Kazhchayum Ulkkazchayum

കൈകളിൽ കരുതാം തൂവാലകൾ

സ്നേഹത്തിന്റെ, സാന്ത്വനത്തിന്റെ, ഹൃദയാദ്രതയുടെ, കൈലേസുകൾ...

നാം നമുക്ക് വേണ്ടി കൈയിൽ കൈലേസുകൾ സൂക്ഷിക്കാറുണ്ട്. ഇനിമുതൽ അപരനുവേണ്ടി കൈലേസുകൾ കരുതിവയ്ക്കുന്ന ഒരു ശീലം നാം വളർത്തിയെടുക്കണം. സ്നേഹത്തിന്റെ, സാന്ത്വനത്തിന്റെ, ഹൃദയാദ്രതയുടെ, കൈലേസുകൾ!!! പ്രളയക്കെടുതിയിലും, ഉരുൾപൊട്ടലിലും എല്ലാമെല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണുനീരും, വിയർപ്പും, ചോരയും, നെടുവീർപ്പുകളും ഒപ്പിയെടുക്കാൻ ഒരായിരം കൈലേസുകൾ ഉയരുന്നത് കണ്ടപ്പോൾ അവർക്കൊരു പ്രണാമം അർപ്പിക്കണമെന്ന് മനസ്സു മന്ത്രിച്ചു; പ്രണാമം… പ്രണാമം. മനുഷ്യ മനസ്സുകളിൽ ഇടംനേടി, ചരിത്രത്തിൽ തുന്നിച്ചേർക്കപ്പെട്ട ഒരു തൂവാലയുടെ ഹൃദയസ്പർശിയായ ഒരു ചിത്രം കനൽകെടാതെ നമ്മുടെ മനസ്സിലുണ്ട്… വെറോണിക്കായുടെ തൂവാല. കാൽവരിയിലേക്ക് കുരിശും വഹിച്ചുകൊണ്ടുള്ള യേശുവിന്റെ യാത്രാവേളയിൽ, രക്തവും കണ്ണുനീരും ഒലിച്ചിറങ്ങി വികൃതമാക്കപ്പെട്ട യേശുവിന്റെ മുഖം സ്നേഹ സാന്ത്വനത്തിൽ തൂവാലകൊണ്ട് വെറോണിക്ക എന്ന ആർദ്രതയുടെ പ്രതീകമായ സ്ത്രീ രത്നം അമർത്തി തുടച്ചപ്പോൾ, അത് യേശുവിനെ വളരെ ആശ്വാസമായി. യുഗാന്ത്യത്തോളം ആ സംഭവത്തിന്റെ ഓർമ്മ നിലനിർത്താൻ, പ്രതിസ്നേഹം കാട്ടുവാൻ, ഒരു സമ്മാനമായി യേശു തന്റെ മുഖം തൂവാലയിൽ പതിപ്പിച്ചു കൊടുത്തു. യഥാർത്ഥത്തിൽ വെറോണിക്ക യേശുവിന്റെ മുഖം ഹൃദയത്തിലാണ് ആദ്യം ഒപ്പിയെടുത്തത്. “ആരെങ്കിലും എന്തെങ്കിലും പറഞ്ഞു കൊള്ളട്ടെ… സ്നേഹം പ്രതിബന്ധം അറിയുന്നില്ല. എനിക്ക് യേശുവിനെ ആശ്വസിപ്പിക്കണം”. സ്നേഹത്തിന്റെ ഉദാത്തമായ ഒരു നിർവചനം കൂടെയായിരുന്നു അവളുടെ വാക്കുകൾ. പടയാളികളുടെ നീട്ടിപ്പിടിച്ച കുന്തത്തെയോ, ചുറ്റിലും നിന്നവരുടെ ആക്രോശങ്ങളെയോ, പരിഹാസങ്ങയോ, ശ്രദ്ധിച്ചില്ല. അവളിൽ ഒരേ ഒരു ചിന്ത മാത്രം… യേശുവിനെ ആശ്വസിപ്പിക്കണം… സാന്ത്വനിപ്പിക്കണം. വരികൾക്കിടയിലൂടെ വായിക്കുമ്പോൾ “ഉള്ളിൽ തട്ടിയ ബോധ്യത്തിൽ നിന്നാണ്” വേറോനിക്കാ ഉറച്ച തീരുമാനം എടുത്തത്; പ്രവർത്തിച്ചത്.

പ്രളയകാലത്ത് സ്വന്തം കുടുംബത്തെയോ, സമ്പാദ്യത്തെയോ, ജീവനെയോ മുഖവിലയ്ക്കെടുക്കാതെ ഇറങ്ങിത്തിരിച്ച അനേകായിരം സുമനസ്സുകൾ. രക്ഷാപ്രവർത്തന സമയത്ത് സ്വന്തം ജീവൻ നഷ്ടമായ സഹോദരർ… പ്രണാമം…പ്രണാമം! ആവശ്യത്തിലിരിക്കുന്നവരുടെ മുൻപിൽ അപ്പമാകാൻ, വസ്ത്രമാകാൻ, മരുന്നാകുവാൻ, സമാശ്വാസമാകുവാൻ നമ്മുടെ താൽക്കാലികമായ സുഖ സൗകര്യങ്ങളും, സുരക്ഷിതത്വവും നമുക്ക് മാറ്റി വയ്ക്കുവാൻ കഴിയുമ്പോഴാണ്, ദൈവത്തിന്റെ മുഖം അപരനിലൂടെ ദർശിക്കുവാൻ കഴിയുന്നത്. ഉള്ളറിഞ്ഞ് ഉള്ളത് കൊടുക്കുവാൻ കഴിയുമ്പോൾ സ്വീകരിക്കുന്നവരുടെ ഹൃദയത്തിൽ പുതു ചൈതന്യം പ്രസരിക്കും; വീണ്ടും പുതുശക്തിയോടുകൂടെ മുന്നോട്ടു കുതിക്കുവാൻ കഴിയും.

മനുഷ്യൻ മനനം ചെയ്യുന്നവനാണ്… ദൈവ മേഖലയിൽ വ്യാപിക്കുവാൻ വിളിക്കപ്പെട്ടവരാണ്. മനുഷ്യനെ മനുഷ്യനായിക്കണ്ട്, മനുഷ്യത്വത്തോടുകൂടി പ്രവർത്തിക്കുമ്പോഴാണ് അവന്റെയും, അവളുടെയും ഉള്ളിൽ ദൈവം ഉണരുന്നത്. അപരനെ കേവലം കൊടുക്കാനും, വാങ്ങിക്കാനുമുള്ള ഒരു വസ്തുവായിട്ട്, ഉല്പന്നമായിട്ട് കാണുമ്പോഴാണ് സാത്താൻ നമ്മിൽ ഭരണം നടത്താൻ ആരംഭിക്കുന്നത്. നമുക്ക് ദൈവ സ്വഭാവമുള്ള വ്യക്തികളായിട്ട് മാറാനുള്ള നല്ല അവസരങ്ങളാണ്, “സഹോദരന്റെ കാവൽ”ക്കാരനായി മാറാനുള്ള അവസരങ്ങൾ ലഭ്യമാക്കുന്നത്. പലപ്പോഴും അപരനിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്നതിൽ നിന്ന് നമ്മെ വിലക്കുന്നത് ഊതിവീർപ്പിച്ച ഈഗോകൾ ആണ്. ജാതിയുടെ പേരിൽ, മതത്തിന്റെ പേരിൽ, ആചാര-അനുഷ്ഠാനങ്ങളുടെ പേരിൽ, ആഭിജാത്യത്തിന്റെ പേരിൽ, പാരമ്പ്യരത്തിന്റെ പേരിൽ നാം സഹജീവികളെ തട്ടു-തട്ടുകളാക്കി മാറ്റി നിറുത്തുകയാണ്. “അന്യ ദുഃഖം മ മ ദുഃഖം, അന്യ സുഖം മ മ സുഖം” എന്ന പുതിയൊരു ഫോർമുലയ്ക്ക് രൂപം കൊടുക്കുവാൻ ആർദ്രതയും, ദ്രവീകരണ ശക്തിയും ഉള്ളവരായി നമുക്ക് മാറാൻ തീവ്രമായി പരിശ്രമിക്കാം. അതായത് “ഒരു വിശ്വമാനവികതയെ” വാരിപ്പുണരുന്ന ഒരു “നവസംസ്കാരത്തിന്റെ” വക്താക്കളായി മാറാം. “സംസ്കാരം” എന്ന വാക്കിന്റെ അർത്ഥം തന്നെ മലിനമായവയെ, മോശമായവയെ ഭസ്മീകരിച്ച്, സ്പുടം ചെയ്ത്, ശുദ്ധീകരിച്ചിരിക്കുന്ന ഒരു “പുതിയ അസ്ഥിത്വം” ആർജ്ജിച്ചെടുക്കുവാൻ ബോധപൂർവ്വം പരിശ്രമിക്കാം.

സ്വർഗ്ഗവും നരകവും ഉണ്ടെന്നും, കതിരും പതിരും വേർതിരിക്കുന്ന ഒരു അന്തിമവിധി ഉണ്ടാകുമെന്നും, ദൈവം വിധിയാളനായി വരുമെന്നും നാം വിശ്വസിക്കുന്നു എങ്കിൽ വിധിയുടെ മാനദണ്ഡം ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ എപ്രകാരമായിരുന്നു എന്ന് തന്നെയാണ്. അതിനാൽ “ജാഗ്രതയോടെ” വർത്തിക്കാം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker