Kerala

ആറ്റുകാൽ പൊങ്കാലയ്ക്ക് മതസൗഹാർദ്ദ ദാഹജലവിതരണവുമായി പാളയം കത്തീഡ്രൽ

ആറ്റുകാൽ പൊങ്കാലയ്ക്ക് മതസൗഹാർദ്ദ ദാഹജലവിതരണവുമായി പാളയം കത്തീഡ്രൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ദിവസം പാളയം കത്തീഡ്രലിനു മുമ്പിലുള്ള റോഡിൽ പൊങ്കാലയിടാൻ വരുന്ന ഭക്തരായ സ്ത്രീജനങ്ങൾക്കു വേണ്ടി മോരു വെള്ളവും തണ്ണിമത്തനുമൊരുക്കി, തങ്ങളാൽ കഴിയുന്ന സഹായവുമായി പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ഇടവക കുടുംബം. ഇടവക വികാരി ഫാ.നിക്കോളാസ് താർസിയൂസിന്റ് നേതൃത്വത്തിൽ കത്തീഡ്രൽ ഇടവക അംഗങ്ങളാണ് മതസൗഹാർദ്ദ ദാഹജലവിതരണമൊരുക്കിയത്.

കേരളത്തിന്റെ തലസ്ഥാനം കൊടും ചൂടിലായപ്പോൾ പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ഇടവക നടത്തിയ ദാഹജലവിതരണം കത്തീഡ്രൽ ചുറ്റുവട്ടത്തും അതുവഴി കടന്നുപോയ ഭക്തർക്കും വലിയ ആശ്വാസമായെന്ന് പൊങ്കാല കഴിഞ്ഞു മടങ്ങിത്തുടങ്ങിയ ഭക്തർ പറഞ്ഞു.

വിളയെല്ലാം നൈവേദ്യമായി കണ്ണകിദേവിക്ക് സമർപ്പിക്കുന്നതിലൂടെ, കണ്ണകിദേവിയെ സംതൃപതയാക്കുന്നതിലൂടെ ധാരാളം വിളകൾ ലഭിക്കുമെന്ന് ജനം വിശ്വസിക്കുന്നു. അങ്ങനെ ഭൂമി ദൈവത്തിന്റേതാണ് എന്ന ബൈബിളിലെ പുറപ്പാട് പുസ്തകം 19:5 ഉം, ലേവ്യർ 25:23 ഉം എല്ലാമനുഷ്യരും ഓർക്കുന്ന ദിനമാണ് ഇതെന്നും; ഭൂമി ദൈവത്തിന്റേതാണ്, ഭൂമി ദൈവം നമ്മുടെ ഉപയോഗത്തിനുവേണ്ടി നൽകിയിരിക്കുന്നു, ആ ഭൂമിയെ ആവശ്യത്തിന് ഉപയോഗിക്കുക എന്നത് ഹൈന്ദവ മതദർശനത്തിലും, ക്രൈസ്‌തവ മതദർശനത്തിലും, യഹൂദ മതദർശനത്തിലും നിറഞ്ഞുനിൽക്കുന്ന കാര്യമാണെന്നും പാളയം സെന്റ് ജോസഫ് കത്തീഡ്രൽ വികാരി ഫാ.നിക്കോളാസ് പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാല മഹോത്സവമാണു ആറ്റുകാൽ പൊങ്കാല. മകരം-കുംഭം മാസങ്ങളിലായി നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഒമ്പതാം ദിവസമാണ്‌ ആറ്റുകാൽ പൊങ്കാല നടക്കുന്നത്. പൊങ്കാല സമയത്ത് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ഈ ക്ഷേത്രവും അതിനു പരിസരങ്ങളായ തിരുവനന്തപുരം നഗരവും ജനനിബിഡമാകാറുണ്ട്. ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 10 കി.മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകൾ കൊണ്ട് നിറയും. ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവമെന്ന പേരിലാണ്‌ ഗിന്നസ് ബുക്കിൽ ഈ ഉത്സവം അറിയപ്പെടുന്നത്. 1997 ഫെബ്രുവരി 23-ന്‌ നടന്ന പൊങ്കാലയിൽ 1.5 മില്യൺ സ്ത്രീകൾ പങ്കെടുത്തത് അടിസ്ഥാനമാക്കിയാണ്‌ ആറ്റുകാൽ പൊങ്കാല ഗിന്നസ് ബുക്കിൽ കയറിയത്. വീണ്ടും, 2009-ൽ പുതുക്കിയ ഗിന്നസ് റെക്കോർഡ് അനുസരിച്ച് 25 ലക്ഷം പേർ ഈ ഉത്സവത്തിൽ പങ്കെടുത്തിരുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker