Kerala

കേരള ഗവര്‍ണർക്ക് (എം.ജി.യൂണിവേഴ്‌സിറ്റി ചാൻസിലർക്ക്) മഹാത്മാഗാന്ധി സര്‍വകലാശാല വരുത്തിയ ചരിത്രപരമായ തെറ്റുകൾ ചൂണ്ടിക്കാട്ടി കെ.ആർ.എൽ.സി.ബി.സി. ഹെരിറ്റേജ് കമ്മീഷന്‍

ഹെരിറ്റേജ് കമ്മീഷന് വേണ്ടി കമീഷൻ സെക്രട്ടറി റവ.ഡോ.ആന്റെണി പാട്ടപ്പറമ്പിലാണ് ഗവർണ്ണർക്ക് കത്ത് നൽകിയിരിക്കുന്നത്...

സ്വന്തം ലേഖകൻ

തിരുവനതപുരം: മഹാത്മാഗാന്ധി സര്‍വകലാശാല കുര്യാക്കോസ് ഏലിയാസ് ചാവറ ചെയറിന്റെയും സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്റെയും കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്റെറിന്റെയും ആഭിമുഖ്യത്തില്‍ 2020 സെപ്റ്റംബര്‍ 23-ാം തീയതിയിലെ ഓണ്‍ലൈന്‍ പ്രഭാഷണ പരിപാടിയുടെ ഔദ്യോഗിക അറിയിപ്പ് രേഖയിലെ ഏതാനും ചരിത്രപരമായ തെറ്റുകള്‍ എം.ജി.യൂണിവേഴ്‌സിറ്റി ചാൻസിലർ കൂടിയായ കേരളാ ഗവർണ്ണർക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് കെ.ആർ.എൽ.സി.ബി.സി. ഹെരിറ്റേജ് കമ്മീഷന്റെ പരാതി. ചരിത്രപരമായ മണ്ടത്തരങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്ന 4 കാര്യങ്ങളാണ് മഹാത്മാഗാന്ധി സര്‍വകലാശാല ആവർത്തിച്ചിരിക്കുന്നതെന്ന് ഹെരിറ്റേജ് കമ്മീഷന്‍ ഗവർണ്ണർക്കുള്ള കത്തിൽ വിവരിക്കുന്നത്.

സത്യം അറിയുന്നതിനും അന്വേഷിക്കുന്നതിനും വേണ്ടി ജീവിതം സമര്‍പ്പിച്ച പുണ്യാത്മാവായ മഹാത്മാഗാന്ധിയുടെ പേരില്‍ അറിയപ്പെടുന്ന ഒരു സര്‍വകലാശാല, സത്യവിരുദ്ധമായ വസ്തുതകള്‍ ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തുന്നതിലൂടെ കളങ്കപ്പെടുത്തുന്നത് കേരളത്തിലെ സത്യാന്വേഷികളുടെ മനസ്സുകള്‍ മാത്രമല്ല ആ മഹാത്മാവിന്റെ ആത്മാവിനെ കൂടിയാണെന്ന ശക്തമായ വിമർശനവും ഹെരിറ്റേജ് കമ്മീഷന്‍ നടത്തുന്നുണ്ട്. കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ഹെരിറ്റേജ് കമ്മീഷന് വേണ്ടി കമീഷൻ സെക്രട്ടറി റവ.ഡോ.ആന്റെണി പാട്ടപ്പറമ്പിലാണ് ഗവർണ്ണർക്ക് കത്ത് നൽകിയിരിക്കുന്നത്.

കത്തിന്റെ പൂർണ്ണ രൂപം:

To
Shri. Arif Mohammed Khan
Kerala Govemor
Hon’ble Chancellor, MG University
Kottayam – 686560

ബഹു. കേരള ഗവര്‍ണര്‍,

മഹാത്മാഗാന്ധി സര്‍വകലാശാല കുര്യാക്കോസ് ഏലിയാസ് ചാവറ ചെയറിന്‍റെയും സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്‍റെയും കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്റെറിന്റെയും ആഭിമുഖ്യത്തില്‍ 2020 സെപ്റ്റംബര്‍ 23-ാം തീയതി നടത്തുന്ന ഓണ്‍ലൈന്‍ പ്രഭാഷണപരിപാടിയുടെ ഔദ്യോഗിക അറിയിപ്പ് രേഖയിലെ ഏതാനും ചരിത്രപരമായ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതിനാണ് ഇത് എഴുതുന്നത്.

1. മഹാത്മാഗാന്ധി സര്‍വകലാശാലയുടെ മുകളില്‍ ഉദ്ധരിച്ച അറിയിപ്പിന്‍റെ ഭാഗമായി കൊടുത്തിരിക്കുന്ന ‘കുര്യാക്കോസ് ഏലിയാസ് ചാവറ’ യുടെ ജീവിതരേഖയില്‍ ‘പിന്നീട് 1864-ല്‍ ‘പള്ളിയ്ക്ക് ഒരു പള്ളിക്കൂടം’ എന്ന ആശയം കേരളത്തിലെ കത്തോലിക്കാസഭയില്‍ നടപ്പില്‍ വരുത്തിക്കൊണ്ട് വിദ്യാഭ്യാസത്തിന്റെ ജനകീയവത്ക്കരണത്തിനും പരിഷ്കരണത്തിനും തുടക്കം കുറിച്ചു’ എന്ന് എഴുതിയിരിക്കുന്നത് ചരിത്രപരമായി ഒട്ടും ശരിയല്ല. കാരണം, പള്ളിക്കൊരു പള്ളിക്കൂടം എന്ന ശീര്‍ഷകവും ആശയവും വരാപ്പുഴ ആര്‍ച്ചുബിഷപ്പ് ബെര്‍ണഡീന്‍ ബച്ചിനെല്ലി 1856-ല്‍ ഇറക്കിയ ഒരു ഇടയലേഖനത്തില്‍ നിന്നുള്ളതാണ്. ആ ഇടയലേഖനം പുറപ്പെടുവിച്ചത് 1864 -ല്‍ അല്ല. 1856-ലെ പ്രസ്തുത ഇടയലേഖനത്തിന്റെ രചനയിലോ പ്രസിദ്ധീകരണത്തിലോ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന് യാതൊരു ബന്ധവുമില്ല. കത്തോലിക്കാസഭയില്‍ രൂപതാമെത്രാന്മാര്‍ പുറപ്പെടുവിക്കുന്ന ഇടയലേഖനങ്ങള്‍ രൂപതയിലെ മുഴുവന്‍ വൈദികരും വിശ്വാസികളും പാലിക്കേണ്ടതായതിനാല്‍ ഏതൊരു വൈദികനും സന്ന്യാസിയും ചെയ്യേണ്ടത് മാത്രമാണ് ഇക്കാര്യത്തില്‍ ചാവറയച്ചനും ചെയ്തിട്ടുള്ളത്.

2. പള്ളിക്കൊപ്പം പള്ളിക്കൂടങ്ങള്‍ നിര്‍മിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമാവശ്യമായ പണം കണ്ടെത്താന്‍ ബച്ചിനെല്ലി മെത്രാപ്പോലീത്ത കണ്ടെത്തിയ ലളിതമാര്‍ഗമായിരുന്നു ‘പിടിയരി സംഭാവന’. അതിനാല്‍ പിടിയരി പ്രസ്ഥാനത്തിന്റെ പ്രാരംഭസ്ഥാനം വിശുദ്ധ ചാവറയച്ചനില്‍ ആരോപിക്കുന്നത് ചരിത്രപരമായി തെറ്റിദ്ധാരണാജനകമാണ്. ‘പിടിയരി സംഭാവന’ ബച്ചിനെല്ലി മെത്രാപ്പോലീത്ത തുടക്കമിട്ടതും വരാപ്പുഴ വികാരിയത്തിലെ ഒട്ടുമിക്ക വൈദികരും നടപ്പിലാക്കാന്‍ ശ്രമിച്ചതുപോലെ മാത്രമേ ചാവറയച്ചനും ചെയ്തിട്ടുള്ളൂ.

3. ‘1846-ല്‍ കുര്യാക്കോസ് ഏലിയാസ് ചാവറ മാന്നാനത്തു സ്ഥാപിച്ച പ്രിന്റിംഗ് പ്രസ്സ് ആണ് ഒരു മലയാളി ആദ്യമായി സ്ഥാപിക്കുന്ന പ്രിന്റിംഗ് പ്രസ്സ്’ എന്നത് ഒരു ശതമാനം പോലും സത്യത്തിന്റെ അംശമില്ലാത്തതാണ്. മാന്നാനം പ്രസ്സ് സ്ഥാപിച്ചതാരാണെന്ന് ഈ പ്രസിന്റെ തന്നെ ജൂബിലി സ്മരണികയില്‍ (1897) സി.എം.ഐ. സഭ വ്യക്തമാക്കിയിട്ടുള്ളതാണ്. വരാപ്പുഴ മെത്രാനായിരുന്ന ലുദ്വിക്കാ മര്‍ട്ടിനി (1839-1859) 1844-ല്‍ തന്റെ വികാരിയാത്തില്‍ സ്വന്തമായി ഒരു പ്രസ്സ് വേണമെന്ന് ആഗ്രഹിച്ചു. അക്കാലത്ത് കോട്ടയത്തും തിരുവനന്തപുരത്തും മാത്രമേ പ്രസ്സുണ്ടായിരുന്നുള്ളൂ. അതിനായി, അദ്ദേഹം മുട്ടുചിറ പറമ്പില്‍ കുര്യാക്കോസ് കത്തനാരെ ചുമതലപ്പെടുത്തി. അദ്ദേഹം തിരുവനന്തപുരത്തുപോയി സര്‍ക്കാര്‍ വക പ്രസ്സ് സന്ദര്‍ശിച്ച് തിരിച്ചുവന്ന് ഒരു മരപ്രസ്സ് സ്ഥാപിച്ചു എന്നതാണ് ശരിചരിത്രം. ലുദ്വിക്കാ മെത്രാനും പറമ്പില്‍ കുര്യാക്കോസ് കത്തനാരുമാണ് മാന്നാനം പ്രസിന്റെ മുഖ്യകാരണക്കാരെന്നിരിക്കെ ആ പ്രസ്സിന്റെ ഉടമസ്ഥരായ സി.എം.ഐ. സഭ പറയുന്നതില്‍നിന്നും വ്യത്യസ്ഥമായി മാന്നാനം പ്രസ്സിന്റെ സ്ഥാപകനായി എം.ജി.സര്‍വകലാശാല ചാവറയച്ചനെ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നതില്‍ യുക്തിഭംഗമുണ്ടെന്നത് വ്യക്തം.

4. ‘കത്തോലിക്കാ സഭയിലെ സന്ന്യാസ സമൂഹങ്ങളായ സി.എം.ഐ., സി.എം.സി. എന്നീ സഭകളുടെ സ്ഥാപകന്‍കൂടിയായ ചാവറ അച്ചന്‍’ എന്ന് എഴുതിയിരിക്കുന്നതും തീര്‍ത്തും വസ്തുതാവിരുദ്ധമാണ്. സി.എം.ഐ. സഭയുടെ സ്ഥാപക പിതാക്കന്മാര്‍ വന്ദ്യരായ പാലക്കല്‍ തോമസ് മല്പാനും പോരുക്കര തോമസ് മല്പാനുമാണ് എന്നതാണ് യഥാര്‍ത്ഥ ചരിത്രവും, ഇതുതന്നെയാണ് സഭയുടെ ആദ്യകാല ചരിത്രവും ശരിവയ്ക്കുന്നത്. ചാവറയച്ചന്റെ തന്നെ നാളാഗമത്തില്‍ ചാവറയച്ചന്‍ പറയുന്നതും മറിച്ചല്ല എന്നോര്‍ക്കാം. സി.എം.സി. സന്ന്യാസിനി സഭയുടെ സ്ഥാപകനും ചാവറയച്ചനല്ല. ദൈവദാസി മദര്‍ ഏലീശ്വയാണ് കേരളത്തിലെ ആദ്യത്തെ തദ്ദേശീയ സന്ന്യാസിനീ സമൂഹമായ നിഷ്പാദുക കര്‍മലിത്ത മൂന്നാം സഭയുടെ (ടി.ഒ.സി.ഡി) സ്ഥാപക. 1890-ലാണ് (1871-ല്‍ ചാവറയച്ചന്‍റെ മരണം) ടി.ഒ.സി.ഡി സന്ന്യാസിനി സഭ റീത്തടിസ്ഥാനത്തില്‍ വിഭജിക്കുന്നത്. അതിനും ഏറെ വര്‍ഷങ്ങള്‍ക്കുശേഷമാണ് സി.എം.സി. സഭയ്ക്ക് ആ പേരുതന്നെ ലഭിക്കുന്നത്. സത്യം അറിയുന്നതിനും അന്വേഷിക്കുന്നതിനും (‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍’) വേണ്ടി ജീവിതം സമര്‍പ്പിച്ച പുണ്യാത്മാവായ മഹാത്മാഗാന്ധിയുടെ പേരില്‍ അറിയപ്പെടുന്ന ഒരു സര്‍വകലാശാല സത്യവിരുദ്ധമായ വസ്തുതകള്‍ ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തുന്നതിലൂടെ കളങ്കപ്പെടുന്നത് കേരളക്കരയിലെ സത്യാന്വേഷികളുടെ മനസ്സുകള്‍ മാത്രമല്ല ആ മഹാത്മാവിന്റെ ആത്മാവുകൂടെയാണ്.

ആയതിനാല്‍ ഇത്തരം ചരിത്രവിരുദ്ധമായ പ്രസ്താവനകള്‍ എം.ജി.സര്‍വകലാശാല പിന്‍വലിക്കുന്നതിനും തിരുത്തുന്നതിനും മേലില്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഡോ. ആന്റെണി പാട്ടപ്പറമ്പില്‍
(ഹെരിറ്റേജ് കമ്മീഷന്‍ സെക്രട്ടറി, കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി)

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker