Sunday Homilies

ദൈവീക ജ്ഞാനത്തിലൂടെ രൂപപ്പെടുന്ന ത്രീത്വൈക ദൈവവിശ്വാസം

അനന്തമായ ദൈവത്തെ മനസിലാക്കാൻ പരിമിതമായ മനുഷ്യന് പരിമിതികളുണ്ട്

പരമ പരിശുദ്ധ ത്രീത്വം
ഒന്നാം വായന : സുഭാഷിതങ്ങൾ 8:22-31.
രണ്ടാം വായന : റോമാ 5:1-5.
സുവിശേഷം : വി.യോഹന്നാൻ 16:12-15.

ദൈവവചന പ്രഘോഷണ കർമ്മം

പരിശുദ്ധ ത്രീത്വത്തിന്റെ ഈ തിരുനാളിൽ ഇന്നത്തെ തിരുവചനങ്ങളെ നമുക്ക് വിചിന്തനം ചെയ്യാം.

1) ദൈവത്തെ മനസിലാക്കാൻ നമുക്ക് ജ്ഞാനം വേണം

ഇന്നത്തെ ഒന്നാം വായനയിൽ പഴയ നിയമത്തിലെ “സുഭാഷിതങ്ങൾ” എന്ന പുസ്തകത്തിലെ തിരുവചനങ്ങളാണ് ശ്രവിച്ചത്. ഇതിലെ ഗ്രന്ഥകർത്താവ് ജ്ഞാനത്തെ ഒരു സ്ത്രീയായി ചിത്രീകരിച്ച് “അവൾ” എന്ന പദം ഉപയോഗിക്കുന്നു. പുരാതന കാലത്ത് മധ്യപൂർവ്വ ഏഷ്യയിലെ ഒരു ശൈലിയാണ് ജ്ഞാനത്തെ ഒരു വ്യക്തിയും, പ്രത്യേകിച്ച് ഒരു സ്ത്രീയായി അവതരിപ്പിക്കുകയെന്നത്. പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാളിൽ “ജ്ഞാനത്തെ”ക്കുറിച്ച് പഠിപ്പിച്ചുകൊണ്ട് നമ്മുടെ വിശ്വാസത്തിന്റെ ഒരു പ്രായോഗിക വശം തിരുസഭ നാമുമായി പങ്കുവെയ്ക്കുകയാണ്: ദൈവത്തെയും, ദൈവീക വെളിപാടുകളെയും, പരിശുദ്ധ ത്രീത്വത്തെയും മനസിലാക്കാൻ ദൈവദാനമായ “ജ്ഞാനം” മനുഷ്യൻ അത്യാവശ്യമാണ്. ജ്ഞാനമില്ലാതെ ദൈവത്തെ, പ്രത്യേകിച്ച് പരിശുദ്ധ ത്രീത്വത്തെ ഒരിക്കലും മനസിലാക്കാൻ കഴിയില്ല. ദൈവം നൽകിയ വരദാനങ്ങളായ ബുദ്ധി, യുക്തി എന്നിവ ഉപയോഗിച്ച് ദൈവാസ്തിത്വം കണ്ടെത്തുവാനും, ദൈവിക ഗുണങ്ങൾ ഒരുപരിധിവരെ മനസ്സിലാക്കാനും മനുഷ്യനു സാധിക്കും. എന്നാൽ സൃഷ്ടിക്കപ്പെട്ട ഒരു ബുദ്ധിക്കും അത് എത്രമാത്രം സൂക്ഷ്മതയുള്ളതായാലും
ദൈവാസ്തിത്വത്തെ പൂർണ്ണമായി മനസ്സിലാക്കാൻ സാധിക്കില്ല. അനന്തമായ ദൈവത്തെ മനസിലാക്കാൻ പരിമിതമായ മനുഷ്യന് പരിമിതികളുണ്ട്. ഈ അവസരത്തിൽ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തണം. ആ വെളിപാടുകളെ മനുഷ്യൻ ദൈവം തന്നെ നൽകിയ ജ്ഞാനത്താൽ വിശകലനം ചെയ്യുമ്പോഴാണ് അവന് ദൈവത്തെ മനസിലാക്കാൻ സാധിക്കുന്നത്. വളരെ ലളിതമായി പറഞ്ഞാൽ, ജ്ഞാനമില്ലാതെ പരിശുദ്ധത്രീത്വത്തെ മനസ്സിലാക്കാൻ സാധിക്കില്ല. ഇവിടെ “ജ്ഞാനം” എന്ന് പറയുന്നത് വെറും ബുദ്ധിശക്തിയും, അറിവുമില്ല മറിച്ച് വിശ്വാസത്താൽ ജ്വലിക്കപ്പെടുന്ന ബുദ്ധിയാണത്. ഈ ജ്ഞാനത്തെ മുറുകെ പിടിച്ചുകൊണ്ടു വേണം നാം പരിശുദ്ധത്രീത്വത്തെ മനസിലാക്കാൻ.

2) പരിശുദ്ധ ത്രീത്വം

തിരുവചനങ്ങളിലൂടെ ദൈവം തന്നെയാണ് താൻ ത്രീത്വം എന്ന വെളിപ്പെടുത്തിയത്. പ്രത്യേകിച്ച് യേശുവിന്റെ വാക്കുകളിൽ പിതാവും, പുത്രനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും, പിതാവായക്കുന്ന സഹായകനെക്കുറിച്ചും വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. നാമിന്ന് ശ്രവിച്ച സുവിശേഷത്തിൽ തന്നെ യേശു പറയുന്നു: “പിതാവിനുള്ളതെല്ലാം എനിക്കുള്ളതാണ്. അതുകൊണ്ടാണ് എനിക്കുള്ളവയിൽ നിന്ന് സ്വീകരിച്ച് അവൻ (പരിശുദ്ധാത്മാവ്) നിങ്ങളോട് പ്രഖ്യാപിക്കും എന്ന് ഞാൻ പറഞ്ഞത്”. വി.യോഹ.16:15, വി.മത്താ.28:19,11:27- വി.യോഹ.5:8, 10:30, 14:11, 14:6, 14:26 – ഇതെല്ലാം പിതാവും, പുത്രനും, പരിശുദ്ധാത്മാവും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന വചന ഭാഗങ്ങളാണ്.

നമ്മുടെ എല്ലാ പ്രവർത്തനങ്ങളുടെയും ആരംഭവും അവസാനവും പരിശുദ്ധ ത്രിത്വത്തെ അടിസ്ഥാനമാക്കിയാണ്. ദിവ്യബലിയുടെ ആരംഭവും സമാപനവും, പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും അടിസ്ഥാനമാക്കിയുള്ളതാണ്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ നമ്മുടെ അനുദിന ജീവിതത്തിലും, പ്രാർത്ഥനയിലും പരിശുദ്ധത്രിത്വം നിറഞ്ഞുനില്ക്കുന്നു. ഇതുതന്നെയാണ് നമ്മെ സൃഷ്ടിച്ച ത്രീഏക ദൈവത്തിന്റെ ലക്ഷ്യവും, നാം അവിടുത്തെ അറിയുകയും സ്നേഹിക്കുകയും വേണമെന്നത്.

“കർത്താവായ യേശുക്രിസ്തു വഴി സമാധാനത്തിൽ ആയിരിക്കുവാനും, നമുക്ക് നൽകപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നുവെന്ന് വിശുദ്ധ പൗലോസ് അപ്പോസ്തലൻ ഇന്നത്തെ തിരുവചനത്തിൽ നമ്മെ ഉദ്ബോധിപ്പിക്കുന്നു. വി.പൗലോസാപ്പൊസ്തലന്റെ കാലഘട്ടം മുതൽ ഏകദേശം നാലാം നൂറ്റാണ്ട് വരെ അപ്പോസ്തോലിക കാലഘട്ടത്തിലും, അതിനുശേഷവും പരിശുദ്ധ സ്ത്രീത്വത്തെ കുറിച്ചുള്ള ചർച്ചകളും, സംശയങ്ങളും, സംവാദങ്ങളും സഭയിൽ നിറഞ്ഞുനിന്നു. അന്നത്തെ കാലഘട്ടത്തിൽ എ.ഡി. 325-ലെ നിഖ്യാ സൂനഹദോസിലും, എ.ഡി. 381-ലെ കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസിലും പരിശുദ്ധ ത്രീത്വത്തെ വിശ്വാസ സത്യത്തിൽ തീർപ്പുകൽപ്പിച്ചു. നാം വിശ്വസിക്കുന്നത് മൂന്നു ദൈവങ്ങളിലല്ല, ഏകദൈവത്തിലാണ്. ത്രിത്വത്തിലെ ഒരാളും മറ്റൊരാളെക്കാൾ വലുതല്ല. പിതാവിൽ നിന്നും പുത്രനിൽ നിന്നും പരിശുദ്ധാത്മാവിനെ വേർതിരിച്ച് കാണാനാകില്ല. അതുകൊണ്ടാണ് പെന്തക്കോസ്ത കഴിഞ്ഞ വരുന്ന ഞായറാഴ്ച തന്നെ പരിശുദ്ധ ത്രീത്വത്തിനെ തിരുനാൾ ആഘോഷിക്കുന്നത്.

നാം ദിവ്യബലിയിൽ ചൊല്ലുന്ന “ഏക ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു” എന്ന വിശ്വാസപ്രമാണവും (നിഖ്യ സൂന്നഹദോസ്) അതിൽ നാമുപയോഗിക്കുന്ന വാക്കുകളും, വാക്യങ്ങളും ത്രീത്വൈക ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്തിന്റെ പ്രതിഫലനമാണ്. വിശ്വാസപ്രമാണം ചൊല്ലിക്കൊണ്ട് ത്രീത്വൈക ദൈവത്തിലുള്ള വിശ്വാസം നമുക്ക് ഏറ്റു പറയാം.

ആമേൻ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker