Articles

ആഹ്ളാദിച്ചുല്ലസിക്കുവിൻ”(Gaudate et Exsultate) ഫ്രാൻസിസ് പാപ്പായുടെ പുതിയ ഉദ്‌ബോധനം – ഒരു പഠനം

ആഹ്ളാദിച്ചുല്ലസിക്കുവിൻ"(Gaudate et Exsultate) ഫ്രാൻസിസ് പാപ്പായുടെ പുതിയ ഉദ്‌ബോധനം - ഒരു പഠനം

ഡീക്കൻ അനുരാജ്

ആരാണ് വിശുദ്ധർ? കാലികപ്രസക്തമായ ഉദ്ബോധനവുമായി ഫ്രാൻസിസ് പാപ്പ നമ്മെ സമീപിക്കുന്നു.

ആധുനികയുഗത്തിന്റെ മാറിയ മത -സാമൂഹ്യ -മാധ്യമ  പശ്ചാത്തലത്തിൽ  എല്ലാവരും വായിച്ചിരിക്കേണ്ട ഒന്നാണ്” ഈ പ്രബോധനം.

പൂർണ മനുഷ്യനായും ഉത്തമ ക്രിസ്ത്യാനിയായും എങ്ങനെ ജീവിക്കണം എന്ന് ​വളരെ ലളിതമായി പാപ്പ പഠിപ്പിക്കുന്നു. രണ്ടാം വത്തിക്കാൻ കൗൺസിൽ നേരത്തെ പഠിപ്പിച്ചതുപോലെ എല്ലാവർക്കും ലഭ്യമായിരിക്കുന്ന വിശുദ്ധിയിലേക്കുള്ള വിളി യാഥാർത്ഥ്യമാക്കുവാൻ ഉള്ള ഒരു മാർഗമാണ് പാപ്പായുടെ ഈ പ്രബോധനം​.​

​അഞ്ച് അദ്ധ്യായങ്ങ​ളുള്ള ഈ പ്രബോധനത്തിലൂടെ മാർപാപ്പ, വിശുദ്ധിയെ പറ്റി  മനുഷ്യൻ ഇന്ന് മനസ്സിലാക്കിയിരിക്കുന്ന​ ചില​ വ്യതിചലിച്ച ചിന്തകളെയും വഴിപിഴച്ച ആധ്യാത്മികതയെയും അപ്പാടെ നീക്കം ചെയ്തിരിക്കുന്നു. വിശുദ്ധി ദൈവത്തിൻറെ കൃപയാണെന്ന് വിശദീകരിക്കുന്നതോടൊപ്പം അതിന്റെ സവിശേഷതകൾ സുവിശേഷത്തിൽ നിന്നാരംഭിക്കുന്നു എന്നും ഓർമ്മപ്പെടുത്തുന്നു. അതുകൊണ്ട്  നല്ല ജീവിതം ​എന്നത് ദൈവത്തിൽനിന്നോ മനുഷ്യനിൽനിന്നോ മാറി നിന്നുകൊണ്ടുള്ള ജീവിതം അല്ല​ എന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്നു. ക്രിസ്തു പഠിപ്പിച്ച ദൈവസ്നേഹത്തിലേക്കും പരസ്നേഹത്തിലേക്കും ഇത്  നമ്മുടെ ​ശ്രദ്ധ ക്ഷണിക്കുന്നു. എങ്ങനെയാണ് വിശുദ്ധി പ്രാപിക്കേണ്ടതെന്ന്  ക്രിസ്തു പഠിപ്പിക്കുകയും കാണിച്ചു തരികയും ചെയ്തിട്ടുണ്ട്. അവ ഓരോന്നും ഓരോ ക്രിസ്ത്യാനിയുടെയും തിരിച്ചറിയൽ രേഖയായിരിക്കണം എന്നും ഓർമപ്പെടുത്തുന്നു.
അതുകൊണ്ട് എങ്ങനെ ഒരു നല്ല ക്രിസ്ത്യാനിയാകാം എന്ന് ചോദിച്ചാൽ ഉത്തരം വളരെ ലളിതമാണ്​-​ ഓരോരുത്തരും  അവരുടെ ജീവിത സാഹചര്യത്തിൽ യേശു ആവശ്യപ്പെട്ട സുവിശേഷഭാഗ്യങ്ങൾ പ്രാവർത്തികമാക്കുക. അതിലൂടെ നമ്മുടെ ദൈനംദിന ജീവിതത്തിൽ ദൈവത്തിന്റെ മുഖം വെളിപ്പെടുത്താൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ അഞ്ചുവർഷക്കാലം​ താൻ പഠിപ്പിച്ചതെല്ലാം ജീവതത്വപരമായി ഒരുമിച്ച് കൂട്ടിയ  ഒരു ഉദ്ബോധനം എന്നുവേണമെങ്കിൽ​ ഇതിനെ പറയാം.
ക്രിസ്ത്യാനികൾ എന്ന് മാത്രമല്ല ലോകജനതയെ മുഴുവൻ ദൈനംദിന ജീവിതത്തിൽ വളരെ സഹായിക്കുന്ന ഉപദേശങ്ങളാണ് ഈ ഉദ്ബോധന ത്തിന്റെ പ്രത്യേകത.

– വിശുദ്ധർ തൊട്ടടുത്ത് തന്നെ

ഒന്നാമത്തെ അധ്യായത്തിൽ ആരാണ് വിശുദ്ധർ എന്ന് വളരെ ലളിതമായി പാപ്പ പഠിപ്പിക്കുന്നു. വിശുദ്ധരായി നാമകരണം ചെയ്യപ്പെട്ടവർ മാത്രമല്ല വിശുദ്ധർ. സമാധാന പ്രിയരിലും  വിശുദ്ധിയുണ്ട്, കുഞ്ഞുങ്ങളെ സ്നേഹിച്ചു വളർത്തുന്ന മാതാപിതാക്കളിലും വിശുദ്ധിയുണ്ട്. വീട്ടിൽ ഒരു നേരത്തെ ആഹാരത്തിനുവേണ്ടി ജോലിചെയ്യുന്ന ഓരോ പുരുഷനിലും, സ്ത്രീയിലും, രോഗികളിലും, വാർധക്യത്തിലും ചിരിച്ചുകൊണ്ട് കടന്നുവരുന്ന  സമർപ്പിതരിലും ഒക്കെ വിശുദ്ധിയുണ്ട്. നാം എത്രയോ പ്രാവശ്യം ഇങ്ങനെയുള്ള വിശുദ്ധരെ നമുക്ക് ചുറ്റും കണ്ടിരിക്കുന്നു. അവരെല്ലാം ദൈവീക സാമീപ്യത്തിന്റെ പ്രതിഫലനങ്ങളാണ്.

ഇതുവരെയുള്ള  വിശുദ്ധരുടെ ജീവിത സാക്ഷ്യങ്ങൾ കണ്ടിട്ട് എനിക്ക് നേടാൻ പറ്റുന്നതല്ല വിശുദ്ധി എന്ന ചിന്ത അപ്പാടെ മാറ്റേണ്ടിയിരിക്കുന്നു. ഓരോരുത്തരെയും പറ്റി ദൈവത്തിന് പ്രത്യേക പദ്ധതി ഉണ്ട്. വിശുദ്ധരാകാൻ ഒരു മെത്രാനോ, കർദിനാളോ , വൈദികനോ, സന്ന്യാസി സന്യാസിനിയോ ആകണമെന്നില്ല എന്നത് ഒരിക്കൽ കൂടി അടിവരയിട്ടു പറയുന്നു.
പലപ്പോഴും സ്വാഭാവികമായി നമുക്കുണ്ടാകുന്ന ചിന്തയാണ് സാധാരണ ജീവിത വ്യവഹാരത്തിൽ നിന്ന് മാറി പ്രാർത്ഥനയ്ക്ക് മാത്രമായി ജീവിതം ചെലവഴിച്ചാലേ വിശുദ്ധി നേടാൻ സാധിക്കു എന്നത് . എന്നാൽ അങ്ങനെയല്ല. നമ്മുടെ ദൈനംദിന ജീവിത സാഹചര്യങ്ങളിൽ സ്നേഹവും സമർപ്പണവും വഴി നാമെല്ലാവരും വിശുദ്ധരാകാൻ വിളിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ സർവ്വജനത്തെയും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു  എന്ന് ആവർത്തിച്ച് ഓർമ്മപ്പെടുത്തുന്നു. “ഞാൻ പരിശുദ്ധ നായിരിക്കുന്നതുപോലെ നിങ്ങളും പരിശുദ്ധരായിരിക്കുവിൻ” (ലേവ്യ 11:44; 1പത്രോസ് 1:16). രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖയും (LG11) പഠിപ്പിക്കുന്നത് ഇതു തന്നെയാണ്. “ഓരോരുത്തരും തങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽ ദൈവത്താൽ വിളിക്കപ്പെട്ട്‌ അവരവരുടേതായ രീതിയിൽ  പൂർണ്ണ വിശുദ്ധിയിലേക്ക് എത്തിച്ചേരുന്നു”.

പരിശുദ്ധാത്മാവിനാൽ നയിക്കപ്പെ​ടുകയും​, ദൈവം എന്റെ ജീവിതം കൊണ്ട്  ക്രിസ്തു പഠിപ്പിച്ച ഏത് സന്ദേശമാണ്  ലോകത്തെ പഠിപ്പിക്കുവാൻ ആഗ്രഹിക്കുന്നത് ​​​എന്നും നാമോരോരുത്തരും അറിയുകയും  ചെയ്യേണ്ടിയിരിക്കുന്നു. അങ്ങനെ  പരിശുദ്ധാത്മാവിനാൽ നവീകരിക്കപ്പെടാനും  മാറ്റപ്പെടാനും  ഒപ്പം ഓരോരുത്തരുടെയും ദൗത്യം ഫലദായകമാകാനും  ഇടയാകട്ടെ എന്നും ആശംസിക്കുന്നു.

വിശുദ്ധി ഒരിക്കലും നമ്മെ ബലഹീനമാക്കുന്നില്ല. മറിച്ച്  വിശുദ്ധിയിൽ നമ്മുടെ ബലഹീനതയും  ദൈവകൃപയും കൂട്ടി മുട്ടുകയാണ് ചെയ്യുന്നത് എന്നും പാപ്പാ ഓർമ്മപ്പെടുത്തുന്നു.

വിശുദ്ധിയുടെ വഴിയിലെ രണ്ടു ശത്രുക്കൾ

രണ്ടാമത്തെ അധ്യായത്തിൽ വിശുദ്ധിയുടെ വഴിയിൽ തെറ്റിദ്ധരിപ്പിക്കുന്ന രണ്ടു വഴികളെ പറ്റിയാണ് സംസാരിക്കുന്നത്. പെലേജിയനിസം, ജ്ഞാനവാദം  (Pelagianism, gnosticism). ഇവ രണ്ടും ഒന്നാം നൂറ്റാണ്ടിൽ സഭയിൽ ഉടലെടുത്ത പാഷാണ്ഡതകൾ ആണ്. അവ ചെറിയൊരു വകഭേദത്തോടെ ഇന്നും സഭയിലുണ്ട്. പ്രമാണപരവും ശിക്ഷണ പരവുമായ  രണ്ട് സുരക്ഷയുടെ സ്വയം പുകഴ്ചയും അധികാര  ഭാവവുമാണ് ഇതിനുകാരണം. ഇതുവഴി സുവിശേഷവൽക്കരണത്തിന് പകരം മറ്റുള്ളവരെ വിലയിരുത്താനും തരംതിരിക്കുവാനും ശ്രമിക്കുകയും കൃപയുടെ വാതിൽ ആകുന്നതിനു പകരം മറ്റുള്ളവരെ നിയന്ത്രിക്കാൻ ഊർജ്ജം പാഴാക്കുകയും ചെയ്യുന്നു.​ സ​ഭാജീവിതത്തിൽ  വിശുദ്ധി കൃപയുടെ ദാനം ആണെങ്കിൽ തീർച്ചയായും  ഈ രണ്ടുതരത്തിലുള്ള പാഷാണ്ഡതകളും കൃപക്ക് തടസ്സം തന്നെയാണ്; എന്നുമാത്രമല്ല  കൃപയുടെ പ്രവർത്തനത്തെയും അപ്പാടെ നീക്കംചെയ്യുന്നു; അത് വിശുദ്ധിയിലേക്കുള്ള  സഭയുടെ തീർത്ഥാടനത്തെ താറുമാറാക്കുന്നു. ​

ഉദാഹരണത്തിന് പുതിയ പെലാജിയൻകാർ ചിന്തിക്കുന്നത് എല്ലാ കാര്യങ്ങളും മനുഷ്യന്റെ കരബലത്തെ ആശ്രയിച്ചിരിക്കുന്നെന്നും സഭാ നിയമങ്ങളിലൂടെയും ഘടനകളി ലൂടെയും എല്ലാം നിയന്ത്രണ വിധേയമാക്കാം എന്നുമാണ്. എന്നാൽ അത് സുവിശേഷത്തെ  താറുമാറാക്കുകയും കൃപയ്ക്ക് കടന്നു വരുവാനുള്ള ചെറിയൊരു സാഹചര്യം പോലും നല്കാതെ വെറുമൊരു പദ്ധതി റിപ്പോർട്ടായി മാത്രം ചുരുക്കാനുമേ ഉപകരിക്കുകയുള്ളൂ. തങ്ങളുടെ ശക്തിയിൽ മാത്രം ആശ്രയിച്ചുകൊണ്ടുള്ള നീതീകരണം സ്വന്തം  കഴിവിനും ഇഷ്ടത്തിനും മാത്രം പ്രാധാന്യം നല്കി മറ്റൊരു വഴിയേ അവർ സഞ്ചരിക്കുന്നു. ഇത് പലവിധത്തിൽ പ്രകടമാക്കാം: നിയമങ്ങൾ കൊണ്ട് വരിഞ്ഞു മുറുക്കുക, സാമൂഹിക രാഷ്ട്രീയ നേട്ടങ്ങൾക്കുള്ള വ്യാമോഹം, ആരാധന ക്രമത്തിലെ ചില സൂഷ്മ നിഷ്ഠകൾ, സിദ്ധാന്തങ്ങളും പ്രശസ്‌തികളും, പ്രായോഗിക കാര്യങ്ങളിലുള്ള ദുരഭിമാനം തുടങ്ങിയവ. ക്രിസ്ത്യാനികളിൽ ​ചിലർ, പരിശുദ്ധാത്മാവിനാൽ സ്നേഹത്തിൽ നയിക്കപ്പെടാനും സുവിശേഷത്തിന്റെ സന്തോഷം അറിയിക്കാനും, കൂട്ടത്തിൽ നഷ്ടപ്പെട്ടുപോയ ക്രിസ്തുവിനായി ദാഹിഹിക്കുന്നവരെ കണ്ടെത്തുവാനും ശ്രമിക്കാതെ​,​ ഇത്തരം മോശം കാര്യങ്ങൾക്കാണ്​ചിലപ്പോൾ ​സമയം കണ്ടെത്തുന്നത്. അതിനാൽ പുണ്യങ്ങളുടെയും നിയമങ്ങളുടെയും കേന്ദ്രമായ ഉപവിയിൽ കൂടുതൽ സൂക്ഷ്മതയുള്ള വരാകാൻ പാപ്പ ​നമ്മോട്  ആവശ്യപെടുന്നു.

ദൈവം നമുക്ക് രണ്ടു ​മുഖങ്ങളാണ് നൽകിയിരിക്കുന്നത് – പിതാവിന്റെയും സഹോദരന്റെയും. കൃത്യമായി പറഞ്ഞാൽ ദൈവത്തിന്റെ മുഖം. എല്ലാ സഹോദരരിലും നാം  കാണുന്നത് ദൈവത്തിന്റെ ഛായ തന്നെയാണ്. അതുകൊണ്ട് തന്നെ ദൈവസ്നേഹവും പരസ്നേഹവും ഒരിക്കലും രണ്ടായി കാണുവാൻ സാധിക്കില്ല. ആര് അപരനെ സ്നേഹിക്കുന്നുവോ അവൻ നിയമം പൂർത്തീകരിക്കുന്നു. കാരണം നിയമത്തിന്റെ പൂർത്തീകരണമാണ് ഉപവി. എല്ലാ നിയമങ്ങളും അതിന്റ പൂർണത കാണുന്നത് ഒരേ ഒരു കല്പനയിലാണ് – “നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക” എന്നതിൽ.

– സുവിശേഷ ഭാഗ്യങ്ങൾ: ഒഴുക്കിനെതിരെയുള്ളയേശുവിന്റെെ ​വർണ്ണ​ന

മൂന്നാമത്തെ അധ്യായം സുവിശേഷ ഭാഗ്യങ്ങൾ ഉൾക്കൊള്ളുന്ന മത്തായി​യുടെ സുവിശേഷം അഞ്ചാം അധ്യായത്തിന്റെ വിശദീകരണമാണ്. സുവിശേഷഭാഗ്യങ്ങൾ  ജീവിതത്തിൽ പ്രാവർത്തികമാക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. കേൾക്കുമ്പോൾ ഒരുപക്ഷേ നെറ്റിചുളിച്ചേക്കാം, സംശയിച്ചേക്കാം, കളിയാക്കിയേക്കാം, പക്ഷേ, ഇതായിരിക്കണം യഥാർത്ഥത്തിൽ ക്രിസ്ത്യാനിയുടെ തിരിച്ചറിയൽ രേഖ.

– ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ സ്വർഗരാജ്യം അവരുടേതാണ്:

സമ്പത്ത് ഒരു സുനിശ്ചിതത്വവും നൽകുന്നില്ല. എപ്പോഴാണോ സ്വയം ഹൃദയത്തിൽ താൻ സമ്പന്നനാണെന്നു കരുതുന്നത് അപ്പോൾ തന്നെ ഒരു സംതൃപ്തി ലഭിക്കും എന്നതിൽ കവിഞ്ഞു മറ്റൊന്നുമില്ല. ദൈവവചനത്തിനോ, സഹോദര സ്നേഹത്തിനോ സ്ഥലമില്ലാത്ത ഹൃദയമായി അത് തീരുന്നു. എന്നാൽ ദരിദ്രമായ ഹൃദയത്തിൽ ദൈവത്തിനു സ്ഥാനമുണ്ടാകും. അതിനാൽ,  ദരിദ്ര ഹൃദയരായിരിക്കുക വിശുദ്ധിയത്രെ!

– ശാന്തശീലർ ഭാഗ്യവാന്മാർ; അവർ ഭൂമി അവകാശമാക്കും​:​

വളരെ ശക്തമായ പദപ്രയോഗമണിത്.  ഈ ലോകം അതിന്റെ ആരംഭം മുതലേ ശത്രുതയുടെയും പകയുടെയും സ്ഥലമാണ്. എവിടെയൊക്കെ ആദർശങ്ങൾക്കനുസരിച്ചുള്ള വർഗ്ഗീകരണം നടക്കുന്നുവോ അവിടെയെല്ലാം ഒരു വിഭാഗം എതിർത്തും ഉണ്ടാകും. ഒരു പക്ഷേ അവർ സൗമ്യരാ​യാൽ വിഡ്ഢികളെന്നോ ദുർബലരെന്നോ അവിവേകികളെന്നോ മുദ്രകുത്തപ്പെട്ടേക്കാം. എന്തുതന്നെയായാലും പാപ്പാ ആവശ്യപെടുന്നു:  ശാന്തരായിരിക്കുക, ക്രിസ്തുവിന്റെ ശാന്തത നമുക്കറിയാമല്ലോ? “എന്നിൽ നിന്ന് പഠിക്കുവിൻ.  ഞാൻ ശാന്തശീലനും വിനീത ഹൃദയനുമാണ്” (യോഹന്നാൻ 11:24).  അതുകൊണ്ട്, ഒരാൾ തന്റെ വിശ്വാസത്തെയും ഉറച്ച കാഴ്ചപ്പാടുകളെയും പ്രതിരോധിക്കുമ്പോൾ അത് ശാന്തതയോടെ ചെയ്യുക. സഭയ്ക്കും ഇക്കാര്യത്തിൽ പൂർണ്ണ വിജയം നേടാൻ സാധിച്ചിട്ടില്ല. അതിനാൽ ശാന്തതയോടെ പ്രതികരിക്കുക വിശുദ്ധിയത്രെ!

– വിലപിക്കുന്നവർ ഭാഗ്യവാന്മാർ എന്തെന്നാൽ അവർ ആശ്വസിപ്പിക്കപ്പെടും :

അപരന്റെ ജീവിത യാഥാർഥ്യം മനസിലാക്കുന്ന ഒരാൾക്ക് ഹൃദയം വേദനിക്കും, ജീവിതത്തിന്റെ ആഴം മനസിലാക്കാൻ സാധിക്കും, അവർ ആശ്വസിപ്പിക്കപ്പെടും. അങ്ങനെ മറ്റുള്ളവരോടൊത്ത് കരയുന്നത് വിശുദ്ധിയത്രെ.

– നീതിയ്ക്കു വേണ്ടി ദാഹിക്കുന്നവർ ഭാഗ്യവാന്മാർ എന്തെന്നാൽ അവർ സംതൃപ്തരാക്കപ്പെടും:

യേശു ആഗ്രഹിക്കുന്ന നീതി ഈ ലോകം ആഗ്രഹിക്കുന്ന നീതി പോലെയല്ല. ലോകത്തിന്റെ നീതി പലപ്പോഴും  ചില താല്പര്യങ്ങൾ സംരക്ഷിക്കുവാനുള്ള നീക്കത്തിന്റെ ഭാഗം മാത്രമാണ്. ദൈനം ദിനജീവിതത്തിൽ പലയിടത്തും എത്ര പെട്ടെന്നാണ് വലിയ അഴിമതികൾ വന്നുചേരുന്നത്. ‘ഞാൻ കൊടുക്കുന്നു കാരണം എനിക്ക് തരുന്നു’. അത്തരം നീതി അശക്തരെ വിറ്റ് കാശാക്കുന്ന വാണിജ്യമാണ്. അതിനാൽ യഥാർത്ഥ നീതിയ്ക്കു വേണ്ടി ദഹിക്കുക വിശുദ്ധിയത്രേ.

– കരുണയുള്ളവർ ഭാഗ്യവാന്മാർ എന്തെന്നാൽ അവർക്ക് കരുണ ലഭിക്കും.

“മറ്റുള്ളവർ എങ്ങനെ നിങ്ങളോട് പെരുമാറണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അതുപോലെ നിങ്ങളും അവരോട് പെരുമാറുവിൻ” (മത്താ 7:12). ഇത് ജീവിതത്തിന്റ എല്ലാ തുറകളിലും പ്രാവർത്തികമാകണം. പ്രതികാരം വയ്ക്കുന്നവനല്ല ഭാഗ്യവാൻ മറിച്ച് ഏഴ് എഴുപത് പ്രാവശ്യം ക്ഷമിക്കുന്നവനത്രെ. അതിനാൽ, കരുണയോടുകൂടി കാണുക, പ്രവർത്തിക്കുക വിശുദ്ധിയത്രേ.

– ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ എന്തന്നാൽ അവർ ദൈവത്തെക്കാണും

എപ്പോഴാണോ ഒരുവൻ ദൈവത്തെയും മനുഷ്യനെയും ഒരുപോലെ സ്നേഹിക്കുന്നത്, എപ്പോഴാണോ പൊള്ളയായ വാക്കുകൾ മാത്രമാക്കാതെ പറയുന്നത് പ്രവർത്തത്തികമാകുന്നത് അപ്പോൾ അവന്റെ ഹൃദയം ശുദ്ധമാണ്. അവൻ ദൈവത്തെ കാണും. അതിനാൽ സ്നേഹത്തെ മലിനപ്പെടുത്തുന്ന എല്ലാ വിഴുപ്പുകളിൽ നിന്നും ഹൃദയത്തെ ശുദ്ധിയാക്കുന്നത് വിശുദ്ധിയത്രേ.

– സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ എന്തെന്നാൽ അവർ ദൈവപുത്രർ എന്ന് വിളിക്കപ്പെടും.

ശബ്ദ കോലാഹലങ്ങളോടെ വിമർശനവും നുണപ്രചാരണവും നടത്തുന്ന ജനങ്ങൾ ഒരിക്കലും സമാധാനം കാംക്ഷിക്കുന്നില്ല. സമാധാനപ്രിയർ,  വളരെ ബുദ്ധിമുട്ടേറിയതാണെങ്കിലും, ആരെയും ഒഴിവാക്കാതെ സുവിശേഷം ആവശ്യപ്പെടുന്ന സമാധാനവും സാമൂഹ്യ സൗഹ്യദവും നിർമ്മിക്കാൻ ശ്രമിക്കും. മാത്രമല്ല, അപരിചിതരെയും എതിർപ്പുള്ളവരെയും ഉൾപ്പെടുത്തുകയും ചെയ്യും. അങ്ങനെ സമാധാനം വിതയ്ക്കുന്നത് വിശുദ്ധിയത്രേ.

നീതിയ്ക്കുവേണ്ടി പീഡനമേൽക്കുന്നവർ ഭാഗ്യവാന്മാർ എന്തെന്നാൽ സ്വർഗ്ഗരാജ്യം അവരുടേതാണ്. ഒരു മധ്യവർത്തിയായി മാത്രം തുടരുന്നില്ല എങ്കിൽ ജീവിതം സുഖപ്രദമായിരിക്കില്ല. “സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നവൻ അത് നഷ്‌ടപ്പെടുത്തുന്നു”. സുവിശേഷം ജീവിക്കുവാൻ അനുകൂലമായ സാഹചര്യത്തിന് വേണ്ടി കാത്തിരിക്കാൻ കഴിയില്ല. അതേസമയം തന്നെ വിശുദ്ധർ എന്ന് പറയുന്നത് പതിവിന് വിരുദ്ധമായി ലോകത്തെ വെറുത്ത് ഒരുബന്ധവും ഇല്ലാതെ കഴിയുന്നവരും അല്ല. അപ്പോസ്തലന്മാർ ഒരിക്കലും അങ്ങനെ ആയിരുന്നില്ല. മറ്റുള്ളവരുടെ സഹാനുഭൂതി ആവോളം അനുഭവിച്ചിരുന്നു (അപ്പ 2:47; 4:21,33; 5:13). അതേ സമയം ചിലർ അവരെ ബുദ്ധിമുട്ടിയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇത് ഇന്നും ഒരു യാഥാർഥ്യമാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഇന്നും പലരും പീഡനങ്ങൾ സഹിക്കുന്നു. സമകാലിക രക്തസാക്ഷികളോട് ചെയ്തതുപോലെ ഭീകരമായ ദുരിതങ്ങൾ നല്കികൊണ്ടോ അല്ലെങ്കിൽ അപകീർത്തിപ്പെടുത്തികൊണ്ടോ വ്യാജ കുറ്റങ്ങൾ ചുമത്തികൊണ്ടോ ഒക്കെ പീഡനം തുടരുന്നു. അതിനാൽ പ്രശ്നങ്ങൾ വക വയ്ക്കാതെ ദൈനം ദിന ജീവിതത്തിൽ സുവിശേഷത്തിന്റെ വഴി തിരഞ്ഞെടുക്കുന്നത് വിശുദ്ധിയത്ര!

– എന്തടിസ്ഥാനത്തിലായിരിക്കും ദൈവം നമ്മെ വിധിക്കുക

വി. മത്തായിയുടെ സുവിശേഷത്തിലെ വാക്കുകൾ (25: 31 – 46) ഉദ്ധരിച്ചുകൊണ്ട് പാപ്പ പറയുന്നു: വിശക്കുന്നവന് അപ്പം കൊടുത്തോ, പരദേശിയെ സ്വീകരിച്ചോ എന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ദൈവം നമ്മെ വിധിക്കുക. ഒരു തണുത്തുറഞ്ഞ കാലാവസ്ഥയിൽ ഒരാളെ കട വരാന്തയിൽ കണ്ടാൽ അത് എന്നെ ബാധിക്കുന്ന കാര്യമല്ല ഭരണാധികാരികൾ നോക്കട്ടെ എന്ന് ചിന്തിക്കുമോ ? അതോ ഒരു മനുഷ്യനാണ് അതെന്നും മനുഷ്യ അന്തസ് മാനിച്ച് നമ്മുടെ സഹോദരനാണെന്ന് തിരിച്ചറിഞ്ഞു നമ്മുടെ വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും നിറവിൽ നിന്ന്  അയാളെ സഹായിക്കാൻ തയ്യാറാകുമോ? അങ്ങനെ ചെയ്യുന്നതാണ് ക്രിസ്തീയത. ഇങ്ങനെയുള്ള പാവപ്പെട്ടവരിലും അശരണരിലും ക്രിസ്തുവിനെ കാണാൻ കഴിഞ്ഞാൽ മാത്രമേ യേശുവുമായി നമുക്ക് അനുരൂപരാകാൻ സാധിക്കൂ.
ഇത് ക്രിസ്ത്യാനികളെ തുറന്ന മനസ്സോടെ പഠിപ്പിക്കേണ്ടത് തന്റെ കടമയാണെന്നും, ഓരോരുത്തരും ഒരു ഉപാധികളും കൂടാതെ – ഒരു “പക്ഷെയും” “എങ്കിലും” കൂടാതെ – ക്രിസ്തുവിന്റെ ഈ സന്ദേശം ഉൾക്കൊള്ളേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.

– ആദർശങ്ങളിലെ പുതുമ

നിർഭാഗ്യവശാൽ ആദർശങ്ങൾ പലപ്പോഴും നമ്മെ രണ്ട് അപകടങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. ഒന്നാമതായി ക്രൈസ്തവ ആത്മീയത നഷ്ടപ്പെട്ട്  വെറുമൊരു  N. G. O. പോലെ ആയി തീരാം. രണ്ടാമത്തേത് മറ്റുള്ളവരുടെ സാമൂഹിക ഇടപെടലുകളെ സംശയിക്കുകയും, ഉപരിപ്ലവം, ഭൗതികം, മതേതരത്വം, ഭൗതികവാദം, സമത്വവാദി, ജനകീയ വാദി എന്നിങ്ങനെ നോക്കികാണുന്നതും ആണ്. ഇത്തരക്കാർക്ക് ഭ്രൂണഹത്യ പോലുള്ള ധാർമിക പ്രശ്നങ്ങൾ മാത്രമാണ് പ്രാധാനം. തീർച്ചയായും ഭ്രൂണഹത്യ തെറ്റാണ്. മനുഷ്യ ജീവന്റെ അന്തസ്സും പരിപാവനതയും കാത്തു സൂക്ഷിക്കപ്പെടേണ്ടത് തന്നെയാണ്. അതുപോലെ തന്നെ പരിപാവനമാണ് ദരിദ്രർ, അവശർ, ഒറ്റപ്പെട്ടുപോയവർ, പരദേശികളാക്കപ്പെട്ടവർ, മനുഷ്യകടത്തിന് ഇരയാക്കപ്പെട്ടവർ, ദയാവധത്തിനു വിധേയമാക്കപ്പെടുന്നവർ എന്നിവരുടെയും  ജീവൻ. ഒരിക്കലും ചില അനീതികളെ മറന്നു കൊണ്ട് വിശുദ്ധിയെ മുറുകെ പിടിക്കാൻ സാധ്യമല്ല എന്നും ഈ പ്രബോധനം ഓർമ്മപ്പെടുത്തുന്നു.
ഒരുപക്ഷെ, എല്ലാം അപേക്ഷികമെന്ന് വാദിക്കുന്നവർക്ക് കുടിയേറ്റം പോലുള്ള വിഷയങ്ങൾ പ്രധാനമല്ലായിരിക്കാം. ചില കത്തോലിക്കർക്കുപോലും ധാർമ്മിക ദൈവശാസ്ത്രത്തിലെ ഗൗരവകരമായ വിഷയങ്ങളിൽ ഒന്നല്ല ഇത്തരം വിഷയങ്ങൾ. ഒരുപക്ഷെ ഒരു ഭരണാധികാരിക്ക് തന്റെ പാർട്ടിയുടെ വിജയത്തിന്  ഇങ്ങനെ ഒരുനിലപാടെടുക്കാം. എന്നാൽ ഒരു ക്രിസ്ത്യാനിക്ക് അങ്ങനെ ഒരു നിലപാടെടുക്കാൻ സാധിക്കില്ല. അതുകൊണ്ട് ക്രിസ്തു പഠിപ്പിച്ചതെന്തോ (മത്താ. 25:35) അത് നാം  പ്രവർത്തികമാക്കണം .

– മാധ്യമത്തിന്റെ വിശുദ്ധിയും ഹിംസാദ്മാകതയും

ഈ അധ്യായത്തിൽ ആനുകാലിക പ്രസക്തമായ ചില കാര്യങ്ങളിലെ  ക്രിസ്തുവിന്റെ കാഴ്ചപ്പാട് എന്താണെന്ന് പഠിപ്പിക്കുന്നു.

ഒന്നാമത് : സഹനം, അടക്കം, ശാന്തത എന്നി ഗുണങ്ങളെപറ്റിയാണ്. ക്രിസ്ത്യാനികൾ സമൂഹ്യമാധ്യമങ്ങളെ ഉപയോഗിക്കുന്നതിൽ തെറ്റില്ല, പക്ഷെ അതിരുവിടരുത്. അപഖ്യാതി, പഴിചാരൽ തുടങ്ങി മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലുള്ള എന്തും ഒഴിവാക്കേണ്ടതാണ്. അവ എപ്പോഴും മനുഷ്യനെ രണ്ടു ചേരിതിരിക്കുവാൻ മാത്രമേ ഉപകരിക്കുകയുള്ളൂ. പലപ്പോഴും എട്ടാമത്തെ കല്പനയായ ‘കള്ളസാക്ഷി പറയരുത്’ എന്നത് ലഘിക്കപ്പെടുന്നത് മാധ്യമ മാന്യതയ്ക്ക് നിരക്കുന്നതല്ല. യാക്കോബിന്റെ ലേഖനത്തിൽ കാണുന്നതുപോലെ “നാവ് തീയാണ് നകാഗ്നിയാൽ ജ്വലിക്കുന്ന ഈ നാവ് പ്രകൃതി ചട്ടത്തെ ചുട്ടുപഴുപ്പിക്കുന്നു” (യാക്കോബ് 3:6). വിശുദ്ധിയാഗ്രഹിക്കുന്നവർ വാക്-കലഹങ്ങളും ഒഴിവാക്കും. മനോധൈര്യത്തെ വെടിയാതിരിക്കുന്നത് കൃപയുടെ പ്രവർത്തനമാണ്. അത് ഒരിക്കലും കലഹത്തിലേയ്ക്ക് തള്ളിവിടുന്നില്ല.

– എളിമയും അപമാനവും

എളിമ ഹൃദയത്തിൽ വേരോടിത്തുടങ്ങുന്നത് അപമാനത്തിലൂടെയാണ്. സഹിക്കാനും അപമാനം സ്വീകരിക്കാനും കഴിയാത്തവർ വിശുദ്ധിയുടെ പാതയിലല്ല.  അത് രക്തസാക്ഷിത്വം വരിക്കുന്നത് വരെയുള്ള സഹനമല്ല, മറിച്ച് അന്നന്നുള്ള വ്യഥകളിൽ കുടുംബത്തെ പോറ്റാൻ പാടുപെടുന്നതും, സ്വയം പുകഴ്ച്ച നടത്താതെ മറ്റുള്ളവരുടെ നന്മയെ പുകഴ്ത്തുന്നതും, മേന്മയുള്ള സ്ഥാനങ്ങൾ മോഹിക്കാതെ ചെറിയ കാര്യങ്ങൾ പോലും ചെയ്യുവാൻ തയ്യാറാകുന്നതുമാണ്. അങ്ങനെ പറയുമ്പോൾ അപമാനം ആഗ്രഹിക്കുന്നു എന്നല്ല, അങ്ങനെയെങ്കിൽ അത് ഒരുതരം സാഡിസ്റ്റ് ചിന്താഗതിയായി മാറിപ്പോവും. മറിച്ച്, ക്രിസ്തു കുരിശുമരണം വഴി ഏറ്റുവാങ്ങിയ അപമാനത്തിൽ നമ്മെയും അനുരൂപപ്പെടുത്തി സഹോദര നന്മയ്ക്കായി പരിണമിക്കുന്ന വിശുദ്ധിയാണ് ആഗ്രഹിക്കുന്നത്. അത്, ഞാൻ എന്ന അഹങ്കാരമില്ലാത്ത, ശാന്തശീലരായ വ്യതികളാകാനുള്ള ക്ഷണമാണ്. “ഒരു സൈന്യം തന്നെ തനിക്കെതിരായി പാളയമടിച്ചാലും എന്റെ ഹൃദയം ഭയം അറിയുകയില്ല, എനിക്കെതിരെ യുദ്ധമുണ്ടായാലും ഞാൻ ആത്മധൈര്യം വെടിയുകയില്ല” (സങ്കീ 27:3).

-സന്തോഷവും നർമ്മവും

പാപ്പാ അടിവരയിട്ടു പറയുന്ന മറ്റൊരു കാര്യമാണ് ‘വിശുദ്ധർ’ എന്നത് സന്തോഷത്തോടും നർമ്മം കൈവിടാതെയും ജീവിക്കുന്നവരാണ്. അല്ലാതെ മുഖം കനപ്പിച്ച, ശങ്കയുള്ള, ശോകവതനനായ ഒരാളല്ല വിശുദ്ധർ. അവർ യാഥാർഥ്യബോധം നഷ്‌ടമാകാതെ മറ്റുള്ളവർക്ക് ജീവചൈതന്യവും പ്രതീക്ഷയും നൽകുന്നവരാണ്. സുരക്ഷിതമായ താവളങ്ങളിലേയ്ക്ക് ഓടിപ്പോകുന്നവരല്ല. അങ്ങനെ ഓടിപ്പോകുന്നവരെ വ്യക്തിപ്രധാനി, അത്ദ്ധ്യാത്മികവാദി, കൂപമണ്ഡ്യൂകം, പിടിവാദികൾ, അശുഭാപ്‌തികൾ എന്നിങ്ങനെയാണ് വിളിക്കേണ്ടത് .

ദൈവം അനശ്വര പുതുമയാണ്. തന്റെ സാമീപ്യം ഏറ്റവും ആവശ്യമുള്ളിടങ്ങളിലേയ്ക്ക് പോകാൻ ദൈവം നമ്മെ ക്ഷണിക്കുന്നു. അത്തരത്തിൽ സ്വജീവൻ പോലും പണയപ്പെടുത്തി വിശ്വസ്തതയോടെ ശുശ്രുഷചെയ്യുന്ന വൈദീകരുടെയും കന്യാസ്ത്രീകളുടെയും അൽമായരുടെയും ധാരാളം ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. സഭയ്ക്ക് അത്തരത്തിലുള്ള തീക്ഷ്ണമതികളായ മിഷണറിമാരെയാണ് ആവശ്യം. അല്ലാതെ, ഓഫീസിൽ ജോലിചെയ്യുന്നമാതിരിയുള്ള ജോലിക്കാരെയല്ല.

കൂട്ടായ്മയിൽ ശക്തി പ്രാപിക്കുക എന്നതാണ് നാലാമധ്യായത്തിലെ മറ്റൊരു പ്രധാന ആഹ്വാനം. കുടുംബ കൂട്ടായ്മകളും ഇടവക കൂട്ടായ്മകളും സ്നേഹത്താൽ സമ്പന്നനാകണം. അവിടെ ക്രിസ്തു ആഗ്രഹിച്ച ഏറ്റവും ചെറിയ കാര്യങ്ങളിലേയ്ക്ക് നാം ശ്രദ്ധ തിരിക്കണം. നഷ്‌ടപ്പെട്ടുപോയ ഒരുകുഞ്ഞാട്‌, തീർന്നുപോകാറായ വീഞ്ഞ്, വിധവയുടെ രണ്ടു നാണയത്തുട്ടുകൾ കൊണ്ടുള്ള കാണിക്ക ഇവക്ക് ക്രിസ്‌തുനൽകുന്ന പ്രാധാന്യം നാം മനസിലാക്കണം.

– പിശാചിനെതിരെയുള്ള പോരാട്ടം

അഞ്ചാം അധ്യായത്തിൽ പറയുന്നു – വിശുദ്ധിയിലേക്കുള്ള യാത്ര നിരന്തരം പിശാചിനോടുള്ള പോരാട്ടമാണെന്ന്. കർത്താവ് പഠിപ്പിച്ച “സ്വർഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാർത്ഥനയിൽ പറയുന്ന ‘തിന്മയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ’ എന്ന പരാമർശം തന്നെ വ്യക്തിപരമായി പിശാച് നമ്മെ ആക്രമിക്കുന്നു എന്ന സത്യം വിളിച്ചോതുന്നു. അത് വെറും സങ്കല്പികമല്ല മറിച്ച് യാഥാർഥ്യമാണ്. സാകല്പികമാണെന്ന് കരുതിയാൽ അത് നമ്മെ അലസരാക്കുകയും എളുപ്പത്തിൽ തിന്മയിലേക്ക് വീഴ്ത്തുകയും ചെയ്യും. പിശാച് നമ്മിൽ കുടികൊള്ളണമെന്നു തന്നെയില്ല, മറിച്ച് വിദ്വേഷം, ഏകാന്തത, അസൂയ, ദുഷ്‌ടത എന്നീ വിഷയങ്ങൾ കുത്തിവയ്ക്കുന്നു. നമ്മുടെ ശ്രദ്ധ തെറ്റുമ്പോൾ അത് നമ്മുടെ ജീവിതത്തെ താറുമാറാക്കുന്നു. അങ്ങനെ ഒരുവന്റെ ആത്മീയത തന്നെ നശിക്കുന്നു. ആധ്യാത്മികത നഷ്‌ടമായവന്റെ സ്ഥിതി ഒരു പാപിയെക്കാൾ കഷ്ടമാണെന്ന് ഓർമ്മിപ്പിക്കുന്നു. കാരണം, ‘സ്വയം പര്യാപ്തനായി’ എന്ന മൂഢ ചിന്ത നൽകുന്ന സുഖത്തിൽ കഴിയുന്നവർക്ക് കാണുന്നതെല്ലാം – വഞ്ചന, അപകീർത്തി, സ്വാർഥത തുടങ്ങി-  എല്ലാം തന്നെ ന്യായമാണെന്ന് തോന്നും. കാരണം, പിശാചുപോലും പ്രഭാപൂർണ്ണമായ ദൈവദൂതനായി വേഷം കെട്ടാറുണ്ടല്ലോ? (2 കൊറി 11:14).

അപ്പോൾ ഒരുകാര്യം ദൈവാത്മാവിൽ നിന്ന് വരുന്നതോ, ലോകാത്മാവിൽ നിന്ന് വരുന്നതോ എന്ന് എങ്ങനെ തിരിച്ചറിയാം? അതിന് പാപ്പാ നൽകുന്ന മറുപടി “വിവേചിച്ചറിയുക” എന്നാണ്. അത് ദൈവിക ദാനമാണ് നാം അതിനുവേണ്ടി യാചിക്കേണ്ടിയിരിക്കുന്നു. വിവേചനത്തിന്റെ ജ്ഞാനമില്ലെങ്കിൽ നാം വളരെ പെട്ടെന്ന് മരപ്പാവകളായി മാറും. അതുകൊണ്ട്, എല്ലാ ക്രിസ്ത്യാനികളോടും പാപ്പാ  എല്ലാ​​ദിവസവും ‘ആത്മാർത്ഥമായ മനോവിചിന്തനം’ നടത്താൻ ആവശ്യപ്പെടുന്നു.

വിശുദ്ധ പൗലോസ് അപ്പോസ്തലൻ റോമിലെ ക്രിസ്ത്യാനികളോട് പറഞ്ഞിരുന്നു: “തിന്മയ്ക്ക് പകരം തിന്മ ചെയ്യരുത്” (റോമ 12:17). പ്രതികാരം നിങ്ങൾ തന്നെ ചെയ്യരുത് അത് ദൈവത്തിന് വിട്ടുകൊടുക്കുക. തിന്മ നിങ്ങളെ കീഴടക്കാതിരിക്കട്ടെ,  തിന്മയെ നന്മകൊണ്ട് കീഴടക്കുവിൽ. ഇത് ദുർബലന്റെ മനോഭാവമല്ല മറിച്ച്, ശക്തന്റെ മനോഭാവമാണ്. ആരാണോ ഈ ക്ഷണം  സ്വീകരിക്കുന്നത് അവൻ തന്റെ തന്നെ സുരക്ഷയെ നഷ്ടപ്പെടുത്തി നല്ലൊരു ജീവിതം നയിക്കും. ഈ മനോഭാവം തീർച്ചയായും സുവിശേഷത്തെ അടിസ്ഥാനമാക്കിയുള്ള ജീവിത ശൈലിയാണ്. അത് ആധുനിക ലോകത്തിന്റെ രക്ഷയ്ക്ക് അത്യാവശ്യവുമാണ്. അതിനാൽ എല്ലാപേർക്കും വിശുദ്ധിയിലേക്കുള്ള തീക്ഷ്ണമായ ആഗ്രഹം ഉളവാകുവാൻ പരിശുദ്ധാത്മാവ് സഹായിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് പരിശുദ്ധ പിതാവ് ഉത്ബോധനം അവസാനിപ്പിക്കുന്നത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker