Sunday Homilies

നമുക്കു മനസ്സിലാകാത്ത യേശു

നമുക്കു മനസ്സിലാകാത്ത യേശു

ആണ്ടുവട്ടം 24-ാം ഞായര്‍

ഒന്നാം വായന – ഏശയ്യ : 50 : 5-9
രണ്ടാം വായന – വി. യാക്കോബ് 2 : 14-18
സുവിശേഷം – വി. മര്‍ക്കോസ് 8 : 27-35

ദിവ്യബലിക്ക് ആമുഖം

പ്രവര്‍ത്തികള്‍ കൂടാതെയുളള വിശ്വാസം അതില്‍ തന്നെ നിര്‍ജ്ജീവമാണെന്ന വി. യാക്കോബിന്‍റെ വാക്കുകളോടു കൂടെയാണ് തിരുസഭ ഈ ഞായറാഴ്ച നമ്മെ സ്വാഗതം ചെയ്യുന്നത്. എന്നാല്‍ വിശ്വാസത്തില്‍ അടിയുറച്ച പ്രവര്‍ത്തനോത്മുഖമായ ക്രൈസ്തവ ജീവിതം തിരസ്കരണത്തിന്‍റെയും സഹനത്തിന്‍റെയും കുരിശിന്‍റെയും ജീവിതമാണെന്ന് ഇന്നത്തെ സുവിശേഷവും ഒന്നാം വായനയും നമ്മെ പഠിപ്പിക്കുന്നു. ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്? എന്ന് ശിഷ്യന്‍മാരോട് ചോദിച്ച ചോദ്യം യേശു ഇന്നും നമ്മോട് ആവര്‍ത്തിക്കുന്നു. ഈ ദിവ്യബലിയില്‍ നമുക്ക് യേശുവിന് ഉത്തരം നല്‍കാം.

ദൈവവചന പ്രഘോഷണ കര്‍മ്മം

യേശുവില്‍ സ്നേഹം നിറഞ്ഞ സഹോദരി സഹോദരൻമാരേ,
യേശുവിന്‍റെ ജെറുസലേമിലേക്കുളള യാത്ര എന്ന് വിശേഷിപ്പിക്കാവുന്ന 16 അധ്യായങ്ങളുളള വി. മര്‍ക്കോസിന്‍റെ സുവിശേഷത്തെ രണ്ടായി വിഭജിക്കുകയാണെങ്കില്‍ ആ രണ്ട് ഭാഗങ്ങളെയും കൂട്ടിയോജിപ്പിക്കുന്ന ഒരു സുവിശേഷ ഭാഗമാണ് നാമിന്ന് ശ്രവിച്ചത്. ഇതുവരെയുളള അധ്യായങ്ങളില്‍ യേശു ഗലീലി പ്രദേശത്തിലുടനീളം നടന്ന് രോഗികളെയും പിശാചുബാധിതരെയും സൗഖ്യമാക്കുകയും ദൈവരാജ്യം പ്രസംഗിക്കുകയും ജായ്റോസിന്‍റെ മകളെ ഉയിര്‍പ്പിക്കുകയും (മരിച്ചവരെ ഉയിര്‍പ്പിക്കുകയും) അഞ്ച് അപ്പം കൊണ്ട് അയ്യായിരം പേരെ സംതൃപ്തരാക്കുകയും ചെയ്തത്, താന്‍ ദൈവത്തില്‍ നിന്നു വന്ന ദൈവീകാധീകാരങ്ങള്‍ ഉളളവനാണെന്ന് തെളിയിച്ചതിനു ശേഷം കേസറിയ ഫിലിപ്പിയില്‍ വച്ചാണ് ഞാന്‍ ആരാണെന്നാണ് ആളുകള്‍ പറയുന്നത്? ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ പറയുന്നത്? എന്നീ രണ്ട് ചോദ്യങ്ങള്‍ ശിഷ്യന്‍മാരോട് ചോദിക്കുന്നത്.

എന്തുകൊണ്ട് കേസറിയഫിലിപ്പിയില്‍ വച്ച്?

കേസറിയഫിലിപ്പി എന്ന നാമം പോലും സീസറിന്‍റെ (അഥവാ ചക്രവര്‍ത്തിയുടെ) പേരിലും ഹേറോദേസിന്‍റെ (അഥവാ രാജാവിന്‍റെ) പുത്രനായ ഫിലിപ്പിന്‍റെ പേരിലും ഉളളതാണ്. ഈ സ്ഥലത്ത് വച്ച് യേശു ചോദ്യങ്ങള്‍ ചോദിക്കുകയും അതിനു മറുപടിയായി വി.പത്രോസ് നീ ക്രിസ്തുവാണ് അഥവാ ദൈവത്തിന്‍റെ അഭിഷിക്തനാണ് എന്നു പറയുന്നതിന്‍റെ അര്‍ഥം, ദൈവത്തിന്‍റെ അഭിഷിക്തനായ ക്രിസ്തു ഈ ലോകത്തിലെ ഏതു രാജാവിനെക്കാളും ചക്രവര്‍ത്തിയെക്കാളും വലിയവനാണെന്നു കാണിക്കുവാനാണ്. പഴയ നിയമത്തില്‍ അഭിഷിക്തന്‍ എന്ന വാക്ക് പൗരോഹിത്യത്തെ മാത്രമല്ല, ഉന്നതമായ, ശക്തിയുളള, രാജകീയമായ, പ്രത്യേകിച്ച് സൈനിക ശക്തിയുടെ നേതൃത്വം കാണിക്കുന്നതിനും സൂചിപ്പിക്കുന്നു.

സ്വാഭാവികമായും ആഗതനാകുന്ന ദൈവത്തിന്‍റെ അഭിഷിക്തന്‍ പുതിയ മിശിഹ യഹൂദ ജനത്തിന്‍റെ അന്തസ് ഉയര്‍ത്തിക്കൊണ്ട് എല്ലാവിധ അടിമത്തത്തില്‍ നിന്നും (പ്രത്യേകിച്ച് റോമന്‍ ഭരണത്തില്‍ നിന്നും) മോചിപ്പിക്കുമെന്നു വിശ്വസിച്ചിരുന്നു. എന്നാല്‍ യേശുവാകുന്ന അഭിഷിക്തന്‍ മനുഷ്യ കുലത്തെ മോചിപ്പിക്കുന്നത് പാപത്തിന്‍റെയും തിന്മയുടെയും അടിമത്തത്തില്‍ നിന്നാണ്.

സാത്താനെ, നീ എന്‍റെ മുമ്പില്‍ നിന്നു പോകൂ അഥവാ നീ എന്‍റെ പുറകില്‍ നില്‍ക്കുക

ദൈവത്തിന്‍റെ അഭിഷിക്തന്‍ തന്‍റെ രാജ്യം സ്ഥാപിക്കുന്നത് തിരസ്കരണത്തിലൂടെയും പീഢാസഹനത്തിലൂടെയും മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും ആണെന്നു മനസ്സിലാക്കിയ പത്രോസിന് അത് ഉള്‍ക്കൊളളാന്‍ സാധിക്കുന്നില്ല.
അവന്‍ തടസ്സം പറയുന്നു. അവന്‍റെ പ്രതികരണത്തില്‍ അവനെ ശാസിച്ചുകൊണ്ട് യേശു പറയുന്നത് സാത്താനെ നീ എന്‍റെ മുമ്പില്‍ നിന്നു പോകൂ എന്നാണ്. ഈ വാക്യത്തിന്‍റെ യഥാര്‍ഥ ഗ്രീക്കു രൂപത്തിന്‍റെ അര്‍ഥം നീ എന്‍റെ പുറകില്‍ നില്‍ക്കുക എന്നാണ്. വിപ്ലവകാരിയെപ്പോലുളള ഒരു അഭിഷിക്തനെ കാത്തിരുന്ന പത്രോസിന് യേശു ക്രിസ്തുവാണെന്നു തിരിച്ചറിയാന്‍ സാധിക്കുന്നെങ്കിലും സഹനത്തിന്‍റെയും മരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും മാര്‍ഗ്ഗം യേശു സ്വീകരിക്കണം എന്ന് ആഗ്രഹിക്കുന്നില്ല.

യേശുവിന്‍റെ വഴിയില്‍ അവന്‍റെ മുമ്പില്‍ നിന്ന് തടസ്സം സൃഷ്ടിക്കുന്ന പത്രോസിനോടു യേശു തന്‍റെ പുറകിലേക്കു വരാന്‍ പറയുന്നു. അതായത് യേശുവിന്‍റെ പുറകെ നടന്ന് അനുഗമിക്കുന്നവനാകുക. സ്വയം പരിത്യജിച്ച് തന്‍റെ കുരിശുമെടുത്ത് യേശുവിന്‍റെ പിന്നാലെ ചെല്ലുക.

യേശുവിനെ മനസ്സിലാക്കേണ്ട രീതി

ഈ കാലഘട്ടത്തില്‍ വി. പത്രോസിനെപ്പോലെ യേശുവിനെ അവരുടേതായ രീതിയില്‍ മനസ്സിലാക്കുന്നവരും ആ അഭിപ്രായങ്ങള്‍ തുറന്നു പ്രകടിപ്പിക്കുന്നവരുമുണ്ട്. ചിലര്‍ക്ക് യേശുവെന്ന വ്യക്തി വെറും ഒരു സാങ്കല്പിക കഥാപാത്രം മാത്രമാണ്.

ചിലര്‍ക്ക് അവന്‍ ഒരു വിപ്ലവകാരിയും സാമൂഹ്യ പരിഷ്കര്‍ത്താവുമാണ്. ചിലര്‍ യേശുവിന്‍റെ മരണം വരെയുളള കാര്യങ്ങള്‍ വിശ്വസിക്കുന്നു എന്നാല്‍ അവന്‍റെ ഉത്ഥാനത്തെ അവിശ്വസിക്കുന്നു. യേശുവില്‍ വിശ്വസിക്കുന്നവര്‍ പോലും യേശു ക്രിസ്തുവാണെന്ന് ഏറ്റുപറയുമ്പോഴും ജീവിതത്തെ തിരസ്കരണവും സഹനങ്ങളും പീഠകളും കുരിശുമുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നു. അവരോടും നമ്മോടും ഇന്ന് യേശു പറയുന്നത് ഇതുതന്നെയാണ്. നീ വന്ന് എന്‍റെ പുറകില്‍ നില്‍ക്കുക അഥവാ നീ എന്നെ അനുഗമിക്കുക. യേശുവിന്‍റെ മുമ്പില്‍ നിന്ന് വെറും അഭിപ്രായം പ്രകടിപ്പിക്കുന്നത് മതിയാക്കി അവന്‍റെ കുരിശുമെടുത്ത് അവനെ അനുഗമിക്കുമ്പോഴേ പീഡകളുടെയും തിരസ്കരണത്തിന്‍റെയും കുരിശിന്‍റെയും അര്‍ഥം നമുക്കു മനസ്സിലാകുകയുളളൂ. ആദിമ ക്രൈസ്തവ സമൂഹം ഏശയ്യ പ്രവാചകന്‍റെ പുസ്തകത്തിലെ സഹന ദാസന്‍ യേശുവാണെന്ന് മനസ്സിലാക്കി. നാം അത് ഒന്നാം വായനയിലും ശ്രവിച്ചു.

കേസറിയ ഫിലിപ്പിയിലെ ഈ സംഭാഷണത്തിനു ശേഷം യേശുവും ശിഷ്യന്‍മാരും ജെറുസലേമിലേക്കുളള യാത്ര തുടരുകയാണ്. സഹനത്തിലൂടെയും മരണത്തിലൂടെയും കടന്നുപോയി ഉത്ഥാനത്തിന്‍റെ വിജയം ആഘോഷിക്കുവാനാണ് ഈ യാത്ര. നമുക്കും യേശുവിന്‍റെ പുറകിലായി സഹനത്തിന്‍റെ വഴിയിലൂടെ നടന്ന് സ്വര്‍ഗ്ഗീയ ജെറുസലേമിലേക്കുളള യാത്ര തുടരാം.

ആമേന്‍.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker