Daily Reflection

പരസ്യപ്പെടുത്താനുള്ളതല്ല സത്പ്രവർത്തികൾ 

പരസ്യപ്പെടുത്താനുള്ളതല്ല സത്പ്രവർത്തികൾ 

2 രാജാ. – 2:1,6-14
മത്താ. – 6:1-6,16-18

“നീ ധർമദാനം ചെയ്യുമ്പോൾ അതു രഹസ്യമായിരിക്കേണ്ടതിന് നിന്റെ വലത്തുകൈ ചെയ്യുന്നത് ഇടത്തുകൈ അറിയാതിരിക്കട്ടെ.

നമ്മുടെ പ്രവർത്തികളും,  ചിന്തകളും, എന്തിനേറെ നമ്മെ തന്നെ പൂർണമായി അറിയുന്ന പിതാവായ ദൈവം എല്ലാം കാണുന്നു. നമ്മുടെ പ്രവർത്തികൾക്കും,  ചിന്തകൾക്കും അവിടുന്ന് പ്രതിഫലം നൽകും. നാം ആഗ്രഹിക്കേണ്ട പ്രതിഫലവും അതുതന്നെയാണ്. ആയതിനാൽ, നമ്മുടെ പ്രവർത്തികൾ മറ്റുള്ളവരെ കാണിക്കാനോ, അവരിൽ  നിന്ന് പ്രീതി നേടാനോ ഉള്ളതാകാതെ രഹസ്യമായിരിക്കണം.  വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയാതിരിക്കട്ടെ എന്ന്സാരം. അത്രമാത്രം രഹസ്യമായിരിക്കണം നമ്മുടെ നന്മപ്രവർത്തികൾ.

സ്നേഹമുള്ളവരെ,  പ്രതിഫലം ആഗ്രഹിക്കാതെയുള്ള നന്മകൾക്ക് മാത്രമേ മൂല്യമുള്ളൂയെന്ന് നമ്മെ ഓർമ്മപെടുത്തുകയാണ് ക്രിസ്തു. നാം ചെയ്യുന്ന നന്മകൾ മറ്റുള്ളവരിൽനിന്ന് പ്രീതി  ആഗ്രഹിച്ചുകൊണ്ടുള്ളതാകരുത്. നമ്മുടെ സത്പ്രവർത്തികൾ പ്രീതി നേടാനുള്ളതാണെങ്കിൽ നാം ചെയ്യുന്ന നന്മയുടെ ഉദ്ദേശ്യം ദൈവികമല്ല. മറ്റുള്ളവരെ കാണിച്ച് ചെയ്യുന്ന നന്മകൾ സ്വാർത്ഥതാല്പര്യമുള്ളതും, വിവേകശൂന്യവുമാണ്. പരസ്യപ്പെടുത്തി മൂല്യം കൂട്ടാനുള്ളതോ,  പ്രതിഫലം വർദ്ധിപ്പിക്കാനുള്ളതോ അല്ല നമ്മുടെ സത്പ്രവർത്തികൾ. എല്ലാം കാണുന്ന, എല്ലാം അറിയുന്ന പിതാവ് നമ്മുടെ സത്പ്രവൃത്തികൾ കാണുകയും പ്രതിഫലം നൽകുകയും ചെയ്യും.

നമ്മുടെ സത്കർമ്മങ്ങൾ സഹോദരന്റെ ആവശ്യത്തിനനുസരിച്ച് ഉള്ളതാണോ എന്ന്  ശ്രദ്ധിച്ചാവണം നമ്മുടെ നന്മപ്രവർത്തികൾ.  മറ്റുള്ളവരിൽനിന്ന് പ്രീതി ആഗ്രഹിച്ചു കൊണ്ട് ചെയ്യുന്ന നന്മയ്ക്ക് ശരിയായ ഫലം ഉണ്ടാകില്ല. സഹോദരന്റെ ആവശ്യത്തിന് പ്രാധാന്യം നൽകാതെ തന്റെ പ്രവർത്തിയുടെ മഹത്വം എടുത്തുകാട്ടാനാകും ശ്രമിക്കുക.

സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവ് രഹസ്യങ്ങൾ അറിയുന്നവനാണ്. നന്മ ചെയ്യാനുള്ള നമ്മുടെ വിചാരം പോലും മനസ്സിലാക്കുന്ന അവിടുത്തേക്ക്
നാം ചെയ്യുന്ന സത്പ്രവർത്തിയുടെ  പരസ്യത്തിന്റെ  ആവശ്യമില്ല. സഹോദരൻറെ ആവശ്യം മനസ്സിലാക്കി അവന് വേണ്ടത്‌  ചെയ്യുമ്പോൾതന്നെ പിതാവിൽ നിന്ന് നമുക്ക് പ്രതിഫലം കിട്ടും. മറ്റുള്ളവർ പറയുന്നതിന്റെ  അടിസ്ഥാനത്തിലല്ല പിതാവ് നമുക്ക്  പ്രതിഫലം നൽകുന്നത്. നമ്മുടെ ചിന്തകൾ വായിക്കുകയും, നമ്മുടെ പ്രവർത്തികൾ കാണുകയും ചെയ്യുന്ന പിതാവ് നമുക്ക് അർഹതപ്പെട്ട പ്രതിഫലം തന്നെ നൽകും. ആയതിനാൽ,  നാം ചെയ്യുന്ന സത്പ്രവർത്തികൾ ദൈവത്തിൽ നിന്നും പ്രതിഫലം ലഭിക്കുന്ന തരത്തിൽ ചെയ്യാനായി ശ്രമിക്കാം.

രഹസ്യങ്ങൾ അറിയുന്ന ഞങ്ങളുടെ പിതാവേ,   സഹോദരങ്ങളെ  പ്രീതിപ്പെടുത്താനായോ,  സഹോദരങ്ങളിൽനിന്നും പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ടോ ആകാതെ സഹോദരന്റെ ആവശ്യം മനസ്സിലാക്കി സത്‌പ്രവൃത്തികൾ ചെയ്യാനുള്ള അനുഗ്രഹം നൽകണമേയെന്നു അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker