Articles

പോലീസ് റിപ്പോർട്ടുകളും രാഷ്ട്രീയവും പിന്നെ ചില സമീപകാല സംഭവങ്ങളും

സംസ്ഥാനത്തു നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇവിടെ ഭീകര പ്രസ്ഥാനങ്ങൾക്ക് വളം വയ്ക്കുന്നത്...

ഫാ.വർഗ്ഗീസ്‌ വള്ളിക്കാട്ട്‌

വിത്സൺ എന്ന പോലീസുകാരന്റെ കൊലപാതകവുമായി കേരള തമിഴ്നാട് അതിർത്തിയിൽ ശക്തിപ്രാപിക്കുന്നതായി ഈയിടെ മുൻ ഡി.ജി.പി. സെൻകുമാർ ചൂണ്ടിക്കാട്ടിയ തീവ്രവാദ സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് എന്തെങ്കിലും ബന്ധമുണ്ടോ? സെൻകുമാറിനെ സങ്കിയെന്നു വിളിക്കുന്നവരും അദ്ദേഹത്തെ പോലീസ് മേധാവിയാക്കിയതിൽ പരിതപിക്കുന്നവരും, അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന ചില വസ്തുതകളിൽ കഴമ്പുണ്ടോ എന്നു പരിശോധിക്കാൻ തയ്യാറാകാത്തത് എന്തുകൊണ്ടാണ് എന്നു മനസ്സിലാവുന്നില്ല.

സംസ്ഥാനത്തു നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇവിടെ ഭീകര പ്രസ്ഥാനങ്ങൾക്ക് വളംവയ്ക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയത് ഈയിടെയാണ്. കേരള തമിഴ്നാട് കർണാടക അതിർത്തികളിൽ മാവോയിസ്റ്റുകൾ അടക്കമുള്ള തീവ്രവാദ സംഘടനകൾ ശക്തിപ്രാപിക്കുന്നതായുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട് ഗൗരവമായി എടുക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ഇപ്പോൾ കേരള തമിഴ്നാട് അതിർത്തിയിൽ ഒരു പോലീസ് ഓഫീസറെ ഭീകരർ വെടിവച്ചു വീഴ്ത്തിയിരിക്കുന്നു. ഈ വാർത്തയും പതിവുപോലെ ‘ഒറ്റപ്പെട്ട’ സംഭവമായി രാഷ്ട്രീയ നേതൃത്വത്തിന് തള്ളിക്കളയാം.

പോലീസ് റിപ്പോർട്ടുകൾ അനുസരിച്ച് ആഭ്യന്തര വകുപ്പ് നിലപാട് സ്വീകരിക്കുന്നതിനെ നിശിതമായി വിമർശിച്ചുകൊണ്ട് സംസ്ഥാന സർക്കാരിനെതിരെ അതിൽ പങ്കാളിയായ ഒരു കക്ഷിയുടെ നേതാവ് ഈയിടെ രംഗത്തുവന്നിരുന്നു. പോലീസിന്റെയോ രഹസ്യാന്വേഷണ ഏജൻസികളുടെയോ റിപ്പോർട്ടുകളനുസരിച്ചല്ല, ഭരണം നടത്തുന്നവരുടെ രാഷ്ട്രീയ നിലപാടുകളനുസരിച്ചുവേണം ആഭ്യന്തര വകുപ്പും പോലീസും നടപടി സ്വീകരിക്കേണ്ടത് എന്ന് അദ്ദേഹം ഉറക്കെപറഞ്ഞിട്ടും സെൻകുമാർ ചൂണ്ടിക്കാട്ടിയ വസ്തുതയിൽ കഴമ്പുണ്ടോ എന്നു പരിശോധിക്കാൻ ഇവിടുത്തെ മാധ്യമങ്ങളോ പൊതു സമൂഹമോ ഇതുവരെ തയ്യാറായിട്ടില്ല.

രാഷ്ട്രീയ നേതൃത്വം പൂഴ്ത്തിവച്ച ചില പോലീസ് റിപ്പോർട്ടുകളെക്കുറിച്ച് മുൻ ഡി.ജി.പി. ജേക്കബ് പുന്നൂസും ഈയിടെ തുറന്നു പറഞ്ഞിരുന്നു. തൊണ്ണൂറുകളിൽ സംസ്ഥാനത്തു നിരവധി കൊലപാതകങ്ങളും ആക്രമണ പരമ്പരകളും നടത്തിയ “പുണ്യാത്മാക്കളുടെ കൂട്ടായ്മ ” (ജം ഇയ്യത്തുൽ ഇസ്ഹാനിയ) എന്ന രഹസ്യ സംഘടനയെ സംബന്ധിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്രകാരം രാഷ്ട്രീയ നേതൃത്വം മൂടിവച്ചത്. തുടർന്ന് കേരളത്തിൽ ബോംബുനിർമ്മാണവും സ്ഫോടനവും ബസ് കത്തിക്കലും തുടങ്ങി നിരവധി ആക്ഷനുകൾ സംഘടിപ്പിച്ചുകൊണ്ടും മതത്തിന്റെ അതി തീവ്ര രാഷ്ട്രീയ രൂപങ്ങൾ അവതരിപ്പിച്ചുകൊണ്ടും പല പേരുകളിലും പല രൂപങ്ങളിലുമുള്ള സംഘടനകൾ പ്രത്യക്ഷപ്പെട്ടു. കാശ്മീരിൽ ഇന്ത്യൻ സൈന്യത്തോട് ഏറ്റുമുട്ടാൻ കേരളത്തിൽനിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നിടം വരെ അതെത്തിയിട്ടും, സൈന്യത്തോട് ഏറ്റുമുട്ടി മരിച്ച ചെറുപ്പക്കാരുടെ ശവശരീരങ്ങൾ ഏറ്റുവാങ്ങാൻ കേരള സർക്കാരിനോട് സൈന്യം ആവശ്യപ്പെടുന്നതുവരെ, കേരളത്തിൽ തീവ്രവാദം ഉണ്ട്‌ എന്ന് അംഗീകരിക്കാൻ ഇവിടത്തെ രാഷ്ട്രീയ നേതൃത്വം തയ്യാറല്ലായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയതും ഒരു മുൻ ഡി ജി പിയായ ജേക്കബ് പുന്നൂസാണ്. പോലീസ് റിപ്പോർട്ടുകൾക്ക് പുല്ലുവില എന്നു വാശിപിടിക്കുന്ന നമ്മുടെ രാഷ്ട്രീയ നേതൃത്വത്തെ നമുക്ക് വിശ്വസിക്കാമോ?

രാഷ്ട്രീയ നേതൃത്വത്തിന്റെ തികച്ചും ദുരൂഹമായ ഇത്തരം നിലപാടുകളല്ലേ ഭീകരതക്കു വളക്കൂറുള്ള മണ്ണായി കേരളത്തെ മാറ്റിയത്?

കാഷ്മീരിലോ ശ്രീലങ്കയിലോ ലോകത്തെവിടെയും നടക്കുന്ന വിധ്വംസക പ്രവർത്തനങ്ങൾക്ക് കേരളത്തിൽ വേരുകളുണ്ടാവുന്നത്‌ ഇവിടത്തെ രാഷ്ട്രീയ കാലാവസ്ഥയുമായി കൂട്ടിവായിക്കണമെന്ന സെൻകുമാറിന്റെ നിരീക്ഷണം തള്ളിക്കളയാവുന്നതാണോ? ശരിയല്ലാത്തയിനം ചില ചങ്ങാത്തങ്ങൾ രാഷ്ട്രീയ നേതൃത്വങ്ങളിലുണ്ട് എന്ന് കേരളത്തിലെ ഒരു മുതിർന്ന രാഷ്ട്രീയ നേതാവിന് തുറന്നുപറയേണ്ടി വന്നതും ഈയിടെയാണ്. ഈ ഏറ്റുപറച്ചിൽ ആത്മാർത്ഥമാണോ ഗതികേടുകൊണ്ടാണോ താൽക്കാലികമായ ചില രക്ഷപ്പെടലുകൾക്കുവേണ്ടിയുള്ള തന്ത്രം മാത്രമാണോ എന്ന് ഇപ്പോഴും വ്യക്തമല്ല.

ഭരണാധികാരികളും രാഷ്ട്രീയക്കാരും വ്യക്തിപരവും രാഷ്ട്രീയവുമായ ലാഭനഷ്ടങ്ങൾക്കപ്പുറം ജനങ്ങളുടെയും നാടിന്റെയും നന്മയാഗ്രഹിക്കുന്നവരും നിയമ വാഴ്ചയിൽ വിശ്വസിക്കുന്നവരുമാണ് എന്നു ചിന്തിക്കാനാണ് ജനങ്ങൾക്കിഷ്ടം. പക്ഷേ, ഈ രംഗത്തു അലംഭാവം പുലർത്തുന്നവരും തൻകാര്യം നേടാൻ എന്തിനും നിന്നുകൊടുക്കുന്നവരും ഉണ്ടോ എന്ന് ഇപ്പോൾ ഉറക്കെ ചിന്തിക്കേണ്ടി വരുന്നു. പുതു തലമുറയ്ക്ക് ആകർഷകമായ ഒരു ജീവിത രീതിയായി ഭീകര പ്രവർത്തനം മാറാതിരിക്കാനെങ്കിലും, ഇക്കാര്യത്തിൽ ഫലപ്രദമായ നടപടികൾ ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടായേ മതിയാകൂ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker