Daily Reflection

ഡിസംബർ – 10 ദൈവഹിതത്തിന്റെ വാഹകർ

മനുഷ്യദൃഷ്ടിയിൽ അവഗണിക്കപ്പെട്ട കഴുതയ്ക്കും ദൈവത്തിന്റെ കണ്ണിൽ നിസ്സാരമല്ലാത്ത മഹത്തായ കർമ്മം നിർവഹിക്കാനുണ്ടായിരുന്നു...

ഇന്നു നമുക്ക് ദൈവഹിതത്തിന്റെ വാഹകരെ കുറിച്ച് ധ്യാനിക്കാം

ദൈവഹിതത്തിന്റെ വാഹകനാകുന്ന കഴുത: ദൈവത്തിന്റെ വഴികൾ മനുഷ്യനു പലപ്പോഴും ഗ്രഹിക്കാൻ കഴിയില്ല. തന്റെ ഹിതം നിറവേറ്റാൻ ലോകം അപ്രസക്തരെന്ന് കരുതുന്ന എളിയവരെ ദൈവം പലപ്പോഴും തിരഞ്ഞെടുക്കുന്നു. ക്രിസ്തുമസ്സും എളിമയുടെ ദൈവീക സന്ദേശമാണല്ലോ. രാജകൊട്ടാരത്തിൽ പിറക്കുമെന്ന് ലോകം കരുതിയവൻ കാലി തൊഴുത്തിൽ പിറന്നു.

ക്രിസ്തുമസ് രാവിനാ‍‍യി ദൈവം തിരഞ്ഞെടുത്തതിൽ ആരും ശ്രദ്ധിക്കാത്ത ഒരു പ്രധാന വസ്തുത ദൈവീക രക്ഷാകര കർമ്മത്തിൽ പങ്കുകൊള്ളുന്ന കഴുതയെ കുറിച്ചുള്ളതാണ്. “ജെയിംസിന്റെ അപ്പോക്രിഫൽ” ഗ്രന്ഥത്തിൽ ജോസഫ് പൂർണ്ണഗർഭിണിയായ മറിയത്തെ കഴുതയുടെ പുറത്തിരുത്തി ബെത്‌ലഹേമിലേക്കു യാത്രയായെന്നു സൂചിപ്പിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിൽ ശ്രദ്ധയാകർഷിക്കുന്ന ഒരു മൃഗവുമാണ് കഴുത. എന്നാൽ നമ്മുടെ വീക്ഷണത്തിൽ കഴുത ബുദ്ധിശൂന്യതയുടെയും, വിഡ്ഢിത്വത്തിന്റെയും പര്യായമാണ്. പക്ഷേ, മനുഷ്യദൃഷ്ടിയിൽ അവഗണിക്കപ്പെട്ട കഴുതയ്ക്കും ദൈവത്തിന്റെ കണ്ണിൽ നിസ്സാരമല്ലാത്ത മഹത്തായ കർമ്മം നിർവഹിക്കാനുണ്ടായിരുന്നു.

മൃഗങ്ങളുടെ കൂട്ടത്തിൽ ഇത്രയേറെ അധ്വാനിക്കുന്നവനും ഭാരംചുമക്കുന്നവനും, അതേസമയം എല്ലാവരാലും അടിച്ചമർത്തപ്പെടുകയും, നിന്ദനവും അവഹേളനവുമേൽക്കുന്ന മൃഗം വേറെയില്ല. ഏതു പ്രതികൂല സാഹചര്യങ്ങളും പരാതിയില്ലാതെ അവൻ തരണം ചെയ്യുന്നുണ്ടെങ്കിലും, യജമാനൻ അവനോടു സ്നേഹത്തോടെ പെരുമാറുക അപൂർവ്വങ്ങളിൽ അപൂർവമായിരിക്കും. ഏവരുടെയും മുൻപിലെ പരിഹാസപാത്രം കൂടിയായാണ് കഴുത അവതരിപ്പിക്കപ്പെടുക.

രക്ഷാകര ചരിത്രത്തിന്റെ ഭാഗഭാക്കാകാൻ ദൈവം തിരഞ്ഞെടുത്തത് കഴുതയെയാണ്. ഒരുപക്ഷേ, എളിമയുടെ രൂപം ധരിച്ച് ദൈവം കാലിത്തൊഴുത്തിൽ ജനിച്ചപ്പോൾ, എളിമയുടെ പര്യായമായ ദുർബലനായ ഈ കഴുതയുടെ സാന്നിധ്യം ദൈവീക പദ്ധതിയുടെ ഭാഗമായിരുന്നിരിക്കണം. ദൈവഹിതം നിറവേറ്റാൻ വലിയവനെന്നോ ചെറിയവനെന്നോ ഭേദമില്ലാതെ ദൈവം എല്ലാവരെയും തിരഞ്ഞെടുക്കുന്നു. എന്നാൽ, എളിമയോടു കൂടി ദൈവഹിതം ഏറ്റെടുക്കുന്നവൻ/ഏറ്റെടുക്കുന്നവൾ ദൈവഹിതത്തിന്റെ വാഹകനാകുന്നു. എളിമയുള്ള ഹൃദയത്തിലാണ് യേശു ജനിക്കുന്നത്. കാരണം, അവൻ പിറന്നത് കാലിത്തൊഴുത്തിലാണ്.

വളരെ രസകരമെന്നു പറയട്ടെ. കഴുതയെ രാജകീയ വാഹനമായിട്ടും വിശുദ്ധ ഗ്രന്ഥം ചിത്രീകരിക്കുന്നുണ്ട്. സോളമനെ രാജാവായി അഭിക്ഷേകം ചെയ്യാൻ ഗീഹോനിലേക്കു കൊണ്ടുപോയതും, അഭിഷേകത്തിനു ശേഷം തിരിച്ചു കൊട്ടാരത്തിലേക്ക് കൊണ്ടുവന്നതും ദാവീദ് രാജാവിന്റെ കഴുതപ്പുറത്താണെന്ന് രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. അതിനാലായിരിക്കാം, വരാനിരിക്കുന്ന രാജാധിരാജനെ ഉദരത്തിൽ വഹിച്ച മറിയത്തിന് സഞ്ചാര വാഹകനായി കഴുതയെ ദൈവം തിരഞ്ഞെടുത്തത്.

യേശുവിന്റെ ജെറുസലേം പ്രവേശനത്തിൽ നാം കാണുന്നുണ്ട് അവൻ എഴുന്നള്ളിയത് കഴുതപ്പുറത്താണ്. ഒരുപക്ഷെ, ഇന്നത്തെ ആഡംബര വാഹനമായ ബി.എം.ഡബ്ലിയു. പോലുള്ള വാഹനങ്ങൾക്ക് നാം നൽകുന്ന പ്രാധാന്യമാണ്, യേശു തന്റെ വാഹനമായ കഴുതയ്ക്കു നൽകിയതെന്ന് വ്യാഖ്യാനിക്കാം. ഭൂമിയിലെ ഏറ്റവും നിസ്സാരമായ കഴുതപ്പുറത്ത് വിനയാന്വിതനായി എഴുന്നുള്ളുന്ന യേശുവിനെ ആർപ്പു വിളിയോടെയാണ് ജനങ്ങൾ സ്വീകരിച്ചത്.

ഇന്നത്തെ സമൂഹം തൊഴിലും വിദ്യാഭ്യാസവും സമ്പത്തും നോക്കി, സ്ഥാനമാനങ്ങൾ നൽകി വ്യക്തികളെ ആദരിക്കുമ്പോൾ ക്രിസ്തു നിസ്സാരമെന്ന് കരുതുന്നതിനെ മഹത്തരമായി കാണുന്നു. അതുകൊണ്ടാണല്ലോ, ക്രിസ്തു മത്തായിയുടെ സുവിശേഷത്തിലൂടെ നമ്മെ ഓർമ്മപ്പെടുത്തുന്നത്: ഏറ്റവും എളിയവരായ സഹോദരങ്ങളിൽ ഒരാൾക്ക് ചെയ്തു കൊടുത്ത നന്മ പ്രവൃത്തിയാണ് നിങ്ങളെ എന്റെ രാജ്യത്തിന് അർഹമാക്കുന്നത്. അതിനാൽ നിരാശയിൽ ജീവിക്കുന്നവർക്ക് പ്രത്യാശയുടെ പുതുവെളിച്ചം നൽകിയും, വേദനിക്കുന്നവരെ ആശ്വസിപ്പിച്ചും, സ്നേഹം നിഷേധിക്കപ്പെട്ടവരെ കൂടെ നിറുത്തിയും, അവലംബലർക്ക് ആശ്രയമായും നമുക്കും ദൈവ രാജ്യത്തിന്റെ അവകാശികളാകാം.

യേശുവിനെയും വഹിച്ചുകൊണ്ടുള്ള ജെറുസലേം യാത്ര കഴുതയുടെ ജീവിതത്തിലെ ഏറ്റവും മഹനീയമായ നിമിഷങ്ങളായിരുന്നിരിക്കണം. തന്റെ യജമാനന് കിട്ടുന്ന ഓരോ ആർപ്പുവിളിയും അവനും അഭിമാനത്തോടെ സ്വീകരിച്ചിരുന്നിരിക്കണം. ജനങ്ങൾ അവരുടെ വസ്ത്രങ്ങൾ തറയിൽ വിരിച്ച് പാതയൊരുക്കിയപ്പോൾ, അവൻ ജീവിതത്തിൽ ആദ്യമായി അഭിമാനത്തോടെ തലയുയർത്തി നടന്ന നിമിഷങ്ങളായിരുന്നിരിക്കണമത്. ഒന്നുമില്ലായ്മയിൽ നിന്നും രാജത്വത്തിലേക്ക് നടന്നുകയറിയ പ്രതീതിയിൽ അവൻ സായൂജ്യമടഞ്ഞിരിക്കണം. ഓർക്കുക, ക്രിസ്തുവിനെ വഹിക്കുന്നവൻ എപ്പോഴും വിജയ ശ്രീലാളിതനായിരിക്കും.

ഈ ആഗമനകാലത്ത് ദൈവഹിതം നിറവേറ്റാൻ നിർമ്മല ഹൃദയമൊരുക്കാം. “ശത്രുത, കലഹം, മത്സര്യം, കോപം, ഭിന്നത, അസൂയ, അഹങ്കാരം, വിദ്വേഷം, വിഭാഗീയ ചിന്ത, സ്വാർത്ഥത, പരദൂഷണം, മദ്യപാന ദുശ്ശീലങ്ങൾ” (ഗലാത്തി 5:19) എന്നിവ വെടിഞ്ഞ് ഉണ്ണിയേശുവിന്റെ ഹൃദയവാഹകരാകാൻ നമ്മുക്ക് പരിശ്രമിക്കാം.

സങ്കീർത്തനം 24:3-4 നമുക്ക് മനഃപ്പാഠമാക്കാം: കർത്താവിന്റെ മലയിൽ ആര് കയറും? അവിടുത്തെ വിശുദ്ധ സ്ഥലത്ത് ആര് നിൽക്കും? കളങ്കമറ്റ കൈകളും നിർമ്മലമായ ഹൃദയവും ഉള്ളവൻ, മിഥ്യയുടെമേൽ മനസ്സു പതിക്കാത്തവനും കള്ളസത്യം ചെയ്യാത്തവനും തന്നെ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker