Meditation

ഉത്ഥിതന്‍ എന്തേ കസറാഞ്ഞത്?

ഉത്ഥിതനില്‍ വിശ്വസിക്കുന്ന ആരും ആരെയും ഭയപ്പെടുത്തുകയില്ല, മുറിപ്പെടുത്തുകയുമില്ല

യേശുവിന്റെ ഉത്ഥാനത്തിന് കബാലിയുടെയും പുലിമുരുകന്റെയും മധുരരാജയുടെയും സാംസ്‌കാരികലോകത്തിലും, മറ്റു ദൈവസങ്കല്പങ്ങള്‍ നിലവിലുള്ള മതലോകത്തിലും മിക്കവരും പ്രതീക്ഷിക്കുന്ന ചില അനുബന്ധങ്ങള്‍ താഴെപ്പറയുംവിധമാകാം:

രംഗം ഒന്ന്:

പീലാത്തോസിന്റെ അരമന. പുലര്‍ച്ച സമയം ….
വലിയൊരു ഇടിമിന്നല്‍…
പീലാത്തോസ് കട്ടിലില്‍നിന്നു താഴെ പതിക്കുന്നു…
പൂര്‍ണപ്രഭയില്‍ ഉത്ഥിതന്‍!
പീലാത്തോസ് ഓടടാ ഓട്ടം…
ഗോവണിയില്‍നിന്നു തെന്നിവീഴുന്നു…
തറയില്‍ തലയിടിച്ച് ദാരുണാന്ത്യമടയുന്നു!

രംഗം രണ്ട്:

കയ്യാഫാസിന്റെ മാളികയില്‍ ഉത്ഥിതന്‍…
ഭയംകൊണ്ടു വിറയ്ക്കുന്ന പ്രധാനപുരോഹിതന്‍ കൈകൂപ്പി ജീവനുവേണ്ടി യാചിക്കുന്നു…
ഉത്ഥിതന്റെ പ്രകാശ രശ്മികളേറ്റ് അയാള്‍ കരിഞ്ഞുവീഴുന്നു!

രംഗം മൂന്ന്:

തള്ളിപ്പറഞ്ഞ പത്രോസിനോടു കണക്കൊത്ത ഡയലോഗു കാച്ചുന്ന ഉത്ഥിതന്‍…!

രംഗം നാല്:

സഹനത്തിന്റെ നിമിഷങ്ങളില്‍ തന്നെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ ശിഷ്യരെ തലങ്ങുംവിലങ്ങും ശകാരിക്കുന്ന ഉത്ഥിതന്‍…!

മുറിവില്ലാത്ത ഉത്ഥിതന്‍!

യേശുവിന്റെ തിരുവുത്ഥാനം മനുഷ്യസംസ്‌കൃതിയുടെ പരമകാഷ്ഠയാണ് അടയാളപ്പെടുത്തുന്നത്. മേല്‍വിവരിച്ച നിഷേധാത്മകമായ അനുബന്ധങ്ങളുടെ കണികപോലും ബൈബിളിലെ ഉത്ഥാന വിവരണങ്ങളിലില്ല. അനിതരസാധാരണമായ മാതൃകയും സന്ദേശവുമാണ് അവ മുന്നോട്ടുവയ്ക്കുന്നത്.

മുറിവേറ്റ ശരീരങ്ങളും മനസ്സുകളുമാണല്ലോ പ്രതികാരവാഞ്ഛയാല്‍ എരിയുന്നത്. ലോകത്തിലെ ഒട്ടുമിക്ക അക്രമങ്ങളുടെയും ലഹളകളുടെയും യുദ്ധങ്ങളുടെയും പിന്നില്‍ വിവിധങ്ങളായ മുറിവുകളാണുള്ളത്. അതുകൊണ്ടുതന്നെയാണ് ‘പരിഷ്‌കൃതം’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ആധുനികലോകത്തില്‍പ്പോലും കലഹങ്ങള്‍ക്കും അക്രമത്തിനും യുദ്ധങ്ങള്‍ക്കും വന്യമായ ക്രൂരതകള്‍ക്കും കുറവില്ലാത്തത്. മുറിവേറ്റവര്‍ മുറിവേല്പിക്കുന്നവരാകുന്ന കാഴ്ച കാണാന്‍ ചുറ്റുപാടും ഒന്നു നോക്കിയാല്‍ മതി!

മുറിവേറ്റവരുടെ ശൈലികളും രീതികളും വ്യത്യസ്തങ്ങളാണ്. ചിലര്‍ മുറിവുമായി നടക്കാന്‍ ഇഷ്ടപ്പെടുന്ന ആത്മപീഡകരാണ്. അവര്‍ അതു വല്ലാതെ താലോലിക്കുന്നു; അതില്‍ നിഗൂഢമായ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു. മുറിവു ചൊറിഞ്ഞു പുണ്ണാക്കുന്നതില്‍ വിദഗ്ധരാണ് മറ്റു ചിലര്‍. സമയവും സ്ഥലവും അളന്നുകുറിച്ച് തക്കംനോക്കി അവര്‍ പ്രതികാരം ചെയ്യും. മുറിവുകള്‍ക്കു പഴക്കമേറുന്തോറും അവ വ്രണങ്ങളായിത്തീരുന്നു. ആ വ്രണങ്ങളാണ് ചീഞ്ഞുനാറുന്നതും പടര്‍ന്നുപിടിക്കുന്നതും നീണ്ടുനില്ക്കുന്നതും.

ഉത്ഥിതനായ കര്‍ത്താവിന്റെ കൈകാലുകളിലും വിലാവിലും മുറിവുകളല്ല ഉണ്ടായിരുന്നത്, തിരുമുറിവുകളാണ്. അവയില്‍ വ്രണങ്ങളില്ല, ചീയലില്ല, നാറ്റമില്ല, പടര്‍ച്ചയില്ല, തുടര്‍ച്ചയില്ല. തിരുമുറിവുകള്‍ക്ക് പ്രതികാരം അന്യമത്രേ! മുറിവ് തിരുമുറിവായി മാറുന്ന മഹാദ്ഭുതത്തിന്റെ പേരാണ് ഉത്ഥാനം! യേശുവിന്റെ ഉത്ഥാനത്തിന്റെ ഏറ്റവും വിശിഷ്ടമായ തലമാണത്.

സ്‌നേഹത്തിനേ ഉയിര്‍ക്കാനാകൂ!

ഉത്ഥാനത്തിന്റെ കാരണം വ്യക്തമാക്കുന്ന ഒരു തിരുവചനമാണ് ഉത്തമഗീതം 8,6: ”സ്‌നേഹം മരണംപോലെ ശക്തമാണ്”. മരണമാണ് അവസാനവാക്കെന്നു കരുതി ഖിന്നനാകുന്ന മര്‍ത്ത്യന് വലിയ ആശ്വാസമാണ് ഈ പഴയനിയമവാക്യം. എന്നാല്‍, യേശുക്രിസ്തുവിലാണ് സ്‌നേഹം മരണത്തെക്കാള്‍ ശക്തമായത്. അത്തരം സ്‌നേഹത്തിന്റെ സ്വാഭാവിക പരിണതിയാണ് അവിടത്തെ ഉത്ഥാനം! ക്രിസ്തുസ്‌നേഹത്തിന്റെ ആഴങ്ങളെക്കുറിച്ചും മരണത്തെ അതിജീവിക്കുന്ന സ്‌നേഹത്തെക്കുറിച്ചുമുള്ള വിശുദ്ധ പൗലോസിന്റെ അവബോധം അദ്ദേഹത്തിന്റെ ചോദ്യത്തില്‍നിന്നു വ്യക്തമാണ്: ”മരണമേ, നിന്റെ വിജയമെവിടെ? മരണമേ, നിന്റെ ദംശനമെവിടെ?” (1കോറി 15,54.55).

സ്‌നേഹംതന്നെയായ ദൈവത്തിന്റെ (1യോഹ 4,8.16) ഏറ്റവും വലിയ സ്‌നേഹപ്രകടനം കുരിശിലാണല്ലോ നാം കണ്ടത്: ”… തന്റെ ഏകജാതനെ നല്കാന്‍തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു” (യോഹ 3,16). ആ സ്‌നേഹദാനത്തെ കീഴ്‌പ്പെടുത്തി സ്വന്തമാക്കാന്‍ മരണത്തിനാവില്ല. കാരണം, സ്‌നേഹത്തോളം കരുത്ത് അതിനില്ല. ”സ്‌നേഹം സകലത്തെയും അതിജീവിക്കുന്നു” എന്നും ”സ്‌നേഹം ഒരിക്കലും അവസാനിക്കുന്നില്ല” എന്നും വിശുദ്ധ പൗലോസ് കുറിച്ചപ്പോള്‍ (1കോറി 13,7.8) അത് ഉത്തമഗീതത്തിലെ മേലുദ്ധരിച്ച വാക്യത്തിന്റെ ~ഒരു പരിഷ്‌കൃതഭാഷ്യമായിത്തീര്‍ന്നില്ലേ?

സ്‌നേഹവും ക്ഷമയും ഉത്ഥിതവിശ്വാസത്തിന്റെ അനിവാര്യമായ ഘടകങ്ങളാണ്; വെറുപ്പും വൈരാഗ്യവും പ്രതികാരവാഞ്ഛയുമാകട്ടെ, ഉത്ഥിതനെ അറിയാത്തവരുടെ ലക്ഷണങ്ങളും. ഉത്ഥിതനില്‍ വിശ്വസിക്കുന്ന ആരും ആരെയും ഭയപ്പെടുത്തുകയില്ല, മുറിപ്പെടുത്തുകയുമില്ല. കാരണം, അവരുടെ മുറിവുകള്‍ ഉണങ്ങിപ്പോയിരിക്കുന്നു. ഉത്ഥിതനെപ്പോലെ അവരിലും തിരുമുറിവുകളേ ഉള്ളൂ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker