Vatican

ക്രിസ്തീയ ജീവിതം യേശുവിനായി നിക്ഷേപിക്കപ്പെടേണ്ടതും അപരനു വേണ്ടി വിനിയോഗിക്കപ്പെടേണ്ടതും : ഫ്രാൻസിസ് പാപ്പാ

ക്രിസ്തീയ ജീവിതം യേശുവിനായി നിക്ഷേപിക്കപ്പെടേണ്ടതും അപരനു വേണ്ടി വിനിയോഗിക്കപ്പെടേണ്ടതും : ഫ്രാൻസിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ക്രിസ്തീയ ജീവിതം യേശുവിനായി നിക്ഷേപിക്കപ്പെടേണ്ടതും അപരനു വേണ്ടി വിനിയോഗിക്കപ്പെടേണ്ടതുമാണെന്ന് ഫ്രാൻസിസ് പാപ്പാ. ഇറ്റലിയുടെ തെക്കുകിഴക്ക് ഭാഗത്തുള്ള അലെസ്സാനൊ, മൊൽഫേത്ത എന്നീ സ്ഥലങ്ങളിൽ 20/04/2018 വെള്ളിയാഴ്ച ഉച്ചവരെ ഇടയസന്ദർശനം നടത്തിയ ഫ്രാൻസീസ് പാപ്പാ മൊൽഫേത്തയിലെ തുറമുഖത്ത് അർപ്പിച്ച ദിവ്യബലി മദ്ധ്യേ സുവിശേഷചിന്തകൾ പങ്കുവയ്ക്കുമ്പോൾ ആണ് ഇക്കാര്യത്തിന് ഊന്നൽ നൽകിയത്.

പാവപ്പെട്ടവരുടെ ഉന്നമനത്തിനും സമാധാനസംസ്ഥാപനത്തിനും വേണ്ടി തന്‍റെ  പൗരോഹിത്യ ജീവിതവും മെത്രാൻ പദവിയും നീക്കിവച്ച മെത്രാൻ തൊണീനൊ ബേല്ലൊയുടെ ഇരുപത്തിയഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ചായിരുന്നു അദ്ദേഹത്തിന്‍റെ ജന്മസ്ഥലമായ അലെസ്സാനൊയിലും അദ്ദേഹം മെത്രാനായിരുന്ന മൊൽഫേത്തയിലും പാപ്പായുടെ ഇടയസന്ദർശനം.

ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധ ഗ്രന്ഥഭാഗങ്ങൾ ക്രിസ്തീയ ജീവിതത്തിന്‍റെ  സുപ്രധാന ഘടകങ്ങളായ അപ്പത്തെയും വചനത്തെയും അവതരിപ്പിക്കുന്നതിനെപ്പറ്റി പരമാർശിച്ച പാപ്പാ, ജീവിക്കുന്നതിന് അനിവാര്യമായ ആഹാരമാണ് അപ്പമെന്നും യേശു സുവിശേഷത്തിൽ ജീവന്‍റെ അപ്പമായി സ്വയം നൽകുന്നുവെന്നും അനുസ്മരിച്ചു.

ദിവ്യകാരുണ്യത്താൽ പോഷിതരാകുന്നവർ കർത്താവിന്‍റെ മനോഭാവം ആർജ്ജിക്കുന്നുവെന്നും യേശു നമുക്കുവേണ്ടി മുറിക്കപ്പെട്ട അപ്പമാണെന്നും അതു സ്വീകരിക്കുന്നവൻ മുറിക്കപ്പെട്ട അപ്പമായി മാറുന്നുവെന്നും, ഈ അപ്പം ഔദ്ധത്യത്താൽ പുളിച്ചു പൊങ്ങാത്തതും അപരന് സ്വയം ദാനമാകുന്നതുമാണെന്നും അതു സ്വീകരിക്കുന്നവൻ അവനവനുവേണ്ടിയും, സ്വന്തം നേട്ടത്തിനായും, എന്തെങ്കിലും കൈവശപ്പെടുത്തുന്നതിനായും എന്തെങ്കിലുമായി തീരുന്നതിനായും അല്ല പ്രത്യുത യേശുവിനായി യേശുവിനെപ്പോലെ, അതായത്, മറ്റുള്ളവർക്കായി ജീവിക്കുന്നുവെന്നും പാപ്പാ വിശദീകരിച്ചു.

ദിവ്യകാരുണ്യം ഉദാസീനതയോട് സഹിഷ്ണുതകാട്ടുകയില്ലെന്നും വിരുന്നിന്‍ മേശയിൽ നിന്ന് എഴുന്നേൽക്കാത്ത പക്ഷം പൂർത്തീകരിക്കപ്പെടാത്ത ഒരു കൂദാശയായി അതു മാറുമെന്നും ബിഷപ്പ് തൊണീനൊ പറഞ്ഞിരുന്നതും പാപ്പാ അനുസ്മരിച്ചു.

മുറിക്കപ്പെട്ട അപ്പം ജീവന്‍റെ അപ്പം സമാധാനത്തിന്‍റെ പൂപമാണെന്നും പാപ്പാ ബിഷപ്പ് തൊണീനൊയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് വ്യക്തമാക്കി.

അപ്പമെടുത്ത് അത് ഒറ്റയ്ക്കിരുന്നു ഭക്ഷിക്കുമ്പോഴല്ല, പ്രത്യുത, വിരുന്നാക്കി മാറ്റപ്പെടുമ്പോഴാണ്, മറ്റുള്ളവരുമൊത്തു പങ്കുവയ്ക്കപ്പെടുമ്പോഴാണ്, കണ്ടെത്തേണ്ടതും ഉള്‍ക്കൊള്ളേണ്ടതും തലോടേണ്ടതുമായ ഒരു വദനമായി അപരന്‍ മാറുന്ന ഒരു മേശയിൽ ഒന്നിച്ചിരുന്നു അപ്പം ഭക്ഷിക്കുമ്പോഴാണ് സമാധാനം സംജാതമാകുന്നതെന്ന അദ്ദേഹത്തിന്‍റെ ആശയം പാപ്പാ വിശദീകരിച്ചു.

കടപ്പാട് : വത്തിക്കാൻ റേഡിയോ

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker