Sunday Homilies

ഒരേ ദേവാലയം- ഒരേസമയം. രണ്ട് രീതിയിലെ പ്രാർത്ഥനകൾ

ഒരേ ദേവാലയം- ഒരേസമയം. രണ്ട് രീതിയിലെ പ്രാർത്ഥനകൾ

ആണ്ടുവട്ടം മുപ്പതാം ഞായർ

ഒന്നാം വായന : പ്രഭാ. 35:15b -17,20-22a
രണ്ടാം വായന :2 തിമോ 4:6-8,16-18
സുവിശേഷം: വി.ലൂക്ക 18:9-14.

ദിവ്യബലിക്ക് ആമുഖം

“ഞാൻ നന്നായി പൊരുതി; എന്റെ ഓട്ടം പൂർത്തിയാക്കി; വിശ്വാസം കാത്തു”. എന്ന പൗലോസ് അപ്പോസ്തോലൻ തൻറെ ജീവിതത്തിൽ കുറിച്ച് പറയുന്ന വാക്കുകൾ നാം ഇന്ന് രണ്ടാമത്തെ വായനയിൽ ശ്രവിക്കുന്നു. ആത്മീയ ജീവിതം നന്നായി പൊരുതാനും വിശ്വാസം കാത്തുസൂക്ഷിക്കുവാനും പ്രാർത്ഥന അത്യന്താപേക്ഷിതമായതിനാൽ, പ്രാർത്ഥനയിലും, ജീവിതത്തിലും പുലർത്തേണ്ട എളിമ യെക്കുറിച്ച് “ഫരിസേയന്റെയും ചുങ്കക്കാരന്റെയും” ഉപമയിലൂടെ യേശു നമ്മെ പഠിപ്പിക്കുന്നു. അനാഥന്റെയും, വിധവയുടെയും, വിനീതന്റെയും പ്രാർത്ഥനകൾ ദൈവം ഒരിക്കലും അവഗണിക്കുകയില്ലെന്ന ഉറപ്പ് ഇന്നത്തെ ഒന്നാം വായനയും നൽകുന്നു. തിരുവചനം ശ്രവിക്കാനും ദിവ്യബലി അർപ്പിക്കാനുമായി നമുക്ക് ഒരുങ്ങാം.

ദൈവവചന പ്രഘോഷണകർമ്മം

യേശുവിൽ സ്നേഹംനിറഞ്ഞ സഹോദരി സഹോദരന്മാരെ,

പ്രാർത്ഥനയെകുറിച്ചുള്ള പാഠങ്ങൾ യേശു തുടരുന്നു. കഴിഞ്ഞ ഞായറാഴ്ച നിരന്തരമായി പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് (വിധവയുടെ യും ന്യായാധിപന്റെയും ഉപമ) പഠിപ്പിച്ചതെങ്കിൽ ഈ ഞായറാഴ്ച “ഫരിസേയന്റെയും ചുങ്കക്കാരന്റെയും” ഉപമയിലൂടെ പ്രാർത്ഥനയിൽ നാം എന്ത് മനോഭാവമാണ് സ്വീകരിക്കേണ്ടത് അഥവാ നമ്മുടെ പ്രാർഥനകൾ കേൾക്കപ്പെടാൻ യോഗ്യമാക്കപ്പെടുന്നതെങ്ങനെ എന്ന് പഠിപ്പിക്കുന്നു. പ്രാർത്ഥനയെകുറിച്ചുള്ള പാഠങ്ങൾ കൂടുതൽ മനസ്സിലാക്കാൻ നമുക്കീവചനങ്ങളെ വിചിന്തനം ചെയ്യാം.

ഒരേ ദേവാലയത്തിൽ പ്രാർത്ഥിക്കുന്ന രണ്ട് പേരാണ് ഉപമയിലെ കഥാപാത്രങ്ങൾ ഈ വ്യക്തികളെയും, അവർ ഉൾപ്പെടുന്ന സമൂഹത്തെയും, അവയുടെ അന്തരവും, അവരുടെ പ്രാർത്ഥനകളുടെ വ്യത്യാസങ്ങളും നമുക്ക് മനസ്സിലാക്കാം.

ആരാണ് ഫരിസേയർ?

അറമായ – ഹിബ്രു മൂല രൂപത്തിൽ നിന്ന് ഉരുത്തിരിഞ്ഞ് ഗ്രീക്കിൽ “ഫാരിസായൊസ് “എന്ന വാക്കിൽ നിന്നാണ് “ഫരിസേയർ” എന്ന വാക്ക് വരുന്നത്. ഈ വാക്കിന്റെ അർത്ഥം തന്നെ “വേർതിരിക്കപ്പെട്ടവർ, മാറ്റിനിർത്തപ്പെട്ടവർ” എന്നാണ്.ഇവരുടെ പേര് അർത്ഥമാക്കുന്നത് പോലെതന്നെ ഇവർ സമൂഹത്തിൽ മറ്റുള്ളവരിൽനിന്ന് വേർതിരിക്കപ്പെട്ടവരാണ്. പ്രത്യേകിച്ചും പാപികളിൽ നിന്ന് വേർതിരിക്കപ്പെട്ട വർ. ഫരിസേയർ എന്നത് യഹൂദമതത്തിലെ ഒരു ഭക്ത പ്രസ്ഥാനം പോലെയായിരുന്നു. ഒരു പ്രാരംഭ പരിശീലനത്തിനുശേഷം മോശയുടെ നിയമങ്ങളും വരമൊഴിയായ പാരമ്പര്യങ്ങളും അക്ഷരംപ്രതി അനുസരിക്കാമെന്നവർ പ്രതിജ്ഞ ചെയ്യുന്നു. യഹൂദ മതഗ്രന്ഥത്തിലെ 613 നിയമങ്ങളും അതിന്റെ വ്യാഖ്യാനങ്ങളും പാലിക്കുക മാത്രമല്ല നിയമങ്ങളിൽ പറയാത്ത കാര്യങ്ങൾ കൂടുതൽ ചെയ്ത കർശനമായ ജീവിതം നയിക്കുന്നു.ഉദാ: യഹൂദ നിയമത്തിൽ വർഷത്തിൽ ഒരു പ്രാവശ്യം (പാപപരിഹാരദിനം) ഉപവസിക്കാൻ ആവശ്യപ്പെടുമ്പോൾ ഫരിസേയർ ആഴ്ചയിൽ രണ്ടു പ്രാവശ്യം (തിങ്കളാഴ്ചയും വ്യാഴാഴ്ചയും) ഉപവസിച്ചിരുന്നു. അവരുടെ സമ്പത്തിന്റെ (ധാന്യം, വീഞ്ഞ്,എണ്ണ) തുടങ്ങിയവയുടെ ദശാംശം ദൈവത്തിനും ദേവാലയത്തിനും കൊടുക്കുന്ന കാര്യത്തിൽ അവർ കാണിശ ക്കാരായിരുന്നു.

ആരാണ് ചുങ്കക്കാർ?

ഭരിക്കുന്ന റോമക്കാർ ക്കുവേണ്ടി ഭരിക്കപ്പെടുന്ന തദ്ദേശികളായ സ്വന്തം ജനത്തോട് ചുങ്കം (നികുതി) പിരിക്കുന്നവരായിരുന്നു ചുങ്കക്കാർ. സ്വന്തം കീശ വീർപ്പിക്കാൻ അമിതമായ നികുതി ഈടാക്കുന്നതും വിദേശികളായ റോമർക്ക് വേണ്ടിയുള്ള ജോലിയും സമൂഹത്തിൽ അവർക്ക് മോശമായ ഒരു സ്ഥാനം നൽകി. വിദേശികളുമായുള്ള സമ്പർക്കം മൂലം ഭക്തരായ യഹൂദർ ചുങ്കക്കാരെ കള്ളന്മാരും കൊള്ളക്കാരുമായി സാമ്യപ്പെടുത്തി. അശുദ്ധ രായി കണക്കാക്കി. (സുവിശേഷത്തിൽ നാം കാണുന്ന സക്കേവൂസ് ഒരു ചുങ്കക്കാരൻ ആയിരുന്നു).

രണ്ട് പ്രാർത്ഥനകളുടെ വ്യത്യാസം

ഒറ്റനോട്ടത്തിൽ തന്നെ രണ്ട് പ്രാർത്ഥനകളുടെയും വ്യത്യാസം നമുക്ക് മനസ്സിലാകും. ഫരിസേയന്റെ പ്രാർത്ഥന, പ്രാർത്ഥനയേക്കാളുപരി സ്വയം പുകഴ്ത്തലാണ്. ദൈവത്തിന് നന്ദി പറയുന്നു എന്ന രീതിയിൽ തുടങ്ങുന്നെങ്കിലും സ്വന്തം ജീവിതശൈലിയെ പൊങ്ങച്ച രൂപത്തിൽ അവതരിപ്പിക്കാനും, അതേ ദേവാലയത്തിൽ തന്നെയുള്ള ചുങ്കക്കാരനുമായി തന്നെ തന്നെ താരതമ്യപ്പെടുത്തി സ്വയം മഹത്വം ഉള്ളവനായി ചിത്രീകരിക്കുകയും ചെയ്യുന്നു. ദൈവശാസ്ത്രജ്ഞന്മാർ പറയുന്നത് അയാളുടെ പ്രാർത്ഥന ഒരു പ്രാർത്ഥനയേ അല്ല എന്നാണ്. ഒരാൾ ഒറ്റയ്ക്കിരുന്ന് സ്വയം പുകഴ്ത്തി സംസാരിക്കുന്നത് പോലെയാണത്. എന്നാൽ, ചുങ്കക്കാരന്റെ പ്രാർത്ഥന ശരീരഭാഷ കൊണ്ടുപോലും ഒരു എളിമയുടെ പ്രാർത്ഥനയാണ്. ദൂരെനിന്ന്, സ്വർഗ്ഗത്തിലേക്ക് കണ്ണുകൾ ഉയർത്താൻ പോലും ധൈര്യപ്പെടാതെ, മാറത്തടിച്ചു കൊണ്ടവൻ പ്രാർത്ഥിക്കുന്നു. “ദൈവമേ പാപിയായ എന്നിൽ കനിയേണമേ” എന്ന പ്രാർത്ഥന  അനുതാപിയുടെ പ്രാർത്ഥനയാണ്. സങ്കീർത്തനം:50,51ലും 19.9 ലും ഈ പ്രാർത്ഥനയുണ്ട്. ചുങ്കക്കാരന് അവന്റേതെന്ന് പറഞ്ഞ് അവകാശപ്പെടാൻ ഒന്നുമില്ല, അവനെല്ലാം ദൈവ തിരുസന്നിധിയിൽ സമർപ്പിക്കുകയാണ്.

ധ്യാനം

പ്രാർത്ഥനയുടെ അടിസ്ഥാന മനോഭാവം എളിമയാണ്. സ്വയം താഴ്ത്തി ദൈവത്തിന്റെ മുന്നിൽ എളിമപ്പെട്ടത് കൊണ്ടാണ് ചുങ്കക്കാരൻ നീതികരിക്കപ്പെട്ടവനായി വീട്ടിലേക്ക് മടങ്ങുന്നത്. ഇതിലൂടെ “എളിമ” വെറും ഒരു പുണ്യം മാത്രമല്ലെന്നും, മറിച്ച് പ്രാർത്ഥനയുടെ അവിഭാജ്യഘടകമാണെന്നും യേശു പഠിപ്പിക്കുന്നു. ദേവാലയം മനുഷ്യനെ നീതീകരിക്കുന്ന സ്ഥലമാണ്. ഫരിസേയനും ചുങ്കക്കാരനും ദൈവത്തിന്റെ നീതീകരണം അന്വേഷിച്ചു, ആഗ്രഹിച്ചു എന്നാൽ ചുങ്കക്കാരൻ മാത്രമേ ലഭിക്കുന്നുള്ളൂ. ലോകത്തെ പ്രാർത്ഥനയിലൂടെ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് അത് സ്വന്തം ജീവിതത്തിലൂടെ ആരംഭിക്കാൻ പഠിപ്പിക്കുന്നതാണ് ഈ ഉപമ.

അതോടൊപ്പം, ദൈവം വിനീതന്റെ പ്രാർത്ഥന കേൾക്കുന്നവനാണെന്ന് ഇന്നത്തെ ഒന്നാം വായനയും സാക്ഷ്യപ്പെടുത്തുന്നു. പ്രഭാഷകൻ പറയുന്നത് “സ്വർഗ്ഗത്തിൽ ഇരിക്കുന്ന ദൈവസന്നിധിയിലേക്ക് തുളച്ചുകയറിയെത്തപ്പെടുന്നതാണ് വീനിതന്റെ പ്രാർത്ഥന എന്നാണ്. നമ്മുടെ ദൈവം ദരിദ്രരോട് പക്ഷപാതം കാണിയ്ക്കാത്തവനും, വിധവകളുടെയും അനാഥരുടെയും പ്രാർത്ഥനകൾ അവഗണിയ്ക്കാത്തവനാണെന്നും, പഴയനിയമ വായന നമ്മെ ഓർമ്മിപ്പിക്കുന്നു. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ മാത്രമാണ് ഫരിസേയന്റെയും ചുങ്കക്കാരന്റെയും ഉപമ ഉള്ളത്. ഈ ഉപമ യേശു പറയുന്നത് ഫരിസേയരോടുമല്ല ചുങ്കക്കാരോടുമല്ല മറിച്ച് യേശുവിനെ അനുഗമിച്ചിരുന്ന യേശുവിൻറെ ചുറ്റും ഉണ്ടായിരുന്നവരിൽ തങ്ങൾ നീതിമാന്മാർ ആണ് എന്ന ധാരണയിൽ തങ്ങളിൽ തന്നെ ആശ്രയിക്കുകയും മറ്റുള്ളവരെ പുച്ഛിക്കുകയും ചെയ്യുന്നവരോടാണ്. അതായത് ഇന്ന് ഈ വചനം ശ്രവിക്കുന്ന നമ്മോടെല്ലാവരോടും. ചുങ്കക്കാരന്റെ ചുരുങ്ങിയ വാക്കുകളിലെ പ്രാർത്ഥനയും, എളിമയും, അവനെ ദൈവത്തിന്റെ മുമ്പിൽ നീതീ കരിക്കുന്നവനാക്കി, ദൈവം അവനെ ഉയർത്തി. ആദിമ ക്രൈസ്തവ സഭയോടും, ഇന്നത്തെ നമ്മുടെ സഭയോടും വിശുദ്ധ ലൂക്കാ പറയുന്നതും ഇതുതന്നെയാണ്: സഭയിലും, ദേവാലയത്തിലും, സമൂഹത്തിലും തന്നെ തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും, തന്നെ തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും.

ഈ ഉപമ നമുക്ക് വിചിന്തനത്തിനായി നൽകിക്കൊണ്ട്, നമ്മുടെ പ്രാർത്ഥനയും വിശ്വാസജീവിതവും വിശകലനം ചെയ്യാൻ തിരുസഭ നമ്മെ ക്ഷണിക്കുകയാണ്. നമ്മുടെ ഉള്ളിൽ  ഈ ഫരിസേയനും ചുങ്കക്കാരനും ഉണ്ട്. അതിൽ ഫരിസേയ മനോഭാവത്തെ ഒഴിവാക്കാനും ചുങ്കക്കാരന്റെ പ്രാർത്ഥനാ മനോഭാവത്തെ മാതൃകയാക്കാനും നമുക്ക് പരിശ്രമിക്കാം, പ്രാർത്ഥിക്കാം.

ആമേൻ

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker