Articles

ഈശോയുടെ തിരുഹൃദയം: കരുണാര്‍ദ്ര സ്നേഹത്തിന്റെ മഴപെയ്ത്ത്

ഹൃദയം സ്നേഹത്തിന്റെ ഇരിപ്പിടമാണ്; അശരണരുടെ തോളോടുചേര്‍ന്നു നടന്ന് ചങ്കിടിപ്പിന്റെ താളം സ്വന്തമാക്കിയ ഹൃദയം...

സിസ്റ്റർ ലിജിൻ മരിയ SH

ജൂണ്‍മാസത്തിലെ ഓരോ പുലരിയും ഈശോയുടെ തിരുഹൃദയത്തിന്റെ സ്നേഹത്താല്‍ പ്രശോഭിതമാണ്. ഈശോയുടെ ഹൃദയത്തിന്റെ ആര്‍ദ്രമായ കരുണ മഴപോലെ പെയ്തിറങ്ങുന്ന സമയം. അനുകമ്പ നിറഞ്ഞ അവന്റെ ഹൃദയമിടുപ്പുകള്‍ സ്വന്തമാക്കാനുള്ള അവസരം. സുവിശേഷത്തിലുടനീളം പ്രതിപാദിക്കുന്ന ക്രിസ്തുവിന്റെ സ്നേഹം അവന്റെ ഹൃദയത്തിന്റെ പ്രതിഫലനങ്ങളായിരുന്നു. സഭയുടെ ചരിത്രത്തിലുടനീളം ഈശോയുടെ തിരുഹൃദയത്തെക്കുറിച്ചുള്ള ദൈവശാസ്ത്രപരവും നിഗൂഡവുമായ പഠനം വികസിക്കുന്നത് അവിടുത്തെ പിളര്‍ക്കപ്പെട്ട പാര്‍ശ്വത്തെക്കുറിച്ചുള്ള ചിന്തയെ അടിസ്ഥാനമാക്കിയാണ്. (വി.യോഹന്നാൻ19:19-37) തികഞ്ഞ സ്നേഹത്തിലും ഉദാരതയിലും ഈശോ തന്റെ ഹൃദയം നമുക്കായി പിളര്‍ന്നു. ആ ഹൃദയത്തില്‍ നമുക്കിടം നല്‍കി. അവിടുത്തെ ഹൃദയത്തില്‍ നിന്നൊഴുകിയ ജീവകണങ്ങള്‍ സൗഖ്യത്തിന്റെ തെളിനീരായും, പറുദീസായുടെ വാതിലായും, തിരുസഭയുടെ ജനനമായും അനര്‍ഗ്ഗളം ഒഴുകി. ഇടനെഞ്ചില്‍ ചാരിക്കിടന്ന അരുമശിഷ്യനായ യോഹന്നാന്‍ ഗുരുവിന്റെ ഹൃദയത്തിന്റെ സ്പന്ദനം തന്റെ ഹൃദയത്തില്‍ ഏറ്റുവാങ്ങിയപ്പോള്‍, അവന്‍ ഗുരുവിന്റെ സഹയാത്രികനായി കുരിശിന്‍ ചുവട്ടിലും വിട്ടുപോകാതെ കൂടെനിന്നു. ക്രിസ്തുവിന്റെ ഹൃദയത്തിന്റെ സ്നേഹം ഒരു കാന്തികവലയം പോലെ അവന്‍ അനുഭവിച്ചറിഞ്ഞു.

രക്ഷാകര രഹസ്യത്തിന്റെ സാരസംഗ്രഹമാണ് അവിടുത്തെ ഹൃദയം. പരസ്യജീവിതത്തിലുടനീളം പ്രകടമായ അത്ഭുതപ്രവര്‍ത്തികള്‍. കാരുണ്യത്തിന്റെ സ്പര്‍ശനങ്ങള്‍, ആ ഹൃദയത്തിന്റെ – സ്നേഹത്തിന്റെ വെളിപ്പെടുത്തലായിരുന്നു. പാവപ്പെട്ടവന്റെ, അശരണരുടെ തോളോടുചേര്‍ന്നു നടന്ന് ചങ്കിടിപ്പിന്റെ താളം സ്വന്തമാക്കിയ ഹൃദയം… അവിടുത്തെ ഹൃദയദൗത്യം ഏറ്റെടുക്കുവാന്‍ അവിടുന്നു നമ്മെയും ക്ഷണിക്കുന്നുണ്ട്. ഈശോയുടെ തിരുഹൃദയത്തിന്റെ ജീവകണങ്ങള്‍ തിരുസഭക്ക് ജന്മം കൊടുത്തുവെങ്കില്‍, അവന്റെ ഹൃദയം സഭയുടെ ഹൃദയമാണ്. ആ ഹൃദയത്തില്‍ നിന്നൊഴുകുന്ന ജീവജലം ദൈവജനം മുഴുവനെയും വിശുദ്ധീകരിക്കുന്നു. ഓരോ സഭാതനയര്‍ക്കും ക്രിസ്തുവിന്റെ ഹൃദയഭാവങ്ങളായി മാറാനുള്ള വിളിയാണിത്. അവനുവേണ്ടി സ്നേഹമായി മാറാനും ഹൃദയം പിളര്‍ന്നും ജീവന്‍ പങ്കുവെക്കാനും നമുക്ക് കടമയുണ്ട്.

AD മൂന്നാം നൂറ്റാണ്ടിലും നാലാം നൂറ്റാണ്ടിലും മുതല്‍തന്നെ തിരുഹൃദയ ഭക്തി തിരുസഭയില്‍ നിലനിന്നിരുന്നതായി കാണാം. പിന്നീട് പതിനാലാം നൂറ്റാണ്ടില്‍ വിശുദ്ധ ഇന്നസെന്റ് ആറാമന്‍ പാപ്പായുടെ കാലത്ത് തിരുഹൃദയ ഭക്തി കുറച്ചുകൂടി ശക്തമായി. രാഷ്ട്രീയവും മതപരവുമായ പീഡനത്താല്‍ തകര്‍ന്ന ഒരു ലോകത്തിന് ശാന്തിയും സമാധാനവും പുന:സ്ഥാപിക്കാന്‍ ഈശോയുടെ തിരുഹൃദയത്തിന് സാധിക്കുമെന്ന വിശ്വാസം ശക്തി പ്രാപിച്ചു. തുടർന്ന്, പതിനേഴാം നൂറ്റാണ്ടിലാണ് തിരുഹൃദയഭക്തി തിരുസഭയില്‍ ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്നത്. 1673 ജൂണ്‍ 27-ന് ഫ്രാന്‍സിലെ പരലിമോണിയയില്‍ വിസിറ്റേഷൻ സന്യാസിനി സമൂഹാഗംമായ വിശുദ്ധ മാര്‍ഗരറ്റ് മേരി ആലക്കോക്കിന് ഈശോ പ്രത്യക്ഷപ്പെട്ട് തന്റെ ഹൃദയത്തിന് മനവരാശിയോടുള്ള അടങ്ങാത്ത സ്നേഹം വെളിപ്പെടുത്തി. ഈശോയുടെ മാംസളമായ അവിടുത്തെ ഹൃദയം കാണിച്ചുകൊണ്ട് തിരുഹൃദയഭക്തി പ്രചരിപ്പിക്കുവാന്‍ ആവശ്യപ്പെട്ടു. പിന്നീട് 1856-ല്‍ ഒന്‍പതാം പീയൂസ് പാപ്പാ തിരുഹൃദയതിരുന്നാള്‍ ആഘോഷിക്കുവാന്‍ ആഹ്വാനം ചെയ്തു. അങ്ങനെ തിരുഹൃദയതിരുന്നാള്‍ എല്ലാവര്‍ഷവും ആഘോഷിക്കാന്‍ തുടങ്ങി. പിന്നീട്, 1899 ജൂണ്‍ 11-ന് ലെയോ പതിമൂന്നാമന്‍ പാപ്പാ മാനവകുലത്തെ മുഴുവന്‍ ഈശോയുടെ തിരുഹൃദയത്തിനു പ്രതിഷ്ഠിച്ചു.

ഈശോയുടെ ജീവനുള്ള ഹൃദയത്തിന്റെ തുടിപ്പുകള്‍ തൊട്ടറിഞ്ഞ വിശുദ്ധര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. “ദിവ്യസ്നേഹത്തിന്റെ തീച്ചൂളയില്‍ ഞാന്‍ ആനന്ദം കണ്ടെത്തുന്നു” എന്നാണ് വി. മാര്‍ഗരറ്റ് മേരി ആലക്കോക്ക് പറഞ്ഞത്. വി. പീറ്റര്‍ ഡാമിയന്‍ പറയുന്നു: “യേശുവിന്‍റെ തിരുഹൃദയത്തില്‍ നമ്മെ രക്ഷിക്കുവാനുള്ള എല്ലാ ആയുധങ്ങളും ഉണ്ട്. കണ്ണീരിന്‍റെ താഴ് വരയില്‍ ശുദ്ധമായ ആനന്ദമാണ് ആ ഹൃദയം”. 1907-ല്‍ ഫാ.മത്തെയോ ക്രൌളിയാണ് ഈശോയുടെ തിരുഹൃദയത്തിന് കുടുംബങ്ങളെ, പ്രതിഷ്ഠിക്കുന്ന പാരമ്പര്യം തിരുസഭയില്‍ ആരംഭിച്ചത്. തിയോളജിയും ആധുനിക ശാസ്ത്രത്തിന്റെ നൈപുണ്യവുമൊന്നുമില്ലാത്ത നമ്മുടെ പൂര്‍വികര്‍ക്കറിയമായിരുന്നു തിരുഹൃദയത്തിന്റെ സ്നേഹശാസ്ത്രം. അത് വരും തലമുറകളിലേക്കും അവര്‍ കൈമാറി. ഈശോയുടെ തിരുഹൃദയത്തിന്റെ രൂപത്തിന് മുമ്പില്‍ കൈകൂപ്പി പ്രാര്‍ത്ഥനാപൂര്‍വം നിന്നാണ് ക്രൈസ്തവ കുടുംബത്തിലെ ഓരോ ശിശുവും വിശ്വാസത്തിലും ദൈവഭക്തിയിലും വളരുവാന്‍ ആരംഭിക്കുന്നത്. ഓരോ വര്‍ഷവും തിരുഹൃദയ പ്രതിഷ്ഠ നടത്തി നമ്മുടെ കുടുംബങ്ങളെ, സമൂഹങ്ങളെ, വ്യക്തികളെ, ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിക്കാറുണ്ട്. അതുവഴി തിരുഹൃദയനാഥന്റെ സംരക്ഷണം മറ്റെന്തിനെക്കാളും വലുതായി നാം
പ്രഘോഷിക്കുന്നു. യേശുവിന്റെ ഹൃദയവുമായി നാം ഐക്യം പ്രാപിച്ചാല്‍ ആ ഹൃദയത്തിന്റെ രഹസ്യം നമുക്ക് വെളിപ്പെടുത്തിതരും. അവിടുത്തെ ഹൃദയം ദൈവസ്നേഹത്തിന്റെ അടിസ്ഥാന അടയാളമായി വര്‍ത്തിക്കുകയും, അതിന്റെ സമ്പൂര്‍ണ്ണമായ സ്നേഹത്തിലേക്കും അന്തരികതയിലേക്കും ക്രൈസ്തവരായ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്നും ദൈവശാസ്ത്രഞ്ജനായ കാള്‍ റാഹ്ണര്‍ പറഞ്ഞിട്ടുണ്ട്. ക്രിസ്തുമായുള്ള ഐക്യം അവന്റെ ഹൃദയത്തിന്റെ ദാനമാണ്. ആ സ്നേഹ-ഐക്യത്തില്‍ ജീവിക്കാന്‍ അവന്‍ തന്റെ ശിഷ്യരെ ക്ഷണിക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട് (വി.യോഹന്നാൻ 17:21). അവന്റെ ഹൃദയസ്പന്ദനങ്ങൾ അനുഭവിക്കുവാനും നമ്മിലെ ആന്തരിക മനുഷ്യനെ രൂപാന്തരപ്പെടുത്തുവാനും അവന്‍ നമ്മെയും ക്ഷണിക്കുന്നു.

ഹൃദയം സ്നേഹത്തിന്റെ ഇരിപ്പിടമാണ്. ഈശോയുടെ തിരുഹൃദയത്തിന്റെ രൂപം നമ്മുടെ മനസിനെ ആഴത്തിലുള്ള ധ്യാനത്തിലേക്കും വിചിന്തനത്തിലേക്കും വഴി തെളിക്കുന്നു. സ്നേഹാഗ്നിജ്വാലയാല്‍ കത്തിജ്വലിക്കുന്ന ഈശോയുടെ തിരുഹൃദയം. നമ്മുടെ തോല്‍വികളുടെ, ഇടര്‍ച്ചകളുടെ, നൊമ്പരങ്ങളുടെ, ദിനാവൃത്താന്തങ്ങളില്‍ സ്നേഹത്തിന്റെ ചൂടുപകരുന്ന സ്രോതസാണ് അവിടുത്തെ തിരുഹൃദയം. ആ സ്നേഹാഗ്നിജ്വാലയാല്‍ നാം തിളങ്ങുന്ന, ജീവനുള്ള പുതിയ വ്യക്തികളാകണം. വി. മാര്‍ഗരറ്റ് മേരി ആലക്കോക്കിനോട് യേശു ഒരിക്കല്‍ പറഞ്ഞു: “എന്റെ ദിവ്യഹൃദയത്തിന്റെ തീജ്വാലകളെ ഇനി തടയാന്‍ കഴിയില്ല. മനുഷ്യമക്കളെ എന്റെ നിധികളാല്‍ സമ്പന്നമാക്കുന്നതിന് എന്റെ ഹൃദയം നിന്നിലൂടെ ലോകത്തിന് വെളിപ്പെടുത്തണം”. ആ ഹൃദയത്തിന്റെ ഒരു ഭാഗം തുറക്കപ്പെട്ടിരിക്കുന്നു. പിളര്‍ക്കപ്പെട്ട ആ ഹൃദയത്തില്‍നിന്നും ഒഴുകിയിറങ്ങിയ സ്നേഹത്തിന്റെയും കരുണയുടെയും രക്തകണങ്ങള്‍ നമുക്ക് ജീവന്‍ പകരുന്നു. ഒരിയ്ക്കലും വറ്റാത്ത സ്നേഹത്തിന്റെ, സ്വാന്ത്വനത്തിന്റെ നീരുറവയാണ് അതില്‍നിന്നൊഴുകുന്നത്. നമ്മുടെ മുറിവും മുറിപ്പാടുകളും അവിടുത്തെ പിളര്‍ക്കപ്പെട്ട ഹൃദയത്തില്‍ ചേര്‍ത്തുവെച്ചു സുഖപ്പെടുത്തുന്നു. നിണമുണങ്ങാത്ത, സ്നേഹത്താല്‍ തുടിക്കുന്ന ആ തിരുഹൃദയത്തണലില്‍ നമുക്ക് സാന്ത്വനം കണ്ടെത്താം, ജീവിതം സമര്‍പ്പിക്കാം. യേശുവിന്റെ ഹൃദയത്തെ വലയം ചെയ്യുന്ന മുള്‍മുടി, നമ്മുടെ നിസാരതകള്‍ക്കും ബലഹീനതകള്‍ക്കുമപ്പുറം ബലംപകരുന്ന, രക്ഷാവലയം തീര്‍ക്കുന്ന അവന്റെ സംരക്ഷണ കവചമാണ്. തീജ്വാലകള്‍ക്കിടയിലെ ക്രൂശിത രൂപം നമ്മുക്ക് നേടിത്തന്ന രക്ഷയുടെ അനശ്വരമായ അടയാളമാണ്.

ഇന്നിന്റെ കാലഘട്ടത്തില്‍ ഹൃദയത്തിന്റെ ആര്‍ദ്രത നഷ്ടമാക്കിയ, ക്രൂരവും കഠിനവുമായ ഹൃദയങ്ങളെ വാര്‍ത്താമാധ്യമങ്ങളില്‍ നാം കാണാറുണ്ട്. സ്വാര്‍ഥതയുടെ മതില്‍ക്കെട്ടുയര്‍ത്തി പ്രിയപ്പെട്ടവരെ ഒറ്റിക്കൊടുക്കുന്ന, സൗഹൃദങ്ങളെ തള്ളിപ്പറയുന്ന ആധുനിക മനുഷ്യന്റെ മുഖവും നമുക്കപരിചിതമല്ല. അവരുടെയിടയില്‍ നന്‍മയുടെയും ഉദാരതയുടെയും ഹൃദയമുള്ളവരാകാന്‍ ഈശോയുടെ കരുണാര്‍ദ്രഹൃദയം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. സ്നേഹം വെച്ചുവിളമ്പുന്ന, നന്‍മയുടെ ഹൃദയവുമായി ചരിക്കുന്നവരും നമുക്കിടയിലുണ്ട്. അവര്‍ ഈശോയുടെ തിരുഹൃദയത്തിന്റെ പ്രതിഫലനങ്ങളാണ്. കുത്തിത്തുറക്കപ്പെട്ട അവിടുത്തെ ഹൃദയത്തെ ധ്യാനിക്കുന്ന ഈ നാളുകളില്‍ നമുക്കും നമ്മുടെ ജീവിതങ്ങളെ പരിവര്‍ത്തനപ്പെടുത്താം. അവന്റെ ഹൃദയത്തിന്റെ വിശാലമായ ആകാശത്തിലേക്ക് നമ്മുക്കും എത്തിപ്പിടിക്കാം. ഏവര്‍ക്കും അഭയമരുളുന്ന അവിടുത്തെ തിരുഹൃദയം നമ്മുടെ ജീവിത യഥാര്‍ത്ഥ്യങ്ങളുടെ രാവുകളില്‍ പ്രകാശം വീശട്ടെ. കോരിച്ചൊരിയുന്ന ജൂണിലെ മഴപെയ്ത്തുപോലെ ഈശോയുടെ തിരുഹൃദയത്തിന്റെ കരുണാര്‍ദ്രസ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്കും പെയ്തിറങ്ങട്ടെ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker