Kazhchayum Ulkkazchayum

തലതൊട്ടപ്പന്മാരും തലതൊട്ടമ്മമാരും

പരാജയത്തിൽ നിന്ന് പുതിയ പുതിയ സാധ്യതകളിലേക്കും, വിജയത്തിലേക്കും നടന്നു കയറാൻ കഴിയണം...

“ജീവിത വിജയം” എന്നത് ആപേക്ഷികമാണ്. പലർക്കും പലതാണ് ജീവിതവിജയം. വ്യക്തിപരമായ ജീവിതത്തിൽ നാം ഓരോന്നിനും കൽപ്പിക്കുന്ന മുൻഗണനയും, മൂല്യവും ആശ്രയിച്ചാണ് വിജയ പരാജയങ്ങളുടെ ഏറ്റക്കുറച്ചിൽ നിശ്ചയിക്കുക. ചിലർക്ക് തോൽവി പോലും വിജയമായി മാറാറുണ്ട്, അഥവാ മാറ്റാറുണ്ട്. ചിലരെ സംബന്ധിച്ചിടത്തോളം അവരുടെ ആഭിമുഖ്യങ്ങളും, അഭിരുചികളും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായിരിക്കും. ചിലർക്ക് ഈ വിജയം എന്നത് ധാരാളം സമ്പത്തിന്റെ ഉടമയാകുക, ചിലർക്ക് രാഷ്ട്രീയരംഗത്ത് സ്ഥാനമാനങ്ങൾ ആർജിക്കുക, ചിലർക്ക് പരീക്ഷകളിൽ ഉന്നത വിജയം നേടുക, കുടുംബജീവിതത്തിൽ ശോഭിക്കുക, സൽപ്പേര് നിലനിർത്തുക, ജനസമ്മതി നേടുക, കലാകായിക രംഗങ്ങളിൽ സ്വന്തമായൊരു മേൽവിലാസം ഉണ്ടാക്കുക എന്നിവയായിരിക്കും. മേൽപ്പറഞ്ഞ എല്ലാ കാര്യങ്ങളുടെയും പിന്നിൽ തീവ്രമായ ആഗ്രഹം ഉണ്ടായിരുന്നു, കഠിനാധ്വാനം ഉണ്ടായിരുന്നു, ജ്വലിക്കുന്ന സ്ഥിരോത്സാഹവും, ആവേശവും ഉണ്ടായിരുന്നു.

പരീക്ഷാഫലങ്ങൾ അറിയുമ്പോൾ പലരുടെയും പ്രതികരണം പലവിധത്തിലാണ്. ചിലർ വിജയത്തിൽ മതിമറന്ന് സന്തോഷിക്കും. ചിലർക്ക് ആത്മസംതൃപ്തി; ഞാൻ അദ്ധ്വാനിച്ചതിന് പ്രതിഫലം കിട്ടി. ചിലർക്ക് നിരാശ, ചിലർക്ക് നിസ്സംഗത, ചിലർക്ക് അസ്വസ്ഥതയും അസൂയയും… ഒരുകാര്യം സത്യമാണ്, വിതച്ചത് കൊയ്യും!! പരീക്ഷാ കാലം “വിളവെടുപ്പിന്റെ കാലമാണ്”; നൂറ്, അറുപത്, മുപ്പത്, etc. ഇവിടെ പ്രസക്തമായ വിഷയം “തലതൊട്ടപ്പന്മാരുടെയും തലതൊട്ടമ്മമാരു”ടെയും കാര്യമാണ്. അതെ വിജയത്തിന് തലതൊട്ടപ്പന്മാരും തലതൊട്ടമ്മമാരും അനേകർ ഉണ്ടാകും. എന്നാൽ, പരാജയത്തിന് ഒരു “മീൻ കുഞ്ഞു” പോലും ഉണ്ടാവില്ല. ഇത് പച്ചയായ പരമാർത്ഥമാണ്. പരാജയത്തിന് പടുകുഴിയിൽ വീണു കിടക്കുമ്പോൾ പരിഹസിക്കാനും കുറ്റപ്പെടുത്താനും ഒത്തിരി പേർ ഉണ്ടാകും. എന്നാൽ അവയെല്ലാം നമ്മെ വളർത്തുന്നവയല്ല.

പരാജയത്തിൽ നിന്ന് പുതിയ പുതിയ സാധ്യതകളിലേക്കും, വിജയത്തിലേക്കും നടന്നു കയറാൻ കഴിയണം. ഒരുദാഹരണം പറയാം: ഒരു മകൻ പരീക്ഷയിൽ ഉന്നത വിജയം നേടി എന്ന് കരുതുക. ഉദ്യോഗസ്ഥനായ അപ്പൻ പറയും – അവൻ “എന്റെ മകനാണ്, ബുദ്ധിയാണ് അവനെ കിട്ടിയിരിക്കുന്നത്” (ഉദ്യോഗസ്ഥയായ അമ്മയും ഇതേ വാദഗതികൾ ഉന്നയിക്കാം). ഇനി മകൻ തോറ്റു, അഥവാ വളരെ കുറച്ചു മാർക്കേ കിട്ടിയുള്ളൂ എന്നു കരുതുക. അപ്പോൾ അപ്പൻ പറയും – “നിന്റെ മകനല്ലേ, നിന്റെ ബുദ്ധി അല്ലേ അവന് കിട്ടുക” ഇവിടെ അപ്പൻ ബോധപൂർവ്വം (തന്ത്രപൂർവ്വം) പരാജയം ഭാര്യയുടെയും, മകന്റെയും ചുമലിൽ കെട്ടിവച്ച് രക്ഷപ്പെടുന്നു (അമ്മയും ഇതേ “തന്ത്രം” സ്വീകരിച്ചെന്നു വരാം).

നാം കൃഷി ചെയ്യുമ്പോൾ ചിലത് ഹ്രസ്വകാല വിളകളായും, ചിലത് ദീർഘകാല വിളകളായും കൃഷി ചെയ്യാറുണ്ട്. കപ്പ, കാച്ചിൽ, ചേന, ചീര, പടവലം, പാവൽ, etc. എന്നാൽ റബ്ബർ, ഏലം, ഗ്രാമ്പൂ, തേക്ക്, ഈട്ടി etc. ദീർഘകാലം കാത്തിരിക്കേണ്ടിവരും ഫലം കിട്ടാൻ. പക്ഷേ വെള്ളവും, വെളിച്ചവും, വളവും ,പരിചരണവും യഥാസമയം പ്രസ്തുത കൃഷികൾക്ക് ആവശ്യമാണ്. നീണ്ട പത്തു വർഷത്തെ അധ്വാനത്തിന്റെയും സൂക്ഷ്മതയുടെയും ഫലമാണ് പത്താംക്ലാസിലെ പരീക്ഷാഫലം. അതിന് അതിന്റേതായ പ്രസക്തിയുണ്ട്.

ഇവിടെ ഒന്നു രണ്ടു കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്:
1) നമ്മുടെ ജീവിതത്തെക്കുറിച്ച് ലക്ഷ്യബോധം വളരെ ചെറുപ്പത്തിൽ തന്നെ നമ്മിൽ മുളയെടുക്കണം (മാതാപിതാക്കൾ, ഗുരുക്കന്മാർ, കൂട്ടുകാർ, ജീവിതാനുഭവം, അനുകൂല-പ്രതികൂല സാഹചര്യങ്ങൾ, etc.).
2) സ്വപ്നങ്ങളും, പ്രതീക്ഷകളും, പ്രത്യാശയും കൈമുതലായി കരുതണം.
3) ഗൃഹപാഠം നന്നായി ചെയ്യണം (ജാഗ്രത, ലക്ഷ്യബോധം, സ്ഥിരോത്സാഹം, അധ്വാനം എന്നിവ ഉണ്ടെങ്കിൽ മാത്രമേ ഗൃഹപാഠം നന്നായി ചെയ്യുവാൻ കഴിയൂ. ഏതു വിജയത്തിന് പിന്നിലും കൃത്യമായ ഗൃഹപാഠം ഉണ്ടായിരിക്കും).
ചിലപ്പോഴെങ്കിലും “ആരംഭശൂരത്വം” കുട്ടികൾ കാട്ടാറുണ്ട്. പത്താം ക്ലാസിൽ 10 A+ വാങ്ങും. പിന്നെ Ego തലപൊക്കും. അഹന്തയും, അഹംഭാവവും കൂടും. ബുദ്ധിമുട്ടി പഠിച്ചില്ലെങ്കിലും ഉന്നത വിജയം നേടുമെന്ന മിഥ്യാധാരണ!!!

അപ്പോൾ ലക്ഷ്യബോധത്തോടെയുള്ള, നിരന്തരമായ അധ്വാനം ഏതു മേഖലയിലും അനിവാര്യമാണെന്ന സത്യം മറക്കാതിരിക്കാം… ഭാവുകങ്ങൾ!!!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker