Kazhchayum Ulkkazchayum

നിയന്ത്രണവും ആത്മനിയന്ത്രണവും

"പഞ്ചേന്ദ്രിയങ്ങൾ" അറിവിന്റെ വാതായനങ്ങൾ നമ്മിലേക്ക് തുറന്നിടുമ്പോൾ നിയന്ത്രണത്തോടൊപ്പം ആത്മനിയന്ത്രണവും അതീവജാഗ്രതയോടെ ഉണർന്നു പ്രവർത്തിക്കണം...

സർവത്ര സ്വതന്ത്രനായിരിക്കണം” എന്നതാണ് മനുഷ്യന്റെ ആഗ്രഹം. ഭൂമിയിൽ ജീവിക്കുന്ന കാലത്ത് അതൊരു “മിഥ്യാസങ്കല്പമാണ്”. സുബോധമുള്ള മനുഷ്യൻ ഈ പ്രകൃതിയെയും, പ്രപഞ്ചത്തെയും നോക്കിയാൽ എല്ലാത്തിനും ഒരു താളവും, ക്രമവും, സന്തുലിതമായ ഒരു വ്യവസ്ഥയും ഉണ്ട്. ഈ “ബാലൻസ്” നഷ്ടപ്പെട്ടാൽ അരാചകത്വവും, നാശവും ഫലം. എന്തുകൊണ്ട് ഇത്രയേറെ നിയമങ്ങൾ, നിയന്ത്രണങ്ങൾ, അരുതുകൾ മനുഷ്യൻ പാലിക്കണം? യുക്തിഭദ്രമായി ചിന്തിക്കുന്ന ഒരു മനുഷ്യന് മനസ്സിലാക്കാൻ കഴിയും മനുഷ്യൻ ഒരു “സാമൂഹ്യ ജീവിയാണ്”. ഈ ലോകത്ത് “നിങ്ങൾ” മാത്രമേ ജീവിച്ചിരിപ്പുള്ളൂ എന്ന് സങ്കൽപ്പിക്കുക. നിങ്ങൾക്ക് ഒരു നിയമവും ബാധകമല്ല. നിങ്ങൾക്ക് “ജനിച്ച” വേഷത്തിൽ നടക്കാം. നിങ്ങൾക്ക് ഇഷ്ടമുള്ളത് വിചാരിക്കാം. ഇഷ്ടമുള്ളത് നടപ്പിലാക്കാം. നിങ്ങൾക്ക് ആരുടെ മുമ്പിലും കണക്ക് കൊടുക്കേണ്ടതില്ല. കാരണം… കാരണം… നിങ്ങൾ മാത്രമാണ് സർവ്വാധികാരി. എന്നാൽ, മറ്റൊരാളുടെ സാന്നിധ്യത്തിലൂടെ മാത്രമേ നിങ്ങൾക്ക് നിങ്ങളെ കണ്ടെത്താൻ കഴിയൂ. എങ്കിൽ മാത്രമേ നിങ്ങൾക്ക് ജീവിതസാഫല്യം നുകരാൻ കഴിയൂ.

സമൂഹം ഉണ്ടാകുമ്പോൾ ഓരോരുത്തരുടെയും ഇഷ്ടങ്ങളും, ഇഷ്ടക്കേടുകളും, രുചിഭേദങ്ങളും വ്യത്യസ്തമായിരിക്കും. അപ്പോൾ നിയന്ത്രണങ്ങളും, നിയമങ്ങളും (ലിഖിത-അലിഖിതനിയമങ്ങൾ), അവകാശങ്ങളും, കടമകളും ഉണ്ടാക്കേണ്ടതായി വരും. കാരണം, “സമൂഹം” എന്നുപറയുന്നത് “കുടുംബം പോലെ” ഒരു സ്ഥാപനമാണ് – ഒരു മഹാസ്ഥാപനം. ജീവനും, സ്വത്തും മാത്രം സംരക്ഷിച്ചാൽ പോരാ വികാരങ്ങളും, വിചാരങ്ങളും, സ്വപ്നങ്ങളും, പ്രതീക്ഷകളുമൊക്കെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാരും, ഭരണചക്രവും, അധികാരവും, നിയമവും സാർത്ഥകമാകുന്നത്. നിയമത്തിന്റെ കാഠിന്യംകൊണ്ട് നിയന്ത്രണങ്ങൾ ഒരു പരിധിവരെ സാധ്യമാകാമെങ്കിലും മനുഷ്യ പ്രകൃതിയുടെ സങ്കീർണ്ണതകളും, വ്യതിചലനങ്ങളും കണക്കിലെടുക്കുമ്പോൾ “ആത്മനിയന്ത്രണ”ത്തിന്റെ അനിവാര്യത വ്യക്തമാകുകയാണ്. ആത്മനിയന്ത്രണം ഓരോ വ്യക്തിയുടെയും ഉള്ളിലാണ് വികാസം പ്രാപിക്കേണ്ടത്. ഈശ്വരവിശ്വാസം, സനാതനമൂല്യങ്ങൾ, വിദ്യാഭ്യാസം, സംസ്കാരം, കുടുംബം etc. etc. ഒത്തിരി ഘടകങ്ങളുടെ ആകെ തുകയിൽ നിന്നാണ് “ആത്മനിയന്ത്രണം” മുളയെടുക്കുക.

“പഞ്ചേന്ദ്രിയങ്ങൾ” അറിവിന്റെ വാതായനങ്ങൾ നമ്മിലേക്ക് തുറന്നിടുമ്പോൾ നിയന്ത്രണത്തോടൊപ്പം ആത്മനിയന്ത്രണവും അതീവജാഗ്രതയോടെ ഉണർന്നു പ്രവർത്തിക്കണം. തള്ളാനും, കൊള്ളാനുമുള്ള “വിവേചനാധികാരം” ചിന്താശക്തിയുള്ള ഒരു മനുഷ്യന്റെ കൂടപ്പിറപ്പാകണം. “ആത്മനിയന്ത്രണം” ആന്തരിക മനുഷ്യന്റെ സത്തയുടെ ബഹിർസ്ഫുരണമാണ്. പലതും – പലതും ബോധപൂർവം ത്യജിക്കാനും, സഹിക്കാനും, സമചിത്തതയോടെ സ്വീകരിക്കാനും കരുത്ത് പ്രദാനം ചെയ്യുന്നതാണ് “ആത്മനിയന്ത്രണം”. ആത്മനിയന്ത്രണം കൈവിട്ടു പോകുമ്പോൾ “ചങ്ങലയിൽ കിടക്കുന്ന” ജഡിക മനുഷ്യൻ രൗദ്രഭാവത്തോടെ ചങ്ങല പൊട്ടിച്ചു പുറത്തുവരുന്നു; നശീകരണ പ്രവർത്തനങ്ങൾക്ക് കാരണമാകുന്നു. ആയതിനാൽ നിയന്ത്രണങ്ങളും, ആത്മനിയന്ത്രണങ്ങളും ഒരു സാമൂഹ്യജീവി എന്ന നിലയ്ക്ക് മനുഷ്യന് അനിവാര്യമാണെന്ന് തിരിച്ചറിയാൻ യത്നിക്കാം. വളരുകയും, വളർത്തുകയും ചെയ്യുന്ന ഒരു സംസ്കാരത്തിന്റെ വക്താക്കളായിത്തീരുവാൻ നിരന്തരം പരിശ്രമിക്കാം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker