീർത്ഥം തളിക്കലോ ആരാധനാലയത്തിനുള്ളിൽ അനുവദിച്ചിട്ടില്ല.

21) മതപരമായ സ്ഥലങ്ങളിലെ കമ്മ്യൂണിറ്റി അടുക്കളകൾ, അന്നദാനം നൽകൽ തുടങ്ങിയവ തയ്യാറാക്കുമ്പോഴും വിതരണം ചെയ്യുമ്പോഴും സാമൂഹിക അകലം നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കണം.

22) കൈകൾ കഴുകുന്നയിടങ്ങൾ, ശുചീകരണ മുറികൾ തുടണ്ടിയവ കൃത്യമായ ഇടവേളകളിൽ കഴുകുകയും, അണുവിമുക്തമാക്കുകയും വേണം.

23) ആരെങ്കിലും ആരാധനാലയത്തിൽ വച്ച് അസുഖ ബാധിതരായാൽ, അവരെ വേറിട്ടൊരു ഒരു മുറിയിലേക്ക് മാറ്റണം. ഡോക്ടറെ വിളിച്ച് വരുത്തി പരിശോധിപ്പിക്കണം. കോവിഡ് സ്ഥിരീകരിച്ചാൽ ഉടൻ ആരാധനാലയം അണുവിമുക്തമാക്കുകയും ചെയ്യണം.

24) 65 വയസ്സ് കഴിഞ്ഞവരും, 10 വയസ്സിന് താഴെ ഉള്ളവരും, ഗർഭിണികളും, മറ്റ് അസുഖങ്ങൾ ഉള്ളവരും വീടുകളിൽ തന്നെ കഴിയണം. ആരോഗ്യ സംബന്ധമായ അടിയന്തര ആവശ്യങ്ങൾ ഇല്ലെങ്കിൽ വീടുകളിൽ നിന്ന് പുറത്തേക്ക് വരരുത്.

ഇക്കാര്യങ്ങളെല്ലാം പാലിക്കപ്പെടുന്നുവെന്ന് ആരാധനാലയങ്ങളുടെ മാനേജ്മെന്റുകൾ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം മാർഗ്ഗരേഖയിൽ ആവശ്യപ്പെട്ടിരിക്കുന്നു.

മെയ് 30-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ അൺലോക്ക് 1-ന്റെ ഭാഗമായി ജൂൺ 8 മുതൽ ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കാമെന്ന് പറഞ്ഞിരുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker