Kerala

ഏകസ്ഥർക്കായി “കരുണാമയൻ” പദ്ധതിയുമായി തിരുവനന്തപുരം ലത്തീൻ അതിരൂപത

ഏകസ്ഥർക്കായി "കരുണാമയൻ" പദ്ധതിയുമായി തിരുവനന്തപുരം ലത്തീൻ അതിരൂപത

ക്ലിന്റൺ എൻ.സി.ഡാമിയൻ

തിരുവനന്തപുരം: ആരും തനിച്ചല്ല എന്ന മാനവിക സന്ദേശം ഉയര്‍ത്തി തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിലുളള ഇടവകകളില്‍ ഏകസ്ഥരായി ജീവിക്കുന്നവര്‍ക്കുവേണ്ടി കരുണാമയന്‍ പദ്ധതിക്ക്‌ തുടക്കം കുറിച്ചു. തിരുവനന്തപുരം ലത്തീന്‍ അതിരൂപത കുടുംബപേക്ഷിത ശുശ്രൂഷയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്.

കരുണാമയന്‍ പദ്ധതിയുടെ ഉദ്‌ഘാടനം ഫിഷറീസ്‌ വകുപ്പ്‌ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നിർവഹിച്ചു.

പൊതുയോഗത്തിന് ലത്തീന്‍ അതിരൂപത മെത്രാന്‍ റൈറ്റ്. റവ.ഡോ. സൂസപാക്യം ആർച്ച്ബിഷപ്പ് അദ്ധ്യക്ഷ പ്രസംഗം നടത്തി. “സമൂഹത്തിലെ എല്ലാവരേയും തുല്യരായി കണ്ട ക്രിസ്‌തുവിന്റെ മനോഭാവത്തോടെ ഏകസ്ഥരും വിലപ്പെട്ടവരാണെന്ന സന്ദേശം നൽകുക എന്ന ലക്ഷ്യമാണ്‌ കരുണാമയനിലൂടെ ആഗ്രഹിക്കുന്നതെന്ന്‌ ആർച്ച്ബിഷപ്പ് പ്രഖ്യാപിച്ചു.

പ്രശസ്‌ത കലാസാഹിത്യക്കാരന്‍ സൂര്യകൃഷ്‌ണമൂര്‍ത്തിയാണ് മുഖ്യപ്രഭാഷണം നടത്തിയത്. “സംസ്‌കാരം എന്നത്‌ മറ്റുളളവരുടെ കണ്ണീർ തുടച്ചു മാറ്റുന്നതാണെന്ന്‌” അദ്ദേഹം ഓർമ്മിപ്പിച്ചു.

തുടർന്ന്‌ അതിരൂപതയുടെ വിവിധ ഇടവകകളിൽ നിന്നും കണ്ടെത്തിയ 600 ഓളം ഏകസ്ഥരില്‍ തിരഞ്ഞെടുക്കപ്പെട്ട 30 പേര്‍ക്ക്‌ ആദ്യഘട്ട ധനസഹായം ആർച്ച് ബിഷപ്പ് സൂസപാക്യം  വിതരണം ചെയ്‌തു. അതുപോലെ, ചടങ്ങിനു പങ്കെടുത്ത എല്ലാ ഏകസ്ഥർക്കും സ്‌നേഹോപകാരവും നൽകി.

തുടർന്ന്, പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി സദസ്സില്‍ വച്ച്‌ ആർച്ച് ബിഷപ്പ് രൂപതാംഗങ്ങളില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചു.

കേരള യൂണിവേഴ്‌സിറ്റി മുൻ പ്രോചാൻസിലറും ലത്തീന്‍ അതിരൂപത കുടുംബപ്രേക്ഷിത ശുശ്രൂഷ കഴക്കൂട്ടം ഫെറോന സെക്രട്ടറിയുമായ ഡോ.എസ്‌. കെവിൻ ചടങ്ങിന്‌ സന്ദേശം നല്‍കി. ഏകസ്ഥരുടെ മാതൃക പ്രതിനിധിയായി സെലിൻ മേഴ്‌സിനും പദ്ധതിയ്ക്ക് ആശംസകളർപ്പിച്ചു.

പൊതുയോഗത്തിന് ലത്തീന്‍ അതിരൂപത ഓഖി കോർ ടീം കൺവീനർ ഫാ. തിയോഡേഷ്യസ്‌ അലക്‌സ്‌ സ്വാഗതവും, അതിരൂപത കുടുംബപ്രേഷിത ശുശ്രൂഷ ഡയറക്‌ടര്‍ ഫാ. എ.ആർ. ജോൺ നന്ദിയുമർപ്പിച്ചു.

അതിരൂപതയിലെ എല്ലാ ഏകസ്ഥര്‍ക്കും താങ്ങും തണലുമായി എല്ലാ മാസവും ധനസഹായം, കൗണ്‍സിലിംഗ്‌ തുടങ്ങിയവ നല്‍കുന്ന പദ്ധതിയാണ്‌ “കരുണാമയൻ”. വരും നാളുകളിൽ പദ്ധതി വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്നതിൽ സംശയമില്ല.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker