Kerala

ജനങ്ങൾക്കുവേണ്ടി സമുദായവ്യത്യാസമില്ലാതെ സ്വഭാവവൈശിഷ്ഠ്യത്തോടുകൂടി രാഷ്ട്രീയപ്രവർത്തനം നടത്തുക; ആർച്ച്ബിഷപ്പ് സൂസപാക്യം

സമുദായത്തിന് സ്ഥാനാർഥി നിർണ്ണയത്തിൽ അർഹമായ പ്രാധാന്യം ലഭിച്ചില്ല...

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ നിന്നും ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭയിലേക്കും വിജയിച്ച ജനപ്രതിനിധികൾക്ക് അനുമോദനമർപ്പിച്ച് സൂസപാക്യം മെത്രാപോലീത്ത. ജനങ്ങൾക്കുവേണ്ടി സമുദായവ്യത്യാസമില്ലാതെ സ്വഭാവവൈശിഷ്ഠ്യത്തോടുകൂടി രാഷ്ട്രീയപ്രവർത്തനം നടത്തുവാൻ തെരെഞ്ഞെടുക്കപ്പെട്ട 83 പ്രതിനിധികളോടും ആർച്ച്ബിഷപ്പ് ആഹ്വാനം ചെയ്തു. തിരുവനന്തപുരം അതിരൂപതയുടെ സാമൂഹിക ശുശ്രൂഷ വിഭാഗം സംഘടിപ്പിച്ച അനുമോദന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂല്യാധിഷ്ഠിതമായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന, സ്വഭാവവൈശിഷ്ഠ്യമുള്ള രാഷ്ട്രീയക്കാരായാൽ വീണ്ടും വിജയം നേടാമെന്നും ആർച്ച്ബിഷപ്പ് പറഞ്ഞു. പലപ്പോഴും സഭാനേതൃത്വമെന്ന നിലയിൽ അധികാരികളോട് സമുദായത്തിൻറെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നിവേദനം നൽകുമ്പോഴും ചർച്ച നടത്തുമ്പോഴും ഞങ്ങൾക്ക് പരിമിതികളുണ്ടെന്നും ജനപ്രതിനിധികളായ നിങ്ങളാണ് യഥാർത്ഥത്തിൽ ഇനി ഇക്കാര്യം ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആറാം തവണയും നഗരസഭയിലെത്തിയ ശ്രീ.ജോൺസൺ ജോസഫും, സ്വതന്ത്രരായി മത്സരിച്ചു ജയിച്ച നഗരസഭ കൗൺസിലർമാരായ പനിയടിമ, മേരി ജിപ്സി എന്നിവരും, തമിഴ്നാട്ടിലെ തൂത്തൂർ പഞ്ചായത്തിൽ നിന്നും വിജയിച്ച പത്തോളം പേരുമുൾപ്പെടെ അറുപതോളം പേർ അനുമോദന യോഗത്തിൽ പങ്കെടുത്തു.

കെആർഎൽസിസി രൂപതാ സെക്രട്ടറി ആന്റണി ആൽബർട്ട് അധ്യക്ഷതവഹിച്ചു. സമുദായ അംഗങ്ങളായ ജനപ്രതിനിധികളെല്ലാം ഒറ്റക്കെട്ടായി സമുദായത്തിന്റെയും സമൂഹത്തിന്റെയും ഉന്നതിക്കുവേണ്ടി വേണ്ടി പ്രവർത്തിക്കണമെന്ന് ആന്റണി ആൽബർട്ട് അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. കൂടാതെ, നമ്മുടെ സമുദായത്തിന് സ്ഥാനാർഥി നിർണ്ണയത്തിൽ അർഹമായ പ്രാധാന്യം ലഭിച്ചില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇത്രയേറെ ജനപ്രതിനിധികളെ തിരഞ്ഞെടുപ്പിൽ നിർത്തുവാനും അവരെ വിജയിപ്പിച്ചെടുക്കുവാനും സാധിക്കുന്നത് അഭിമാനാർഹമായ നേട്ടം തന്നെയാണെന്ന് കെ.അർ.എൽ.സി.സി. അൽമായ കമ്മീഷൻ സെക്രട്ടറി ഫാ.ഷാജ്കുമാർ പറഞ്ഞു. അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ.സിന്ധ്യ ക്രിസ്റ്റഫർ, സാമൂഹ്യ ശുശ്രൂഷ അസിസ്റ്റൻറ് ഡയറക്ടർ ഫാ.ആഷ്‌ലിന് ജോസ്, എന്നിവർ ആശംസകൾ നേർന്നു. തുടർന്ന്, നാലാഞ്ചിറയെ പ്രതിനിധീകരിച്ച് നഗരസഭയിൽ എത്തിയ ശ്രീ.ജോൺസൺ ജോസഫ്, അതിയന്നൂർ ബ്ലോക്ക് മെമ്പറായി വിജയിച്ച ശ്രീ.ഹെസ്റിൻ, തൂത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലൈല തുടങ്ങിയവർ മറുപടി പ്രസംഗം നടത്തി. 100 പേരുള്ള തിരുവനന്തപുരം നഗരസഭയിൽ സമുദായ അംഗങ്ങളായ പത്തുപേരാണ് വിജയിച്ചത്.

അനുമോദന യോഗത്തിനുശേഷം ‘തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ ഉത്തരവാദിത്വങ്ങളും കടമകളും’ എന്ന വിഷയത്തെക്കുറിച്ച്, പോഷകാഹാര ഗവേഷണകേന്ദ്രത്തിലെ റിസർച്ച് ഓഫീസറായ ശ്രീ.അജിത് കുമാറിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസും ഉണ്ടായിരുന്നു.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker