Kerala

ആർച്ച് ബിഷപ്പ് അട്ടിപ്പേറ്റിയുടെ ദൈവദാസ പദവി പ്രഖ്യാപനം ഇന്ന് സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ

അൻപതാം ചരമവാർഷിക ദിനത്തിലാണ് ദൈവദാസ പദവിയിലേക്ക് അദ്ദേഹത്തെ ഉയർത്തുന്നത്...

അഡ്വ.ഷെറി ജെ. തോമസ്

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്തയായ ഡോ.ജോസഫ് അട്ടിപ്പേറ്റിയെ ദൈവദാസനായി ഇന്നു പ്രഖ്യാപിക്കും. സാർവത്രിക കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്താനുള്ള നാമകരണനടപടികളുടെ ആദ്യഘട്ടമായ ദൈവദാസ പദവി പ്രഖ്യാപനമാണ് ഇന്ന് അഞ്ചുമണിക്ക് എറണാകുളം സെന്റ് ഫ്രാന്സിസ് അസീസി കത്തീഡ്രലിൽ നടക്കുക. പൊന്തിഫിക്കൽ കൃതജ്ഞതാ സമൂഹദിവ്യബലിക്ക് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. ആർച്ച് ബിഷപ്പ് ഡോ.അട്ടിപ്പേറ്റിയുടെ അൻപതാം ചരമവാർഷിക ദിനത്തിലാണ് ദൈവദാസ പദവിയിലേക്ക് അദ്ദേഹത്തെ ഉയർത്തുന്നത്.

ദൈവദാസ പദവി പ്രഖ്യാപനകർമ്മം ഇങ്ങനെ:

1) തിരുക്കർമ്മങ്ങളുടെ ആമുഖത്തിനുശേഷം വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാൻ കാര്യാലയം നാമകരണ നടപടികൾക്ക് നൽകിയ അനുമതിപത്രം (നിഹില് ഒബ്സ്താത്) ലത്തീനിൽ അതിരൂപതാ ചാൻസിലർ ഫാ.എബിജിൻ അറക്കൽ വായിക്കും.
2) ആർച്ച് ബിഷപ്പ് ഡോ.കളത്തിപ്പറമ്പിൽ കാനോനികമായി ആർച്ച് ബിഷപ്പ് അട്ടിപ്പേറ്റിയെ ദൈവദാസനായി പ്രഖ്യാപിക്കും.
3) അൾത്താരയ്ക്ക് താഴെയായി ദൈവദാസന്റെ ഛായാചിത്രം അനാഛാദനം ചെയ്ത്, നാമകരണ നടപടിക്രമം സംബന്ധിച്ച് വിശദീകരിക്കും.
4) തുടർന്ന്, ‘അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം’ (ഗ്ലോറിയ), തെദേവും സ്തോത്രഗീതങ്ങൾ ആലപിക്കപ്പെടും.
5) പൊന്തിഫിക്കൽ കൃതജ്ഞതാ സമൂഹദിവ്യബലി തുടരുന്നു…

കൃതജ്ഞതാബലിയിൽ കോട്ടപ്പുറം ബിഷപ്പ് ഡോ.ജോസഫ് കാരിക്കശേരി വചനപ്രഘോഷണം നടത്തും. ആർച്ച് ബിഷപ്പ് എമരിറ്റസ് ഡോ.ഫ്രാൻസിസ് കല്ലറക്കൽ, ബിഷപ്പുമാരായ ഡോ.സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, ഡോ.അലക്സ് വടക്കുംതല, ഡോ.ജെയിംസ് റാഫേൽ ആനാപറമ്പിൽ എന്നിവരും; വരാപ്പുഴ അതിരൂപതയിലെയും, കോട്ടപ്പുറം രൂപതയിലെയും വൈദികരും സന്ന്യസ്തരും സഹകാർമ്മികത്വം വഹിക്കും. റവ.ഡോ.ജോബ് വാഴക്കൂട്ടത്തിൽ തിരുക്കർമ്മങ്ങൾ വിവരിക്കും.

6) ദിവ്യബലിയുടെ സമാപനത്തിൽ ദൈവദാസന്റെ ഛായാചിത്രം അൾത്താരയ്ക്ക് സമീപമുള്ള ക്രിപ്റ്റിലെ സ്മൃതിമന്ദിരത്തിലേക്ക് പ്രദക്ഷിണമായി കൊണ്ടുപോയി അവിടെ പ്രതിഷ്ഠിക്കും.

7) ചരമവാർഷികത്തോട് അനുബന്ധിച്ചുള്ള അനുസ്മരണ പ്രാർത്ഥനയ്ക്ക് പകരം ദൈവദാസനെ അൾത്താര വണക്കത്തിലേക്ക് ഉയർത്തുന്നതിനുവേണ്ടിയുള്ള പ്രാർത്ഥന അർപ്പിക്കുന്നു. എന്നാൽ, ദൈവദാസന്റെ മാധ്യസ്ഥ്യം യാചിച്ചുകൊണ്ടുള്ള പ്രാർത്ഥന ഈഘട്ടത്തില് നിഷിദ്ധമാണ്.

നാമകരണ നടപടി പ്രക്രിയ:

കപ്പൂച്ചിന് സന്ന്യാസസഭാംഗമായ ഫാ. ആന്ഡ്രൂസ് അലക്സാണ്ടറാണ് നാമകരണത്തിനായുള്ള പോസ്റ്റുലേറ്റർ. ദൈവദാസന്റെ ജീവിതവിശുദ്ധിയും, സുകൃതങ്ങളും, ധീരമായ വിശ്വാസസാക്ഷ്യവും തെളിയിക്കുന്നതിന് രണ്ട് ആര്ച്ച്ബിഷപ്പുമാരും ആറ് മെത്രാന്മാരും രണ്ട് മോണ്സിഞ്ഞോര്മാരും ഉൾപ്പെടെ അദ്ദേഹവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ള 40 സാക്ഷികളിൽ നിന്ന് മൊഴിയെടുത്ത്, വത്തിക്കാനിൽ സമര്പ്പിച്ച ആക്ട എന്ന പ്രാരംഭ പഠനരേഖകളുടെ വേളിച്ചത്തിലാണ് നാമകരണ നടപടികൾ അതിരൂപതാ തലത്തിൽ ആരംഭിക്കാൻ പരിശുദ്ധ സിംഹാസനം അനുമതി നല്കിയത്. ഇതിനായി ആർച്ച് ബിഷപ്പ് കളത്തിപ്പറമ്പിൽ പ്രത്യേക സഭാകോടതി രൂപവത്കരിക്കും.

പാർക്കിങ്ങിന് പ്രത്യേക സൗകര്യം:

ആർച്ച് ബിഷപ്പ് അട്ടിപ്പേറ്റിയുടെ മാതൃ ഇടവകയായ ഓച്ചന്തുരുത്ത് കുരിശിങ്കൽ ക്രൂസ് മിലാഗ്രിസ് പള്ളിയിൽ നിന്ന് യുവജനങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന ദീപശിഖാ പ്രയാണം ചെറായി, പറവൂർ, ചേരാനല്ലൂർ-ബോള്ഗാട്ടി കണ്ടെയ്നർ റോഡ് വഴി 4.15ന് കത്തീഡ്രലിൽ എത്തിച്ചേരും. അവിഭക്ത വരാപ്പുഴ അതിരൂപതയുടെ ഭാഗമായിരുന്ന കോട്ടപ്പുറത്തുനിന്നും അതിരൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന വിശ്വാസികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് എറണാകുളം മറൈന്ഡ്രൈവ് ഹെലിപാഡ് ഗ്രൗണ്ട്, എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളി, എറണാകുളം ഇന്ഫന്റ് ജീസസ് പള്ളി, സെന്റ് ആല്ബര്ട്സ് ഹൈസ്കൂള് ഗ്രൗണ്ട് എന്നിവിടങ്ങളിൽ ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടക സമിതി ജനറല് കൺവീനർ മോൺ. ജോസഫ് പടിയാരംപറമ്പില് അറിയിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker