Kerala

കേരളത്തിന്‍റെ യഥാര്‍ത്ഥ സൈനീകര്‍ ഇവരല്ലേ? നമ്മുടെ മത്സ്യതൊഴിലാളികള്‍

കേരളത്തിന്‍റെ യഥാര്‍ത്ഥ സൈനീകര്‍ ഇവരല്ലേ? നമ്മുടെ മത്സ്യതൊഴിലാളികള്‍

അനിൽ ജോസഫ്

തിരുവനന്തപുരം: കേരളം നാളിതുവരെ കണ്ടിട്ടില്ലാത്ത പേമാരിയും വെളളപൊക്കവും തലക്ക് മീതെ പതിക്കുമ്പോള്‍ പകച്ച് നിന്ന കേരള ജനതയെ യഥാര്‍ത്ഥത്തില്‍ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയത് നമ്മുടെ കേരളത്തിന്‍റെ പ്രിയപ്പെട്ട മത്സ്യ തൊഴിലാളികളാണ്.

കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി പറഞ്ഞത് കേരളം ഓർക്കുന്നുണ്ടാകും, “കടലോരത്തെ ജനതയുടെ സാമൂഹിക ഉന്നമനത്തിനുള്ള പദ്ധതികളെല്ലാം കടലാസ്സിൽ മാത്രമാണ്. അവർ കടലതിർത്തിയുടെ കാവൽക്കാർ കൂടിയാണെന്ന് ഓർക്കണം. ശബളം പറ്റാതെ അതിർത്തി കാക്കുന്ന സൈനികർ”. കൊല്ലം ബിഷപ്പിന്റെ വാക്കുകൾ കേരള മുഖ്യമന്ത്രി പിണറായിവിജയൻ അവർത്തിച്ചത് ഇങ്ങനെയാണല്ലോ “മത്സ്യതൊഴിലാളികളാണ് കേരളത്തിന്റെ സൈന്യം”.

ഓഗസ്റ്റ് 15 – ന് പ്രളയത്തിന്‍റെ അഴം അറിഞ്ഞപ്പോള്‍ തന്നെ വിഴിഞ്ഞത്തു നിന്ന് 50 വളളങ്ങളാണ് അലുവ, ചെങ്ങന്നുര്‍, പത്തനംതിട്ട ലക്ഷ്യമാക്കി കുതിച്ചത്. തുടർന്ന് തിരുവനന്തപുരം, ചേര്‍ത്തല, ആലപ്പുഴ , എറണാകുളം, കോഴിക്കോട്ട് തുടങ്ങി തീരങ്ങളില്‍ നിന്നെല്ലാം വളളങ്ങളുമായി കടലിന്‍റെ മക്കള്‍ ദുരന്തമുഖത്തെത്തിയതോടെയാണ് മരണത്തിനും ജീവിതത്തിനുമിടയില്‍ കുടുങ്ങിയ ജനങ്ങള്‍ കരപറ്റി തുടങ്ങിയത്.

സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്കനുസരിച്ച് രണ്ടര ലക്ഷം പേരാണ് ദുരിതാസ്വാസ ക്യാമ്പുകളില്‍ ഉളളത് ഇതില്‍ പകുതിയോളം പേരെയും ദുരന്തമുഖത്ത് നിന്ന് കൈപിടിച്ചുയര്‍ത്തിയത് നമ്മുടെ മത്സ്യ തൊഴിലാളികളാണ്. ചെങ്ങന്നൂരിലും പത്തനിട്ടയിലും മനുഷ്യന് എത്തിപ്പെടാന്‍ കഴിയാത്ത തുരുത്തുകളില്‍ നീന്തിയെത്തിയാണ് ദുരന്തത്തില്‍ പകച്ച് നിന്നവര്‍ക്ക് മത്സ്യതൊഴിലാളികള്‍ ഭക്ഷണം നല്‍കിയത്.

മത്സ്യ തൊഴിലാളികളുടെ ഫൈബര്‍ വളളങ്ങളില്‍ പലതിനും സാരമായ കേടുപാടുകള്‍ പറ്റി. എഞ്ചിനുകള്‍ തകരാറിലായി എന്നാലും വിഷമിക്കുന്നവരില്ല. ഇന്ന് സര്‍ക്കാര്‍ തന്നെ 95 ശതമാനത്തോളം പേരും രക്ഷപ്പെട്ടെന്ന് കണക്കുകള്‍ നിരത്തുമ്പോള്‍ കടലിന്‍റെ നമ്മുടെ യഥാര്‍ത്ഥ ഹീറോസ് മടങ്ങുകയാണ്. മുഖ്യ മന്ത്രി ഇന്നലെ 3000 രൂപ വീതം നല്‍കുമെന്ന് വാഗ്ദാനം ചെയ്യ്തെങ്കിലും അതും പല മത്സ്യ തെഴിലാളികളും വാങ്ങേണ്ട എന്ന നിലപാടിലാണ്. അതെസമയം, സര്‍ക്കാര്‍ കേടായ വളളങ്ങള്‍ പണിത്കൊടുക്കുമെന്നത് വലിയ ആശ്വാസത്തോടെയാണ് കടലിന്‍റെ മക്കള്‍ സ്വാഗതം ചെയ്യ്തത്.

നാടും വീടും ഉപേക്ഷിച്ച് ദുരന്തമുഖത്തുളളവരെ ഭക്ഷണം പോലും കഴിക്കാതെ കരപറ്റിച്ച നമ്മുടെ മത്സ്യതൊഴിലാളികള്‍ തന്നെയാണ് ഇപ്പോള്‍ കേരളത്തിന്‍റെ രക്ഷകരായ യഥാര്‍ത്ഥ സൈന്യം. നമ്മുടെ കടലിന്‍റെ മക്കളുടെ സൈന്യം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker