Kerala

കാനോൻ നിയമം ഇന്ത്യയിൽ ബാധകമല്ലെന്ന് പ്രഖ്യാപിക്കണം – ഹർജി നൽകിയ ആൾക്ക് കേരള ഹൈക്കോടതിയുടെ 25,000 രൂപ പിഴ

ഇക്കാലമത്രയും സഭയുടെ സ്വത്ത് വകകള്‍ കൈകാര്യം ചെയ്യപ്പെട്ടത് രാജ്യത്തിന്റെ നിയമമനുസരിച്ചായതിനാല്‍ കോടതിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും കോടതി...

സ്വന്തം ലേഖകൻ

എറണാകുളം: ഇന്ത്യയില്‍ കത്തോലിക്കാസഭയുടെ കാനോന്‍ നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത വ്യക്തിക്ക് കേരള ഹൈക്കോടതി 25000 രൂപ പിഴ വിധിച്ചു. കത്തോലിക്കാസഭയുടെ കാനോന്‍ നിയമപ്രകാരം സഭയുടെ സ്വത്തിന് മേല്‍ പരിശുദ്ധപിതാവിനും വത്തിക്കാനും അധികാരമുണ്ട് എന്നത്, രാജ്യത്തിന്റെ പരമാധികാരത്തെയും ഭരണഘടനയെയും ലംഘിക്കുകയാണെന്നായിരുന്നു അനൂപ് എം.എസ്. എന്ന വാദിയുടെ പക്ഷം. ഇന്ത്യയില്‍ നടക്കുന്ന സഭയുടെ വസ്തുഇടപാടുകളിന്മേല്‍ പാപ്പായ്ക്ക് നിയന്ത്രണാധികാരങ്ങളുണ്ടാകാന്‍ പാടില്ലെന്നും ഇയാൾ വാദിച്ചു.

ഇന്ത്യയിലുള്ള വസ്തുവകകളുടെ മേൽ വത്തിക്കാന് അധികാരം നൽകുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്നും, പള്ളി വക വസ്തുക്കൾ പബ്ലിക് ട്രസ്റ്റ് ആണെന്നും അതിന്റെ ക്രയവിക്രയത്തിന് സിവിൽ നിയമ നടപടി വകുപ്പ് 92 പ്രകാരം കോടതിയുടെ അനുവാദം വാങ്ങണമെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

എന്നാല്‍, സഭയുടെ സ്വത്ത് പൊതുട്രസ്റ്റുകളായിട്ടാണ് കൈകാര്യം ചെയ്യപ്പെടുന്നതെന്നും ആയതിനാല്‍ അവയുടെ സമ്പാദനവും വില്പനയും രാജ്യത്തിന്റെ നിയമത്തിന് വിധേയമായിത്തന്നെയാണ് നടത്തപ്പെടുന്നതെന്നും കോടതിയെ ധരിപ്പിച്ചതിനാല്‍ കോടതി കേസ് തള്ളുകയാണുണ്ടായത്. ഹർജി തള്ളിയ കോടതി ‘ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 26 എല്ലാ മതവിഭാഗങ്ങൾക്കും ഇന്ത്യയുടെ നിയമങ്ങൾക്കനുസൃതമായി ഭൂമി ആർജിക്കാനുള്ള മൗലിക അവകാശം ഉണ്ട് എന്നും സൂചിപ്പിച്ചു’; ഇതായിരുന്നു ചീഫ് ജസ്റ്റിസ് റിഷികേശന്‍ റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിരീക്ഷണം. ഇക്കാലമത്രയും സഭയുടെ സ്വത്ത് വകകള്‍ കൈകാര്യം ചെയ്യപ്പെട്ടത് രാജ്യത്തിന്റെ നിയമമനുസരിച്ചായതിനാല്‍ കോടതിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും കോടതി പറഞ്ഞു.

തുടര്‍ന്ന്, പരാതിക്കാരന്‍ കത്തോലിക്കാസഭാംഗമല്ലാത്തതിനാല്‍ ഇത്തരമൊരു പരാതി ഉന്നയിക്കപ്പെടേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ കോടതി, പരാതിക്കാരന്റെ ഉദ്ദേശം വിലകുറഞ്ഞ പബ്ലിസിറ്റിയാണെന്നും പ്രസ്താവിച്ചു. ആയതിനാല്‍, പരാതിക്കാരന്‍ അടിസ്ഥാനരഹിതമായി ഇത്തരം ആരോപണങ്ങളോടെ ഇനിയും കോടതിയെ സമീപിക്കരുതെന്ന താക്കീതോടെ 25000 രൂപ പിഴ വിധിച്ചുകൊണ്ട് കേസ് കോടതി തള്ളിക്കളഞ്ഞു. പിഴ രണ്ടാഴ്ചയ്ക്കുള്ളിൽ ലീഗൽ സർവീസ് അതോറിറ്റിയിലേക്ക് കെട്ടിവയ്ക്കാത്ത പക്ഷം ഹർജിക്കാരനെതിരെ റവന്യൂ റിക്കവറി നടപടികൾ ഉണ്ടാവുമെന്നും പറഞ്ഞു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker