Kerala

കെ.സി.ബി.സി. മീഡിയ കമ്മീഷന്‍ 2019-ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ആഗോള കത്തോലിക്കാ സഭയുടെ ലോകമാധ്യമ ദിനാഘോഷിക്കുന്നതിന്റെ ഭാഗമായാണ് അവാർഡുകൾ പ്രഖ്യാപിച്ചത്

സ്വന്തം ലേഖകൻ

കൊച്ചി: കേരള കാത്തലിക് ബിഷപ്പ് കോൺഫെറൻസിന്റെ (കെ.സി.ബി.സി) മീഡിയ കമ്മീഷന്‍ 2019-ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ക്യാഷ് അവാർഡ്, പ്രശസ്തി പത്രം, ശിൽപ്പം എന്നിവയടങ്ങുന്നതാണ് അവാർഡുകൾ. മീഡിയാ കമ്മീഷൻ ചെയർമാൻ ബിഷപ്പ് സെബാസ്റ്റിൻ തെക്കത്തെച്ചെരിൽ ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

പരിശുദ്ധപിതാവ് ഫ്രാൻസിസ് പാപ്പാ മാധ്യമങ്ങളെ കാണുന്നത് ‘എല്ലാവരെയും ഒന്നിപ്പിക്കുന്ന ഒരു കണ്ണിയായിട്ടാണെന്ന്’ മീഡിയാ കമ്മീഷൻ ചെയർമാൻ ഓർമ്മിപ്പിച്ചു. അതുപോലെ തന്നെ പാപ്പാ കൂടുതൽ ഊന്നൽ കൊടുക്കുന്നത് ‘വ്യാജം വെടിഞ്ഞുകൊണ്ട് മറ്റുള്ളവരോട് സത്യം സംസാരിക്കണം എന്നതാണ് മാധ്യമ ധർമ്മം’ എന്നതിലാണെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.

ക്രിസ്തുവിന്റെ സ്വർഗാരോഹണ തിരുനാൾ ഞായറാഴ്ച ലോകമാധ്യമ ദിനമായി ആഗോള കത്തോലിക്കാ സഭ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കുന്നതെന്ന് കെ.സി.ബി.സി. മീഡിയാ കമ്മീഷൻ സെക്രട്ടറി റവ.ഡോ.അബ്രഹാം ഇരിമ്പിക്കൽ പറഞ്ഞു.

സാഹിത്യവിഭാഗം പുരസ്ക്കാരം, മാധ്യമ പുരസ്ക്കാരം, യുവപ്രതിഭ പുരസ്ക്കാരം, സംസ്‌കൃതി പുരസ്ക്കാരം, ദാര്‍ശനിക-വൈജ്ഞാനിക പുരസ്ക്കാരം, ഗുരുപൂജ പുരസ്ക്കാരം എന്നീ അവാർഡുകളാണ് കെ.സി.ബി.സി. മീഡിയ കമ്മീഷന്‍ പ്രഖ്യാപിച്ചത്.

സാഹിത്യ അവാർഡ്: ഫ്രാന്‍സിസ് നൊറോണ. ‘അശരണരുടെ സുവിശേഷം’ മികച്ച നോവൽ, ഒപ്പം മികവുറ്റ കഥകളും. ആലപ്പുഴയിൽ ജനനം എറണാകുളത്ത് ജീവിക്കുന്നു.

മാധ്യമ അവാർഡ്: ബോബി എബ്രഹാം. മലയാള മനോരമ പത്തനംതിട്ട ബിയൂറോയിൽ അസിസ്റ്റന്റ് എഡിറ്റർ ആണ്. ദൃശ്യ-ശ്രാവ്യ മേഖലകളിൽ നടത്തിയ മൂല്യാധിഷ്‌ഠിത സംഭാവനകളാണ് പരിഗണിച്ചത്.

യുവപ്രതിഭ അവാർഡ്: ജോസഫ് അന്നംകുട്ടി ജോസ്. എഴുത്തുകാരൻ, മോട്ടിവേഷണൽ സ്‌പീക്കർ, ആർ.ജെ. എന്നീ നിലകളിൽ ശ്രദ്ധേയനാണ്. മൂല്യാധിഷ്‌ഠിത ജീവിതത്തിന് മാതൃകയാവുന്നു ൪൦ വയസിന് താഴെയുള്ളവരെയായിരുന്നു ഈ അവാർഡിന് പരിഗണിച്ചിരുന്നത്.

ദാർശനിക-വൈജ്ഞാനിക അവാർഡ്: ഡോ.കെ.എം.ഫ്രാൻസിസ്. എക്‌ണോമിക്സിൽ Phd., മറ്റു നിരവധി ഗ്രന്ഥങ്ങൾ.

സംസ്‌കൃതി പുരസ്കാരം: സി.രാധാകൃഷ്ണൻ. നോവലിസ്റ്റ്, സംവിധായകൻ, ഗവേഷകൻ. ജ്ഞാനപീഠം അടക്കം നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

ഗുരുപൂജാ പുരസ്ക്കാരം: മൂന്ന് പേർ അർഹരായി.
1) ഡോ.കെ.വി.പീറ്റർ (കുമ്പളയിൽ ജനനം, കേരളാ കാർഷിക സർവകലാശാലയിലെ മുൻ വൈസ് ചാൻസിലർ, കാർഷികമേഖലയിലെ സംഭാവനകൾക്ക് നിരവധി ദേശീയ-അന്തർദേശീയ പുരസ്‌ക്കാരങ്ങൾ നേടിയിട്ടുണ്ട്).
2) ശ്രീ.ജോൺ പോൾ (മലയാള സിനിമയിലെ തിരക്കഥാകൃത്ത്).
3) റവ.ഡോ.കുര്യൻ വാലുപറമ്പിൽ (ബൈബിൾ പണ്ഡിതൻ, ദീർഘകാല സെമിനാരി അദ്ധ്യാപകൻ, നിറവധി ഗ്രന്ഥങ്ങളുടെ കർത്താവ്).

മാധ്യമ, കലാ, സാഹിത്യ, സാംസ്ക്കാരിക, വിദ്യാഭ്യാസ മേഖലകളില്‍ മികവു പുലര്‍ത്തിയിട്ടുള്ളവര്‍കാണ് കെ.സി.ബി.സി മാധ്യമ കമ്മീഷന്‍ ഓരോ വര്‍ഷവും അവാർഡുകൾ നൽകി ആദരിക്കുന്നത്. കൊച്ചിയിലെ കെ.സി.ബി.സി ആസ്ഥാനമായ പി.ഓ.സി.യിൽ വച്ചായിരുന്നു അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker