Daily Reflection

ഡിസംബർ – 21 ശിശിരകാലത്തെ ക്രിസ്തുമസ് രാവ്

ക്രിസ്തു പിറന്ന രാത്രിയിലെ 'മനുഷ്യ ഹൃദയങ്ങളിലെ മരവിപ്പാണ് മഞ്ഞുവീഴ്ച...

ശിശിരകാലത്തെ ദൈവപ്പിറവിയെക്കുറിച്ച് ചിന്തിക്കാം

മഞ്ഞുപെയ്യുന്ന ഒരു രാത്രിയിലാണ് ക്രിസ്തു പിറന്നത്. അതിശൈത്യമുള്ള പ്രദേശങ്ങളിൽ ജീവിക്കുന്നവർക്ക് മഞ്ഞുകട്ടകൾ സുപരിചിതമായ കാര്യമാണ്. വളരെയധികം പ്രയാസങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യമാണ് മഞ്ഞ് പെയ്തിറങ്ങുമ്പോളുണ്ടാകുന്നത്. ജീവിതത്തിന്റെ എല്ലാ മേഖലയെയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് ശൈത്യകാലം. തണുത്തുറഞ്ഞ രാത്രിയിലെല്ലാവരും തീ കൊള്ളാനായി ആഗ്രഹിക്കാറുണ്ട്. ഇന്നത്തെപോലെ ചൂടു നൽകുന്ന ഇലക്ട്രോണിക് ഉപകരണങ്ങളില്ലാത്ത ഒരു കാലഘട്ടത്തിൽ തീ കാഞ്ഞുകൊണ്ടിരിക്കുന്നവരെ കുറിച്ചുളള മനോഹരമായ ചിത്രങ്ങൾ ബൈബിളിൽ കാണുന്നുണ്ട്. പത്രോസ് ചൂട് കാഞ്ഞുകൊണ്ടിരുന്ന മനുഷ്യരുടെ മധ്യത്തിൽ വച്ചാണല്ലോ ക്രിസ്തുവിനെ തള്ളിപ്പറഞ്ഞത്. അപ്രകാരം ക്രിസ്തുവിനെ രാത്രിയിൽ വിധിക്കാനായി കൊണ്ടുപോകുമ്പോഴും അതിശൈത്യമായിരുന്നു. ഉണ്ണിയേശു പിറന്ന രാത്രിയും തണുത്തുറഞ്ഞ മഞ്ഞു പെയ്യുന്ന രാത്രിയായിരുന്നു.

മഞ്ഞിന്റെ വെളുപ്പുനിറം തന്നെ വളരെയധികം പ്രധാനപ്പെട്ടതാണ്. വെണ്മ എപ്പോഴും സൂചിപ്പിക്കുന്നത് വിശുദ്ധിയെ തന്നെയാണ്. അതിനാലാണല്ലോ, ഏശയ്യാ പ്രവാചകൻ പറയുന്നത്: “നിങ്ങളുടെ പാപങ്ങൾ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതായി തീരു”മെന്ന്.

ക്രിസ്തുവിന്റെ വിശുദ്ധിയുടെ പ്രതീകമായും മഞ്ഞിനെ കാണാവുന്നതായത്. അതിനേക്കാൾ ഉപരിയായിട്ട് ക്രിസ്തു പിറന്ന രാത്രിയിൽ ‘മനുഷ്യ ഹൃദയങ്ങളിലെ മരവിപ്പ്’ ആയിട്ടാണ് മഞ്ഞുവീഴ്ചയെ ഞാൻ കാണാനാഗ്രഹിക്കുന്നത്. സത്രങ്ങളിൽ ഗർഭിണിയായ സ്ത്രീക്ക് അഭയം നൽകാതെപോയ മനുഷ്യരുടെ ഹൃദയങ്ങൾ തീർച്ചയായിട്ടും തണുത്തുറഞ്ഞത് തന്നെയായിരിക്കണം.

ക്രിസ്തു പിറന്നപ്പോൾ, ലോകം മുഴുവനും സുഖനിദ്രയിലായിരുന്നു. ഇതും സൂചിപ്പിക്കുന്നത് മറ്റുള്ളവരുടെ പ്രയാസങ്ങളും, ദുഃഖങ്ങളും, പരിഭവങ്ങളും കാണാതെ സ്വന്തം സുഖസൗകര്യങ്ങളിൽ മുഴുകുന്ന മനുഷ്യരുടെ ജീവിതചര്യയിലേയ്ക്ക് തന്നെയാണ്. ദൈവം പ്രയാസങ്ങളുടെയും, ദുഃഖങ്ങളുടെയും ലോകത്തിലേക്കാണ് വെളിച്ചമായി പിറവികൊണ്ടത്. അവന്‍ മറ്റുള്ളവർക്ക് പ്രകാശമായിട്ട് മാറിയവനാണ്. തണുത്തുറഞ്ഞ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ചൂടുപകർന്നവനാണ്. കുഷ്ഠരോഗിക്കു സൗഖ്യം നൽകിയപ്പോഴും, അന്ധനു കാഴ്ച്ച നൽകിയപ്പോഴും, തളർവാതരോഗിയെ സുഖപ്പെടുത്തിയപ്പോഴും, മരിച്ചവരെ ഉയർപ്പിച്ചപ്പോഴുമൊക്കെ ക്രിസ്തു തണുത്തുറഞ്ഞു പോയ ജീവിതങ്ങൾക്ക് ശക്തി പകരുകയായിരുന്നു. അവൻ അവർക്ക് ജീവിത തേജസായിട്ട് മാറുകയായിരുന്നു.

കാലിത്തൊഴുത്തിലായിരുന്നപ്പോൾ ശൈത്യമനുഭവിച്ച മനുഷ്യരുടെ പ്രയാസങ്ങൾ അവനും അനുഭവിച്ചു കാണും. ലോകത്തിനു സൗഖ്യത്തിന്റെ സാന്ത്വനമായവൻ ആ തണുത്തുറഞ്ഞ രാത്രിയിൽ മരംകോച്ചുന്ന തണുപ്പനുഭവിച്ചിട്ടുണ്ടാകും. അങ്ങനെ, ക്രിസ്തുവിന്റെ രക്ഷാകര പദ്ധതിയിലെ ആദ്യ സഹനമായിട്ട് മഞ്ഞുറഞ്ഞ രാത്രിയിലെ അവഗണനയെ നമുക്ക് വ്യാഖ്യാനിക്കാൻ സാധിക്കും.

ക്രിസ്തുമസ് ആഘോഷിക്കാനൊരുങ്ങുമ്പോൾ നമ്മുടെ മനസ്സിലെയും മഞ്ഞു വീഴ്ചകൾ കാണുവാൻ നമുക്കു സാധിക്കട്ടെ. മറ്റുള്ളവരുടെ പ്രയാസങ്ങളിൽ നിന്നും കണ്ണടച്ചുകൊണ്ട് സ്വന്തം സുഖത്തിന്റെയും, ഊഷ്മളതയുടെയും ആഡംബരങ്ങളിലേക്കും, സൗകര്യങ്ങളിലേക്കും പ്രവേശിക്കുമ്പോൾ മഞ്ഞു പെയ്തിറങ്ങിയ രാത്രിയിൽ, കാലിതൊഴുത്തിൽ നിസ്സഹായനായി കരഞ്ഞ യേശുവിന്റെ മുഖം നമ്മെ പുതിയ ജീവിത ശൈലിയിലേക്ക് ക്ഷണിക്കട്ടെ. വിശുദ്ധിയുടെ സൂര്യതേജസ്സായി മാറുവാൻ നമുക്ക് സാധിക്കട്ടെ.

ഏശയ്യാ 1:18 നമുക്ക് മനഃപ്പാഠമാക്കാം: “കർത്താവ് അരുളിച്ചെയ്യുന്നു: വരുവിൻ, നമുക്ക് രമ്യത പ്പെടാം. നിങ്ങളുടെ പാപങ്ങൾ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതായി തീരും. അവ രക്തവർണ്ണമെങ്കിലും കമ്പിളിപോലെ വെളുക്കും”.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker