Daily Reflection

ഏപ്രിൽ 13: കയ്യഫാസ്

വളഞ്ഞ വരകളിലൂടെ നേർവര വരക്കുന്നവനാണ് ദൈവം

ഇന്നത്തെ ദിവ്യബലിമധ്യേ, യേശുവിനെ വധിക്കാൻ യഹൂദർ നടത്തുന്ന ആലോചനയെകുറിച്ചാണ് വായിച്ചുകേൾക്കുന്നത് (യോഹന്നാൻ 11:45-56). ആലോചനയ്ക്കിടയ്ക്ക്, “ജനം മുഴുവൻ നശിക്കാതിരിക്കാനായി അവർക്കുവേണ്ടി ഒരുവൻ മരിക്കുന്നതു യുക്തമാണെന്ന്” പ്രധാന പുരോഹിതനായ കയ്യഫാസ് ഉപദേശിക്കുന്നു. എന്നാൽ, ഈ ഉപദേശം ഒരു പ്രവചനമായിരുന്നെന്നാണ് സുവിശേഷകൻ സാക്ഷ്യപ്പെടുത്തുന്നത്. പ്രധാന പുരോഹിതൻ, തന്റെ വസ്ത്രത്തിൽ സൂക്ഷിച്ചിരുന്ന ഉറീം, തുമീം എന്നിവ വഴിയാണ് ദൈവത്തിന്റെ ഹിതം അറിഞ്ഞു തീരുമാനങ്ങൾ പ്രവചിച്ചിരുന്നത് (പുറ 28:30; സംഖ്യ 27:21). അതനുസരിച്ചായിരുന്നു ദൈവജനമായ ഇസ്രായേൽ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത്. ഇതാ ഇവിടെ, പ്രധാന പുരോഹിതൻ കയ്യഫാസ് നൽകിയ ഒരു ഉപദേശം മനുഷ്യരക്ഷയെ സംബന്ധിച്ച്
ദൈവത്തിന്റെ തീരുമാനം വെളിവാക്കുന്ന ഒരു പ്രവചനമായി മാറുന്നു. സുവിശേഷകൻ അല്പംകൂടി വിശദമാക്കികൊണ്ട് പറയുന്നു “ജനത്തിനുവേണ്ടി മാത്രമല്ല, ചിതറിക്കിടക്കുന്ന ദൈവമക്കളെ ഒരുമിച്ചു കൂട്ടുന്നതിന് വേണ്ടിയും”.

കയ്യഫാസിന്റെ വാക്കുകൾക്കു രണ്ട് തരത്തിലുള്ള അർത്ഥതലങ്ങൾ ഉണ്ടായിരുന്നു: ഒന്ന്; യേശുവിന്റെ മരണത്തിലൂടെ രാഷ്ട്രീയമായ സമാധാനവും, അങ്ങനെ ഇസ്രയേലിന്റെ നിലനിൽപ്പും ഉറപ്പാക്കാം എന്ന ഭാവേന കയ്യഫാസ് ആഗ്രഹിച്ചിരുന്നത് യേശുവിനെ കൊന്ന് ആ പ്രശ്നകാരനെ ഒഴിവാക്കുക എന്നായിരുന്നു. രണ്ട്; യേശുവിന്റെ കുരിശിലുള്ള മരണത്തിലൂടെ രക്ഷ സാധ്യമാക്കി, പുതിയ ഇസ്രയേലിന്റെ അടിസ്ഥാനമിടുന്നതിന്റെ പ്രഖ്യാപനമായിട്ടായിരുന്നു ദൈവിക പദ്ധതിയിലെ അർത്ഥം. ഈ രണ്ടാമത്തെ അർത്ഥതലം കയ്യഫാസിനു അറിയില്ലായിരുന്നു. ഒരു പ്രശ്നക്കാരനെ ഒഴിവാക്കാൻ കയ്യഫാസ് നൽകിയ ഉപദേശം, ദൈവം താൻ പദ്ധതിയിട്ടിരിക്കുന്ന രക്ഷയെകുറിച്ചുള്ള പ്രവചനമാക്കി മാറ്റുന്നു. മനുഷ്യൻ കാണുന്നതും തീരുമാനിക്കുന്നതും ഒരു കാര്യം; എന്നാൽ ദൈവം വിഭാവനം ചെയ്യുന്നത് മറ്റൊന്നും.

നാം പലപ്പോഴും കേട്ടിട്ടുള്ള വചനമാണ്, വളഞ്ഞ വരകളിലൂടെ നേർവര വരക്കുന്നവനാണ് ദൈവമെന്ന്. നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ഏതൊരു സംഭവവും ദൈവത്തിന്റെ പദ്ധതിയുടെ പൂർത്തീകരണമാണ് എന്ന് കാണാൻ സാധിക്കട്ടെ. ഒരു പക്ഷെ, പലതും സംഭവിക്കുമ്പോൾ ഇത് എന്തുകൊണ്ട് എന്ന് ചോദിക്കാനേ മനുഷ്യന് സാധിക്കൂ. എന്നാൽ, ഇതിനും ദൈവിക പദ്ധതിയിൽ ഒരു ലക്ഷ്യമുണ്ടെന്നു മനസ്സിലാക്കാൻ ആഴമായ വിശ്വാസം ആവശ്യമാണ്. ദൈവിക പദ്ധതി നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാകാൻ നമുക്ക് നമ്മെതന്നെ അവിടുത്തെ കരങ്ങളിലേക്ക് വിട്ടുകൊടുക്കാം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker