Articles

ഇന്ത്യന്‍ സംവരണനയം: എന്തുകൊണ്ട് ക്രിസ്ത്യാനി തഴയപ്പെട്ടു?

തന്റെ മനസ്സില്‍ രൂപപ്പെട്ട വ്യത്യസ്ത മത/ഈശ്വര വിശ്വാസത്തിന്റെ പേരിൽ, രാഷ്ട്രം തനിക്കു നൽകിക്കൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു എന്ന വിവേചനമാണ് പതിറ്റാണ്ടുകളായി ദളിത് ക്രൈസ്തവർ നേരിടുന്നത്...

മാത്യൂ ചെമ്പുകണ്ടത്തിൽ

സ്വാതന്ത്ര ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെയും ഭരണഘടനാ ശില്‍പി അംബേദ്കറുടെയും കൂടെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിച്ച ഒരു മലയാളി ഓഫീസറായിരുന്നു ശ്രീ.മൂര്‍ക്കോത്ത് രാമുണ്ണി. അദ്ദേഹത്തിന്റെ പ്രസംഗം ഒരിക്കല്‍ നേരിട്ടു കേള്‍ക്കാന്‍ എനിക്ക് ഇടയായിട്ടുണ്ട്. 1993-ല്‍ കണ്ണൂരില്‍ നടന്ന കെ.സി.വൈ.എം പ്രതിനിധി സമ്മേളനവേദിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം കേട്ടത്. ദളിത് ക്രൈസ്തവര്‍ക്ക് സംവരണം ആവശ്യപ്പെട്ടുകൊണ്ടുള്ള മുറവിളികള്‍ ഇന്ത്യയാകെ ശക്തമായി ഉയര്‍ന്ന കാലഘട്ടമായിരുന്നു അത്. ഇന്ത്യന്‍ ജാതിശ്രേണിയിലെ താഴ്ന്ന വിഭാഗത്തില്‍നിന്ന് ഒരുവന്‍ ക്രിസ്തുവിശ്വാസം സ്വീകരിച്ചാല്‍, ആ വ്യക്തിക്ക് പിന്നീട് സാമൂഹിക പിന്നോക്കാവസ്ഥയുടെ പേരിൽ അതുവരെ ലഭ്യമായിക്കൊണ്ടിരുന്ന യാതൊരു ആനുകൂല്യത്തിനും അര്‍ഹതയില്ലാതാകുന്ന ദയനീയാവസ്ഥ സ്വതന്ത്ര ഇന്ത്യയിലുണ്ട്. ഒരുവന്, തന്റെ മനസ്സില്‍ രൂപപ്പെട്ട വ്യത്യസ്ത മത/ഈശ്വര വിശ്വാസത്തിന്റെ പേരിൽ, രാഷ്ട്രം തനിക്കു നൽകിക്കൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു എന്ന വിവേചനമാണ് പതിറ്റാണ്ടുകളായി ദളിത് ക്രൈസ്തവർ നേരിടുന്നത്. ഇത് വലിയ ചര്‍ച്ചയായി നിലനിന്ന കാലഘട്ടമായിരുന്നു 90കള്‍. ദളിത് ക്രൈസ്തവർക്ക് ഇന്നും സ്ഥിതി വ്യത്യസ്തമല്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

അന്ന് പ്രസംഗമധ്യേ ശ്രീ രാമുണ്ണി സാര്‍ പറഞ്ഞ ഒരു പരാമര്‍ശം ഇപ്രകാരമായിരുന്നു “ഇന്ത്യയില്‍ ന്യൂനപക്ഷമായിരിക്കുന്ന ക്രൈസ്തവര്‍ക്ക് എന്തുകൊണ്ട് സംവരണത്തിന്‍റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല എന്ന ചോദ്യമുയരുന്നുണ്ട്. എന്നാല്‍, ഇന്ത്യയുടെ ഭരണഘടന തയാറാക്കുന്ന സമ്മേളനത്തില്‍ പങ്കെടുത്ത ക്രിസ്റ്റ്യന്‍ പ്രതിനിധികള്‍ തങ്ങള്‍ക്ക് സംവരണ ആനുകൂല്യങ്ങള്‍ ആവശ്യമില്ല എന്നായിരുന്നു പറഞ്ഞത്. തങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനും ആരാധനാ സ്വാതന്ത്ര്യവുമാണ് വേണ്ടത് എന്നതായിരുന്നു അവരുടെ ആവശ്യം. ജാതീയ സംവരണം തങ്ങള്‍ക്ക് ആവശ്യമില്ല എന്ന നിലപാടായിരുന്നു ക്രൈസ്തവപക്ഷത്തുനിന്ന് ഭരണഘടനാ അസംബ്ലിയില്‍ ഉയര്‍ന്നത്…” (ഇതേ വാക്കുകളില്‍ ആയിരുന്നില്ല അദ്ദേഹം പ്രസംഗിച്ചത്, എന്നാല്‍ ഏതാണ്ട് ഇപ്രകാരമായിരുന്നു അദ്ദേഹം പ്രസംഗിച്ചത് എന്ന് ഓര്‍മിക്കുന്നു. അന്ന് എന്റെ കൂടെ സമ്മേളനത്തിൽ പങ്കെടുത്ത സംസ്ഥാന കമ്മറ്റി അംഗം ബിജു പാലത്തിങ്കലും ഇത് ശരിവയ്ക്കുന്നു).

ഇന്ത്യയില്‍ മതന്യൂനപക്ഷമായ ക്രൈസ്തവര്‍ക്ക്, ഇതര മതന്യൂനപക്ഷങ്ങള്‍ക്കു തുല്യമായി എന്തുകൊണ്ടാണ് സംവരണവും മറ്റ് ന്യൂനപക്ഷ ആനുകൂല്യങ്ങളും ലഭ്യമാകാതിരിക്കുന്നത് എന്നു പലരും ഇന്ന് ചോദിക്കുന്നു. ഇന്ത്യയില്‍ ക്രൈസ്തവര്‍ ദേശീയ ജനസംഖ്യയുടെ 2.3 ശതമാനമാണെന്നാണ് 2011-ലെ സെന്‍സസ് പറയുന്നത്. എന്നാല്‍ ക്രൈസ്തവരേക്കാള്‍ എട്ടിരട്ടിയിലേറെ അംഗങ്ങളുള്ള മറ്റ് മതവിശ്വാസികള്‍ക്കുവരെ ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ “വിദ്യാഭ്യാസത്തിനും ഉദ്യോഗത്തിലും രാഷ്ട്രീയ പ്രതിനിധ്യത്തിലും” ലഭിക്കുമ്പോള്‍ എന്തുകൊണ്ട് ക്രൈസ്തവര്‍ പുറംതള്ളപ്പെടുന്നു എന്ന പരിഭവമാണ് ഇന്ന് പൊതുവില്‍ ഉയരുന്നത്.

ജാതി സംവരണം എന്ന വിഷയത്തേക്കുറിച്ചോ അതിന്റെ ആനുകൂല്യങ്ങള്‍ ക്രൈസ്തവര്‍ക്ക് ലഭിക്കാതിരിക്കുന്നതിനേക്കുറിച്ചോ ദളിത് ക്രൈസ്തവരോടുള്ള നീതിനിഷേധത്തേക്കുറിച്ചോ അല്ല ഈ ലേഖനത്തില്‍ പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനാ അസംബ്ലിയില്‍ ക്രൈസ്തവ പക്ഷത്തുനിന്ന് ഉയര്‍ന്നത് വാസ്തവമായി എന്തു നിര്‍ദേശമായിരുന്നു എന്നത് ഇന്ന് ക്രൈസ്തവസമൂഹം അറിയേണ്ടതുണ്ട്. ക്രൈസ്തവരുടെ പ്രതിനിധികള്‍ പറഞ്ഞതായി നാളുകളായി കേട്ടുകൊണ്ടിരിക്കുന്ന പല കഥകളുമുണ്ട്. എന്നാല്‍ വാസ്തവമായി അവര്‍ എന്താണ് പറഞ്ഞത് എന്നതിലേക്ക് അന്വേഷണം നടത്തേണ്ട ആവശ്യകതയാണ് ഇവിടെ ഉയര്‍ത്തുന്നത്.

ഇന്ത്യന്‍ ഭരണഘടനാ അസംബ്ലിയില്‍ പങ്കെടുത്ത ക്രൈസ്തവ പ്രതിനിധികള്‍ ആരൊക്കെയായിരുന്നു എന്ന അന്വേഷിച്ചാല്‍ പ്രധാനമായും നാലു വ്യക്തികളെയാണ് നാം കാണുക. കത്തോലിക്കാ സഭയുടെ പക്ഷത്തുനിന്നും പ്രമുഖ ഈശോസഭാ വൈദികനായിരുന്ന റവ.ഡോ.ജെറോം ഡിസൂസ, പ്രൊട്ടസ്റ്റന്‍റ് പക്ഷത്തുനിന്ന് എച്ച്.സി.മുഖര്‍ജി, ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്ന ഫ്രാങ്ക് അന്തോണി, സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ റെയില്‍വേ മന്ത്രിയും ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭാ വിശ്വാസിയും മലയാളിയുമായ ഡോ ജോണ്‍ മത്തായി എന്നിവരായിരുന്നു ആ നാലു പേർ. ഇവരേ കൂടാതെ മലയാളികളായ മറ്റ് ചിലര്‍കൂടി ഭരണഘടനാ അസംബ്ലിയില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തവരില്‍ ക്രൈസ്തവരായിട്ടുണ്ട്. കേരള കോണ്‍ഗ്രസ് സ്ഥാപകനായിരുന്ന പി.ടി.ചാക്കോയും സ്വാതന്ത്ര്യസമര സേനാനി ആനി മസ്കറിനും പ്രാദേശിക പ്രതിനിധികളായി ഭരണഘടനാ അസംബ്ലിയില്‍ ഉണ്ടായിരുന്ന ക്രൈസ്തവരാണ്. (പട്ടം താണുപിള്ള, ആര്‍.ശങ്കര്‍, പനമ്പള്ളി ഗോവിന്ദമേനോന്‍, പി.എസ്.നടരാജ പിള്ള, കെ.എ.മുഹമ്മദ്, പി.കെ.ലക്ഷ്മണന്‍ എന്നിവരായിരുന്നു കേരളത്തെ പ്രതിനിധീകരിച്ച മറ്റ് അംഗങ്ങള്‍).

തങ്ങളുടെ ജീവിതകാലഘട്ടത്തില്‍ ഏറെ ഉന്നതമായ സ്ഥാനങ്ങള്‍ വഹിച്ചവരായിരുന്നു ക്രൈസ്തവപക്ഷത്തുനിന്ന് ഭരണഘടനാ അസംബ്ലിയെ പ്രതിനിധീകരിച്ചവരെല്ലാം. ഇവരെല്ലാം ഇന്ത്യന്‍ ക്രൈസ്തവരെ പ്രതിനിധാനം ചെയ്തുവെങ്കിലും ഇന്ത്യന്‍ ക്രൈസ്തവര്‍ക്ക് ന്യൂനപക്ഷം എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ വേണ്ട എന്ന നിലപാടെടുക്കാന്‍ എന്ത് മാനദണ്ഡമായിരുന്നു ഇവര്‍ മുമ്പോട്ടു വച്ചത് എന്നതാണ് ഇന്ന് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ഈ കാലഘട്ടത്തെ അപേക്ഷിച്ച് ഏറെ പരാധീനതകളുള്ള ഒരുകാലത്ത്, “ക്രൈസ്തവർക്ക് സംവരണ ആനുകൂല്യങ്ങള്‍ വേണ്ട” എന്ന നിലപാടിൽ എത്തിച്ചേരാന്‍ ഇവരെ പ്രേരിപ്പിച്ചത് എന്തായിരുന്നു എന്ന് അറിയേണ്ടത് ഇന്ന് ഓരോ ഭാരത ക്രൈസ്തവന്‍റെയും ആവശ്യമായി മാറിയിരിക്കുന്നു. ഒന്നും രണ്ടും ലോകയുദ്ധങ്ങളുടെ പരിണിതഫലമായി പണമില്ലാതെ, തൊഴിലില്ലാതെ, ഭക്ഷണമില്ലാതെ ഇന്ത്യയിലെ ജനങ്ങള്‍ മുഴുവന്‍ ഒരുപോലെ കഷ്ടപ്പെട്ടുകൊണ്ടിരുന്ന ഒരു കാലത്ത്, സാധാരണക്കാരും കർഷകരുമായ ക്രൈസ്തവ ജനതയ്ക്ക് കൈത്താങ്ങാകേണ്ട ആനുകൂല്യങ്ങള്‍ വേണ്ടെന്നു വയ്ക്കാനുണ്ടായ സാഹചര്യത്തിലെ യുക്തിയാണ് ഇന്നും മനസ്സിലാക്കാനാവാത്തത്.

ഇന്ത്യയില്‍ ക്രൈസ്തവര്‍ വാസ്തവമായി ന്യൂനപക്ഷമായിരിക്കുകയും ന്യൂനപക്ഷത്തിന്റെ ആനുകൂല്യങ്ങള്‍ വേണ്ട എന്ന നിലപാട് ക്രൈസ്തവ പ്രതിനിധികള്‍ എടുക്കുകയും ചെയ്തത് എന്ത് പശ്ചാത്തലത്തിലായിരുന്നു എന്നത് തിരിച്ചറിയേണ്ടതും പഠനവിധേയമാക്കേണ്ടതുമായ കാര്യമാണ്. “ഇന്ത്യയില്‍ ജാതീയ സംവരണമല്ല, സാമ്പത്തികവും സാമൂഹികവുമായുമുള്ള പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തിലായിരിക്കണം സംവരണം വേണ്ടതെന്നാണ്” ഇവര്‍ ആവശ്യപ്പെട്ടത് എന്ന് പലരും പറഞ്ഞു കേള്‍ക്കുന്നതില്‍ എത്രമേല്‍ യാഥാര്‍ത്ഥ്യമുണ്ട് എന്നത് കണ്ടെത്തേണ്ടിയിരിക്കുന്നു. അതായിരുന്നു ഇവരുടെ ആവശ്യമെങ്കിൽ ആ ആവശ്യത്തെ തള്ളിക്കളയുകയും അത് ഉയർത്തിയ സമുദായത്തെ സംവരണ ആനുകൂല്യങ്ങളിൽ നിന്ന് ഒഴിവാക്കുകയും ചെയ്തതിൽ എന്ത് നീതിയും യുക്തിയാണ് ഉള്ളത്?

ഭരണഘടനാ അസംബ്ലി നിലനിന്ന 1946-1950 കാലഘട്ടത്തില്‍നിന്നും തികച്ചും വ്യത്യസ്തമായൊരു സ്ഥിതിവിശേഷമാണ് ഇന്ന് ക്രൈസ്തവ മതന്യൂനപക്ഷം ഇന്ത്യയില്‍ നേരിടുന്നത്. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ നേരിട്ടുകൊണ്ടിരുന്ന സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങൾ തന്നെയാണ് ഇന്ത്യയിലെ നിരവധി സവര്‍ണ മതവിഭാഗങ്ങളിലെ അംഗങ്ങള്‍ ഇന്നു നേരിട്ടു കൊണ്ടിരിക്കുന്നത്; ഇതും ആര്‍ക്കും നിഷേധിക്കാനാവില്ല. സാമ്പത്തികമായി തകര്‍ന്നിരിക്കുമ്പോഴും ഉയര്‍ന്ന ജാതിയില്‍ ജനിച്ചു എന്നതുകൊണ്ട് മാത്രം അവസരങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെടുകയും സമ്പന്നനെങ്കിലും താഴ്ന്ന ജാതിയില്‍ പേരുള്ളതിനാല്‍ നേട്ടങ്ങള്‍ക്കു മേല്‍ നേട്ടങ്ങള്‍ വസൂലാക്കുകയും ചെയ്യുന്ന ആയിരക്കണക്കിനാളുകളാണ് ഇന്ത്യയിൽ ഇന്നുള്ളത്. മതത്തിന്‍റെയും വിശ്വാസത്തിന്‍റെയും പേരിലുള്ള ഈ ഉച്ചനീചത്വം വരും കാലഘട്ടത്തില്‍ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങള്‍ ഭരണനേതൃത്വം ഗൗരവമായി എടുക്കേണ്ട വസ്തുതയാണ്.

സ്വാതന്ത്രഭാരതത്തിൽ ജാതി സംവരണത്തേക്കാള്‍ സാമ്പത്തിക സംവരണമാണ് വേണ്ടിയിരുന്നത് എന്ന് പല രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സമുദായ പ്രമുഖരും കാലങ്ങളായി ആവശ്യപ്പെടുന്നുണ്ട് എന്നതും കണക്കിലെടുക്കേണ്ടിയിരിക്കുന്നു. ഭരണഘടനാ അസംബ്ലിയില്‍ കൈക്കൊണ്ട ക്രൈസ്തവ നിലപാടുകളുടെ നിജസ്ഥിതി അറിഞ്ഞെങ്കില്‍ മാത്രമേ ഈ വിഷയത്തില്‍ ക്രൈസ്തവസമൂഹത്തിന് വരുംകാലങ്ങളില്‍ നിലനില്‍പ്പുപോലും സാധ്യമാകൂ എന്നതിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്.

1993-ല്‍ ശ്രീ മൂര്‍ക്കോത്ത് രാമുണ്ണിയില്‍നിന്നും കേട്ട ഒരു പ്രസംഗം ഇപ്പോള്‍ വീണ്ടും ചിന്താവിഷയമാക്കിയത്, ക്രൈസ്തവന്യൂനപക്ഷം നേരിടുന്ന പരാധീനതകള്‍ സമൂഹത്തില്‍ ചര്‍ച്ചാവിഷയമാകുന്നതിനു വേണ്ടി മാത്രമാണ്. വാസ്തവത്തില്‍ ഇന്ത്യന്‍ ജാതി സംവരണ നയത്തെക്കുറിച്ചോ ന്യൂനപക്ഷ അവകാശങ്ങളേക്കുറിച്ചോ എന്തെങ്കിലും പറയാനുള്ള അറിവോ താല്‍പര്യമോ ഉള്ള വ്യക്തിയല്ല ഞാന്‍. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷം മുമ്പ് കേട്ടറിഞ്ഞ ചില വസ്തുതകള്‍ ഈ വിഷയത്തില്‍ താല്‍പര്യമുള്ളവരുമായി പങ്കുവയ്ക്കുക മാത്രമാണ് ഇവിടെ ലക്ഷ്യമാക്കുന്നത്. പത്രപ്രവര്‍ത്തകര്‍, നിയമവിദഗ്ധര്‍, ഗവേഷണവിദ്യാര്‍ത്ഥികള്‍, ഗവേഷണകുതുകികള്‍ എന്നിവര്‍ ആരെങ്കിലും മുന്നോട്ടു വന്ന് ഭരണഘടനാ അസംബ്ലിയില്‍ ക്രൈസ്തവപക്ഷത്ത് ഉയര്‍ന്ന അഭിപ്രായങ്ങളുടെ നിജസ്ഥിതിയും കാരണങ്ങളും പഠിച്ച്, ക്രൈസ്തവ സമൂഹത്തെ ബോധ്യപ്പെടുത്താന്‍ തയാറാകണം. അതോടൊപ്പം കാലികപ്രസക്തിയുള്ള ഈ വിഷയത്തില്‍ ഏതെങ്കിലും മേഖലയില്‍ രാഷ്ട്രീയമായോ നിയമപരമായോ ചെയ്യുവാന്‍ ക്രൈസ്തവ സഭകൾക്ക് കഴിയിമോ എന്നും സഭാ നേതൃത്വങ്ങള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.

ചരിത്രത്തില്‍ മറഞ്ഞുകിടക്കുന്നതും ഭാവി ക്രൈസ്തവ തലമുറയെ ഏറെ ബാധിച്ചേക്കാവുന്നതുമായ ഈ വിഷയത്തിലെ വസ്തുതകള്‍ പുറത്തു വരുവാന്‍ ആരെങ്കിലും മുന്നോട്ടു വരുമെന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം ഈ വിഷയത്തില്‍ അറിവുള്ളവര്‍ തങ്ങളുടെ അറിവുകള്‍ പങ്കുവയ്ക്കാൻ തയാറാകുമെന്നും കരുതട്ടെ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker