Articles

ക്രിസ്ത്യന്‍ ട്രോളുകള്‍ ക്രിസ്തീയമോ?

ക്രിസ്ത്യന്‍ ട്രോളുകള്‍ ക്രിസ്തീയമോ?

ഫാ.നോബിൾ തോമസ് പാറക്കൽ

(ഈ ലേഖനമെഴുതുന്പോള്‍ ആദ്യമേ സൂചിപ്പിക്കട്ടെ, സദുദ്ദേശത്തോടെയും നല്ല മനസ്സോടെയും ക്രൈസ്തവയുവജനങ്ങള്‍ നടത്തുന്ന ട്രോള്‍ ഗ്രൂപ്പുകള്‍ക്ക് എതിരെയുള്ളതല്ല. മറിച്ച്, അവരുടെയടക്കം പുറത്തുവരുന്ന പല ട്രോളുകളിലും ഉള്‍ച്ചേര്‍ന്നിരിക്കുന്ന വിശ്വാസവിരുദ്ധമായ പ്രവണതകളെയും ഇത്തരം വിഷയങ്ങളെ സഭ എപ്രകാരം കാണുന്നുവെന്നതിനെയും കുറിച്ചുള്ള എഴുത്ത് മാത്രമാണിത്.)

എന്താണ് ട്രോളുകള്‍?

സമൂഹ മാധ്യമങ്ങളിൽ ആക്ഷേപഹാസ്യരൂപേണ സമകാലിക വിഷയങ്ങൾ അവതരിപ്പിക്കുന്നതിനെയാണ് ട്രോൾ (TROLL) എന്നുപറയുന്നത്. സിനിമയിലെ കഥാപാത്രങ്ങളുടെ സംഭാഷണ രംഗങ്ങൾ അടർത്തിയെടുത്ത്‌ അതിൽ നർമ്മം കലർത്തി സന്ദർഭത്തിനനുസരിച്ച് പ്രയോഗിക്കുന്ന രീതിയാണ് ഇത്. സാമൂഹിക വിഷയങ്ങൾ, രാഷ്ട്രീയ വിഷയങ്ങൾ എന്നിവ ഹാസ്യരൂപേണ അവതരിപ്പിച്ചുകൊണ്ട് ഏവരെയും ചിരിപ്പിക്കുവാനും അതിലുപരി ചിന്തിപ്പിക്കുവാനും ട്രോളുകൾക്കു സാധിക്കുന്നു. പണ്ടുകാലത്ത് പത്ര മാധ്യമങ്ങളിൽ ആക്ഷേപഹാസ്യരൂപേണ അവതരിപ്പിച്ചിരുന്ന കാർട്ടൂണുകളുടെ ഒരു ആധുനിക രൂപമെന്നു ട്രോളുകളെ വിശേഷിപ്പിക്കാം.

ക്രിസ്ത്യന്‍ ട്രോളുകള്‍

മേല്‍വിവരിച്ച രീതിയില്‍ ക്രൈസ്തവജീവിതത്തെ – വി. ഗ്രന്ഥമായ ബൈബിള്‍, കൂദാശകള്‍, ഇടവകദേവാലയം, സംഘടനാപ്രവര്‍ത്തനങ്ങള്‍, ക്രൈസ്തവഭവനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ – മുഴുവനായും സമകാലികപശ്ചാത്തലത്തില്‍ ട്രോളുകളായി അവതരിപ്പിക്കുന്നതാണ് ക്രൈസ്തവട്രോളുകള്‍ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ഇത്തരം ട്രോള്‍ഗ്രൂപ്പുകള്‍ ഇപ്പോള്‍ പലതും ഫെയ്സ്ബുക്കില്‍ കാണാവുന്നതാണ്. വളരെ സദുദ്ദേശപരമായി ആരംഭിച്ചിരിക്കുന്ന ഇത്തരം ഗ്രൂപ്പുകളില്‍ വിശ്വാസവിഷയങ്ങളും ക്രൈസ്തവജീവിതവുമൊക്കെ വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ധാരാളം പേര്‍ക്ക് ക്രൈസ്തവജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മനസ്സിലാക്കാനും പഠിക്കാനും യുവജനങ്ങള്‍ക്ക് തന്നെ പല കാര്യങ്ങളും ഓര്‍ത്തിരിക്കാനും അവ ഉപകരിക്കുന്നു എന്നത് പ്രശംസനീയമാണ്.

അപചയങ്ങളും അപഥസഞ്ചാരങ്ങളും

നന്മയായിട്ടുള്ളതെല്ലാം തിന്മായായി പരിണമിപ്പിക്കുക എന്നതാണല്ലോ തിന്മയുടെ ശക്തികളുടെ ഇക്കാലത്തെ ഏറ്റവും വലിയ തന്ത്രം. അതിനാല്‍ത്തന്നെ ക്രിസ്ത്യന്‍ ട്രോള്‍ ഗ്രൂപ്പുകളിലൂടെ പുറത്തു വരുന്ന ട്രോളുകളും ഇത്തരമൊരു വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട്.
1. വളരെ സദുദ്ദേശപരമായും നിഷ്കളങ്കമായും ആരംഭം കുറിച്ച ട്രോള്‍ ഗ്രൂപ്പുകള്‍ സാവധാനം അവയുടെ ഹാസ്യത്തിന്‍റെ തലം വിട്ട് ആക്ഷേപത്തിന്‍റെ ഭാഷ സ്വീകരിക്കുന്നത് സമീപനാളുകളില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് (ഉദാ – സഭാസ്ഥാപനങ്ങളെക്കുറിച്ചുള്ള ചില ട്രോളുകള്‍).
2. ഒറ്റ തിരിഞ്ഞുണ്ടാകുന്ന സംഭവങ്ങളെ ട്രോളുകളുടെ രൂപത്തില്‍ അവതരിപ്പിക്കുന്നതു മൂലം അവ ക്രൈസ്തവജീവിതത്തില്‍ സര്‍വ്വസാധാരണമാണെന്ന ധാരണ പൊതുജനത്തിനിടയില്‍ രൂപപ്പെടാനിടയായിട്ടുണ്ട് (ക്രൈസ്തവര്‍ക്കിടയിലെ മദ്യപാനശീലത്തെക്കുറിച്ചുള്ളത്).
3. കൂദാശകളെക്കുറിച്ചുള്ള ട്രോളുകളില്‍ പരിശുദ്ധമായ കൂദാശകള്‍ക്ക് നല്കേണ്ട ആദരവും ബഹുമാനവും നല്കാതിരിക്കുന്നത്
4. വിശ്വാസവിഷയങ്ങളെ പരാമര്‍ശിക്കുന്പോ‍ള്‍ അവയില്‍ ക്രൈസ്തവചിന്തക്ക് നിരക്കാത്ത ആശയങ്ങള്‍ പ്രകടമാകുന്നത്. ചില കാര്യങ്ങള്‍ എങ്ങനെയാണ് വ്യാഖ്യാനിക്കേണ്ടത് എന്ന അറിവില്ലായ്മ ഇത്തരം ട്രോളുകളില്‍ പ്രകടമാണ്.
5. വിശുദ്ധ ഗ്രന്ഥവചനങ്ങള്‍ ഉപയോഗിക്കുന്പോള്‍ സാന്ദര്‍ഭികമല്ലാത്ത വ്യാഖ്യാനങ്ങള്‍ അവക്കു നല്കുന്നത്.

ക്രിസ്ത്യന്‍ ട്രോളുകള്‍ – നാം സൂക്ഷിക്കേണ്ട ധാരണകളും ചിന്തകളും

ക്രിസ്ത്യന്‍ ട്രോളുകള്‍ അവ നല്കുന്ന നന്മയെക്കരുതി നമുക്ക് പ്രോത്സാഹിപ്പിക്കാതിരിക്കാനാവില്ല. എങ്കിലും ക്രിസ്തീയമായ ട്രോളുകള്‍ നിര്‍മ്മിക്കുകയും അവ പങ്കുവെക്കുകയും ചെയ്യുന്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കുറിക്കട്ടെ.

1. വിശ്വാസവിഷയങ്ങള്‍ ആക്ഷേപഹാസ്യമോ (Satiric)?: ട്രോളുകള്‍ ആക്ഷേപഹാസ്യമാണെന്ന് അതിന്‍റെ നിര്‍വ്വചനത്തില്‍ത്തന്നെ നമ്മള്‍ കാണുകയുണ്ടായി. ആക്ഷേപഹാസ്യം എന്താണെന്ന് പരിശോധിക്കുന്പോള്‍ അത് വ്യക്തിയേയോ സംഭവങ്ങളെയോ പ്രസ്ഥാനങ്ങളെയോ പരിഹാസ രൂപേണ വിമർശിക്കുന്ന രീതിയാണ് എന്നു കാണാം. വിശ്വാസവിഷയങ്ങളെ പരിഹാസരൂപേണ വിമര്‍ശിക്കാന്‍ നമുക്ക് സാധിക്കുമോ? ആദരവ് നഷ്ടപ്പെടുന്ന പരിസരങ്ങളെയും വ്യക്തികളെയും സംഭവങ്ങളെയുമാണ് സാധാരണയായി നാം പരിഹാസമനോഭാവത്തോടെ സമീപിക്കാറുള്ളത്. ക്രൈസ്തവജീവിതത്തില്‍ വിശ്വാസികളെന്ന നിലയില്‍ നമുക്ക് എന്തിനോടാണ് ആദരവ് നഷ്ടപ്പെട്ടുപോയിട്ടുള്ളത്. കൂദാശകളെ പരിഹാസമനോഭാവത്തോടെ അവതരിപ്പിക്കാന്‍ നമുക്ക് സാധിക്കുമോ?

2. നിസ്സാരവത്കരണം (Trivilisation) മൂലമുണ്ടാകുന്ന അപകടങ്ങള്‍: വിശ്വാസവും സഭാത്മകജീവിതവും ക്രിസ്തീയതയും ട്രോളുകളുടെ തലത്തിലേക്ക് കൊണ്ടുവരുന്പോള്‍ അവ എല്ലാവരിലും ചിരിയുണര്‍ത്തുന്നു, അറിവ് പകരുന്നു എന്ന് പറയുന്പോഴും ട്രോളുകള്‍ ആ വിഷയങ്ങളുടെ ഗൗരവം നഷ്ടപ്പെടുത്തുന്നു എന്നത് നമുക്ക് കാണാനാകും. ജീവിതത്തില്‍ നാം വിശ്വാസത്തിന് എത്രമാത്രം വില നല്കുന്നുവെന്നതിനനുസരിച്ചാണ് നമ്മുടെ വ്യക്തജീവിതവും ധാര്‍മ്മികചിന്തകളുമൊക്കെ രൂപപ്പെടുന്നത്. ഇത്തരം വിഷയങ്ങളെ നിസ്സാരവത്കരിച്ച് അവതരിപ്പിക്കുന്നതുമൂലം അവയുടെ പ്രാധാന്യത്തെ തമസ്കരിക്കാന്‍ അബോധപൂര്‍വ്വകമായൊരു ഉത്സാഹം അതിന്‍റെ പ്രയോക്താക്കളില്‍ സാവധാനം രൂപപ്പെടും.

3. Sense of Sacred (വിശുദ്ധമായതിനെക്കുറിച്ചുള്ള അവബോധം) നഷ്ടപ്പെടുന്നു: ഹാസ്യത്തിന്‍റെ പുറംകുപ്പായമണിഞ്ഞ് ലളിതസുന്ദരമായി പ്രത്യക്ഷപ്പെടുന്ന ഇത്തരം കാര്യങ്ങളില്‍ പലതും കൂദാശകള്‍, വിശുദ്ധ ഗ്രന്ഥം, വിശ്വാസവിഷയങ്ങള്‍ എന്നിവയുടെ പരിശുദ്ധിയെക്കുറിച്ചുള്ള ധാരണകള്‍ ഇല്ലാതാക്കുന്നുണ്ട്. പ്രത്യേകിച്ച് കൂദാശകളെ ലാഘവത്തോടെ അവതരിപ്പിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്പോള്‍ അവയുടെ സ്വീകരണത്തിന് ഉണ്ടായിരിക്കേണ്ട ഗൗരവപൂര്‍ണ്ണമായ ഒരുക്കം, അതിനുവേണ്ടി മാറ്റിവെക്കേണ്ട സമയം എന്നിവ അപ്രസക്തമായി അനുഭവപ്പെടും. സമയം, സ്ഥലം, ശാരീരികനില എന്നിങ്ങനെ വിശുദ്ധിയോട് ബന്ധപ്പെട്ട പ്രധാനകാര്യങ്ങളെല്ലാം അവഗണിക്കപ്പെടും.

4. Sacrilege (ദൈവദോഷം) എന്ന പാപം: കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ആദ്യത്തെ ന്യായപ്രമാണത്തിന് നല്കുന്ന വ്യാഖ്യാനത്തില്‍ നാം ഈ ആശയം കണ്ടുമുട്ടുന്നുണ്ട്. 2120 നന്പര്‍ പറയുന്നു, കൂദാശകളെയും ആരാധനാപരമായ മറ്റു പ്രവൃത്തികളെയും അതുപോലെ ദൈവത്തിന് പ്രതിഷ്ഠിക്കപ്പെട്ട വ്യക്തികളെയും വസ്തുക്കളെയും സ്ഥലങ്ങളെയും അശുദ്ധമാക്കുന്നതും അയോഗ്യമായി കൈകാര്യം ചെയ്യുന്നതും ദൈവദോഷമാണ്. പ്രത്യേകിച്ച്, ദിവ്യകാരുണ്യത്തിനെതിരാണെങ്കില്‍ അത് ഗൗരവതരമായ പാപമാണ്. (ഉദാഹരണം പറഞ്ഞാല്‍ കൊച്ചച്ചന്‍ ഊരുതെണ്ടാന്‍ വരുന്പോള്‍ നല്ല കിടുക്കാച്ചി ലുക്കാണല്ലോ എന്ന് പറഞ്ഞ് സിനിമാനടന്മാരുടെ ഫോട്ടോയിടുകയും കൊച്ചച്ചനെ അതില്‍ ടാഗ് ചെയ്യുകയും ചെയ്യുന്പോള്‍ ദൈവത്തിന് പ്രതിഷ്ഠിക്കപ്പെട്ട വ്യക്തികളെ അയോഗ്യമായി കൈകാര്യം ചെയ്യുന്ന പ്രവൃത്തിയാണത്. എത്ര പുരോഗമനപരമായ കാഴ്ചപ്പാടോടെ വീക്ഷിച്ചാലും തിരുസ്സഭയുടെ പഠനങ്ങള്‍ ഇപ്പോഴും ഇപ്രകാരം തന്നെയാണെന്നത് ഊന്നിപ്പറയാന്‍ ഞാനിവിടെ ആഗ്രഹിക്കുന്നു).

സാക്രിലേജ് (ദൈവദോഷം) മൂന്നു തരത്തില്‍ മനസ്സിലാക്കാം. അത് വ്യക്തി (person), സ്ഥലം (place), യഥാര്‍ത്ഥമായത് (real) എന്നിങ്ങനെയാണ്. വ്യക്തി തന്‍റെ വിശുദ്ധിക്കൊത്തവണ്ണം ജീവിക്കുന്നുണ്ടോ എന്ന ചോദ്യം ഇതിനോടനുബന്ധമായി ഉയരാം. അത് ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യവും അതാത് വ്യക്തികളുടെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യപ്പെടേണ്ടതുമാണ്. സഭയുടെ പൊതു കാഴ്ചപ്പാടില്‍ ദൈവികകാര്യങ്ങള്‍ക്കും ആരാധനക്കും വേണ്ടി മാറ്റിവെച്ചിരിക്കുന്നവ -വ്യക്തികള്‍, സ്ഥലങ്ങള്‍, വസ്തുക്കള്‍- വിശുദ്ധമാണ്. ഇവയെ അനാദരവോടെ കൈകാര്യം ചെയ്യുന്നതിനെയാണ് ദൈവദോഷം എന്ന് വിളിക്കുന്നത്. ആക്ഷേപഹാസ്യത്തിന് ഇവ ഏതൊക്കെ എത്രമാത്രം വിഷയമാക്കാം എന്നത് അതിനാല്‍ നാം ഗൗരവപൂര്‍വ്വം പര്യാലോചിക്കേണ്ടതാണ്. ഇവ ഒന്നാം പ്രമാണത്തിന്‍റെ ലംഘനമാണ് എന്നതു മാത്രമല്ല, സഭാനിയമപ്രകാരം ശിക്ഷാര്‍ഹവുമായ കാര്യങ്ങളാണ്.

5. ഞങ്ങള്‍ ട്രോളുകള്‍ നിര്‍മ്മിക്കുന്നത് സദുദ്ദേശത്തോടെ മാത്രമാണ് എന്നു പറയുന്പോഴും അവ മൂലമുണ്ടാകാവുന്ന അസ്വസ്ഥതകളുടെയും വിശ്വാസപ്രതിസന്ധികളുടെയും ഉത്തരവാദിത്വത്തില്‍ നിന്ന് നമുക്ക കൈകഴുകി മാറാനാവില്ല. ചിലപ്പോള്‍ ട്രോളുകള്‍ നിര്‍മ്മിക്കുന്നവര്‍ ഉത്തമവിശ്വാസികളും കാര്യഗൗരവമുള്ളവരും ആയിരിക്കാം. എന്നാല്‍ ഇത്തരം ട്രോളുകളുടെ സ്വീകര്‍ത്താക്കളില്‍ അവ സൃഷ്ടിക്കുന്ന ലാഘവമനോഭാവത്തിനും മറ്റും അവര്‍ ഉത്തരവാദികള്‍ തന്നെയായിരിക്കും. വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച ഭക്ഷണത്തെപ്പറ്റി പ്രതിപാദിക്കുന്പോള്‍ പൗലോസ് അപ്പസ്തോലന്‍ പറയുന്നുണ്ട്, വിഗ്രഹം എന്നു പറയുന്ന ഒന്നില്ല, നിങ്ങള്‍ക്ക് അത് കഴിക്കാം. എന്നാല്‍ നിങ്ങളുടെ മുന്പിലിരിക്കുന്ന ദുര്‍ബലമനസാക്ഷിയുള്ള ആളെക്കരുതി അത് കഴിക്കാതിരിക്കുന്നതാണ് നല്ലത്. നമ്മോടൂ കൂടെയുള്ള ഈ ദുര്‍ബലര്‍ ഒരു പ്രധാന ഘടകമാണ്. അതിനാലാണ് ഈശോ തന്നെ പറയുന്നത്, ഈ ചെറിയവരില്‍ ഒരുവന് നിങ്ങള്‍ ഇടര്‍ച്ചയുണ്ടാക്കരുത് എന്ന്. ഗൗരവപൂര്‍വ്വം നമുക്ക് ആത്മശോധന ചെയ്യാം.

6. ട്രോളുകള്‍ നിര്‍മ്മിക്കുന്നതില്‍ മാത്രമല്ല, അവ പങ്കുവെക്കുന്നതിലും നമുക്ക് വിവേചനബുദ്ധിയുള്ളവാരാകാം. പങ്കുവെക്കുന്നവരും നിര്‍മ്മിക്കുന്നവരും ഫലത്തില്‍ ഒരേ ഗൗരവമുള്ള പ്രവൃത്തി തന്നെയാണ് ചെയ്യുന്നത്.

സമാപനം

ക്രിസ്ത്യന്‍ ട്രോള്‍ ഗ്രൂപ്പുകള്‍ പ്രബലമാകുന്ന കാലത്ത് സഭാപക്ഷത്ത് നിന്നുകൊണ്ടുള്ള ചില ചിന്തകള്‍ ഈ വിഷയത്തില്‍ നല്കുക മാത്രമായിരുന്നു ഉദ്ദേശം. ഒരു ഗ്രൂപ്പിനെയും ആരെയും നിരുത്സാഹപ്പെടുത്താന്‍ ഉദ്ദേശമില്ല. കൃത്യമായ ബോദ്ധ്യത്തോടും അറിവോടും കൂടി ചെയ്യുന്പോള്‍ നമ്മുടെ പ്രവൃത്തനങ്ങള്‍ക്ക് പതിന്മടങ്ങ് ഫലപ്രാപ്തിയുണ്ടാകും. വിശ്വാസം പ്രചരിപ്പിക്കാനും അതില്‍ നിലനില്‍ക്കാനും സാമൂഹ്യമാധ്യമങ്ങളെ ഉപയോഗപ്പെടുത്തണമെന്ന് കഴിഞ്ഞ യൂത്ത് സിനഡ് നമ്മെ ഓര്‍മ്മിപ്പിക്കുകയുണ്ടായി. പക്ഷേ, വിവേചനശക്തിയുടും വിവേകത്തോടും കൂടി അത് ഉപയോഗപ്പെടുത്തണമെന്നത് ആ നിര്‍ദ്ദേശത്തില്‍ത്തന്നെ അന്തര്‍ലീനമാണല്ലോ. വിശ്വാസത്തിന്‍റെ വിശുദ്ധിയെയും ഗൗരവബുദ്ധിയെയും നഷ്ടപ്പെടുത്താത്ത വിധത്തില്‍ അവയെ കൈകാര്യം ചെയ്യാന്‍ നമുക്ക് പരിശ്രമിക്കാം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker