Kerala

നീതിന്യായ വ്യവസ്ഥയും യുവജനങ്ങളും

നീതിന്യായ വ്യവസ്ഥയും യുവജനങ്ങളും

സ്വന്തം ലേഖകൻ

കൊല്ലം: സമുദായ ദിനാചരണത്തോടനുബന്ധിച്ച് കൊല്ലത്ത് നടന്ന യുവജന സമ്മേളനത്തിൽ അഡ്വ ഷെറി ജെ തോമസ് അവതരിപ്പിച്ച വിഷയം “നീതിന്യായ വ്യവസ്ഥയും യുവജനങ്ങളും” കുറെയധികം യാഥാർദ്ധ്യങ്ങൾ വിളിച്ചു പറയുന്നുണ്ട്‌.

ജനാധിപത്യത്തിൻറെ നെടുംതൂണുകൾ മൂന്നെണ്ണമാണ് – ലെജിസ്ലേച്ചർ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി. ഇവ മൂന്നിൻറെയും കാവലാളായി ഫോർത്ത് എസ്റ്റേറ്റ് എന്ന് വിളിക്കുന്ന മാധ്യമങ്ങളും ജനാധിപത്യ പ്രക്രിയയുടെ അനിവാര്യതയായി നിലകൊള്ളുന്നു. ഈ മൂന്ന് വിഭാഗങ്ങളിലും ജനസംഖ്യാനുപാതികമായ പങ്കാളിത്തം ഉണ്ടാവുക എന്നത് ഏതൊരു വിഭാഗത്തിൻറെയും വികസനത്തിന് അവശ്യമായ കാര്യമാണ്. അത്തരം പങ്കാളിത്തം ഉണ്ടാക്കി എടുക്കുന്നതിനുള്ള സാമൂഹിക അവസ്ഥ സൃഷ്ടിക്കുന്നതിൽ മാധ്യമങ്ങൾക്കുള്ള പങ്കു ഒഴിച്ചുകൂടാനാവാത്തതുമാണ്.

ഏതു മേഖലയിൽ ആണെങ്കിലും താഴെ എഴുതിയിരിക്കുന്ന രണ്ടു ചോദ്യങ്ങൾ ഏതൊരു ചെറുപ്പക്കാരനും ആവേശം ഉണർത്തുന്നതാകണം –

നിശബ്ദരായിരിക്കാൻ എന്തവകാശം ?

നിലപാടുകൾ എടുക്കാൻ ധൈര്യമുണ്ടോ?

പ്രതികരണം ഇല്ലായ്മ എന്നൊന്നില്ല.
ഉള്ളത് ഇത് രണ്ടും ആണ് –

1. മനപ്പൂർവം ഉള്ള നിശബ്ദത – Deliberate silence

2. ശബ്ദമില്ലാത്ത പ്രതികരണം – Voicelessness

നീതിന്യായ വ്യവസ്ഥയും യുവജന പങ്കാളിത്തവും

നീതിന്യായ വ്യവസ്ഥയിലുള്ള കാര്യക്ഷമമായ ഇടപെടൽ സമൂഹ നിർമ്മിതിക്ക് അടിസ്ഥാനമായ ഘടകമാണ്. യുവജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതിന് സഭാ സംവിധാനങ്ങളിലൂടെ സാഹചര്യങ്ങൾ ഒരുക്കാൻ ആകും.
നീതിന്യായവ്യവസ്ഥ എന്ന് കേൾക്കുമ്പോൾ പരമ്പരാഗതമായി ചിന്തിക്കുന്നതുപോലെ കോടതികൾ മാത്രമല്ല അതിനുള്ള വേദികൾ. ജനാധിപത്യ രാജ്യത്തിൽ വിവിധതലങ്ങളിൽ ഈ മേഖലയിൽ ഇടപെടാൻ സാധിക്കും. സാമൂഹ്യ സേവനത്തിനായി അത് എങ്ങനെ ഉപയോഗിക്കുന്നു എന്നുള്ളതാണ് കാര്യം.

1. നിയമനിർമാണങ്ങളും യുവജനങ്ങളും

രാജ്യത്ത് നിയമനിർമ്മാണങ്ങൾ നടക്കുന്നത് ജനാധിപത്യ സഭകളിൽ ആണ്. നിയമങ്ങൾ ഉണ്ടായി കഴിയുമ്പോഴാണ് സാധാരണഗതിയിൽ അതിനെ പറ്റിയുള്ള ചർച്ചകൾ സജീവമാകുന്നത്. എന്നാൽ നിയമം രൂപപ്പെട്ടുവരുന്ന ഘട്ടത്തിൽ ആവശ്യമായ ചർച്ചകളും ശുപാർശകളും നടത്താൻ ജാഗരൂകരായ ഒരു യുവതലമുറ ഉണ്ടാവുന്നത് ഏതൊരു സമൂഹത്തിനും മുതൽക്കൂട്ടാണ്. സഭയുടെയും സമുദായത്തീൻറെയും അവകാശങ്ങളെ ബാധിക്കുന്ന തരത്തിൽ ചിലപ്പോഴെങ്കിലും നിയമനിർമാണങ്ങൾ, ഉത്തരവുകൾ പുറത്തിറങ്ങുമ്പോൾ പ്രതിഷേധിക്കുന്ന രീതി സ്വാഭാവികമാണ്. എന്നാൽ നിയമനിർമ്മാണങ്ങൾ നമുക്കെതിരെങ്കിൽ അത് മുളയിലെ അറിയാനും നുള്ളാനും ഇന്നുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ യുവജനങ്ങൾ മുന്നിട്ടിറങ്ങണം.
സ്വന്തമായി നിയമനിർമ്മാണ സഭകളിൽ എത്രയോ ബില്ലുകൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾ നേതൃത്വം എടുത്തും ബില്ലുകൾ വരും. പിന്നീട് അത് നിയമമായി മാറും. ഇത്തരത്തിൽ നമുക്ക് ആവശ്യമായ നിയമനിർമ്മാണങ്ങൾ ബില്ലുകളുടെ രൂപത്തിൽ വരുത്തുക എന്നത് സാധ്യമായ ഒരു കാര്യമാണ്. എന്നാൽ അത് ഒരു പ്രത്യേക അജണ്ടയായി കണക്കാക്കി മുന്നൊരുക്കങ്ങൾ ഉണ്ടാകണം.

ഉദാഹരണങ്ങൾ-

വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കാനുള്ള നയം

ചർച്ച് ബിൽ

ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യ വിഷയം

80:20 ന്യൂനപക്ഷ ക്ഷേമം

വിദ്യാർത്ഥി സ്കോളർഷിപ്പ്

ജാതി സർട്ടിഫിക്കറ്റ്

2. നിയമങ്ങൾ നടപ്പിലാക്കാൻ യുവജനങ്ങൾ

നിലവിലുള്ള നിയമങ്ങൾ നടപ്പിലാക്കാൻ ആരെങ്കിലും തുനിഞ്ഞിറങ്ങിയാൽ ആണ് പലപ്പോഴും പല നിയമങ്ങളും ഫലവത്തായി ഉപയോഗിക്കാൻ ആവുന്നത്. മത വിദ്വേഷം പുലർത്തുന്ന വാക്കുകൾ ഉപയോഗിക്കുന്നതും എഴുതുന്നതും ക്രിമിനൽകുറ്റം ഉള്ള ഒരു നാടാണ് നമ്മുടേത്. പക്ഷേ പക്ഷേ ദിവസവും അത്തരത്തിലുള്ള കുറിപ്പുകളും പരാമർശങ്ങളും നാം വായിച്ചു മറിച്ചു കളയുന്നു. കഴിഞ്ഞ ചില മാസങ്ങൾക്കുള്ളിൽ കന്യാസ്ത്രീ മഠങ്ങളെ ഇത്തരത്തിൽ ആക്ഷേപിച്ചപ്പോൾ അതിനെതിരെ ക്രിമിനൽ കേസ് നൽകാൻ കെസിവൈഎം നേതൃത്വത്തിൽ ചെറുപ്പക്കാർ തുനിഞ്ഞിറങ്ങിയപ്പോൾ ഉടനടി ആ വിഷയത്തിൽ ശമനം ഉണ്ടായത് ഒരു യാഥാർത്ഥ്യം മാത്രം. പിന്നെയും വിഷയങ്ങളുണ്ട്, ഉണ്ടാകും. എന്നാൽ നിലവിലുള്ള നിയമങ്ങൾ അത് എന്ത് വിഷയത്തിൽ ആയാലും പരിസ്ഥിതി, മനുഷ്യാവകാശം, സ്ത്രീകളുടെ അവകാശം ഏത് തലങ്ങളിൽ ആണെങ്കിലും അത് നടപ്പാക്കാൻ മുന്നിട്ടിറങ്ങാൻ ചെറുപ്പക്കാരെ ആവശ്യമുള്ള കാലഘട്ടമാണ് ഇത്.

ഉദാഹരണങ്ങൾ-

ദൂരപരിധി ലംഘിച്ചുള്ള മദ്യഷാപ്പുകൾ

മത വിദ്വേഷം പുലർത്തുന്ന ഫെയ്സ്ബുക്ക് പോസ്റ്റുകൾ

ഇരക്ക് പിന്തുണ കൊടുക്കുക

പരിസ്ഥിതി നിയമലംഘനങ്ങൾ

ഗതാഗത സംവിധാനങ്ങൾ

തീരസംരക്ഷണം

3. ആധികാരിക വെളിപ്പെടുത്തലുകളും യുവജനങ്ങളും

ചരിത്രപരമായ ഒരു നിയമനിർമ്മാണം ആയിരുന്നു വിവരാവകാശ നിയമം. പലരാജ്യങ്ങളിലും ഇല്ലാത്ത, പൗരൻറെ അവകാശം. ചെറുപ്പക്കാർ നിരവധി വിഷയങ്ങളിൽ ഇടപെടുന്നവരാണ്. നമുക്കുചുറ്റുമുള്ള സാമൂഹിക സാമുദായിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഘട്ടത്തിൽ ആധികാരികതയോടെ ഇടപെട്ടാൽ കൂടെ നിൽക്കാൻ കൂടുതൽ ആളുണ്ടാകും. അത്തരത്തിൽ ഇടപെടലുകൾ നടത്താൻ വിവരാവകാശ നിയമം ഉപയോഗിക്കുന്ന ശീലം നമുക്കുണ്ട്. എന്നാൽ ഒരു കൂടുതൽ വ്യാപകവും ബോധപൂർവ്വവും ആക്കണം. നിയമസഭാ രേഖകൾ സ്ഥിരമായി പരിശോധിക്കുന്ന സ്വഭാവം വളർത്തിയെടുക്കണം. ഏതു വിഷയത്തിലും തുനിഞ്ഞിറങ്ങിയാൽ ആധികാരികമായ വിവരങ്ങൾ നേടിയെടുക്കാൻ ആകും. സമരത്തിന് തയ്യാറെടുക്കുമ്പോഴും തുടർ ഇടപെടലുകൾ നടത്തുമ്പോഴും ആധികാരികമായ വിവരങ്ങൾ നല്ലൊരു ശക്തി ആയിരിക്കും.

ഉദാഹരണങ്ങൾ –

ലത്തീൻ കത്തോലിക്ക സംവരണം റൊട്ടേഷൻ വിവരങ്ങൾ

വിവിധ തസ്തികകളിലെ മെറിറ്റ് സംവരണ നിയമനങ്ങൾ

കരാർ നിയമനങ്ങൾ കണക്കുകൾ – തൊഴിൽ ലഭ്യത

4. നിയമവ്യവസ്ഥയിൽ ഊന്നിയ പ്രതികരണങ്ങൾ

ബലാത്സംഗ കേസിലെ പ്രതികളെ പോലീസ് വെടിവെച്ചു കൊന്നപ്പോൾ രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും അതിനെ കയ്യടിച്ചു സ്വീകരിച്ചു. ഒരുപക്ഷേ വരുംദിവസങ്ങളിൽ വെടിവെപ്പിനെ പിന്നിലെ കാര്യങ്ങൾ പുറത്തു വരാം. പക്ഷേ ജനം അത് സ്വീകരിച്ചതിന് അതല്ല കാരണം, വർഷങ്ങൾ നീളുന്ന നിയമവ്യവസ്ഥയുടെ ഭാഗമായ വിചാരണയും ഒന്നും പറയാനാവാത്ത പര്യവസാനവും അനുഭവങ്ങളായി മുന്നിൽ ഉള്ളതുകൊണ്ടാണ്. നിയമപരമായി അതൊരു ശരിയായ നിലപാടല്ല താനും.
നിയമവ്യവസ്ഥയിൽ ഊന്നിയ പ്രതികരണങ്ങൾക്ക് കാത്തുനിൽക്കുമ്പോൾ അതിൽ ജനങ്ങൾക്ക് വിശ്വാസ്യത ഉണ്ടായിരിക്കാൻ പുതിയ ഇടപെടലുകൾ അനിവാര്യമാണ്. ക്രിമിനൽ കേസുകളിൽ ഇരക്ക് അനുകൂലമായ സാക്ഷി നിലപാടുകളും പ്രോസിക്യൂഷൻ നടപടികൾക്കുള്ള പിന്തുണയും കുറയുമ്പോഴാണ് പ്രതികൾ രക്ഷപ്പെടുന്നത്. കേവലം ആൾക്കൂട്ടത്തിന്റെ നിയമത്തിനപ്പുറത്ത് നീതി നടപ്പാക്കുന്നതിന് അവസാനംവരെ നിലകൊള്ളുന്ന സമൂഹത്തെ സൃഷ്ടിച്ചെടുക്കണം. നിയമപരിരക്ഷ ലഭിക്കുകയെന്നത് മൗലികമായ അവകാശമാണ് എന്ന ബോധ്യം ജനങ്ങൾക്ക് നൽകണം. അത് ലഭ്യമാക്കാൻ അധികാരികൾ ഉണ്ടാകുമെന്ന ഉറപ്പു വേണം. നിയമപരമായി ലഭ്യമാകേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും നിയമവ്യവസ്ഥയിൽ ഊന്നിനിന്നുകൊണ്ട് തന്നെ നേടിയെടുക്കാൻ ആത്മവിശ്വാസം സമൂഹത്തിന് നൽകാനാവണം. ലക്ഷ്യം നേടും വരെ പൊരുതാനുള്ള ഊർജ്ജം പകർന്നു നൽകാനാവണം. നിയമവ്യവസ്ഥയിൽ ഊന്നിയ പ്രതികരണങ്ങൾക്ക് പൊതു സമൂഹത്തിൻറെ പിന്തുണ ആർജിക്കണം.

ഉദാഹരണങ്ങൾ-

മൂലമ്പിള്ളി – DLPC കരാറുകൾ

CRZ തദ്ദേശവാസികളുടെ ഭവനനിർമ്മാണം

കോവിൽത്തോട്ടം

ബോണക്കാട് കുരിശുമല

ബെൻസിഗർ എസ്റ്റേറ്റ്

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker