Articles

കൊറോണക്കാലത്തെ സഭ

കൊറോണ എന്ന പുത്തൻ വൈറസ് ലോകത്തിനുള്ള സഭയുടെ ശുശ്രൂഷയ്ക്ക് ഒരു പുത്തൻ സാധ്യതയാണ് സമ്മാനിക്കുന്നത്...

ഫാ.ജോഷി മയ്യാറ്റിൽ

പ്രതിസന്ധികൾ പലതു കടന്നുപോന്നതാണ് ഈ മനുഷ്യരാശി. അതിൽ, കഴിഞ്ഞ രണ്ടായിരം വർഷത്തെ ഭാഗധേയത്തിൽ കത്തോലിക്കാ സഭയും സജീവമായി, സർഗാത്മകമായി പങ്കാളിയായിട്ടുണ്ട്. സഭയിൽ ഇന്നു നിലവിലുള്ള പല സന്യാസ സമൂഹങ്ങളും ഉദ്ഭവിച്ചത് ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാൻ മനുഷ്യകുലത്തെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. സത്യത്തിൽ, അത്തരം സന്യാസപ്രസ്ഥാനങ്ങളുടെ സവിശേഷ കാരിസം ഉണർന്നു പ്രശോഭിക്കേണ്ട കാലമാണിത്. കൊറോണ എന്ന പുത്തൻ വൈറസ് ലോകത്തിനുള്ള സഭയുടെ ശുശ്രൂഷയ്ക്ക് ഒരു പുത്തൻ സാധ്യതയാണ് സമ്മാനിക്കുന്നത്.

ഇക്കാലഘട്ടത്തിലെ സഭാപ്രവർത്തനങ്ങളെ അഞ്ചായി തിരിക്കാൻ ഞാൻ ഉദ്യമിക്കുകയാണ്:

1) ആത്മീയ ശുശ്രൂഷ

ഒരു വിശ്വാസീസമൂഹമെന്ന നിലയിൽ ലോകത്തിനു വേണ്ടി ദൈവസന്നിധിയിൽ പ്രാർത്ഥനാനിരതരാകാൻ സഭയ്ക്കു കടമയുണ്ട്. അനുയോജ്യമായ പ്രാർത്ഥനകൾ പ്രചരിപ്പിക്കാനും തിരുവചന വായനകൾ നിർദേശിക്കാനും സഭയ്ക്കു കഴിയും. ജനത്തിരക്ക് ഒഴിവാക്കാനിടയാകുംവിധം ആത്മീയ ശുശ്രൂഷകളുടെ എണ്ണം കൂട്ടാനും സഭയ്ക്കാകും. വൈദികർക്ക് തങ്ങളുടെ ഇടവകാർത്തിക്കുള്ളിൽ ലളിതമായും വ്യക്തിപരമായും ദിവ്യകാരുണ്യ പ്രദക്ഷിണം, അമ്പെഴുന്നിള്ളിപ്പ് എന്നിവ നടത്താവുന്നതാണ്.

2) മിതത്വശുശ്രൂഷ

കൊറോണക്കാലത്തെ ആത്മീയ ശുശ്രൂഷയുടെ ഭാഗം തന്നെയാണ് മിതത്വവും. വിശ്വാസജീവിതത്തിന്റെ സുപ്രധാനമല്ലാത്ത കാര്യങ്ങൾ വെട്ടിച്ചുരുക്കാൻ ആർജവം കാണിക്കേണ്ട സമയമാണിത്. നൊവേനകളും തിരുനാളുകളും ധ്യാനങ്ങളും കൺവെൻഷനുകളും തല്ക്കാലത്തേക്ക് ഒഴിവാക്കേണ്ടതാണ്. കണ്ണമാലിപോലെ സുപ്രസിദ്ധമായ ഒരു തീർത്ഥാടന കേന്ദ്രത്തിലെ വർഷത്തിലൊരിക്കലുള്ള ഊട്ടുനേർച്ച വേണ്ടെന്നു വയ്ക്കാനെടുത്ത തീരുമാനം യഥാർത്ഥമായ ആധ്യാത്മിക ശോഭയുടെ പ്രതിഫലനമായി.

3) സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ശുശ്രൂഷകൾ

ശാരീരികമായ അകലങ്ങളെ അതിജീവിക്കാൻ ഇന്ന് മനുഷ്യന് ആധുനിക മാധ്യമങ്ങളുടെ സഹായത്തോടെ എളുപ്പത്തിൽ സാധിക്കും. കൊറോണക്കാലം ഒരു ‘ടെക്കി ചർച്ച്’ ആകാൻ കൂടിയുള്ള അവസരമാണ്. നവമാധ്യമങ്ങളിലൂടെയും ലോക്കൽ ചാനലുകളിലൂടെയും ദിവ്യബലി, സന്ദർഭത്തിനിണങ്ങിയ വചനപ്രഘോഷണം, ജപമാല, നൊവേന എന്നിവ നടത്താവുന്നതാണ്. രോഗികളായി കഴിയുന്നവർക്ക് വിശ്വാസീ സമൂഹത്തിന്റെ കരുതലും സാമീപ്യവും അനുഭവിക്കാൻ അത് ഇടയാക്കും.

4) സിവിൽ സഹകരണം

ഭരണാധികാരികളോടും മെഡിക്കൽ ഡിപ്പാർട്ടുമെന്റിനോടും സർവാത്മനാ സഹകരിക്കാൻ സഭയ്ക്കു കഴിയും. അധികാരികളുടെ നിർദേശങ്ങൾ, അവ എത്ര കടുത്തതായാലും അനിഷ്ടകരമായാലും, നടപ്പിൽ വരുത്താൻ സഭ ശ്രദ്ധിക്കണം.

5) ഉപവിശുശ്രൂഷ

രോഗബാധിതർക്ക് ജാതിമതഭേദമന്യേ സമാശ്വാസവുംസഹായവും നല്കാനും സഭ മുമ്പിലുണ്ടാകും. ഐസൊലേഷന് സ്ഥലസൗകര്യങ്ങൾ ആവശ്യമായി വരുന്ന പക്ഷം നമ്മുടെ ആശ്രമങ്ങൾക്കും മഠങ്ങൾക്കും സ്ഥാപനങ്ങൾക്കും കാര്യമായി സഹായിക്കാനാകും. അതിനെല്ലാമുപരി, കർത്താവിനും അപരർക്കുമായി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്ന സമർപ്പിതർക്ക് ഏത് അടിയന്തരാവസ്ഥയിലും അപകടകരമായ വെല്ലുവിളികൾ ഏറ്റെടുത്ത് സിവിൽ സൊസൈറ്റിയെ സഹായിക്കാനാകും. ഇക്കാര്യത്തിനായി വൈദികരിൽനിന്ന് ഏതാനുംപേരെ സംഘടിപ്പിച്ച് ‘സാന്ത്വനം’ എന്ന പേരിൽ എമർജൻസി ടീമിനെ രൂപീകരിക്കാൻ മുൻകൈയെടുത്ത കൊച്ചി രൂപതാധ്യക്ഷൻ ജോസഫ് കരിയിൽ പിതാവിന്റെ നടപടി അഭിനന്ദനവും അനുകരണവും അർഹിക്കുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker