Meditation

കുഞ്ഞുങ്ങളുടെ കുരിശിന്റെ വഴി

കുഞ്ഞുങ്ങളുടെ കുരിശിന്റെ വഴി

പിതാവിന്റെയും പുത്രന്റെയും പരിശുധാത്മാവിന്റെയും നാമത്തിൽ.  ആമേൻ

പ്രാരംഭ പ്രാർത്ഥന

കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന ഈശോയെ, കുഞ്ഞു മനസ്സിന്റെ നൊമ്പരങ്ങൾ ഒപ്പി എടുക്കാൻ വന്നവനാണല്ലോ നീ, കുരിശിന്റെ വഴിയിൽ നിന്റെ അമ്മയോടൊപ്പം നിന്നെ ആശ്വസിപ്പിക്കാൻ ഞാനും ആഗ്രഹിക്കുന്നു. ഈ കുരിശിന്റെ വഴിയിൽ ഭക്തിയോടും ശ്രദ്ധയോടും പ്രാർത്ഥിക്കാൻ എനിക്കു കൃപ നൽകണമേ.

ഒന്നാം സ്ഥലം

ഈശോ മരണത്തിനു വിധിക്കപ്പെടുന്നു

ഈശോ തെറ്റുകൾ ഒന്നും ചെയ്തട്ടില്ല എങ്കിലും നിരവധി കുറ്റങ്ങൾ അവന്റെമേൽ ആരോപിച്ചിരിക്കുന്നു. ഈശോ സ്വയം ന്യായീകരിക്കുന്നില്ല. മനുഷ്യ പാപങ്ങൾക്കു പരിഹാരമായി മരിക്കണമെന്നു ഈശോയ്ക്കു അറിയാം.

പ്രാർത്ഥന:
ഈശോയെ, തെറ്റു ചെയ്യുമ്പോൾ ന്യായീകരിക്കുന്ന സ്വഭാവം എനിക്കുണ്ട്. സത്യസന്ധമായി ജീവിക്കാൻ എന്നെ പഠിപ്പിക്കണമേ. എന്റെ കൂട്ടുകാരുടെ തെറ്റുകൾ ക്ഷമിക്കുവാനും അവരെ സ്നേഹിക്കുവാനും എനിക്കു കൃപ നൽകണമേ.

കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന ഈശോയെ, ലോകമെമ്പാടുമുള്ള കുഞ്ഞുങ്ങളോടു കരുണയായിരിക്കണമേ.

രണ്ടാം സ്ഥലം

ഈശോ കുരിശു ചുമക്കുന്നു

ഈശോയുടെ കുരിശു വലുതും ഭാരമുള്ളതുമാണ്. അതു വഹിക്കുക കഠിനമായിരുന്നു. ആരെയും കുറ്റപ്പെടുത്താതെ ഈശോ വലിയ മരക്കുരിശു കാൽവരി മലമുകളിലേക്കു ചുമന്നു.

പ്രാർത്ഥന:
ഈശോയെ ചിലപ്പോൾ പഠനവും വീട്ടുജോലികളും എനിക്കു ബുദ്ധിമുട്ടായി തോന്നുമ്പോൾ ഞാൻ പരാതിപ്പെടാറുണ്ട്. ഈശോയെ പരാതി കൂടാതെ ജീവിക്കാൻ എന്നെ പരിശീലിപ്പിക്കണമേ.

കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന ഈശോയെ, ലോകമെമ്പാടുമുള്ള കുഞ്ഞുങ്ങളോടു കരുണയായിരിക്കണമേ.

മൂന്നാം സ്ഥലം

ഈശോ ഒന്നാം പ്രാവശ്യം വീഴുന്നു

ഈശോ കുരിശുമായി ആദ്യം വീണപ്പോൾ മാരകമായി മുറിവേറ്റു. അതു അവനെ ഭയങ്കരമായി തളർത്തി. എങ്കിലും അവൻ വീണ്ടും എഴുന്നേൽക്കുകയും  എനിക്കു വേണ്ടി കുരിശു ചുമക്കുകയും ചെയ്തു.

പ്രാർത്ഥന:
ഈശോയെ, പഠനത്തിലോ കളികളിലോ പരാജയപ്പെടുമ്പോൾ ഞാൻ നിരാശനാകാറുണ്ട്. ഈശോ മുറിവേറ്റവനായിരുന്നെങ്കിലും തോൽപ്പിക്കപ്പെട്ടവനായിരുന്നില്ല. ഈശോയെ പ്രത്യാശിക്കുന്ന ഈ മനോഭാവം എനിക്കും നൽകണമേ.

കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന ഈശോയെ, ലോകമെമ്പാടുമുള്ള കുഞ്ഞുങ്ങളോടു കരുണയായിരിക്കണമേ.

നാലാം സ്ഥലം

ഈശോ വഴിയിൽ വച്ചു തന്റെ മാതാവിനെ കാണുന്നു

ഈശോയുടെ സഹനങ്ങൾ കണ്ട് അവന്റെ അമ്മയായ മറിയം അതീവ ദു:ഖിതയാണ്. അമ്മയെ കുരിശിന്റെ വഴിയിൽ ഈശോ കണ്ടുമുട്ടിയപ്പോൾ അതു അവനു ചെറിയ സന്തോഷം നൽകി. പരിശുദ്ധ അമ്മ അത്രമാത്രം ഈശോയെ സ്നേഹിച്ചിരുന്നു.

പ്രാർത്ഥന:
ഈശോയെ, എന്റെ മാതാപിതാക്കൾ എന്നെ വളരെയധികം സ്നേഹിക്കുന്നു, ചിലപ്പോൾ അവരുടെ സ്നേഹം മനസ്സിലാക്കാതെ ഞാൻ അവരെ വേദനിപ്പിക്കാറുണ്ട്. ഈശോയെ എന്നോടു ക്ഷമിക്കണമേ. നീ മാതാപിതാക്കളെ  അനുസരിച്ചു ജീവിച്ചതുപോലെ ജീവിക്കാൻ എന്നെയും പഠിപ്പിക്കണമേ.

കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന ഈശോയെ, ലോകമെമ്പാടുമുള്ള കുഞ്ഞുങ്ങളോടു കരുണയായിരിക്കണമേ.

അഞ്ചാം സ്ഥലം

ശിമയോൻ ഈശോയെ സഹായിക്കുന്നു

ശിമയോൻ ഈശോയെ സഹായിക്കാൻ വന്നതല്ല, മറിച്ചു അവിടെ എന്താന്നു നടക്കുന്നതെന്നു കാണാൻ വന്ന ആളാണ്. പടയാളികൾ ഈശോയുടെ കുരിശു വഹിക്കാൻ അവനോടു ആജ്ഞാപിച്ചു, ശിമയോൻ അതനുസരിച്ചു ഈശോയക്കു ചെറിയ ആശ്വാസം നൽകുന്നു.

പ്രാർത്ഥന:
ഈശോയെ, ചില സമയങ്ങളിൽ എന്റെ മാതാപിതാക്കളോ, സഹോദരങ്ങളോ, കൂട്ടുകാരോ സഹായം ആവശ്യപ്പെടുമ്പോൾ ഞാൻ അതു ചെയ്യാറില്ല. എന്നോടു ക്ഷമിക്കണമേ, ഈശോയെ ശിമയോനെപ്പോലെ സഹായം ആവശ്യമുള്ളവരെ സഹായിക്കാൻ എന്നെ സഹായിക്കണമേ.

കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന ഈശോയെ, ലോകമെമ്പാടുമുള്ള കുഞ്ഞുങ്ങളോടു കരുണയായിരിക്കണമേ.

ആറാം സ്ഥലം

വെറോനിക്കാ ഈശോയുടെ തിരുമുഖം തുടയ്ക്കുന്നു

ഈശോയെ വളരെയധികം സ്നേഹിച്ചിരുന്ന വെറോനിക്കാ പടയാളികളുടെ എതിർപ്പു വകവയ്ക്കാതെ ഈശോയെ സഹായിക്കാൻ ഓടിയെത്തുന്നു. അവളുടെ സ്നേഹവും അനുകമ്പയും എല്ലാവിധ ഭയങ്ങളെയും മറികടക്കുന്നതാണ്.

പ്രാർത്ഥന:
ഈശോയെ, എനിക്കു നിന്നെ വെറോനിക്കയെപ്പോലെ സ്നേഹിക്കണം. മറ്റുള്ളവരെ ധൈര്യപൂർവ്വം സ്നേഹിക്കുവാനും സഹായിക്കുവാനും എനിക്കു കൃപ നൽകണമേ.

കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന ഈശോയെ, ലോകമെമ്പാടുമുള്ള കുഞ്ഞുങ്ങളോടു കരുണയായിരിക്കണമേ.

ഏഴാം സ്ഥലം

ഈശോ രണ്ടാം പ്രാവശ്യം വീഴുന്നു

കുരിശിന്റെ ഭാരം താങ്ങാനാവാതെ ഈശോ വീണ്ടും നിലത്തു വീഴുന്നു. അത്രയ്ക്കു കഠിനമായിരുന്നു ഈശോ സഹിച്ച പീഡകൾ. പക്ഷേ അതൊന്നും ലക്ഷ്യം പൂർത്തീകരിക്കാൻ ഈശോയ്ക്കു തടസ്സം നിൽക്കുന്നില്ല.

പ്രാർത്ഥന:
ഈശോയെ, എന്നെ ബലഹീനമാക്കുന്ന, വേദനപ്പിക്കുന്ന എല്ലാ കുരിശുകളെയും നീ ഏറ്റെടുക്കണമേ, നിന്നോടു ചേർന്നു എന്റെ കൊച്ചു കുരിശുകളെ വഹിക്കാൻ എന്നെ പഠിപ്പിക്കണമേ.

കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന ഈശോയെ, ലോകമെമ്പാടുമുള്ള കുഞ്ഞുങ്ങളോടു കരുണയായിരിക്കണമേ.

എട്ടാം സ്ഥലം

ഈശോ ജറുസലേം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു

വളരെയധികം ആളുകൾ ഈശോയ്ക്ക് എതിരായിരുന്നു, പക്ഷെ ഒരു ചെറിയ ഗണം അവനെ അനുഗമിച്ചു. അവർ അവന്റെ വിശ്വസ്തരായ സുഹൃത്തുക്കൾ ആയിരുന്നു. ഈശോ ആശ്വസിപ്പിച്ച ജറുസലേം പട്ടണത്തിലെ സ്ത്രീകളും ഈ ഗണത്തിൽ പെടുന്നവരായിരുന്നു.

പ്രാർത്ഥന:
ഈശോയെ ഒരു വിശ്വസ്തനായ/ വിശ്വസ്തയായ ഒരു കൂട്ടുകാരനോ/ കൂട്ടുകാരിയോ ആകാൻ എന്നെ പഠിപ്പിക്കണമേ. എന്റെ കൂട്ടുകാർ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുമ്പോൾ അവരെ ആത്മാർത്ഥമായി സഹായിക്കാൻ എനിക്കു കൃപ നൽകണമേ.

കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന ഈശോയെ, ലോകമെമ്പാടുമുള്ള കുഞ്ഞുങ്ങളോടു കരുണയായിരിക്കണമേ.

ഒൻപതാം സ്ഥലം

ഈശോ  മൂന്നാം പ്രാവശ്യം വീഴുന്നു

ഈശോ മൂന്നാം പ്രാവശ്യവും നിലത്തു വീഴുന്നു, പടയാളികൾ ആരും അവനെ സഹായിക്കുന്നില്ല. അവർ അവനെ മുറവിളിക്കുകയും മർദ്ദിക്കുകയും ചെയ്യുന്നു.  ഈശോ ഇതുകൊണ്ടൊന്നും അസ്വസ്ഥനാകുന്നില്ല. അവൻ അവരോടു ക്ഷമിക്കുകയാണു ചെയ്തത്.

പ്രാർത്ഥന:
ഈശോയെ ചിലപ്പോൾ ചില വ്യക്തികൾ മുറിപ്പെടുത്തുന്ന വാക്കുകൾ എന്നോടു പറയുകയോ പ്രവർത്തിക്കുകയോ ചെയ്യാറുണ്ട്. ഈശോയെ, അവരോടു നീ ക്ഷമിച്ചു പോലെ ക്ഷമിക്കുവാൻ എന്നെ സഹായിക്കണമേ.

കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന ഈശോയെ, ലോകമെമ്പാടുമുള്ള കുഞ്ഞുങ്ങളോടു കരുണയായിരിക്കണമേ.

പത്താം സ്ഥലം

ഈശോയുടെ വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കുന്നു

മറ്റുള്ളവരുടെ മുമ്പിൽ നഗ്നനായി നിൽക്കപ്പെടുക വളരെ അപമാനകരമാണ്. പക്ഷേ ഈശോ അപമാനിതനായില്ല. കാരണം തന്റെ സ്വർഗ്ഗീയ പിതാവ് തന്നെയും അവിടെയുഉള്ള എല്ലാവരെയും സ്നേഹിക്കുന്നുവെന്നു ഈശോയക്കു അറിയാമായിരുന്നു.

പ്രാർത്ഥന:
ഈശോയെ, എത്രമാത്രം നീയും നിന്റെ പിതാവും എന്നെ സ്നേഹിക്കുന്നുണ്ടന്നു അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. നീ എന്നെ സ്നേഹിക്കുന്നതു കൊണ്ടു ഞാൻ ഒരിക്കലും ആകുലപ്പെടുകയോ ലജ്ജിതനാവുകയോ ഇല്ല. നിന്റെ സ്നേഹ വലയത്തിൽ നിന്നും ഒരുനാളും അകന്നുപോകാൻ എന്നെ അനുവദിക്കല്ലേ.

കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന ഈശോയെ, ലോകമെമ്പാടുമുള്ള കുഞ്ഞുങ്ങളോടു കരുണയായിരിക്കണമേ.

പതിനൊന്നാം സ്ഥലം

ഈശോ കുരിശിൽ തറയ്ക്കപ്പെടുന്നു

പടയാളികൾ കരിശോടു ചേർത്തു ഈശോയുടെ കൈകളിലും കാലുകളിലും ആണി തറയ്ക്കുന്നു. അവർ ഈശോയെ കുരിശിൽ ഉയർത്തി സ്ഥാപിച്ചപ്പോൾ എത്രമാത്രം വേദന ഈശോ സഹിച്ചു കാണും?

പ്രാർത്ഥന:
ഈശോയെ, ധാരാളം ആളുകൾ രോഗങ്ങൾ, ദാരിദ്ര്യം, പ്രകൃതി ദുരിതങ്ങൾ, അക്രമണം തുടങ്ങിയ കാരണങ്ങളാൽ അനുദിനം സഹിക്കുന്നു. ഈശോയെ വേദനിക്കുന്നവരെ ഇന്നേ ദിവസം നീ സമാശ്വസിപ്പിക്കണമേ.

കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന ഈശോയെ, ലോകമെമ്പാടുമുള്ള കുഞ്ഞുങ്ങളോടു കരുണയായിരിക്കണമേ.

പന്ത്രണ്ടാം സ്ഥലം

ഈശോ കുരിശിൻമേൽ തൂങ്ങി മരിക്കുന്നു

ഈശോ കുരിശിൽ മരിച്ചപ്പോൾ ഭൂമിയിലെങ്ങും അന്ധകാരം നിറഞ്ഞു, ഭൂമികുലുക്കമുണ്ടായി. ഇതു കണ്ട ജനങ്ങൾ ഭയചകിതരായി. ഈശോ തെറ്റു ചെയ്യാത്തവനായിരുന്നു എന്നും തങ്ങൾക്കാണ് സത്യത്തിൽ തെറ്റുപറ്റിയതെന്നും അവർ മനസ്സിലാക്കി.

പ്രാർത്ഥന:
ഈശോയെ, എന്നോടു എപ്പോഴും ക്ഷമിക്കുന്ന നിന്നെ എനിക്കു ഒത്തിരി ഇഷ്ടമാണ്. ഞാൻ തെറ്റു ചെയ്താൽ അത് ഏറ്റു പറഞ്ഞു ക്ഷമ ചോദിക്കാനും നന്മയിൽ വളരാനും എന്നെ സഹായിക്കണമേ.

കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന ഈശോയെ, ലോകമെമ്പാടുമുള്ള കുഞ്ഞുങ്ങളോടു കരുണയായിരിക്കണമേ.

പതിമൂന്നാം സ്ഥലം

ഈശോയുടെ മൃതദേഹം മാതാവിന്റെ മടിയിൽ കിടത്തുന്നു

ഈശോയുടെ മൃതദേഹം മാതാവിന്റെ മടിയിൽ കിടത്തുന്നു. തന്റെ പ്രിയപുത്രന്റെ ജീവനറ്റ ശരീരം കരങ്ങളിൽ വഹിച്ചപ്പോൾ മറിയം അനുഭവിച്ച സങ്കടം എത്രയോ ഹൃദയഭേദകം.

പ്രാർത്ഥന:
ഈശോയെ, നിന്റെ കുരിശിന്റെ യാത്രയിൽ പരിശുദ്ധ അമ്മ കൂട്ടിനുണ്ടായിരുന്നു. അതു നിനക്കു ശക്തിയായിരുന്നു. എന്റെ ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും നിന്റെ അമ്മയുടെ കരം പിടിച്ചു നടക്കാൻ എനിക്കു കൃപ നൽകണമേ.

കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന ഈശോയെ, ലോകമെമ്പാടുമുള്ള കുഞ്ഞുങ്ങളോടു കരുണയായിരിക്കണമേ.

പതിനാലാം സ്ഥലം

ഈശോയുടെ മൃതദേഹം കല്ലറയിൽ സംസ്കരിക്കുന്നു

എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും തകിടം മറിയുമ്പോൾ ഈശോയാണു നമ്മുടെ ഏക പ്രതീക്ഷ, അവനിലാണ് പുതു ജീവന്റെ ആരംഭം.

പ്രാർത്ഥന:
ഈശോയെ, നീ മരണത്തെ പരാജയപ്പെടുത്തി പുതിയ ജീവൻ എനിക്കു നൽകി, നിനക്കൊരായിരം നന്ദി. നിന്നെ ഞാൻ എന്റെ ഏറ്റവും വലിയ കൂട്ടുകാരനായി/കൂട്ടുകാരിയായി സ്വീകരിക്കുന്നു. നിന്നിൽ നിന്നകന്നു പോകാൻ എന്നെ അനുവദിക്കരുതേ.

കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന ഈശോയെ, ലോകമെമ്പാടുമുള്ള കുഞ്ഞുങ്ങളോടു കരുണയായിരിക്കണമേ.

സമാപന പ്രാർത്ഥന

മാനസാന്തരപ്പെട്ടു ശിശുക്കളെപ്പോലെ ആകാൻ ആവശ്യപ്പെട്ട ഈശോയെ, എന്റെ ഈ കൊച്ചു കുരിശിന്റെ വഴിയിൽ നീ തന്ന അനുഗ്രഹങ്ങൾക്കു ഞാൻ നന്ദി പറയുന്നു. എനിക്കു വേണ്ടി പീഡസഹിക്കുകയും മരിക്കുകയും ഉത്ഥാനം ചെയ്യുകയും ചെയ്ത ഈശോയെ എന്റെ ജീവിതത്തിന്റെ രക്ഷകനും നാഥനുമായി ഞാൻ സ്വീകരിക്കുന്നു. ഒരുനാളും നിന്നിൽ നിന്നകന്നു പോകാൻ എന്നെ അനുവദിക്കരുതേ.

1സ്വർഗ്ഗസ്ഥനായ പിതാവേ….
1നന്മ നിറഞ്ഞ മറിയം….
1 ത്രിത്വ സ്തുതി..

                                       ആമ്മേൻ

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker