Articles

കൊറോണാ കാലം – ഒരു സെൽഫി കാലം

സെൽഫി പകർത്തുവാൻ ഒരിടം വീടുകളിൽ തന്നെ കണ്ടെത്തുക...

ഫാ.മാർട്ടിൻ ഡെലിഷ് വകപ്പാടത്ത്‌

ലോകം മുഴുവൻ വിറങ്ങലിച്ചു നിൽക്കുകയാണ്, ചൈനയിൽ നിന്നും പുറപ്പെട്ട വണ്ടി ലോകം ചുറ്റി പരമാവധി ആളുകളെ കയറ്റി അതിദൂരം ബഹുദൂരം മുന്നേറുന്നു. മരണസംഖ്യ കുറവില്ല; ലോകരാഷ്ട്രങ്ങൾ മത്സരത്തിലാണ്, ഏറ്റവും കൂടുതൽ രോഗികൾ – മരണം ആർക്കെന്ന് തിട്ടപ്പെടുത്താൻ കഴിയാത്തവിധം മത്സരം അത്രയേറെ കടുത്തിരിക്കുന്നു. ഇങ്ങ് ഭാരതത്തിന്റെ തെക്കേയറ്റത്ത് കേരളത്തിലും ജില്ലകൾതോറും മത്സരം ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയടക്കം ഉദ്യോഗസ്ഥവൃന്ദം മുഴുവനും ഈ മത്സരത്തിന് വിസിലുമായി റഫറിമാരായി തലങ്ങും വിലങ്ങും ഓടിനടക്കുന്നു. കഴിഞ്ഞ ദിവസത്തെ കണക്കുപ്രകാരം കാസർഗോഡ് ജൈത്രയാത്ര തുടരുകയാണ്.

പിടിച്ചിരുത്താൻ പലവഴികൾ തേടിയിട്ടും ഒന്നിലും പെടാതെ പല വ്യക്തികളും കാഴ്ചകാണാൻ ഇറങ്ങുന്നു. ക്വാറന്റിനിൽ നിന്നും ഉത്തരവാദിത്തപ്പെട്ട ഒരാൾ മുങ്ങിയിട്ട് പൊങ്ങിയത് സ്വന്തം നാട്ടിൽ. ‘സേട്ടാ വിസക്കുന്നു’ എന്ന മലങ്കാളി, മലയാള-ബംഗാളി സങ്കര ഭാഷയിൽ ഒരുവൻ പറയുമ്പോൾ കാര്യം വ്യക്തമാണ്, എന്നാൽ വീട്ടിൽ ക്വാറന്റിനിൽ കഴിയാൻ പറഞ്ഞപ്പോൾ അങ്ങ് നാട്ടിലെ വീട്ടിൽ പോയിരിക്കുവാൻ പറഞ്ഞു എന്നത്രേ മനസിലായത്. ഇവിടെ വിവാഹിതനായതു കൊണ്ട് കേട്ട പാതി കേൾക്കാത്ത പാതി കക്ഷി മുങ്ങി, ആദ്യം ബാംഗ്ലൂർ പിന്നെ സ്വന്തം നാടായ കാൺപൂരിൽ – സെൽഫ് ക്വാറന്റ്‌ ചെയ്യുവാൻ – നവവധുവുമൊത്ത് ആക്കികളയാം എന്ന് അദ്ദേഹം ചിന്തിച്ചു എങ്കിൽ അതിൽ തെറ്റ് പറയാൻ കഴിയുമോ.

രോഗം ബാധിച്ചവർ താരതമ്യേന കുറവാണെങ്കിലും, ഇന്ത്യ ഒന്നാകെ ലോക്ക്‌ ഡൗൺ ചെയ്യാൻ നമ്മുടെ പ്രധാനമന്ത്രി ലോകത്തോട് കൈകൂപ്പി പറഞ്ഞു; ദയവുചെയ്ത് ഏപ്രിൽ 14വരെ എല്ലാവരും എവിടെയാണോ അവിടെത്തന്നെ ആയിരിക്കുക. സ്വന്തം നാടും വീടും വിട്ട് മറ്റു സ്ഥലങ്ങളിൽ തൊഴിൽതേടി പോയവർക്ക് ജോലിയും കൂലിയും ഇല്ലാതെ അവർ ആയിരിക്കുന്ന ഇടങ്ങളിൽ കഴിഞ്ഞുകൂടാൻ പറ്റാതായപ്പോൾ കിട്ടിയ ‘തീവണ്ടി’യിൽ ഉള്ളിലെ തീയുമായി നാട് പിടിച്ചു. കൂട്ടം കൂടുവാൻ പാടില്ലായിരുന്നിട്ടും കൂട്ടം കൂട്ടമായിതന്നെ അവർ യാത്രയായി. വീടുകളിലായിരുന്നവർ ഒരു കാര്യം മറന്നു പോയി ‘ഇത് സെൽഫി കാലമാണെന്ന്’ – കാരണം വീടുകളിൽ ഒന്നിച്ച് ആയതുകൊണ്ട് സെൽഫി പറ്റുന്നില്ല, ‘ഗ്രൂപ്പിയേ’ പറ്റുന്നുള്ളൂ.

ഒരു ദിവസത്തെ 24 മണിക്കൂറിൽ ഭക്ഷണം കഴിക്കുവാനും ഉറങ്ങുവാനും മാത്രം വീട്ടിൽ കയറിയവർ പുറത്തിറങ്ങാൻ കഴിയാതെ വീർപ്പുമുട്ടിയപ്പോൾ തല പുറത്തിട്ടു നോക്കി, ആരെങ്കിലും പുറത്ത് ഉണ്ടോ എന്ന്. നിയമപാലകർ നല്ല ചൂരൽ പഴം നൽകിയപ്പോൾ ആ മധുരവും പേറി സാമൂഹ്യമാധ്യമം തുറന്നപ്പോൾ കണ്ടു; ‘പോലീസ് വെടിവെക്കും എന്ന് അറിഞ്ഞാൽ അവർ വെടി വയ്ക്കുന്നത് കാണാൻ മലയാളി പുറത്തിറങ്ങുമെന്ന്’. അതെ ഇത് സെൽഫി കാലമാണ്, ഒരുതരം സെൽഫ് ക്വാറന്റീൻ കാലം. എന്റെ സുരക്ഷിതത്വം എന്റെ മാത്രം ഉത്തരവാദിത്വമാണെന്നും, ചിത്രത്തിൽ ഞാൻ മാത്രം മതിയെന്ന്, അല്പം സെൽഫി ആകുവാനും ഈ കാലഘട്ടം നല്ലതുതന്നെയാണ്. തന്നിലേക്ക് ചുരുങ്ങി കുറെ നല്ല ശീലങ്ങളിലേക്ക് ചുവടുവയ്ക്കാൻ ഈ കാലഘട്ടത്തിനു കഴിയും.

സെൽഫി പകർത്തുവാൻ ഒരിടം വീടുകളിൽ തന്നെ കണ്ടെത്തുക. അതിന് ആദ്യം കുറച്ച് സ്ഥലങ്ങളിൽ വൃത്തിയാക്കാൻ ഉണ്ട്, ഇതുവരെ കാണാത്ത വീടിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഒന്ന് ഇറങ്ങി നോക്കുവാനും, ‘ഗോ കൊറോണ ഗോ’ എന്നുപറഞ്ഞ് വിരട്ടി ഓടിക്കുവാൻ വൃത്തിയുള്ള ഇടവും, ശരീരവും, മനസ്സും ഉപകരിക്കും. അപ്പോൾ നമ്മുടെ സെൽഫിയുടെ ഭംഗി കൂടും. ഒരു സുഹൃത്ത് ഓപ്പോയുടെ ഒരു പുതിയ ഫോൺ വാങ്ങി, സുഹൃത്ത് പുതിയ ചിത്രങ്ങൾ അതിൽ എടുത്ത് ഷെയർ ചെയ്തപ്പോൾ ചങ്ങാതിക്കൂട്ടം ഒന്നുചേർന്ന് വിളിച്ചു ഓപ്പോക്കുട്ടൻ – അവന്റെ ഓപ്പോ സെൽഫിക്ക് ചാരുത ഏറെയായിരുന്നു. ആ സെൽഫിയുടെ ചുറ്റുപാടുകൾ ഇന്ന് അന്യമായി എങ്കിൽ അത് തിരിച്ചുപിടിക്കാൻ മറ്റുള്ളവർക്ക് മാതൃകയാകും വിധം സുന്ദരമാക്കാൻ ഈ കൊറോണ സെൽഫി കാലം ഉപകരിക്കും. വീടുകളിൽ കഴിയുന്ന എല്ലാ സുഹൃത്തുക്കൾക്കും അനുഗ്രഹീതമായ, ആരോഗ്യപരമായ സെൽഫി കാലം ആശംസിക്കുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker