Daily Reflection

ഡിസംബർ – 12 ദൈവത്തിന്റെ സ്വന്തം മാലാഖമാർ

നമ്മൾ ജീവിക്കുമ്പോഴും, പ്രവർത്തിക്കുമ്പോഴും, സംസാരിക്കുമ്പോഴും, ക്രിസ്തുവിനെ സന്നിവേശിപ്പിക്കുന്നവരായി മാറണം...

ദൈവത്തിന്റെ മാലാഖമാരെക്കുറിച്ച് ധ്യാനിക്കാം

ആഗമനകാലത്ത്, തിരുപ്പിറവിയെ വരവേൽക്കാനായി നാം ഒരുങ്ങുന്ന ഈ വേളയിൽ, ഉണ്ണിയേശു ഭൂമിയിൽ പിറന്നപ്പോൾ ആ സദ്വാർത്ത ആദ്യം ആട്ടിടയന്മാരെ അറിയിച്ച മാലാഖമാരെക്കുറിച്ചു ചിന്തിക്കാതിരിക്കാൻ സാധിക്കുകയില്ല. മാലാഖമാർ പൊതുവേ സന്ദേശവാഹകരായിട്ടാണ് അറിയപ്പെടുന്നത്. മാലാഖയെന്ന ‘ആംഗലോസ്’ എന്ന ഗ്രീക്കു വാക്കിനർത്ഥം തന്നെ “സന്ദേശവാഹകനെ”ന്നാണ്. ദൈവത്തിന്റെ സന്ദേശം ലോകത്തെ അറിയിക്കുക എന്ന ഉത്തരവാദിത്തമാണ് മാലാഖമാർക്കുള്ളത്.

വേദപുസ്തകത്തിൽ ദൈവത്തിനെതിരെ ശബ്ദമുയർത്തിയ മാലാഖമാരെക്കുറിച്ചും, ദൈവത്തെ എപ്പോഴും പാടിപ്പുകഴ്ത്തുന്ന, വിശ്വസ്തരായ മാലാഖമാരെക്കുറിച്ചും പരാമർശമുണ്ട്. നാമിവിടെ വിചിന്തനം ചെയ്യുന്നത് ദൈവത്തിന്റെ സന്ദേശവാഹകരായി, വിശ്വസ്തതയോടെ ദൈവത്തോടുകൂടെ ജീവിക്കുന്ന നമ്മുടെ കാവൽ മാലാഖമാരെക്കുറിച്ചാണ്.

ഉണ്ണിയേശുവിന്റെ തിരുപ്പിറവി രാത്രിയിൽ, തണുത്തുവിറച്ച് തീ കാഞ്ഞു കൊണ്ടിരുന്ന ആട്ടിടയന്മാരോട്, “ഇതാ നിങ്ങൾക്കായുള്ള സദ്‌വാർത്ത ഞാനറിയിക്കുന്നു. നിങ്ങൾക്കായി ബത്‌ലഹേമിൽ ഒരു രക്ഷകൻ പിറന്നിരിക്കുന്നു. അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം!” എന്ന് മാലാഖമാർ വിളിച്ചുപറഞ്ഞു, കിന്നരങ്ങൾ മീട്ടി കർത്താവിന് സ്തുതികളർപ്പിച്ചു, ആകാശ വിതാനത്തിൽ ദീപങ്ങൾ തെളിയിച്ചു. നമുക്കും, നമ്മുടെ സംരക്ഷണത്തിനായി കാവൽമാലാഖമാരുണ്ട്. നമ്മോടൊപ്പമുള്ള ദൈവത്തിന്റെ സാന്നിധ്യമായിട്ടും കൂടിയാണ് മാലാഖമാർ നിലകൊള്ളുന്നത്.

എന്താണ് ഈ മാലാഖമാർ ആഗമന കാലത്ത് നമ്മെ പഠിപ്പിക്കുന്നത്? ‘ദൈവത്തിന്റെ സന്ദേശ വാഹകരാകുക’ എന്നതിലുപരിയായിട്ട്, ‘മറ്റുള്ളവർക്ക് സദ്വാർത്തയാകണമെന്ന്’ മാലാഖമാർ നമ്മെ പഠിപ്പിക്കുന്നുണ്ട്.

ഒരു ക്രൈസ്തവന്റെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി മറ്റുള്ളവർക്കിടയിൽ ക്രിസ്തുവിനു സാക്ഷ്യം വഹിക്കുകയെന്നതാണ്. നമ്മിൽ ക്രിസ്തുവിനെ ദർശിക്കുവാൻ അപരന് സാധിക്കണം. അതായത്, കൽക്കട്ടയിലെ തെരുവീഥിയിൽ പാവപ്പെട്ടവർക്ക് വേണ്ടി മദർതെരേസ ജീവിതം മാറ്റിവെച്ചപോലെ, കുഷ്ഠരോഗികൾക്ക് വേണ്ടി ഫാദർ ഡാമിയൻ തന്റെ മജ്ജയും നിണവും സമർപ്പിച്ചപോലെ, ജർമനിയിലെ കോൺസെൻട്രേഷൻ ക്യാമ്പിൽ തന്റെ സഹോദരനും അവന്റെ കുടുംബത്തിനും വേണ്ടി വിശുദ്ധ മാക്സിമില്യൻ കോൾബെ തന്റെ ജീവൻ നൽകിയപോലെ… ചുരുക്കത്തിൽ, രക്തസാക്ഷികളും, വിശുദ്ധരും ദൈവത്തിനുവേണ്ടി ജീവിതം സമർപ്പിച്ചത് ക്രിസ്തുവിന്റെ സന്ദേശമായി സ്വയം എരിഞ്ഞു തീർന്നു കൊണ്ടാണ്. മഹാത്മഗാന്ധി ഒരിക്കൽ പറയുകയുണ്ടായി “എന്റെ ജീവിതമാണ് എന്റെ സന്ദേശം”. അദ്ദേഹത്തിന്റെ ആത്മകഥയായ “എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ” വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. മഹാത്മഗാന്ധി വിവരിക്കുന്ന ‘സത്യം’ ദൈവത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണെന്ന് ആത്മകഥ വായിക്കുമ്പോൾ നമുക്കു മനസ്സിലാവും. ദൈവത്തെ കണ്ടുമുട്ടുന്നവർക്ക് മാത്രമേ അപ്രകാരം ജീവിതം ദൈവത്തിന്റെ പ്രകാശമായി മാറ്റാൻ സാധിക്കുകയുള്ളൂ.

മാലാഖമാരെല്ലാവരും തന്നെ ദൈവസന്ദേശമായിട്ട് മാറിയവരാണ്. ഗബ്രിയേൽ മാലാഖ മംഗളവാർത്ത അറിയിച്ചപ്പോഴും, റാഫേൽ മാലാഖ തോബിയാസിന്റെ കുടുംബത്തിന് സൗഖ്യമായിട്ടു മാറിയപ്പോഴും, മിഖായേൽ മാലാഖ തിന്മയ്ക്കെതിരായിട്ടുള്ള പടവാളായി മാറിയപ്പോഴും, നമ്മുടെ കാവൽമാലാഖമാർ നമുക്ക് സംരക്ഷണം ഒരുക്കുമ്പോഴുമെല്ലാം അവർ ദൈവത്തിന് അനുരൂപരായി മാറുകയാണ്, ദൈവ സാന്നിദ്ധ്യമാണ് നാം തിരിച്ചറിയുന്നത്.

ഇന്ന് നമ്മൾ ജീവിക്കുമ്പോഴും, പ്രവർത്തിക്കുമ്പോഴും, സംസാരിക്കുമ്പോഴും, ക്രിസ്തുവിനെ സന്നിവേശിപ്പിക്കുന്നവരായി മാറണം. അപ്പോൾ, ക്രിസ്തുവിന്റെ പ്രകാശം നമ്മളിൽ വസിക്കും. മാലാഖമാരെല്ലാവരും തന്നെ ദൈവികമായ സാന്നിധ്യമായി, ആ ദിവ്യതേജസ് മറ്റുള്ളവർക്ക് നൽകിയവരാണ്. യഥാർത്ഥത്തിൽ “ഭൂമിയിലെ തേജസ്സുകളാണ്” മാലാഖമാർ. നമ്മുടെയെല്ലാവരുടെയും ജീവിതങ്ങളെ പ്രകാശിപ്പിക്കുന്നതും അവർ തന്നെയാണ്. നമ്മൾ തളർന്നു പോകുമ്പോഴും, ജീവിതത്തിൽ നിരാശരായി മാറുമ്പോഴും, പതറുമ്പോഴുമൊക്കെ നമ്മൾക്ക് ഒരു കച്ചിത്തുരുമ്പു പോലെ ദൈവിക സാന്ത്വനമായി മാലാഖമാർ കൂടെയുണ്ടെന്നുള്ള വിശ്വാസം നമ്മെയെപ്പോഴും പ്രത്യാശാഭരിതരാക്കും.

ഈ ആഗമനകാലത്ത് പിറവിത്തിരുനാളിനോടടുക്കുമ്പോൾ, ‘ദൈവത്തിന്റെ സന്ദേശവാഹകരായി’ നമുക്ക് രൂപാന്തരപ്പെടാം. ക്രിസ്തുവിന്റെ സാക്ഷികളാകാം, മറ്റുള്ളവരുടെ വീഴ്ചകളിൽ ആശ്വാസമാകാം, തണുപ്പത്ത് വിറങ്ങലിച്ചു നിന്ന ആട്ടിടയന്മാർക്ക് ആനന്ദത്തിന്റെ സദ്‌വാർത്തയായിട്ട് മാലാഖമാർ മാറിയതുപോലെ, മറ്റുള്ളവരുടെ തണുത്തുറഞ്ഞുപോയ ജീവിതങ്ങളിലേക്കും, ശൈത്യം സംഭവിച്ച മനുഷ്യരിലേക്കും ആശ്വാസത്തിന്റെയും, ഉന്മേഷത്തിന്റെയും ഊഷ്മള സാന്നിധ്യമാകാം. അങ്ങനെ, ഈ തിരുപ്പിറവിക്കാലത്ത് ഉണ്ണിയേശുവിന് ആത്മസമർപ്പണത്തിന്റെയും, ജീവിത മാതൃകയുടെയും സമ്മാനപ്പൊതികൾ സമ്മാനിക്കുവാനായിട്ട് നമുക്കൊരുങ്ങുകയും ചെയ്യാം.

സങ്കീർത്തനം 34:7 നമുക്കു മനഃപ്പാഠമാക്കാം: കർത്താവിന്റെ ദൂതൻ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker