Sunday Homilies

ജാഗരൂകരായിരിക്കുവിൻ, കർത്താവ് വരുന്നു

"ജാഗരൂകത", "ജാഗ്രത" അഥവാ ഉണർവോടെയുള്ള കാത്തിരിപ്പ് എന്നീ യാഥാർത്ഥ്യങ്ങളാണ് ഇന്നത്തെ തിരുവചനങ്ങളുടെ മുഖ്യപ്രമേയം...

ആഗമനകാലം ഒന്നാം ഞായർ

ഒന്നാം വായന : ഏശയ്യാ 2:1 -5
രണ്ടാം വായന : റോമാ 13 :11 -14
സുവിശേഷം : വി. മത്തായി 24: 37 -44

ദിവ്യബലിക്ക് ആമുഖം

ആഗമനകാലം ഒന്നാം ഞായറോടുകൂടി നാമിന്ന് ആരാധനക്രമവത്സരത്തിന് ആരംഭം കുറിക്കുകയാണ്. ക്രിസ്മസിന് മുമ്പുള്ള നാല് ഞായറാഴ്ചകൾ ഉൾപ്പെടുന്ന ഈ കാലത്തെ ആഗമനകാലം എന്ന് വിളിക്കുന്നത് തന്നെ നാം കർത്താവായ യേശുവിന്റെ ആഗമനത്തിനായി (Advenire – എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം തന്നെ “വരിക, ആഗമിക്കുക” എന്നാണ്) കാത്തിരിക്കുന്നത് കൊണ്ടാണ്. നമ്മുടെ കാത്തിരിപ്പിന് ഊർജ്ജം പകരുന്ന തിരുവചനങ്ങളാണ് ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ നിന്നുള്ള ഒന്നാം വായനയിലും, വിശുദ്ധ പൗലോസ് അപ്പോസ്തലൻ റോമാക്കാർക്ക് വേണ്ടി എഴുതിയ രണ്ടാം വായനയിലും, മത്തായിയുടെ സുവിശേഷത്തിലും നാം ശ്രവിക്കുന്നത്. തിരുവചനം ശ്രവിക്കാനും ദിവ്യബലി അർപ്പിക്കാനുമായി നമുക്കൊരുങ്ങാം.

ദൈവവചന പ്രഘോഷണകർമ്മം

യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരെ,

“ജാഗരൂകത”, “ജാഗ്രത” അഥവാ ഉണർവോടെയുള്ള കാത്തിരിപ്പ് എന്നീ യാഥാർത്ഥ്യങ്ങളാണ് ഇന്നത്തെ തിരുവചനങ്ങളുടെ മുഖ്യപ്രമേയം. നാം എന്തിനു വേണ്ടി കാത്തിരിക്കണം, എങ്ങനെ കാത്തിരിക്കണം, നമ്മുടെ കാത്തിരിപ്പിനെ പ്രത്യേകതയെന്ത് എന്നീ കാര്യങ്ങൾ നമുക്ക് ഗ്രഹിക്കാം.

ദൈവത്തിലേക്ക് തിരിയുക (ഒന്നാം വായന)

ആഗമനകാല ആദ്യഞായറിന്റെ ആദ്യകർത്തവ്യം ‘നാം ദൈവത്തിങ്കലേക്ക് തിരിയണം’ എന്നതാണ്. ആദ്യ ചുവടുവെപ്പ് നമ്മുടെ ഭാഗത്ത് നിന്നുണ്ടാകണം. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ നിന്നുള്ള ഒന്നാം വായനയിൽ അവസാനനാളുകളിൽ ദൈവം എങ്ങനെയാണ് മനുഷ്യനെ രക്ഷിക്കുന്നതെന്ന് ഘട്ടം ഘട്ടമായി വ്യക്തമാക്കുന്നു.
ഒന്നാമതായി; എല്ലാ ജനങ്ങളും ജനപദങ്ങളും ദൈവത്തിന്റെ ആലയം സ്ഥിതിചെയ്യുന്ന പർവ്വതത്തിലേക്ക് ഒഴുകും. ആദ്യനീക്കം ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണം.
രണ്ടാമതായി; കർത്താവിന്റെ മാർഗങ്ങൾ പഠിപ്പിക്കുക, അവിടുത്തെ പാതകളിൽ ചരിക്കുക.
ഈ രണ്ട് കടമകൾ ദൈവജനം നിർവഹിക്കണം. ഈ രണ്ടു കാര്യങ്ങളുടെയും പ്രതിഫലമായി ദൈവം തന്നെ തേടിവന്ന, തന്നെ മാർഗത്തിൽ ചരിക്കുന്ന ജനത്തിന്മേൽ നീതിയും, സമാധാനവും നടപ്പിലാക്കും. രക്ഷയുടെയും സമാധാനത്തെയും ജീവിതത്തിലേക്കുള്ള മാർഗങ്ങൾ വളരെ ലളിതമായി ഏശയ്യാ പ്രവാചകൻ നമ്മുടെ മുമ്പിൽ അവതരിപ്പിക്കുകയാണ്. “അവരുടെ വാൾ കൊഴുവും അവരുടെ കുന്തം വാക്കത്തിയുമായി രൂപപ്പെടുത്തും” എന്നു പറയുന്നത് തന്നെ ഒരു കാലത്ത് ജീവനെടുക്കാൻ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ, ഇപ്പോളിതാ ജീവൻ നിലനിർത്താൻ ആവശ്യമായ കൃഷിക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളായി മാറുന്നു. നാശത്തിൽ നിന്ന് ജീവനിലേക്ക് വരുന്നു. ഇനിമേൽ യുദ്ധവും നാശവും അല്ല, നീതിയും സമാധാനവുമാണ്. നാം ദൈവത്തിലേക്ക് തിരിയുമ്പോൾ നമ്മുടെ ആത്മീയ-ഭൗതിക ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളുടെ പ്രതിബിംബമാണ് നാം തിരുവചനത്തിൽ കാണുന്നത്. തമ്മെ നശിപ്പിക്കുന്ന യാഥാർത്ഥ്യങ്ങളെ, നമ്മെ പരിപോഷിപ്പിക്കുന്ന ഘടകങ്ങളാക്കി മാറ്റാൻ ദൈവത്തിന് സാധിക്കും. നാം ദൈവത്തിലേക്ക് തിരിയണമെന്ന് മാത്രം.

നാം പുലർത്തേണ്ട ജാഗ്രത (സുവിശേഷം)

ജാഗരൂകതയോടെ കർത്താവിന്റെ വരവിനായി കാത്തിരിക്കാൻ പറയുന്ന സുവിശേഷത്തിൽ യേശു നോഹയുടെ കാലത്തെക്കുറിച്ച് പരാമർശിക്കുന്നു: “നോഹയുടെ ദിവസങ്ങൾ പോലെ ആയിരിക്കും, മനുഷ്യപുത്രന്റെ ആഗമനം, ജലപ്രളയത്തിന് മുമ്പുള്ള ദിവസങ്ങളിൽ, നോഹ പേടകത്തിൽ പ്രവേശിച്ച ദിവസം വരെ, അവർ തിന്നും കുടിച്ചും വിവാഹം ചെയ്തും ചെയ്തു കൊടുത്തു കഴിഞ്ഞുപോന്നു” (ഉല്പത്തി 6-7). അതായത്, പ്രളയം വരുമെന്നോ, പ്രളയത്തിലൂടെ ദൈവം എല്ലാ കാര്യങ്ങളിലും ഇടപെടുമെന്നോ അവർ ഒരിക്കലും കരുതിയില്ല. തിന്നും, കുടിച്ചും സാധാരണ ജീവിത വ്യാപാരങ്ങളിൽ ഏർപ്പെട്ടും, ജാഗരൂകത ഇല്ലാത്ത ആൾക്കാരെ പോലെ ജീവിച്ചു. പെട്ടെന്നൊരു ദിവസം പ്രളയം വന്ന് അവരെ സംഹരിച്ചു. അവരുടെ ജീവിതത്തെ ദൈവം കാണുന്നതും, അനുദിന ജീവിതത്തിലെ ദൈവത്തിന്റെ ഇടപെടലുകളെയും മനസ്സിലാക്കാൻ അവർക്ക് സാധിച്ചില്ല. അതുകൊണ്ട് തന്നെയാണ് ഭൂരിഭാഗം പേരും പ്രളയത്തിൽ നശിക്കുന്നത്. ഇത്തരം ഒരു അവസ്ഥയെ കുറിച്ചാണ് യേശു നമുക്ക് മുന്നറിയിപ്പ് നൽകുന്നത്. നാം വെറുതെ “തിന്നും കുടിച്ചും, വിവാഹം ചെയ്തു കൊടുത്തും” സാധാരണരീതിയിൽ ശ്രദ്ധയില്ലാതെ ജീവിക്കേണ്ട അയൽക്കാരല്ല മറിച്ച്. “യേശുവിന്റെ വരവിന് വേണ്ടി” കാലത്തിന്റെ അടയാളങ്ങൾ മനസ്സിലാക്കി ശ്രദ്ധയോടെ ജാഗരൂകതയോടെ കാത്തിരിക്കേണ്ട ദൈവജനമാണ് നാം.

“അപ്പോൾ രണ്ടുപേർ വയലിൽ ആയിരിക്കും ഒരാൾ എടുക്കപ്പെടും മറ്റേയാൾ അവശേഷിക്കും. രണ്ട് സ്ത്രീകൾ തിരികല്ലിൽ പൊടിച്ചു കൊണ്ടിരിക്കും ഒരുവാൾ എടുക്കപ്പെടും മറ്റവൾ അവശേഷിക്കും”. സ്വാഭാവികമായും വയലിൽ ജോലിചെയ്യുന്നവർ പുരുഷന്മാരും, തിരി കല്ലിൽ പൊടിച്ചു കൊണ്ടിരിക്കുന്നവർ സ്ത്രീകളുമാണ്. സ്ത്രീയെയും പുരുഷനെയും പരാമർശിച്ചുകൊണ്ട് എല്ലാപേർക്കും “മനുഷ്യപുത്രന്റെ ആഗമനം” ഒരുപോലെ ബാധകമാണെന്ന് പറയുന്നു. വയലിലായിരുന്ന രണ്ടുപേരും, തിരികല്ലിൽ പൊടിച്ചുകൊണ്ടിരുന്നവരും ഒരേജോലിയാണ് ചെയ്തിരുന്നത്. സ്വാഭാവികമായും ഒരേ ജീവിത അവസ്ഥയിലും നിലവാരത്തിലുമുള്ളവർ. അതിലൊരാൾ ദൈവത്താൽ അംഗീകരിക്കപ്പെടുന്നു കാരണം അവർ ദൈവവചനം അനുസരിച്ച് കൊണ്ട് ജാഗ്രതയോടെ ജീവിച്ചു. മറ്റേയാൾ ദൈവത്താൽ അംഗീകരിക്കപ്പെടുന്നില്ല കാരണം ജാഗരൂകയോടെ ദൈവവചനത്തിൽ ജീവിച്ചില്ല. രണ്ടുപേരും ഒരേ നിലവാരത്തിലുള്ളവർ ആയിരുന്നെങ്കിലും ഒരാൾ തന്നെ ജീവിതകാലത്ത് ദൈവത്തെ ശ്രവിച്ചു. അപരൻ അവഗണിച്ചു. അതുകൊണ്ടുതന്നെ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് ദൈവപുത്രൻ വന്നപ്പോൾ ഒരുവൻ/ഒരുവൾ സ്വീകരിക്കപ്പെട്ടു അപരൻ/അപര തഴയപ്പെട്ടു.

സദാ ജാഗരൂകരായിരിക്കുന്നതെങ്ങനെ? (രണ്ടാം വായന)

“ജാഗരൂകത” അവസാനകാല ചിന്തയോട് കൂടി മാത്രം വച്ചുപുലർത്തേണ്ടതല്ല. കാരണം നാം യേശുവിനെ കണ്ടുമുട്ടുന്നത് അവസാനകാലത്ത് മാത്രമല്ല, നമ്മുടെ ദൈനംദിന ജീവിതത്തിലുമാണ്. അതുകൊണ്ട് തന്നെ നമ്മുടെ ദൈനംദിന ജീവിതത്തിൽ ഈ ജാഗ്രത വച്ച്പുലർത്തണം എന്ന് വിശുദ്ധ പൗലോസ് അപ്പോസ്തോലൻ പറയുന്നു. സദാ ജാഗരൂഗരായിരിക്കുന്നത് എങ്ങനെ? എന്ന നമ്മുടെ ചോദ്യത്തിന് വിശുദ്ധ പൗലോസ് അപ്പോസ്തലൻ വ്യക്തമായ, പ്രായോഗികമായ മറുപടി നൽകുന്നു.

ജാഗരൂകതയോടെ ജീവിക്കാൻ നാം എന്തൊക്കെയാണ് ഉപേക്ഷിക്കേണ്ടത്: ആത്മീയാലസ്യനിദ്ര, അന്ധകാരത്തിന്റെ പ്രവർത്തികൾ, സുഖലോലുപത, മദ്യലഹരി, അവിഹിതവേഴ്ച, വിഷയാസക്തി, അസൂയ, കലഹം, ദുർമോഹങ്ങളിലേയ്ക്ക് നയിക്കുന്ന ശരീരത്തിന്റെ ചിന്ത.

ജാഗരൂകതയോടെ ജീവിക്കാൻ നാം എന്തൊക്കെയാണ് നിർബന്ധമായും ചെയ്യേണ്ടത്: ആത്മീയാലസ്യത്തിൽ നിന്നുള്ള ഉണർവ്, പ്രകാശത്തിന്റെ ആയുധങ്ങൾ (നന്മയുടെ ആയുധങ്ങൾ) ധരിക്കണം, പകലിന് യോജിച്ചവിധം പെരുമാറണം, കർത്താവായ യേശുക്രിസ്തുവിനെ ധരിക്കണം. ആഗമനകാല നോമ്പുകാലത്തിലേക്ക് പ്രവേശിക്കുന്ന നമുക്ക് വളരെ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളാണിവ.

ഉപസംഹാരം

ദൈവപുത്രൻ തീർച്ചയായും വരും, എന്നാൽ അവൻ വരുന്ന സമയവും കാലവും നമുക്ക് അറിയില്ല. അതിനാൽ നാം എപ്പോഴും ഒരുങ്ങിയിരിക്കണമെന്ന അന്ത്യകാല ആത്മീയ യാഥാർത്ഥ്യമാണ് ഇന്നത്തെ തിരുവചനത്തിലൂടെ സഭ പഠിപ്പിക്കുന്നത്. ഈ “ഒരുങ്ങിയിരിക്കൽ” അഥവാ “ജാഗ്രത” നാം ഓരോ ദിവസവും പാലിക്കണം. പ്രത്യേകിച്ച് ഈ ആഗമനകാലത്ത് യേശുവിന്റെ ജനനത്തിരുനാളിനായി നാം ഒരുങ്ങുമ്പോൾ ആത്മീയ തലത്തിലും, ആഘോഷതലത്തിലും ഈ ഒരുക്കം നമുക്ക് കാത്തു സൂക്ഷിക്കാം. വിശുദ്ധ കുമ്പസാരവും, വിശുദ്ധ കുർബാന സ്വീകരണവും, പുൽക്കൂട് ഒരുക്കലും, കരോൾഗാനവും, നക്ഷത്രവും ജാഗരൂകതയുടെ അടയാളങ്ങളായി മാറട്ടെ.

ആമേൻ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker