Vatican

കത്തോലിക്കാ സഭ കമ്യൂണിസത്തെ “ആത്യന്തികമായ തെറ്റ്” എന്ന് പഠിപ്പിക്കാനുള്ള 5 കാരണങ്ങൾ  

കത്തോലിക്കാ സഭ കമ്യൂണിസത്തെ "ആത്യന്തികമായ തെറ്റ്" എന്ന് പഠിപ്പിക്കാനുള്ള 5 കാരണങ്ങൾ  

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: പത്തൊമ്പതാം നൂറ്റാണ്ടുമുതൽ സഭ കമ്യൂണിസത്തെ പറ്റി പഠിപ്പിച്ചത് ‘അത് സാമൂഹ്യ വ്യവസ്ഥയുടെ നന്മയ്ക്ക് വിരുദ്ധമായതും, ക്രിസ്തുമത ചിന്തകളോട് പൊരുത്തപ്പെടാത്തതും, പൂർണമായ തെറ്റാണെന്നുമാണ്’. ഈ പഠനത്തെ ശക്തമായി ഊന്നി പറഞ്ഞത് പിയൂസ് പതിനൊന്നാമൻ പാപ്പയാണ്. അദ്ദേഹം 1937-ൽ തന്റെ ചാക്രിയ ലേഖനമായ ‘ഡിവിനി റിഡംപ്റ്റോറീസി”ൽ കമ്മ്യൂണിസത്തിനെതിരെ മുന്നറിയിപ്പ് നൽകുന്നത് ഇങ്ങനെയാണ്: ‘വിശ്വാസികൾ ഒരു വിധേനയും വഞ്ചിക്കപ്പെടാൻ അനുവദിക്കരുത്. കമ്മ്യൂണിസം ആത്യന്തികമായി തെറ്റാണ്. അതിനാൽ ക്രിസ്ത്യൻ സംസ്കാരത്തെ സ്നേഹിക്കുകയും, അത് സംരക്ഷിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്ന ആരും, കമ്മ്യൂണിസവുമായി ഒരു വിധേനയും സഹകരിക്കാൻ പാടില്ല’.

കമ്മ്യൂണിസത്തെ തിരുസഭ തെറ്റായി വിധിക്കാനുള്ള 5 കാരണങ്ങൾ:

1) സ്വകാര്യസ്വത്ത് സ്വാഭാവികമായ മനുഷ്യാവകാശമാണ്

സ്വകാര്യസ്വത്ത് മനുഷ്യ മാഹാത്മ്യം സംരക്ഷിക്കുന്ന അധ്വാനത്തിന്റെ സ്വാഭാവിക ഫലമാണ്. സ്വകാര്യസ്വത്ത് ഒരു വ്യക്തിക്ക് തന്റെ വ്യക്തിപരവും കുടുംബപരവുമായ അവകാശങ്ങളുടെ നിർവഹണത്തിന് അത്യന്താപേക്ഷിതമായ അന്തസ്സ് നേടിക്കൊടുക്കുന്നു. അങ്ങനെ സാമൂഹികവും ജനാധിപത്യപരവുമായ സാമ്പത്തിക നയത്തിന്റെ അമൂല്യ ഘടകമായ സ്വകാര്യസ്വത്ത്, യഥാർത്ഥ സാമൂഹ്യവ്യവസ്ഥിതി ഉറപ്പുവരുത്തുന്നു (CSDC 176) പ്രസിദ്ധമായ ചാക്രിയ ലേഖനം ‘റേരും നൊവോരും’ 1891-ൽ പ്രസിദ്ധീകരിച്ചു കൊണ്ട് ലിയോ പതിമൂന്നാമൻ പാപ്പാ ഊന്നിപ്പറഞ്ഞത് ഇങ്ങനെയാണ്: സ്വകാര്യസ്വത്ത് ഒഴിവാക്കുന്ന നടപടികൾ നീതിയുക്തമല്ലാത്തവയാണ്, എന്തെന്നാൽ അവ നിയമപരമായ ഉടമസ്ഥന്റെ ഉടമസ്ഥാവകാശം കൊള്ളയടിക്കുകയും, ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളെ വികലമാക്കുകയും, സമൂഹത്തിൽ വലിയ ആശയകുഴപ്പങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

2) കമ്മ്യൂണിസം സബ്സിഡിയാരിറ്റിയെ ലംഘിക്കുന്നു

സമൂഹത്തിലെ സുപ്രധാന ഘടകങ്ങളുടെ കേന്ദ്രീകൃതമായ നിയന്ത്രണം ഏറ്റെടുക്കുന്നതാണ് കമ്മ്യൂണിസത്തിന്റെ പ്രവർത്തന സ്വഭാവം. ഇത് കത്തോലിക്കാ സാമൂഹിക പഠനങ്ങളുടെ ഏറ്റവും പ്രധാനപെട്ട തത്വങ്ങളിൽ ഒന്നായ സബ്സിഡിയാരിറ്റിയെ ലംഘിക്കുന്നു.

എന്താണ് സബ്സിഡിയാരിറ്റി?

പീയൂസ് പതിനൊന്നാമൻ പാപ്പാ ഇപ്രകാരം നിർവചിച്ചിരിക്കുന്നു: ഓരോ വ്യക്തിയും തങ്ങളുടെ പരിശ്രമത്താലും വ്യവസായത്താലും നേടുവാൻ സാധിക്കുന്നവയെ അവരിൽ നിന്നും എടുത്ത് ഒരു സമൂഹത്തിന് മേലെ നൽകുന്നത് എത്രത്തോളം ഗുരുതരമായ തെറ്റാണോ, അതുപോലെതന്നെ, നീതിരഹിതവും അതേസമയം, ഗുരുതരമായ തിന്മയും ശരിയായ വ്യവസ്ഥയിലെ തടസ്സപ്പെടുത്തലുമാണ്, ചെറുതും കീഴ്‌ഘടകങ്ങളുമായ സംഘടനകൾക്ക് ചെയ്യാൻ കഴിയുന്നവയെ വലുതും ഉയർന്നതുമായ സമിതികൾക്ക് നൽകുന്നത്. ഓരോ സാമൂഹികപ്രവർത്തനവും അതിന്റെ സ്വഭാവത്താൽ തന്നെ സമൂഹത്തിലെ അംഗങ്ങൾക്ക് സഹായം നൽകുവാൻ ഉള്ളതാകണം, അല്ലാതെ നശിപ്പിക്കാനോ മേലാളസമീപനത്തോടെ സ്വാംശീകരിക്കാൻ വേണ്ടിയോ ആകരുത്.

3) സഭയുടെ മേൽപീഡനം

സഭ കമ്മ്യൂണിസത്താൽ പീഡിപ്പിക്കപ്പെടുന്നു. കാരണം, സഭ ദൈവത്തിൽ വിശ്വസിക്കുന്നു, ഒപ്പം ഭരണകൂടത്തിൽ നിന്നും വേറിട്ട ദൈവശക്തിയുടെ കേന്ദ്രമായി നിലകൊള്ളുന്നു. ദൈവവിശ്വാസത്തെയും ദൈവശക്തിയെയും നിരാകരിക്കുന്ന കമ്യൂണിസത്തെയും, ഉട്ടോപ്യൻ ചിന്തകളെയും സഭ നിരസിക്കുന്നതിനാൽ കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ എപ്പോഴും കത്തോലിക്കാസഭയെ ആക്രമിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്നു. സോവിയറ്റ് യൂണിയൻ മാത്രം ലക്ഷക്കണക്കിന് ക്രിസ്ത്യാനികളെ വിശ്വാസത്തിന്റെ പേരിൽ കൊലപ്പെടുത്തിയിട്ടുണ്ട്.

4) നിരീശ്വരവാദം

കമ്യൂണിസ്റ്റുകാർ സാധാരണയായി ദൈവത്തിന്റെ അസ്തിത്വത്തെ പരസ്യമായി നിഷേധിക്കുന്നവരും, “ദൈവമില്ല” എന്ന് പറയുന്നവരും ആണ്. കമ്യൂണിസ്റ്റുകാർ ഈ ‘നിഷേധത്താൽ’ ഒരു സമൂഹത്തിന് രൂപം നൽകാൻ ശ്രമിക്കുന്നു. നിരീശ്വരവാദം തെറ്റാണ്, അതിന്മേൽ രൂപംകൊണ്ടിട്ടുള്ള അനീതിയും അക്രമവും നാശവും മുഖമുദ്രയാക്കിയ ഒരു ലോക വികാരത്തെയും കത്തോലിക്കരായ നാം സ്വീകരിക്കരുത്, അവയെ പരാജയപ്പെടുത്തണം.

5) വർഗ്ഗസമരം തെറ്റാണ് അനിവാര്യമല്ല

ക്ലാസ്സ് യുദ്ധം, മൂലപാപമായ അസൂയയെ പ്രോത്സാഹിപ്പിക്കുന്ന, ‘നിങ്ങൾ-നമ്മൾ’ മാനത്തെ ആധാരമാക്കിയുള്ളതുമാണ്. എല്ലാമനുഷ്യരും അവർ ആയിരിക്കുന്ന അവസ്ഥയെ അവഗണിച്ചുകൊണ്ട് ത്യാഗ പ്രവർത്തനങ്ങളിൽ സഹകരിക്കാനാണ് വിളിക്കപ്പെട്ടിരിക്കുന്നത്.
വർഗ്ഗങ്ങൾ തമ്മിലുള്ള വിരോധം വലിയ തെറ്റാണ്. ലിയോ പതിമൂന്നാമൻ പാപ്പാ  ഇപ്രകാരം പഠിപ്പിക്കുന്നു: “സമ്പന്നരും തൊഴിലാളികളും സ്വഭാവത്താൽ, പരസ്പരം കലഹിച്ച് ജീവിക്കാൻ ഉദ്ദേശിച്ചുള്ളവരാണ് എന്ന് കമ്യൂണിസം കരുതുന്നു. എന്നാൽ ഈ കാഴ്ചപ്പാട് തികച്ചും യുക്തിവിരുദ്ധവും തെറ്റുമാണ്. യഥാർത്ഥത്തിൽ സത്യം മറ്റൊന്നാണ്. ഓരോരുത്തർക്കും മറ്റോരോരുത്തരെയും ആവശ്യമാണ്. തൊഴിലിന് മൂലധനവും, മൂലധനത്തിന് തൊഴിലും ആവശ്യമാണല്ലോ! പരസ്പര ധാരണകൾ സന്തുലിതാവസ്ഥയും പ്രയോജനവും ഉണ്ടാക്കും. എന്നാൽ, ശാശ്വതസംഘർഷങ്ങൾ ആശയക്കുഴപ്പങ്ങളും, സംസ്കാരശൂന്യമായ ദുഷ്ടതയും ഉണ്ടാക്കും”.

ഫ്രാൻസിസ് പാപ്പ ഫെബ്രുവരി 15-ന്, ഹംഗേറിയയിൽ കമ്മ്യൂണിസ്റ് ഭരണകൂടത്തിനെതിരെ 50 വർഷത്തിലധികം മത സ്വാതന്ത്ര്യത്തിനായി പൊരുതി, വർഷങ്ങളോളം ജയിൽ ശിക്ഷ അനുഭവിച്ച് ഒടുവിൽ നാടുകടത്തപ്പെട്ട്, വിശ്വാസത്തിന്റെ പേരിൽ ധീരനായ കാർഡിനൽ ജോസഫ് മിൻഡ്സെന്റിയെ (1892-1975) വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയിരുന്നു. അദ്ദേഹം കമ്മ്യൂണിസത്തിനെതിരെ സഭക്കായി എടുത്ത ശക്തമായ ചുവടുവയ്പുകൾ ഇന്നിന്റെ മാതൃകയാക്കാൻ പോന്നവയാണ്. കമ്മ്യൂണിസ്റ് യുക്തിവാദികളോട് യാതൊരു വിധ സഹുഷ്‌ണതക്കും തുനിയാതെ, കമ്മ്യൂണിസം ആത്യന്തിക തിന്മയാണെന്ന് ലോകത്തോട് വിളിച്ചുപറയാനും അതിനെതിരെ ശക്തമായി എതിർക്കാനും അദ്ദേഹം മുതിർന്നു. കമ്മ്യൂണിസ്റ് അനുഭാവികളായ വൈദീകരെ സ്ഥാനഭ്രഷ്ടരാക്കാൻ പോലും അദ്ദേഹം ഭയപ്പെട്ടില്ല. തിന്മക്കെതിരെ സത്യത്തിനും വിശ്വാസത്തിനും വേണ്ടി നിലകൊള്ളേണ്ടതാണ് ഓരോ ക്രൈസ്തവന്റെയും ധർമ്മം എന്ന് സഭ എക്കാലവും ഓർമിപ്പിച്ചിരുന്നു. ഇന്നും ഓർമിപ്പിക്കുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker