Daily Reflection

ഡിസംബർ – 3 സന്ദേശവാഹകനായ ഗബ്രിയേൽ മാലാഖ

നമുക്കും ദൈവം ഓരോ കാവൽമാലാഖയെ തന്നിട്ടുണ്ട്; മാലാഖയുടെ സാന്നിധ്യം നമുക്കും തിരിച്ചറിയാൻ കഴിയട്ടെ...

ഇന്ന് ദൈവത്തിന്റെ പദ്ധതി പരിശുദ്ധ കന്യകാമറിയത്തെ അറിയിച്ച സന്ദേശവാഹകനായ ഗബ്രിയേൽ മാലാഖയെക്കുറിച്ച് ധ്യാനിക്കാം

കത്തോലിക്കാ സഭയിൽ മുഖ്യദൂതന്മാരായി വാഴ്ത്തപ്പെടുന്നവരാണ് വിശുദ്ധ മിഖായേൽ, വിശുദ്ധ ഗബ്രിയേൽ, വിശുദ്ധ റഫായേൽ. ദൈവത്തിന്റെ പദ്ധതികൾ മനുഷ്യരിൽ എത്തിക്കുകയാണ് മുഖ്യദൂതനായ വിശുദ്ധ ഗബ്രിയേലിന്റെ ദൗത്യമായി വിശുദ്ധഗ്രന്ഥം ചിത്രീകരിക്കുന്നത്. ദാനിയേലിനെ ഭൂമിയിലെ ദൗത്യത്തിൽ സഹായിക്കുന്നതിന് അറിവും ജ്ഞാനവും നൽകുന്ന കാവൽദൂതനായും ഗബ്രിയേൽ മാലാഖയ നാം കണ്ടുമുട്ടുന്നുണ്ട് (ദാനിയൽ 9:2). ക്രിസ്തുവിന്റെ മുന്നൊരുക്കമായി ജനിക്കുന്ന സ്നാപകയോഹന്നാന്റെ പിറവിയെക്കുറിച്ച് സക്കറിയ പുരോഹിതന് വെളിപ്പെടുത്തുന്നതും ഗബ്രിയേൽ മാലാഖയാണ്. ഗബ്രിയേൽ ദൂതന്റെ ഏറ്റവും മഹത്തരമായ കർമ്മമായിരുന്നു ലോകരക്ഷകന്റെ അസാധാരണമായ ജനനത്തിനായി കന്യകാമാതാവിനെ സജ്ജമാക്കുകയെന്നത്.

“മംഗളവാർത്ത”, ഗബ്രിയലിനെ സംബന്ധിച്ച് ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളായിരുന്നിരിക്കണം. എന്നാൽ, മറിയത്തിന് അത് മംഗള വാർത്തയായിരുന്നോ? മാനുഷികമായി ചിന്തിക്കുമ്പോൾ, അതുൾക്കൊള്ളാൻ അസാധ്യമായ ദൈവഹിതമായിരുന്നു എന്നുവേണം മനസിലാക്കാൻ. “ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി. കർത്താവു നിന്നോടുകൂടെ” എന്ന ദൈവിക സംബോധനയും, ആശംസയും ശ്രവിച്ചപ്പോൾ “അവൾ വളരെ അസ്വസ്ഥതയായി” എന്ന് വി.ലൂക്കായുടെ സുവിശേഷം സൂചിപ്പിക്കുന്നുമുണ്ട്.

ദൈവിക തീരുമാനങ്ങൾ മനുഷ്യൻ എപ്പോഴും ചിന്തിക്കുന്നത് പോലെയായിരിക്കില്ല. അതുകൊണ്ടാണ്, കുരിശിനെ തന്നെ തള്ളിപ്പറഞ്ഞ പത്രോസിനോട് “നിന്റെ ചിന്ത മാനുഷികമാണ്; ദൈവികമല്ലെ”ന്ന് കേസറിയാ ഫിലിപ്പിയിൽ വെച്ച് ക്രിസ്തു അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചത്. സഹനം കൂടാതെ, ഒരു ക്രൈസ്തവർക്ക് തിരുകുടുംബം പടുത്തുയർത്തുവാൻ സാധ്യമല്ലെന്ന് പരിശുദ്ധ അമ്മ നമ്മെ പഠിപ്പിക്കുന്നു. അവൾ ദൈവസന്നിധിയിൽ വസിച്ചതുകൊണ്ട് ദൈവസ്വരം തിരിച്ചറിയുകയും, പൂർണ്ണമായും ദൈവത്തിൽ വിശ്വസിച്ചതുകൊണ്ട് മംഗളവാർത്തയിലെ കൈപ്പേറിയ യാഥാർഥ്യങ്ങളും പരിപൂർണ്ണ ആത്മസംതൃപ്തിയോടെ ഹൃദയത്തിൽ വഹിക്കുകയും ചെയ്തു.

ദൈവഹിതം അറിയിച്ചതിനു ശേഷം മറിയത്തിന് എങ്ങനെ ജീവിക്കണമെന്നു തീരുമാനിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യവും നൽകിക്കൊണ്ട് ഗബ്രിയേൽ ദൂതൻ മറിയത്തെ വിട്ടുപോയി. അത് ദൈവീക പദ്ധതിയായിരുന്നു. സമ്പൂർണ്ണ സമർപ്പിതർക്കേ ആ വെല്ലുവിളി ഏറ്റെടുക്കാൻ കഴിയുകയുള്ളൂ. എന്തിരുന്നാലും, ദൈവത്തിന്റെ വിശ്വസ്ത പോരാളിയായ ഗബ്രിയേൽ മാലാഖ മറിയത്തിന് എപ്പോഴും സംരക്ഷണവലയം തീർത്തിരിക്കണം. ദൈവത്തിന്റെ അമ്മയ്ക്കു പ്രിയ മാലാഖ കൂട്ടായിട്ട് എപ്പോഴും ഉണ്ടായിരുന്നിരിക്കണം.

ദൈവമാതാവിനെ കൃപകൾ കൊണ്ട് ദൈവം പുതപ്പിച്ചിരുന്നുവെന്ന് കത്തോലിക്ക സഭ വിശ്വാസസത്യമായി നമ്മെ പഠിപ്പിക്കുന്നു. ഒരുപക്ഷേ, മറിയത്തിലെ ഈ കൃപകൾ സംരക്ഷിച്ചത് ഗബ്രിയേൽ ദൂതനായിരുന്നിരിക്കണം. നമുക്കും ദൈവം ഓരോ കാവൽമാലാഖയെ തന്നിട്ടുണ്ട്. മാലാഖയുടെ സാന്നിധ്യം നമുക്കും തിരിച്ചറിയാൻ കഴിയട്ടെ.

“ഗബ്രിയേൽ” എന്ന നാമം അർത്ഥമാക്കുന്നത് “ദൈവം എന്റെ ശക്തി” എന്നാണ്. തന്റെ സുതന്റെ അമ്മയെ സംരക്ഷിക്കുന്നതിനായി, സ്വർഗീയ പിതാവ് നൽകിയതും ഈ ദൈവീക കരുത്തിനെയാണ്. ജീവിതത്തിന്റെ ഓരോ നിമിഷവും പ്രത്യേകിച്ച് വിഷമതകളിലും, എല്ലാ ആപത്ഘട്ടങ്ങളിലും ഈ ദൈവീക പ്രകാശം നമ്മൾ ദർശിക്കണം. ഈ ആഗമന കാലത്ത്‌ ഈ ആത്മീയ ചൈതന്യം തിരിച്ചറിയാൻ നമുക്ക് ശ്രമിക്കാം. അപ്പോൾ, മറ്റുള്ളവർക്ക്, കാവൽ മാലാഖയായി നമുക്കും മാറാതിരിക്കാനാവില്ല!

പുറപ്പാട് 23:20 നമുക്ക് മനഃപാഠമാക്കാം: ഇതാ, ഒരു ദൂതനെ നിനക്കു മുമ്പേ ഞാൻ അയയ്ക്കുന്നു. അവൻ നിന്റെ വഴിയിൽ നിന്നെ കാത്തുകൊള്ളും; ഞാൻ ഒരുക്കിയിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുവരികയും ചെയ്യും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker