Kerala

കള്ളക്കേസിൽ ജാർഖണ്ഡ് ജയിലിൽ അടയ്ക്കപ്പെട്ട ഫാ.സ്റ്റാൻ സ്വാമിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കെ.എൽ.സി.എ. ആലപ്പുഴ രൂപതാ സമിതിയുടെ ഉപവാസ സമരം

ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്ത് മനുഷ്യാവകാശ ധ്വംസനങ്ങളുടെ എണ്ണം വർദ്ധിച്ചു വരുന്ന ഒരു കാലഘട്ടമാണ്...

ജോസ് മാർട്ടിൻ

ആലപ്പുഴ: കള്ളക്കേസിൽ ജാർഖണ്ഡ് ജയിലിൽ അടയ്ക്കപ്പെട്ട ഫാ.സ്റ്റാൻ സ്വാമിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കെ.എൽ.സി.എ. ആലപ്പുഴ രൂപതാ സമിതി ആലപ്പുഴ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ ഉപവാസ സമരം നടത്തി. ആലപ്പുഴ രൂപത വികാരി ജനറൽ മോൺ.പയസ് ആറാട്ടുകുളം ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ജാർഖണ്ഡ് സംസ്ഥാനത്ത് ആദിവാസികളുടെ ഇടയിൽ പ്രവർത്തിക്കുന്ന ഈശോസഭാ വൈദികനായ ഫാ.സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്ത് തടങ്കലിൽ വച്ചിരിക്കുന്നത് ഒട്ടും ന്യായീകരിക്കാനാവാത്തതാണെന്നും, അദ്ദേഹത്തെ ഉടൻ തന്നെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യയിൽ എല്ലായിടങ്ങളിലും, കേരളത്തിലും നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായിട്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ ആലപ്പുഴ രൂപതാ ഘടകവും ഇന്നിവിടെ ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ഒരു ഉപവാസ സമരം ആരംഭിച്ചിരിക്കുകയാണ്.

ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്ത് മനുഷ്യാവകാശ ധ്വംസനങ്ങളുടെ എണ്ണം വർദ്ധിച്ചു വരുന്ന കാലഘട്ടമാണ്. കേന്ദ്രഗവൺമെന്റിനെതിരായി വിമർശനങ്ങൾ ആരു നടത്തുന്നുവോ അവരെ ഉടനെ നോട്ടപ്പുള്ളികളാക്കുകയും, ഏതെങ്കിലുമൊക്കെ കള്ളക്കേസിൽ കുടുക്കി തടങ്കലിൽ വയ്ക്കുകയും ചെയ്യുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ കഴിഞ്ഞ കുറേ നാളുകളായിട്ട് ഇന്ത്യയിൽ നടന്നുവരുന്നുണ്ട്. ഇവിടെ മനുഷ്യാവകാശത്തിനു വേണ്ടി നിലകൊള്ളുകയും, ആദിവാസികളുടെ ജന്മാവകാശങ്ങളിൽ കടന്നുകയറി, അവ കൈക്കലാക്കാൻ പരിശ്രമിക്കുകയും ചെയ്യുന്ന വിധ്വംസക ശക്തികൾക്കെതിരെ സമാധാനപരമായും, നിയമപരമായും പോരാടി കൊണ്ടിരുന്ന ഒരു വൈദികനെയാണ് ഇങ്ങനെ ഒരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ആദിവാസികൾക്കെതിരെ നടത്തുന്ന ചൂഷണങ്ങൾക്കും, അവരുടെ ഭൂമി കൈക്കലാക്കുന്നതിനുവേണ്ടി പരിശ്രമിക്കുന്ന മാഫിയാ സംഘങ്ങൾക്കുമെതിരെ ആദിവാസികൾ സംസാരിച്ചാൽ, അവരെ മാവോയിസ്റ്റുകളെന്ന് മുദ്രകുത്തുന്ന ഒരു തന്ത്രം അവിടെ പ്രയോഗിച്ചു കൊണ്ടിരിക്കുന്നതിന്റെ കൂട്ടത്തിൽ തന്നെയാണ് അദ്ദേഹത്തെയും ഇങ്ങനെ തടങ്കലിലാക്കി ഇരിക്കുന്നത്. പൊതു ജനങ്ങളുടെ മുൻപിൽ ഇത് ന്യായമാണെന്ന് തോന്നിപ്പിക്കാൻ വേണ്ടിയുള്ള എളുപ്പവഴിയാണ് മാവോയിസ്റ്റ് ബന്ധം സ്ഥാപിക്കുക എന്നുള്ളത്, അത് ഭരണകൂടങ്ങൾ എപ്പോഴും പ്രയോഗിക്കുന്ന ഒരു തന്ത്രമാണ്.

അദ്ദേഹത്തിൻറെ ഇതപര്യന്തമുള്ള പ്രവർത്തനങ്ങളെ നിഷ്പക്ഷമായി വിലയിരുത്തുമ്പോഴാണ്‌ നമുക്ക് മനസ്സിലാകുന്നത് ഇത് വേറെ ഏതോ കുബുദ്ധികളുടെ പ്രേരണയാൽ നടത്തിയിട്ടുള്ള ഒരു അറസ്റ്റ് ആണെന്നാണ് അതുകൊണ്ട് അദ്ദേഹത്തെ എത്രയും വേഗം വിട്ടയയ്ക്കുക എന്നുള്ളത് ജനാധിപത്യത്തിലും, മനുഷ്യാവകാശ ത്തിലുമൊക്കെ വിശ്വസിക്കുന്ന ഇന്ത്യയിലെ ഏതൊരു പൗരനും അവശ്യം ചെയ്തിരിക്കേണ്ട കാര്യമാണ്.
ഇന്നു ഞാൻ നാളെ നീ എന്നു പറയുന്നതുപോലെ ആരെ എപ്പോൾ എവിടെവച്ച് ഗവൺമെൻറ് അവർക്ക് അനിഷ്ടകരമായ രീതിയിൽ ചിന്തിക്കുകയോ, പ്രവർത്തിക്കുകയോ എഴുതുകയോ ഒക്കെ ചെയ്യുന്നവരെ ഇങ്ങനെയുള്ള കപട നിയമവ്യവസ്ഥകളുടെ പേരു പറഞ്ഞ് അറസ്റ്റ് ചെയ്തു തടങ്കലിൽ ഇടുക എന്നുള്ളത് ഭരണകൂടങ്ങൾ എക്കാലത്തും നിർവഹിച്ചു പോന്നിട്ടുള്ള ഒരു തന്ത്രമാണ്. അദ്ദേഹത്തിനെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ നിഷ്പക്ഷമായി അന്വേഷിച്ച് അതിൽ കഴമ്പില്ല എന്ന് സ്ഥാപിക്കപ്പെടും എന്നത് തീർച്ചയാണ്. ഈയൊരു മനുഷ്യാവകാശ ധ്വംസനത്തെ പ്രത്യേകിച്ച് ഗവൺമെന്റുകൾ പോലും കയ്യൊഴിഞ്ഞിട്ടുള്ള ആദിവാസികളുടെ ജീവിത നിലവാരം ഉയർത്തുന്നതിന് വേണ്ടി ഇതപര്യന്തം പ്രവർത്തിച്ചുവരുന്ന അദ്ദേഹത്തെ എത്രയും വേഗം വിട്ടയക്കണമെന്നും വികാരി ജനറൽ മോൺ.പയസ്‌ ആറാട്ടുകുളം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

രൂപത പ്രസിഡന്റ് പി.ജി.ജോൺ ബ്രിട്ടോ, ഡയറക്ടർ ഫാ.ജോൺസൺ പുത്തൻ വീട്ടിൽ, ജനറൽ സെക്രട്ടറി ഇ.വി.രാജു ഈരേശ്ശേരിൽ, വൈസ് പ്രസിഡന്റ് സാബു വി.തോമസ് എന്നിവർ പ്രസംഗിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker