Kerala

എറണാകുളം-അങ്കമാലി ഭൂമി ഇടപാട്; തല്പരകക്ഷികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞു മുന്നോട്ട് പോകണമെന്ന ആഹ്വാനവുമായി കെ.സി.ബി.സി. സർക്കുലർ

എറണാകുളം-അങ്കമാലി ഭൂമി ഇടപാട്; തല്പരകക്ഷികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞു മുന്നോട്ട് പോകണമെന്ന ആഹ്വാനവുമായി കെ.സി.ബി.സി. സർക്കുലർ

സ്വന്തം ലേഖകൻ

പാലാരിവട്ടം: ജൂണ്‍ 4, 5 തീയതികളിലായി പാലാരിവട്ടം പി.ഓ.സി.യിൽ വച്ച് നടന്നുവന്ന കേരളത്തിലെ കത്തോലിക്കാ മെത്രാന്മാരുടെ വര്‍ഷകാല സമ്മേളനം അവസാനിച്ചു.

രണ്ടു കൊല്ലത്തിലധികമായി സഭയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ വിശ്വാസികളുടെ ഇടയില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഇടര്‍ച്ചകളെ പറ്റിയും, എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നത് സംബന്ധിച്ചും, വ്യാജരേഖാവിവാദത്തെ സംബന്ധിച്ച് സീറോ മലബാര്‍ സിനഡിന്‍റെ തീരുമാനം ശരിയായ ദിശാബോധം നല്കുന്നതാണെന്നും, അതേസമയം, സഭയില്‍ ഭിന്നത സൃഷ്ടിക്കാനുളള തല്പരകക്ഷികളുടെ ശ്രമത്തെക്കുറിച്ച് വിശ്വാസികള്‍ ജാഗ്രതപുലര്‍ത്തണമെന്നും സർക്കുലർ പറയുന്നു.

ഈ വിഷയത്തില്‍ അനാവശ്യമായ പത്രപ്രസ്താവനകളോ, മറ്റു വിവാദങ്ങളോ ഉണ്ടാക്കുന്നതില്‍നിന്ന് ബന്ധപ്പെട്ടവര്‍ വിട്ടുനില്ക്കണമെന്ന് കെ.സി.ബി.സി. ആവശ്യപ്പെട്ടു. സംഭവിച്ച വീഴ്ചകളില്‍ നിന്ന് പാഠങ്ങള്‍ പഠിക്കുകയും, ഒറ്റക്കെട്ടായി ക്രിസ്തീയസ്നേഹത്തിന് സാക്ഷ്യം നല്കുകയും ചെയ്യാമെന്ന തീരുമാനത്തോടും കൂടിയാണ് രണ്ടു ദിവസങ്ങൾ നീണ്ട കെ.സി.ബി.സി. അവസാനിച്ചത്.

2019 ജൂണ്‍ 9-ാം തീയതി ഈ സര്‍ക്കുലര്‍ കേരളത്തിലെ സീറോ മലബാര്‍, ലത്തീന്‍, മലങ്കര കത്തോലിക്കാസഭ കളിലെ എല്ലാ ദൈവാലയങ്ങളിലും ദിവ്യബലി അര്‍പ്പിക്കപ്പെടുന്ന എല്ലാ സ്ഥാപനങ്ങളിലും വായിക്കുകയോ ഇതിലെ ആശയങ്ങള്‍ ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കുകയോ ചെയ്യണം എന്ന് പറഞ്ഞുകൊണ്ടാണ് കെ.സി.ബി.സി. പ്രസിഡന്‍റ്
ആര്‍ച്ചുബിഷപ് എം.സൂസ പാക്യത്തിന്റെ സർക്കുലർ അവസാനിക്കുന്നത്.

സർക്കുലറിന്റെ പൂർണ്ണരൂപം

പ്രിയ സഹോദരങ്ങളേ,

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി, ജൂണ്‍ മാസം 4ഉം 5ഉം തീയതികളില്‍, കേരളത്തിലെ കത്തോലിക്കാ മെത്രാന്മാരെല്ലാവരും കെസിബിസിയുടെ വര്‍ഷകാല സമ്മേളനത്തില്‍ സംബന്ധിക്കുകയായിരുന്നു. കുറെയേറെ സമയമെടുത്ത് ഞങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വം ചര്‍ച്ച ചെയ്തത് കേരളസഭയിലെ ഉത്തരവാദത്വപ്പെട്ടവരുടെ ഇടയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ കാരണം അറിഞ്ഞോ അറിയാതെയോ സമൂഹത്തിന് നല്കിക്കൊണ്ടിരിക്കുന്ന എതിര്‍സാക്ഷ്യങ്ങളെക്കുറിച്ചാണ്. രണ്ടു കൊല്ലത്തിലധികമായി സഭയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇടര്‍ച്ചകള്‍ വിശ്വാസികളുടെ ഇടയില്‍ ഏറെ സംശയങ്ങള്‍ക്കും സമൂഹത്തില്‍ ഏറെ വിവാദങ്ങള്‍ക്കും ഇടയായിട്ടുണ്ട് എന്ന വസ്തുത ഞങ്ങള്‍ തിരിച്ചറിയുന്നു. ഇതുവഴി വിശ്വാസികള്‍ക്കും പൊതുസമൂഹത്തിനുമുണ്ടായ വേദനയിലും ഇടര്‍ച്ചയിലും ഞങ്ങള്‍ ഖേദിക്കുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട സംശയങ്ങളും ആരോപണങ്ങളും സഭയ്ക്കുള്ളില്‍ത്തന്നെ പരിഹരിക്കാന്‍വേണ്ട നടപടികളും സംവിധാനങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ആരോപിക്കപ്പെടുന്നതുപോലുള്ള അഴിമതികള്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് കെസിബിസിയില്‍ നടന്ന ചര്‍ച്ചകളില്‍നിന്ന് വ്യക്തമാകുന്നത്. എത്രയുംവേഗം ഇതിന്‍റെ നിജസ്ഥിതി ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും ഒറ്റക്കെട്ടായി പ്രശ്നങ്ങള്‍ക്ക് ക്രിസ്തീയമായ പരിഹാരമുണ്ടാക്കാനും സഭാംഗങ്ങളെല്ലാം ആത്മാര്‍ത്ഥമായി സഹകരിക്കണമെന്ന് കെസിബിസി അഭ്യര്‍ത്ഥിക്കുന്നു.

സമീപകാലത്തുണ്ടായ വ്യാജരേഖാവിവാദത്തെ കെസിബിസി വസ്തുനിഷ്ഠമായ രീതിയില്‍ അവലോകനം ചെയ്യുകയും വിലയിരുത്തുകയും ചെയ്തു. ഇക്കാര്യത്തില്‍ ശരിയായ ദിശാബോധം നല്കുന്നതാണ് സീറോ മലബാര്‍ സിനഡിന്‍റെ തീരുമാനം. ഇപ്പോള്‍ നടക്കുന്ന പോലീസ് അന്വേഷണം യാതൊരു ബാഹ്യസമ്മര്‍ദ്ദവും ഇടപെടലും കൂടാതെ മുന്നോട്ടുപോകണമെന്നാണ് കെസിബിസി ആവശ്യപ്പെടുന്നത്. ഈ രേഖകളുടെ ഉള്ളടക്കം സത്യവിരുദ്ധമാണെന്ന് കെസിബിസി വിലയിരുത്തുന്നു. അന്വേഷണത്തിലൂടെ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും അവര്‍ക്കെതിരെ മാതൃകാപരമായ നടപടികള്‍ എടുക്കുകയും വേണം. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സഭയില്‍ ഭിന്നത സൃഷ്ടിക്കാനുളള തല്പരകക്ഷികളുടെ ശ്രമത്തെക്കുറിച്ച് വിശ്വാസികള്‍ ജാഗ്രതപുലര്‍ത്തണം. ഈ വിഷയത്തില്‍ അനാവശ്യമായ പത്രപ്രസ്താവനകളോ മറ്റു വിവാദങ്ങളോ ഉണ്ടാക്കുന്നതില്‍നിന്ന് ബന്ധപ്പെട്ടവര്‍ വിട്ടുനില്ക്കണമെന്ന് കെസിബിസി ആവശ്യപ്പെടുന്നു. വന്നുപോയ വീഴ്ചകളില്‍ നിന്ന് പാഠങ്ങള്‍ പഠിക്കുകയും ഒറ്റക്കെട്ടായി ക്രിസ്തീയസ്നേഹത്തിന് തിളക്കമാര്‍ന്ന സാക്ഷ്യം നല്കുകയും ചെയ്യാനുള്ള തീരുമാനത്തോടുകൂടിയാണ് സഭാമേലധ്യക്ഷന്മാര്‍ ഈ വിഷയത്തിന്മേലുള്ള ചര്‍ച്ച ഉപസംഹരിച്ചത്.

സഭാംഗങ്ങളുടെയെല്ലാം പ്രാര്‍ത്ഥനാപൂര്‍വകമായ സഹായസഹകരണങ്ങള്‍ക്ക് നന്ദി പറയുകയും തുടര്‍ന്നും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയും സഹകരിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

സ്നേഹാദരങ്ങളോടെ,

ആര്‍ച്ചുബിഷപ് എം. സൂസ പാക്യം
പ്രസിഡന്‍റ്, കെസിബിസി

പി.ഒ.സി., കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയം
കൊച്ചി – 682 025

NB: 2019 ജൂണ്‍ 9-ാം തീയതി ഈ സര്‍ക്കുലര്‍ കേരളത്തിലെ സീറോ മലബാര്‍, ലത്തീന്‍, മലങ്കര കത്തോലിക്കാസഭ കളിലെ എല്ലാ ദൈവാലയങ്ങളിലും ദിവ്യബലി അര്‍പ്പിക്കപ്പെടുന്ന എല്ലാ സ്ഥാപനങ്ങളിലും വായിക്കുകയോ ഇതിലെ ആശയങ്ങള്‍ ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കുകയോ ചെയ്യണം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker