Kazhchayum Ulkkazchayum

എന്തിന് ദുഃഖിക്കണം

ദുഃഖത്തെ സന്തോഷിപ്പിക്കരുത്...

മനുഷ്യ ജീവിതത്തിൽ സുഖവും ദുഃഖവും, സന്തോഷവും സമാധാനവും ഉൾച്ചേർന്നിരിക്കുന്നു എന്ന് നമുക്കറിയാം. വിചാരങ്ങളുടെയും വികാരങ്ങളുടെയും, ആശ നിരാശകളുടെയും കൂടാരമാണ് മനുഷ്യൻ. മേൽപ്പറഞ്ഞ യാഥാർത്ഥ്യങ്ങൾ നിലനിൽക്കുമ്പോൾതന്നെ 90% ആൾക്കാരും വിലയ്ക്കുവാങ്ങിയ ദുഃഖവും പേറി നടന്നു നീങ്ങുകയാണ്. ദുഃഖത്തിന് മുൻതൂക്കം നൽകാൻ നമ്മെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ് ഭയം, ഉത്കണ്ഠ, മിഥ്യാസങ്കല്പങ്ങൾ. യാഥാർത്ഥ്യവുമായി തട്ടിച്ചുനോക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ കഴിയും ഇവയെല്ലാം നമ്മുടെ മനോഭാവങ്ങളെ, കാഴ്ചപ്പാടുകളെ, സമീപനങ്ങളെ വികലമാക്കിയതിന്റെ അനന്തരഫലങ്ങൾ ആണെന്ന്. ഈ ലോകം മുഴുവനും ഞാൻ ചിന്തിക്കുന്നത് പോലെ, ആഗ്രഹിക്കുന്നതുപോലെ, ഇഷ്ടപ്പെടുന്നത് പോലെ “വർത്തിക്കണം” എന്ന് വിചാരിക്കാൻ പ്രാവർത്തികമാക്കാൻ കഴിയുകയില്ലെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാകും. അപ്പോൾ മിഥ്യാസങ്കൽപങ്ങളിൽ മുഴുകി ജീവിതത്തിലെ സിംഹഭാഗവും ഉത്കണ്ഠപ്പെട്ടുകൊണ്ട്, ആത്മസംഘർഷത്തിന് വിധേയമായി കാലത്തെ തള്ളി നീക്കിയിട്ട് എന്ത് നേട്ടമാണ് ഉണ്ടാവുക?

നാം പലപ്പോഴും “ദുഃഖത്തെ സന്തോഷിപ്പിക്കുകയാണ് ചെയ്യുന്നത്”! വളരെ ലളിതമായ ഉദാഹരണങ്ങൾ എടുക്കാം.
1) നമുക്ക് ഒരു മുറിവു പറ്റി. നമ്മുടെ അശ്രദ്ധ കൊണ്ടോ, മറ്റുള്ളവരുടെ അശ്രദ്ധ കൊണ്ടോ ആകാം. തീർച്ചയായും വേദന ഉണ്ടാകും, ഉടനെ അതിന്റെ പേരിൽ ദുഃഖിക്കുകയല്ല മറിച്ച്, ചികിത്സിക്കുക. ഒരു നിശ്ചിത സമയം കഴിയുമ്പോൾ സുഖം പ്രാപിക്കും. പിന്നെ അപ്രകാരം ഒരു അപകടം (മുറിവ്) പറ്റിയ കാര്യം പോലും നാം ഓർത്തു എന്നുവരില്ല.
2) പരീക്ഷയിൽ ഉന്നത വിജയം പ്രതീക്ഷിച്ചിരുന്നു, പക്ഷേ ഫലം വന്നപ്പോൾ മെച്ചപ്പെട്ട നിലവാരത്തിൽ എത്താൻ കഴിഞ്ഞില്ല. അതിന്റെ പേരിൽ ഉണ്ണാതെയും ഉറങ്ങാതെയും, ഒരു ദുഃഖപുത്രിയെപ്പോലെ ജീവിച്ചിട്ട് എന്ത് പ്രയോജനം? അതിനാൽ ഞാൻ ഇനി പഠിക്കുന്നില്ല എന്ന് തീരുമാനിച്ചു എന്ന് കരുതുക, എത്ര വലിയ മണ്ടൻ തീരുമാനം ആയിരിക്കുമത്? നേരെമറിച്ച്, എന്നെക്കാൾ കൂടുതൽ ബുദ്ധിയും, ഓർമശക്തിയും, കഴിവുകളുമുള്ള കുട്ടികൾ വേറെ ഉണ്ടായിരുന്നു എന്ന് കരുതുകയാണ് യുക്തി (വേണ്ടവിധം പഠിക്കാതെ പരീക്ഷയിൽ മോശം പ്രകടനം കാഴ്ചവച്ചിട്ട് മറ്റുള്ളവരെ കാണിക്കാൻ ദുഃഖം നടിക്കുന്നവരുമുണ്ട്). ഇവിടെ ജ്ഞാനബോധം (തിരിച്ചറിവ്) സൂക്ഷിക്കണം. സ്വയം വിശകലനം ചെയ്ത് മുന്നേറാൻ ശ്രമിക്കണം.

ദുഃഖത്തിനെ വല്ലാതെ സുഖിപ്പിക്കുന്നതിൽ (സന്തോഷിപ്പിക്കുന്നതിൽ) അസൂയക്കും, ഭയത്തിനും, ഉത്ഖണ്ഠയ്ക്കും വലിയ പ്രാധാന്യമുണ്ട്. ഉദാഹരണം –
1) നമുക്ക് രോഗം വരുമെന്ന ഭയം. രോഗം വന്നാൽ ചികിത്സിക്കാമല്ലോ? ഇനി രോഗം വന്നില്ലെങ്കിൽ, “ദുഃഖിച്ചതും, ഭയന്നതും” വെറുതെയാകില്ലേ? അതുപോലെ, ഇനി രോഗം വന്ന് മരിക്കുമോ, ഇല്ലയോ എന്ന ഭയവും ദുഃഖവും. നിശ്ചിത കാലയളവിൽ മരിച്ചില്ലെങ്കിൽ “നാം ദുഃഖത്തെ സന്തോഷിക്കുകയല്ലേ ചെയ്തത്”?. ദുഃഖത്തെ ദുഃഖിപ്പിക്കണം സന്തോഷിപ്പിക്കരുത്.
2) മരിച്ചുകഴിഞ്ഞാൽ സ്വർഗ്ഗത്തിൽ പോകുമോ, നരകത്തിൽ പോകുമോ എന്ന ഭയവും ദുഃഖവും. സ്വർഗ്ഗത്തിൽ പോവുകയാണെങ്കിൽ ദുഃഖത്തിന് പ്രസക്തിയില്ലല്ലോ? അഥവാ നരകത്തിൽ പോവുകയാണെങ്കിൽ എന്തിന് ദുഃഖിക്കണം? നിങ്ങളുടെ ഭൂമിയിലുള്ള ജീവിതം കൊണ്ട്, നിങ്ങൾ ഉറപ്പിച്ചിട്ടുള്ളതായിരിക്കുമല്ലോ നരകം! ഇവിടെയും നിങ്ങൾക്ക് സന്തോഷിക്കാൻ ഒത്തിരി വകയുണ്ട്. നിങ്ങളുടെ പരിചയക്കാർ, കൂട്ടുകാർ, ബന്ധുക്കൾ… അവർ വിവിധ കാലഘട്ടങ്ങളിലും, സാഹചര്യത്തിലും മരിച്ച് നരകത്തിൽ എത്തിയവരായിരിക്കും. അപ്പോൾ ഓരോരുത്തരുടെയും വിശേഷങ്ങൾ അറിയാനും, സൗഹൃദം പുതുക്കാനും, ഭൂമിയിൽ ഉണ്ടായിരുന്നപ്പോൾ ചെയ്തുകൂട്ടിയ കൊള്ളരുതായ്മകളും മണ്ടത്തരങ്ങളും പറഞ്ഞു രസിക്കാനും ഇഷ്ടംപോലെ സമയം വേണ്ടിവരും. നരകത്തിൽ എത്തുകയാണെങ്കിൽ അസൂയയ്ക്കും, ഉത്കണ്ഠയ്ക്കും സ്ഥാനം ഇല്ലാതെ വരും, കാരണം എല്ലാവർക്കും ഒരേ ടൈംടേബിൾ, ഒരേ ഭക്ഷണം…

വരികൾക്കിടയിലൂടെ വായിക്കുമ്പോൾ നമുക്ക് അടിവരയിട്ട് ചിലത് മനസ്സിൽ കുറച്ചു വയ്ക്കാനുണ്ട്. ദുഃഖ അനുഭവം ഉണ്ടാകുമ്പോൾ നാം ദുഃഖത്തിന് ജീവിതത്തിൽ അമിത പ്രാധാന്യം നൽകുമ്പോൾ, “ദുഃഖത്തെ സന്തോഷിപ്പിക്കുകയാണ്”. ആയതിനാൽ നമ്മുടെ ചിലവിൽ, നമ്മുടെ സ്വസ്ഥത നഷ്ടപ്പെടുത്തി ദുഃഖത്തെ സന്തോഷിക്കരുത്. വികാരത്തെക്കാൾ വിചാരത്തിന് (ബുദ്ധി,യുക്തി,ചിന്താശക്തി) പ്രമുഖ സ്ഥാനം നൽകുക.

സുഖദുഃഖ സമ്മിശ്രമാണ് ജീവിതം. ഒന്നിനും അമിത പ്രാധാന്യം നൽകരുത്. ദൈവകൃപ നമ്മുടെ ജീവിതത്തിൽ പ്രകാശം ചൊരിയട്ടെ!!!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker