Articles

ക്രിസ്തുവിന്റെ സഭ = ദൈവകാരുണ്യത്തിന്റ വാതിൽ

ദൈവം നമ്മെ സന്ദർശിക്കുന്ന പരമമായ പ്രവർത്തിയാണ് കാരുണ്യം...

സിസ്റ്റർ ജെസ്സിൻ എൻ.എസ്. (നസ്രത്ത് സിസ്റ്റേഴ്സ്)

“കാരുണ്യം” എന്ന പദം ത്രീയേക ദൈവത്തിന്റെ ത്രീത്വരഹസ്യത്തെ വെളിപ്പെടുത്തുന്നു. ദൈവം നമ്മെ സന്ദർശിക്കുന്ന പരമമായ പ്രവർത്തിയാണ് കാരുണ്യം (Misericordiae Vultus 1). ദൈവം തന്റെ ദൗത്യ നിർവഹണത്തിൽ പ്രവാചകരിലൂടെയും, പ്രബോധനത്തിലൂടെയും, അടയാളങ്ങൾ വഴിയും, അത്ഭുതങ്ങൾ വഴിയും അവിടുത്തെ കരുണയുടെ മുഖം നമുക്ക് മുന്നിൽ വെളിപ്പെടുത്തി (പുറപ്പാട് 34:6). പുതിയ നിയമത്തിലൂടെയും പഴയ നിയമത്തിലൂടെയും കണ്ണോടിക്കുമ്പോൾ നമുക്ക് കാണുവാൻ സാധിക്കും, ദൈവം മനുഷ്യനെ സമീപിച്ചതും, മനുഷ്യഹൃദയങ്ങളെ തൊട്ടറിഞ്ഞതും നമ്മോടുള്ള കരുണയൊന്നുകൊണ്ടുമാത്രമാണ്.

ഈ കാലഘട്ടത്തിൽ ഫ്രാൻസിസ് പാപ്പാ നമ്മോട് ആവശ്യപ്പെടുന്നതും കരുണയുടെ മുഖവുമായി അപരിലേക്കു നോക്കുവാനാണ്. കാരണം, കരുണ അനിവാര്യമായ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരുവിധത്തിൽ മുറിവേൽക്കപ്പെട്ട മനുഷ്യകുലമാണ് നമുക്ക് ചുറ്റുമുള്ളത്. അതിനാൽ, അപരന്റെ വേദന മറന്ന് ആനന്ദിക്കുവാൻ നമുക്ക് എങ്ങനെ സാധിക്കും? വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലൂടെ യേശു നമ്മെ ഓർമ്മപ്പെടുത്തുന്നത് “കരുണയുള്ളവർ ഭാഗ്യവാന്മാർ, എന്തെന്നാൽ അവർക്ക് കരുണ ലഭിക്കും” എന്നാണ്. വഴിയോരങ്ങളിലൂടെയും തെരുവീഥികളിലൂടെയും നടന്നു നീങ്ങിയപ്പോൾ മിശിഹാ കാരുണ്യത്തിന്റെ സ്പർശനവും, ദർശനവുമാണ് പകർന്നു നൽകിയത്. അത് അപരന്റെ ജീവിതത്തെ ജീവനിലേക്കും, സ്നേഹത്തിലേക്കും, കൂട്ടായ്മയിമയിലേക്കും വളർത്തി.

ഇന്നിന്റെ ഈ കാലഘട്ടത്തിൽ ഇത് തന്നെയാണ് ക്രൈസ്തവരായ നമ്മുടെയും ദൗത്യവും – മുറിവേറ്റവന് ഔഷധമായി, അനുഗ്രഹമായി മാറുക. ആയതിനാൽ, മുറിവേറ്റ മനുഷ്യരാശിയെ തേടിയിറങ്ങുന്ന അർപ്പണബോധമുള്ള, ആത്മാർത്ഥതയുള്ള ക്രൈസ്തവ വിശ്വാസികളായി നമുക്ക് ശുശ്രൂഷ ചെയ്യാം. അപരന്റെ കരങ്ങൾക്ക് ബലം നൽകുവാൻ, ദൈവം നമ്മുടെ കരങ്ങളെ ബലപ്പെടുത്തട്ടെ. ജ്ഞാനസ്നാനത്തിലൂടെ ക്രിസ്തുവിന്റെ മൗതീകശരീരത്തിലെ അവയവങ്ങളായ, കത്തോലിക്കാസഭാ മക്കളായ, ക്രിസ്തു അനുയായികളായ നാമോരോരുത്തരും ദൈവകാരുണ്യത്തിന്റെ സൂക്ഷിപ്പുകാരും, വിതക്കാരുമാണെന്ന ഉറച്ച ബോധ്യത്തോടെ മുന്നോട്ടു പോകാം.

ഈ നോമ്പുകാലം നമുക്കൊരുരുത്തർക്കും പുത്തനുണർവ് പകരട്ടെ, ക്രിസ്തുവിന്റെ മുറിവേറ്റമുഖം കാരുണ്യ വാഹകരാകാനുള്ള തീക്ഷ്ണത നമ്മിൽ സൃഷ്ടിക്കട്ടെ, അങ്ങനെ നിരന്തരം കരുണയുടെ മുഖവുമായി അപരിലേക്കിറങ്ങുവാൻ നമുക്ക് സാധിക്കട്ടെ. “കാരുണ്യം” എന്ന പദം ത്രീയേക ദൈവത്തിന്റെ ത്രീത്വരഹസ്യത്തെ വെളിപ്പെടുത്തുന്നത് പോലെ; ത്രീത്വം കൂട്ടായ്മയുടെയും, ഒന്നായിരിക്കുന്നതിന്റെയും, സാഹോദര്യത്തിന്റെയും, പൂർണ്ണതയാണെന്നതും മറക്കാതിരിക്കാം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker