Articles

കാവിക്കുകീഴിൽ ക്രിസ്ത്യാനികൾ സുരക്ഷിതരോ?

ക്രൈസ്തവ പീഡനങ്ങൾ ഏറ്റവും കൂടുതൽ അരങ്ങേറുന്ന അമ്പതു രാജ്യങ്ങളിൽ പത്താം സ്ഥാനത്താണ് ഇന്ത്യ...

ഫാ.ജോഷി മയ്യാറ്റിൽ

പ്രകോപനത്തിന് അടിപ്പെടുമ്പോഴാണ് മനുഷ്യർ കടുംകൈ ചെയ്തുപോകുന്നത്. തങ്ങളോട് ചിറ്റമ്മനയം പുലർത്തുന്ന ഇടത്തു-വലത്തുമുന്നണികളോട് ക്രൈസ്തവർക്ക് കടുത്ത അമർഷമുണ്ടെന്നതിൽ രണ്ടു പക്ഷമില്ല. ഇടത്തുമുന്നണി അതു തിരിച്ചറിഞ്ഞ് കഴിഞ്ഞ അഞ്ചാറു മാസങ്ങളായി ക്രൈസ്തവസഭകളെ കൂട്ടി നിറുത്താൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. വലത്തുമുന്നണി കാണിക്കുന്നത് തികച്ചും പ്രകോപനപരമായ മണ്ടത്തരവും നിസ്സംഗതയുമാണ്. ഈ പശ്ചാത്തലം ക്രൈസ്തവരിൽ ചിലരെ കടുംകൈക്കു പ്രേരിപ്പിക്കുന്നു എന്നത് അനിഷേധ്യമായ ഒരു കാലികയാഥാർത്ഥ്യമാണ്.

പക്ഷേ, ഇത്തരം പ്രകോപനങ്ങൾക്കു മധ്യേയും ബിജെപിയോട് മൃദുസമീപനം സ്വീകരിക്കാൻ ചരിത്രബോധമോ നീതിബോധമോ ഉള്ള പൗരന്മാർക്ക് കഴിയുമോ? മതവർഗീയ ഫാസിസത്തിന്റെ ആർഎസ്എസ് രാഷ്ട്രീയത്തോട് ജനാധിപത്യ വിശ്വാസികൾക്ക് ആഭിമുഖ്യം പുലർത്താൻ കഴിയുന്നതെങ്ങനെ? ക്രൈസ്തവരെന്ന നിലയിലോ, ഈ ആഭിമുഖ്യം അല്പം പോലും സാധ്യമല്ലതന്നെ. കാരണങ്ങൾ നിരവധിയാണ്. കണ്ഡമാലും ഗ്രഹാം സ്റ്റെയിനും ഫാ.സ്റ്റാൻ സ്വാമിയുമെല്ലാം എങ്ങനെയാണ് ആർഎസ്എസ് ചിറകിൻ കീഴിൽ അഭയം തേടാൻ ക്രൈസ്തവരെ അനുവദിക്കുന്നത്? ക്രൈസ്തവ പീഡനങ്ങൾ ഏറ്റവും കൂടുതൽ അരങ്ങേറുന്ന അമ്പതു രാജ്യങ്ങളിൽ പത്താം സ്ഥാനത്താണ് മോദിയുടെ ഇന്ത്യയെന്ന World Watch List 2020 റിപ്പോർട്ട് വായിച്ചു മനസ്സിലാക്കാനാവാത്ത വിധം നിരക്ഷരരല്ലല്ലോ കേരള ക്രൈസ്തവർ.

ഫലം കാണുന്ന കുത്സിതശ്രമങ്ങൾ

മര്യാദകെട്ടതും ആക്രമണോത്സുകവും സർവാധിനിവേശപരവുമായ ഇസ്ലാമിസ്റ്റു നീക്കങ്ങൾ ക്രൈസ്തവരിൽ ഉളവാക്കുന്ന അസ്വസ്ഥതയും ഇക്കാര്യത്തിൽ കോൺഗ്രസ്സ് നേതൃത്വം കാണിക്കുന്ന കുറ്റകരമായ ഏകപക്ഷീയതയും കമ്മ്യൂണിസ്റ്റു സർക്കാർ നടപ്പിലാക്കുന്ന ജലീൽ അജണ്ടയും ഹിന്ദുത്വവർഗീയതയ്ക്കു പിന്നാലെ പോകാൻ ചിലരെ പ്രേരിപ്പിച്ചിട്ടുണ്ട് എന്നതു സത്യമാണ്. അവരും മോദി സർക്കാരിന്റെ സാമ്പത്തിക നയത്തിൽ ആകൃഷ്ടരായ മറ്റു ചിലരും കഴിഞ്ഞ നാലഞ്ചു വർഷങ്ങളായി, ബിജെപിയുടെ ആലയിലേക്കു ചേക്കേറണം എന്ന ആശയം ക്രൈസ്തവർക്കിടയിൽ പരത്താൻ സാമൂഹിക മാധ്യമങ്ങളിലൂടെ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. ക്രൈസ്തവ വിഷയങ്ങൾ ഗൗരവമായി ചർച്ച ചെയ്യുന്ന ചില വാട്ട്സാപ്പു ഗ്രൂപ്പുകളിൽ ഇത്തരം വാദഗതികൾ നിരന്തരം ഉയർത്തിക്കൊണ്ടിരുന്നവരെ സ്ഥിരമായി കാണാമായിരുന്നു. ക്രൈസ്തവ വിശ്വാസത്തെയും സഭാബോധത്തെയും നിഷ്പ്രഭമാക്കുന്ന സാമുദായിക ബോധം മാത്രമാണ് അക്കൂട്ടരെ നയിക്കുന്നത്.

എന്നാൽ, ചില ധ്യാനഗുരുക്കന്മാരുടെ അനുയായികൾ പൊളിറ്റിക്കൽ ഇസ്ലാമിനെ പ്രതിരോധിക്കാൻ സംഘടിതമായി ബിജെപി ചായ് വ് പ്രോത്സാഹിപ്പിക്കുന്ന കാഴ്ചയും കാണാമായിരുന്നു. ഇതിനായി ഒരു വിഭാഗം രൂപീകരിച്ച രാഷ്ട്രീയ സംഘടന മതധ്രുവീകരണത്തിന് ആക്കം കൂട്ടാനുതകുന്ന പ്രസ്താവനകളിലൂടെ ബുദ്ധിശൂന്യമായി മുന്നേറുകയാണ്. ഈസ്റ്ററിനുശേഷം രണ്ടു ദിവസം കഴിഞ്ഞ് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനെതിരേ ഇവർ ഇറക്കിയ പ്രസ്താവന ക്രൈസ്തവർക്കുണ്ടാക്കിയ നാണക്കേട് തിരിച്ചറിയാനുള്ള ബോധം പോലും ഇവരിൽനിന്നു പ്രതീക്ഷിക്കരുത്…

ഇതിനിടയിൽ, മെത്രാസന മന്ദിരങ്ങൾ തോറും കയറിയിറങ്ങി തങ്ങളുടെ ചിന്താഗതിയിലേക്ക് മെത്രാന്മാരെ ആകർഷിക്കാൻ ബിജെപി അനുഭാവികളായ ചില അപ്പോളജിസ്റ്റുകളും ശ്രമം നടത്തുന്നുണ്ടായിരുന്നു.

ഇവയ്ക്കെല്ലാം പുറമേ, ക്രൈസ്തവർ എന്ന ഒറ്റക്കൊടിക്കീഴിൽ അണിനിരക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് വിവിധ ക്രൈസ്തവ സഭകളിൽപ്പെട്ട ചെറുപ്പക്കാർ ഒരു സംഘടന രൂപീകരിക്കുകയും ക്രൈസ്തവരെ വെട്ടിലാക്കുന്ന രീതിയിൽ മോദീസ്തുതി മുതൽ ട്രംപുസ്തുതി വരെ പാടുകയും ചെയ്യുന്നുണ്ടായിരുന്നു.

ഇക്കൂട്ടരെയെല്ലാം നയിക്കുന്ന ഏക വികാരം ഇസ്ലാമിസ്റ്റുവിരുദ്ധതയാണ്. മോദി സർക്കാരിന്റെ ഏകാധിപത്യ ശൈലിയോ മതേതരത്വ വിരുദ്ധനയങ്ങളോ എക്സ്ട്രീം കാപ്പിറ്റലിസ്റ്റു രീതികളോ ക്രൈസ്തവവിരുദ്ധതയോ ഒന്നും ഇവർക്ക് വിഷയമേയല്ല.

ഇതിനിടയിൽ, ഇടത്തു-വലത്തുമുന്നണികളിൽ സ്ഥാനം കിട്ടാതെ പല്ലു പോയ ഒരു സിംഹം അലഞ്ഞു നടപ്പുണ്ടായിരുന്നു. ഗത്യന്തരമില്ലാതെ എൻഡിഎയിലേക്കു ചേക്കേറുന്ന അദ്ദേഹം ഇപ്പോൾ ക്രൈസ്തവരുടെ വക്താവായി സ്വയം ചമയുകയാണ്. സഭാനേതാക്കന്മാരെ അവഹേളിക്കുന്നതിൽ ഇതുവരെ ഇദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു എന്നതും ആർക്കും മറക്കാനാവില്ല. കുറെക്കാലമായി ഇസ്ലാമിക പ്രീണനം മുറയ്ക്കു നടത്തി രാഷ്ട്രീയ ലാഭം കൊയ്ത അദ്ദേഹം ഗതിയില്ലാതായപ്പോൾ ഇസ്ലാമികവിരുദ്ധനായി അഭിനയിക്കുകയാണ്.

ഇക്കൂട്ടരുടെയെല്ലാം പൊതുവായ ചിന്താഗതി, ഇസ്ലാമിസ്റ്റുവർഗീയതയ്ക്കെതിരേ ക്രൈസ്തവർക്കു സംരക്ഷണം തരാൻ ഹിന്ദുത്വശക്തികൾക്കേ കഴിയൂ എന്നതാണ്. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒരു പോലെ എതിർക്കപ്പെടേണ്ടതാണെന്ന സാമാന്യബോധം ഇവരില്ലെല്ലാം അതിശയകരമാം വിധം ഇല്ലാതായിരിക്കുന്നു!

മതേതരത്വത്തിന്റെ ക്രിസ്തു മനസ്സ്

ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം (പൊതുവേ കേരള രാഷ്ട്രീയത്തിൽ കാണുന്ന കപട മതേതരത്വം അല്ല) ഉയർത്തിപ്പിടിക്കാൻ ക്രിസ്ത്യാനികൾക്കാണ് ഏറ്റവും എളുപ്പം. കാരണം, സീസറിനും ദൈവത്തിനും നല്കേണ്ടതെന്തെന്ന് ക്രൈസ്തവനെ ക്രിസ്തുതന്നെ പഠിപ്പിച്ചിട്ടുണ്ട്. മതേതര രാഷ്ട്രീയത്തിന് ക്രിസ്തുവിനെപ്പോലെ സംഭാവന നൽകിയിട്ടുള്ള മതസ്ഥാപകർ ആരെങ്കിലുമുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. മതവും രാഷ്ട്രവും കൂട്ടിക്കുഴയ്ക്കുന്ന ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ക്രിസ്തുവിന്റെ മനസ്സിന് ചേർന്നതല്ല; ക്രൈസ്തവർക്ക് അല്പം പോലും സ്വീകാര്യവുമല്ല.

തലവന്മാരുടെ ശ്രദ്ധയ്ക്ക്

വിവേകവും സമചിത്തതയും യാഥാർത്ഥ്യബോധവും ഏറെ ആവശ്യമുള്ള സമയമാണിത്. മോദിയായും ശ്രീധരൻ പിള്ളയായും മുരളീധരനായും കുമ്മനമായും സുരേന്ദ്രനായും തില്ലങ്കേരിയായും നിങ്ങളുടെ മുന്നിൽ ആകർഷകരൂപത്തിൽ ട്രോജൻകുതിരകൾ എവിടെയും എത്തും. കുതിരപ്പാവകളെ തിരിച്ചറിയാനുള്ള മുന്നനുഭവം ട്രോയ്ക്കാർക്ക് ഉണ്ടായിരുന്നില്ല. നമുക്കാകട്ടെ, മുന്നനുഭവത്തിന്റെ കുറവൊന്നുമില്ല. ജനാധിപത്യത്തിനു മരണമണി മുഴങ്ങുന്നത് കേൾക്കാതിരിക്കാൻ മാത്രം ബധിരരല്ലല്ലോ നമ്മൾ…

അഭിവന്ദ്യരായ കർദിനാളന്മാരേ, “രാഷ്ട്രീയമായി ഈ സന്ദർശനത്തെ ആരും കാണരുത്” എന്ന് പ്രധാനമന്ത്രിയെ കാണാൻ പോകുന്നതിനു മുമ്പ് നിങ്ങൾ മാധ്യമങ്ങളോടു പറയുന്നതു കേട്ട് അഭിമാനം കൊണ്ടവരാണ് ഞങ്ങൾ. എന്നാൽ, സന്ദർശനത്തിനു ശേഷം ‘ബിജെപിയോടും അയിത്തമില്ല’ എന്നയർത്ഥത്തിൽ നിങ്ങൾ നടത്തിയ രാഷ്ട്രീയ പരാമർശം കേട്ട് അക്ഷരാർത്ഥത്തിൽ ഞങ്ങൾ ഞെട്ടുകയായിരുന്നു. ഭരണകർത്താക്കൾ എന്ന നിലയിൽ, നിലവിലുള്ള അധികാരത്തെ അംഗീകരിക്കുമ്പോൾത്തന്നെ അവർ മുന്നോട്ടുവയ്ക്കുന്ന മതാധിഷ്ഠിത രാഷ്ട്രീയത്തോടു ചേർന്നുനില്ക്കാൻ നമുക്ക് കഴിയുന്നതെങ്ങനെ? എന്നാൽ, കേരളം മാത്രം മുന്നിൽക്കണ്ട് ബിജെപിയോടു കൈ കോർക്കാൻ ക്രൈസ്തവർക്കാവില്ല എന്ന പ്രാഥമിക പാഠം പോലും പലരും മറന്നോ എന്നു സംശയിക്കത്തക്കവിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. ക്രൈസ്തവമെന്നു പലരും തെറ്റിദ്ധരിക്കുന്ന ഒരു രാഷട്രീയപ്പാർട്ടി പോലും നിർണായകമായ ഒരു ഘട്ടത്തിൽ അതിജീവിച്ച ബിജെപി സഖ്യ പ്രലോഭനത്തിൽ കേരളസഭാ നേതൃത്വം വീണുപോകുന്നു എന്ന പ്രതീതിയുളവാകുന്നതു പോലും ഖേദകരമാണ്.

താല്ക്കാലിക ലാഭം നോക്കി ആർഎസ്എസിനോടും ബിജെപിയോടും കൈകോർക്കാൻ സഭാനേതൃത്വത്തിൽ ആരെങ്കിലും തയ്യാറായാൽ നാസിസത്തിന്റെയും ഫാസിസത്തിന്റെയും ചരിത്രത്തെക്കുറിച്ചുള്ള മറവി നിങ്ങളെ ബാധിച്ചിരിക്കുന്നു എന്നു കരുതേണ്ടി വരും. ഭയം കൊണ്ടോ സ്ഥാപിത താൽപര്യംകൊണ്ടോ യൂറോപ്പിലെ നാസിസ-ഫാസിസ ശക്തികളോട് നിശ്ശബ്ദതയാൽ ചായ് വു കാണിച്ച പ്രാദേശികസഭകൾ പിൽക്കാലത്ത് അപ്രസക്തരും ലജ്ജിതരുമായിത്തീർന്നത് ഓർത്താൽ ആരെങ്കിലും ആ വഴിക്കു പോകുമോ?

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക

കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker