Vatican

കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച് ഫ്രാന്‍സിസ് പാപ്പാ നൽകുന്ന 9 നിര്‍ദ്ദേശങ്ങള്‍

കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച് ഫ്രാന്‍സിസ് പാപ്പാ നൽകുന്ന 9 നിര്‍ദ്ദേശങ്ങള്‍

ഫാ.വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച് ഫ്രാന്‍സിസ് പാപ്പാ വിളിച്ചുകൂട്ടിയ സഭാധികാരികളുടെ ത്രിദിന രാജ്യാന്തര സംഗമം സമാപിച്ചു. ഫെബ്രുവരി 21-ന് ആരംഭിച്ച രാജ്യാന്തര സംഗമം 24-ന് രാവിലെ വത്തിക്കാനിലെ “സാലാ റേജിയ”യില്‍ (Sala Regia) സമൂഹബലി അര്‍പ്പിച്ചുകൊണ്ട് സമാപിച്ചു. ദിവ്യബലിമദ്ധ്യേ വചന വിചിന്തനാന്ത്യത്തില്‍ കുട്ടികളുമായി ബന്ധപ്പെട്ട ലൈംഗിക പീഡനക്കേസുകളുടെ വിപത്തിനെ സാന്ദര്‍ഭികമായി സംഗ്രഹിച്ചുകൊണ്ട് പ്രായോഗികമായി ശ്രദ്ധിക്കേണ്ട 9 കാര്യങ്ങൾ അവതരിപ്പിച്ചു. അവയുടെ സംഗ്രഹം ഇങ്ങനെയാണ്;

1) ന്യായീകരണവും പ്രതിരോധവും ഇല്ലാതാക്കണം: കുട്ടികളുടെ ലൈംഗികപീഡനം എന്ന ആഗോളവ്യാപകമായ വിപത്ത് ഇല്ലായ്മചെയ്യാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. മൂല്യങ്ങളുടെ സന്തുലിതാവസ്ഥ മുറുകെ പിടിച്ചുകൊണ്ട് സംഭവങ്ങളുടെ കുറ്റബോധവും, മാധ്യമസമ്മര്‍ദ്ദവും കാരണമാക്കുന്ന ന്യായീകരണശ്രമങ്ങളും, കേസുകളുടെ കാരണങ്ങളും ഭവിഷത്തുകളും കണക്കിലെടുക്കാതെയുള്ള പ്രതിരോധവും ഒഴിവാക്കേണ്ടതാണ്. ആഗോളസഭയില്‍ തലപൊക്കിയിട്ടുള്ള ഈ ഗൗരവകരമായ വിപത്തിനെ നേരിടാൻ സഭാനേതൃത്വത്തിലുള്ളവര്‍ക്ക്, പ്രഥമമായും ആഗോളസഭയിലെ ദേശീയ മെത്രാന്‍ സമിതികളുടെ അദ്ധ്യക്ഷന്മാര്‍ക്കും, സന്ന്യാസസഭകളുടെ തലവന്മാരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

2) പീഡിതരെ ശ്രവിക്കുക: പീഡിപ്പിക്കപ്പെട്ടവരും ചൂഷണംചെയ്യപ്പെട്ടവരും പരിത്യക്തരും എവിടെയായാലും അവരെ ശ്രവിക്കുക, സംരക്ഷിക്കുക, പിന്‍തുണയ്ക്കുക എന്നതായിരിക്കണം സഭയുടെ ലക്ഷ്യം. ഈ ലക്ഷ്യപ്രാപ്തിക്കായി കുട്ടികള്‍ അനുഭവിച്ച ഗൗരവകരമായ വിപത്തിനെ ആശയപരവും മാധ്യമസൃഷ്ടവുമായ തര്‍ക്കങ്ങളാലും ചര്‍ച്ചകളാലും ചൂഷണംചെയ്യുന്ന രീതികളെ അതിജീവിക്കേണ്ടതാണ്.

3) ആഗോള പശ്ചാത്തലം: കുട്ടികളുടെ പീഡനം ചരിത്രപരവും ലോകവ്യാപകമായ എല്ലാ സംസ്കാരങ്ങളിലും സമൂഹങ്ങളിലുമുള്ള പ്രതിഭാസമാണ്. അടുത്തകാലത്തു മാത്രമാണ് അത് ക്രമാനുഗതമായ പഠനത്തിനും ഗവേഷണത്തിനും വിധേയമാക്കപ്പെട്ടത്. സാമൂഹികമായി നിഷിദ്ധമായ കാര്യമായി അതിനെ സകലരും അംഗീകരിച്ചിരുന്നെങ്കിലും, ആരും ഒന്നും പുറത്തു പറഞ്ഞില്ല! Unicef, WHO പോലുള്ള യുഎന്‍‍ പ്രസ്ഥാനങ്ങളുടെ പക്കല്‍ ഇതുസംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമാണെങ്കിലും, പല കേസുകളും അറിയപ്പെടാത്തവയും, കുടുംബസാഹചര്യങ്ങളില്‍ നടന്നവയും, മറവിലുള്ളവയുമാകയാല്‍ താഴ്ത്തിക്കെട്ടിയ കണക്കുകളാണ് പുറത്തുവന്നിട്ടുള്ളത്. ലഭ്യമായ കണക്കുകളില്‍നിന്നും കുറ്റവാളികള്‍ ആദ്യം മാതാപിതാക്കളും, ബന്ധുമിത്രാദികളും, ശിശുവിവാഹങ്ങളിലെ വരന്മാരും, കായികകേന്ദ്രങ്ങളിലെ പരിശീലകരും, അറിവു പകരേണ്ട അധ്യാപകരുമാണ്.

ആഗോളതലത്തില്‍ യൂറോപ്പ് കഴിഞ്ഞാല്‍ ബാലപീഡന കേസില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തു നില്ക്കുന്നു. 2001-2011 പത്തുവര്‍ഷത്തെ കണക്കുകള്‍ പ്രകാരം 48,338 കുട്ടികളുടെ ലൈംഗിക പീഡനക്കേസുകള്‍ മനുഷ്യാവകാശങ്ങള്‍ക്കുള്ള ഏഷ്യന്‍ കേന്ദ്രം (Asian Center for Human Rights) രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ മറ്റു രാജ്യങ്ങളുടെ കണക്കുകളും പാപ്പാ ഉദ്ധരിച്ചു.

4) സമൂഹത്തിന്‍റെ എല്ലാ തട്ടുകളെയും തകര്‍ക്കുന്ന തിന്മ: കുട്ടികളുടെ ലൈഗികപീഡനം ആഗോള പ്രതിഭാസമായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും സഭാപശ്ചാത്തലത്തില്‍ വരുമ്പോൾ അതിന്റെ ഭീകരതയും ധാര്‍മ്മിക ഉത്തരവാദിത്ത്വവും കൂടുതല്‍ ഗൗരവകരമാണ്. സഭയില്‍ ഈ വിപത്ത് കൂടുതല്‍ ഉതപ്പിനു കാരണമാകുന്നു. സഭ, യുവജനങ്ങള്‍, കുടുംബങ്ങള്‍ എന്നിങ്ങനെ വിവിധ തട്ടുകളെ അത് ബാധിക്കുകയും ചെയ്യുന്നു. അതിനാല്‍ ഈ അതിക്രമം സഭയുടെ ധാര്‍മ്മിക അധികാരത്തിനും, നൈതിക വിശ്വാസ്യതയ്ക്കും ഒട്ടും ഇണങ്ങുന്നതുമല്ല. സഭാദൗത്യത്തിന്‍റെ ഹൃദയം തകര്‍ക്കുന്ന തിന്മയായ ലൈംഗിക പീഡനത്തിന്‍റെ കാരണക്കാരായ “ക്രൂരരായ ചെന്നായ്ക്കളു”ടെ കൈകളില്‍നിന്നു കുഞ്ഞുങ്ങളെ സംരക്ഷിച്ചില്ലെങ്കില്‍, എങ്ങനെ സുവിശേഷം പ്രഘോഷിക്കാനാണ്? സഭയില്‍ ഉയരുന്ന ഓരോ കേസും, അതിനാല്‍ ഇനി പൂര്‍വ്വോപരി ഗൗരവത്തോടെ നേരിടും. സഭാ പശ്ചത്തലത്തിലുള്ള കുട്ടികളുടെ ലൈംഗിക പീഡനക്കേസുകള്‍ അധികാരത്തിന്‍റെ പ്രകടമായ ദുര്‍വിനിയോഗമാണ്. കുട്ടിപ്പട്ടാളം, കുട്ടിളെ വീഴ്ത്തുന്ന വേശ്യാവൃത്തി, ബാലയാചകര്‍, കുട്ടികളുടെ മനുഷ്യക്കടത്ത്, അഭയാര്‍ത്ഥികളാക്കപ്പെട്ട കുട്ടികള്‍, അനാഥരാക്കപ്പെട്ട കുട്ടികള്‍ എന്നീ തലങ്ങളിലെല്ലാം പീഡനക്കേസുകള്‍ ധാരാളമായി പ്രതിഫലിക്കുന്നുണ്ട്.

5) തിന്മയുടെ ക്രൂരമുഖങ്ങള്‍: കുട്ടികളുടെ പീഡനമെന്ന പ്രതിഭാസം മാനവികതയുടെ അസ്തിത്വപരമായ അധാര്‍മ്മികതയും പൈശാചിക അരൂപിയുടെ ഭീകരമുഖവുമാണ്. ഈ സത്യം അംഗീകരിച്ചില്ലെങ്കില്‍ മനുഷ്യര്‍ സത്യത്തില്‍നിന്നും വിദൂരസ്ഥരും, ഈ തിന്മയെ സമൂഹത്തില്‍നിന്നും സഭയില്‍നിന്നും കുടുംബങ്ങളില്‍നിന്നും ഉന്മൂലനംചെയ്യാന്‍ കെല്പില്ലാത്തവരുമായി മാറും. ഈ വിപത്തിനു പിന്നിലും, അതിനുള്ളിലും എല്ലാറ്റിന്റെയും അധിപനോ അധിപയോ താനാണെന്ന വ്യക്തിയുടെ അഹങ്കാരവും ധാര്‍ഷ്ട്യവുമാണ് മുന്തിനില്ക്കുന്നത്. പൈശാചികത കലര്‍ന്ന ഈ അധികാര ദുര്‍വിനിയോഗികളുടെ കൈകളില്‍ കുഞ്ഞുങ്ങള്‍ അമര്‍ന്നുപോവുകയാണ്. നരബലിക്കായി കു‍ഞ്ഞുങ്ങളെ ഉപയോഗിച്ച പുരാതന സമൂഹങ്ങളെയും, അധികാരഭ്രമത്തതയില്‍ ബെതലേഹം ഗ്രാമത്തിലെ പിഞ്ചോമനകളെ വകവരുത്താന്‍ കൂസാതിരുന്ന ജൂദയായിലെ ഹെറോദേസ് രാജാവിനെയും ഫ്രാന്‍സിസ് പാപ്പാ പൈശാചികശക്തികളുടെ പ്രതീകങ്ങളായി ചൂണ്ടിക്കാട്ടി.

6) നവീകരണത്തിനുള്ള അവസരങ്ങള്‍: സാമാന്യബുദ്ധിയും, ശാസ്ത്രങ്ങളും, സമൂഹികഘടനകളും നല്കുന്ന എല്ലാ ഉപാധികളും ഉപയോഗിച്ച് കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്താം. ഒപ്പം അപമാനം, സ്വയാരോപണം, പ്രാര്‍ത്ഥന, പരിഹാരം എന്നീ അത്മീയ മാര്‍ഗ്ഗങ്ങളും നവീകരണത്തിന് ഉപയോഗപ്പെടുത്താം. സഭാതലത്തിലെന്നപോലെ രാജ്യാന്തരതലത്തിലും കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ക്കായി ഒത്തൊരുമിച്ചു പരിശ്രമിക്കാം.

7) വൈദികാര്‍ത്ഥികളുടെ രൂപീകരണം: വൈദികാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പിലും രൂപീകരണത്തിലും, വിശുദ്ധിയുടെയും ജീവിതനൈര്‍മ്മല്യത്തിന്റെയും മൂല്യങ്ങള്‍ ഉള്‍ച്ചേര്‍ക്കാന്‍ കൂടുതല്‍ ശ്രദ്ധപതിക്കും. സ്വഭാവ വൈകല്യങ്ങളെ ദൈവകൃപകൊണ്ടു മൂടിവയ്ക്കാമെന്നു ചിന്തിക്കുന്നത് മൗഢ്യമാണ്. വൈകല്യങ്ങള്‍ ഇല്ലാതാക്കുക തന്നെവേണം!

8) മെത്രാന്മാരുടെ വലിയ ഉത്തരവാദിത്തം: പണ്ടു സംഭവിച്ചതുപോലെ പീഡനക്കേസുകള്‍ മൂടിവയ്ക്കാതിരിക്കാന്‍ മെത്രാന്മാര്‍ മുന്‍കൈയ്യെടുക്കണം. മാനദണ്ഡങ്ങളും മാര്‍ഗ്ഗരേഖകളും നിമയങ്ങളായി പ്രാബല്യത്തില്‍ വരണം. സഭാപ്രവര്‍ത്തനങ്ങളുടെ എല്ലാമേഖലകളെയും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കെല്പുള്ളവയാക്കണം.

9) മാധ്യമശൃംഖലകളുടെയും ടൂറിസത്തിന്റെയും കെണികള്‍: അശ്ലീലം വളര്‍ത്തുന്ന അത്യാധുനിക മാധ്യമങ്ങളുടെ കെണികളില്‍നിന്നും, മാധ്യമാധിപത്യത്തില്‍നിന്നും കുട്ടികളെ സംരക്ഷിക്കേണ്ടതുണ്ട്. അതുപോലെ ലൈംഗികത കൂട്ടിക്കലര്‍ത്തിയ ഉല്ലാസയാത്രകളുടെ (sexual tourism) കെണിയില്‍നിന്നും കുട്ടികളെ മോചിക്കേണ്ടതുമാണ്. വ്യക്തിഗതവും സാമൂഹികവുമായ മാനസാന്തര മാര്‍ഗ്ഗമാണ് കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച സ്ഥായീഭാവമുള്ള നവീകരണോപാധി. ഒപ്പം തിരുത്താനുള്ള എളിമ, കേള്‍ക്കാനുള്ള മനസ്സിന്റെയും ഹൃദയത്തിന്റെയും തുറവ്, വ്രണിതാക്കളായ കുഞ്ഞുങ്ങളോടുള്ള സഹാനുഭാവം എന്നിവയും കുട്ടികളുടെ പീഡനമെന്ന വിപത്തിനെ ഇല്ലാതാക്കാന്‍ സഹായിക്കും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker