Kerala

കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വിശ്വാസികൾക്ക് കുമ്പസാരം സ്വീകരിക്കാനുള്ള അവസരമൊരുക്കി ഇടവക വികാരി

രാവിലെ 10 മണി മുതൽ വൈകുന്നേരം 04.30 വരെ കുമ്പസാരവും, 5 മണി മുതൽ 07.30 വരെ വചനപ്രഘോഷണവും, ദിവ്യകാരുണ്യ ആരാധനയും, ദിവ്യബലിയുമാണ് നടത്തിവരുന്നത്...

ജോസ് മാർട്ടിൻ

കൊല്ലം: കൊല്ലം രൂപതയിൽ കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ തന്റെ ഇടവകയിലെ വിശ്വാസികൾക്ക് കുമ്പസാരമെന്ന കൂദാശ സ്വീകരിക്കാനുള്ള അവസരമൊരുക്കിയിരിക്കുകയാണ് ക്ലാപ്പന ഇടവക വികാരി ഫാ.ഫിൽസൺ ഫ്രാൻസിസ്. കോവിഡ് 19 പ്രോട്ടോകോൾ പൂർണ്ണമായി പാലിച്ചുകൊണ്ടാണ് ഡിസംബർ 1 മുതൽ 4 വരെ രാവിലെ 10 മണി മുതൽ വൈകുന്നേരം 04.30 വരെ കുമ്പസാരവും, 5 മണി മുതൽ 07.30 വരെ വചനപ്രഘോഷണവും, ദിവ്യകാരുണ്യ ആരാധനയും, ദിവ്യബലിയുമാണ് നടത്തിവരുന്നത്.

കോവിഡ് കാലഘട്ടത്തിൽ ധാരാളം വിശ്വാസികൾ ദേവാലയത്തിൽ നിന്ന് അകന്ന് പോകുന്ന അനുഭവം വികാരിയച്ചൻമാരെ / ഇടയൻമ്മാരെ സംബന്ധിച്ച് ക്രിസ്തുവിന്റെ ഹൃദയത്തോട് ചേർന്ന് ചിന്തിക്കുമ്പോൾ വേദനയുള്ള അനുഭവമാണെന്നും, എങ്ങിനെയും വിശ്വാസികളെ വീണ്ടും പ്രാർത്ഥനയിലേക്കും, വിശ്വാസത്തിലേക്കും, ജീവിത വിശുദ്ധിയിലേക്കും കൊണ്ടുവരിക എന്നത് വലിയ ആഗ്രഹമായിരുന്നുവെന്നും ഫാ.ഫിൽസൺ ഫ്രാൻസിസ് പറയുന്നു. കുമ്പസാരത്തിന് നമ്മുടെ ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ടെന്നും, ഫ്രാൻസിസ് പാപ്പ ആദ്യകാലത്ത് പറഞ്ഞതുപോലെ കുമ്പസാരം ഒരു വാഷിംഗ് മെഷീൻ അല്ല, മറിച്ച് അതൊരു ശക്തികേന്ദ്രമാണെന്നും ഒരു വാഷിംഗ് മെഷീൻ പോലെ അലക്കി പുത്തനാക്കാനുള്ളതല്ല, മറിച്ച് പുതിയ ഊർജ്ജത്തോടെ ജീവിക്കാൻ ഓരോ വിശ്വാസികൾക്കും ശക്തി നൽകുന്നതുമാണ് കുമ്പസാരമെന്ന കൂദാശയെന്ന് ഫാ.ഫിൽസൺ ഓർമ്മിപ്പിക്കുന്നു.

അതുപോലെതന്നെ, വിശ്വാസജീവിതം നയിക്കാനുള്ള ആഗ്രഹം ഉള്ളിൽ സൂക്ഷിച്ചിട്ട്, ഓൺലൈൻ കുർബാനകളിൽ പങ്കെടുത്താൽ മാത്രം വിശ്വാസ പൂർണ്ണത സംഭവിക്കുന്നില്ല, അതിന് ദേവാലയത്തിലേക്കു വരികയും ദിവ്യബലിയിൽ പങ്കെടുത്ത് വിശ്വാസത്തിൽ ആഴപ്പെടുകയും ചെയ്യണം അതിനാണ് വിശ്വാസികൾക്കായി ഈ അവസരമൊരുക്കിയതെന്ന് ഫാ.ഫിൽസൺ പറഞ്ഞു.

കൊല്ലത്തെ കോവിൽതോട്ടം സാൻപിയോ കപ്പൂച്ചിൻ ആശ്രമത്തിന്റെ സഹായത്തോടെ ഫാ. ഡാനി കപ്പൂച്ചിന്റെ നേതൃത്വത്തിൽ ഫാ. ജെസ്മോൻ, ഫാ.നോബർട്ട്, ഫാ.ജോസ്, ബ്ര. ബിബിൻ എന്നിവരുടെ സഹായത്താലാണ് ഈ ഉദ്യമം സാധ്യമായിരിക്കുന്നത്. 400 കുടുംബങ്ങളുള്ള ഇടവകയിൽ തിരുകർമ്മങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒരാഴ്ചയ്ക്ക് മുൻപ് തന്നെ പേരുകൾ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുകയും, അവരുടെ വിവരങ്ങൾ ശേഖരിച്ച് കരിസ്മാറ്റിക് ടീമിന്റെ സഹായത്തോടുകൂടിയാണ് ക്രമീകരണങ്ങൾ നടത്തിയത്.

യൂണിറ്റ് അടിസ്ഥാനത്തിൽ കുമ്പസ്സാരിക്കാൻ ഉള്ളവരുടെ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കായി നിശ്ചയിക്കുന്ന സമയക്രമം നേരത്തെ അവരെ അറിയിക്കുകയും അവരവരുടെ സമയംപാലിച്ച് ദേവാലയത്തിലെത്തിയുമാണ് കുമ്പസ്സാരം. കുമ്പസാരം നൽകാൻ ഈ നാല് ദിവസങ്ങൾ മുഴുവനും മൂന്ന് കപ്പുച്ചിൻ സന്യാസി വൈദീകർ ദേവാലയത്തിലുണ്ട്.

ഇടവക ജനത്തിന്റെ ആത്മവിശുദ്ധീകരണവും, ദേവാലയത്തിലേക്കുള്ള തിരിച്ചുവരവും ജനം പ്രയോജനപ്പെടുത്തുന്നുണ്ടെന്നും, ദൈവാനുഗ്രഹത്തതാൽ ലോക്ക്ഡൗൺ കഴിഞ്ഞ് ദേവാലയം തുറക്കാൻ സർക്കാർ അനുവാദം തന്ന നാൾ മുതൽ വെറും 5 ദിവസം ഒഴികെ ഇന്നുവരെ ഞായറാഴ്‌ച്ച ഉൾപ്പെടെ എല്ലാ ദിവസവും ജനസഹിത ദിവ്യബലി ആർപ്പിക്കപ്പെടുന്നുണ്ടെന്നും, വിദ്യാർഥികൾക്ക് അവരുടെ ക്ലാസ്സ്‌ അടിസ്ഥാനത്തിൽ ദിവ്യബലിയും, കുമ്പസ്സാരവും, ഓൺലൈനായി കാറ്റിക്കിസ്സവും കൃത്യമായി നടത്തിവരുന്നുണ്ടെന്നും ഇടവക വികാരി ഫാ.ഫിൽസൺ ഫ്രാൻസിസ് പറഞ്ഞു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker