Kerala

“പ്രതിരോധം തുടരാം പുതുജീവൻ പകരാം” സന്ദേശവുമായി ആലപ്പുഴ രൂപതാ ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിൽ കടലോരത്ത്‌

ഒരോ വ്യക്തിയും ആരോഗ്യ രക്ഷാദൗത്യം സ്വയം ഏറ്റെടുക്കണം...

ജോസ് മാർട്ടിൻ

ആലപ്പുഴ /പുന്നപ്ര: “പ്രതിരോധം തുടരാം പുതുജീവൻ പകരാം” സന്ദേശവുമായി ശനിയാഴ്ച്ച പ്രഭാതത്തിൽ പുന്നപ്ര ഗലീലിയ കടപ്പുറത്ത് ബിഷപ്പ് ജെയിംസ് ആനാപറമ്പിലിന്റെ അപ്രതീക്ഷ സന്ദർശനം. ലോക്ക്ഡൌൺ മൂലം നിശ്ചലമായിരുന്ന മത്സ്യബന്ധന മേഖല സജീവമായിട്ടുണ്ടെങ്കിലും കോവിഡ് ഭീതിയിൽ നിന്നും പൂർണ്ണമായും മുക്തരായിട്ടില്ലെങ്കിലും അതിജീവനത്തിനായി മത്സ്യബന്ധനത്തിനിറങ്ങിയ കടലിന്റെ മക്കൾക്ക് ധൈര്യം പകരുവാനും കൊറോണാ പ്രതിരോധം തുടർന്നുകൊണ്ട് തന്നെ മുന്നോട്ട് പോകുവാനുമുള്ള ആഹ്വാനവുമായാണ് രൂപതയുടെ ട്രേഡ് യൂണിയനായ കത്തോലിക്കാ മത്സ്യതൊഴിലാളി യുണിയന്റെ രക്ഷാഅധികാരി കൂടിയായ ബിഷപ്പ് കടലോരത്ത് എത്തിയത്.

തുടർന്ന് യൂണിയൻ തീരദേശത്താരംഭിക്കുന്ന പ്രചരണ പരിപാടികളുടെ ഉദ്ഘാടനം പിതാവ് നിർവഹിച്ചു. ഒരോ വ്യക്തിയും ആരോഗ്യ രക്ഷാദൗത്യം സ്വയം ഏറ്റെടുക്കണമെന്ന് ഫേസ് മാക്സ്ക്കുകൾ മത്സ്യതൊഴിലാളികൾക്ക് വിതരണം ചെയ്തുകൊണ്ട് പിതാവ് പറഞ്ഞു. കൂടാതെ, സർക്കാരുകൾ നൽകുന്ന നിർദേശങ്ങൾ പാലിക്കണം, ദീർഘകാല സാഹചര്യങ്ങൾ മുന്നിൽ കണ്ട് കുടുംബങ്ങളിൽ സാമ്പത്തിക അച്ചടക്കം പാലിക്കണം, ചെറിയ തുണ്ട് ഭൂമിയിൽപ്പോലും ഇടവിള കൃഷികൾ ശീലമാക്കണമെന്നും പിതാവ് ഓർമ്മിപ്പിച്ചു.

ഹെൽത്ത്‌ പ്രോട്ടോകോൾ പാലിച്ചു കൊണ്ട് മത്സ്യ തൊഴിലാളികളുമായി സംവദിച്ച പിതാവ് അവരുടെ പ്രശ്നങ്ങളും, ബുദ്ധിമുട്ടുകളും നേരിട്ട് ചോദിച്ചറിഞ്ഞു. വരാൻ പോകുന്ന കാലവർഷത്തെ മുന്നിൽ കണ്ട്, മുന്നൊരുക്കങ്ങൾ ആരംഭിക്കുന്ന കാര്യങ്ങളും മത്സ്യതൊഴിലാളികളുമായി ചർച്ച ചെയ്തു. ഏകദേശം ഒരു മണിക്കുറോളം പിതാവ് അവരുമായി ചിലവഴിച്ചു. വള്ളങ്ങളിൽനിന്നും മീൻ കരയ്ക്കെത്തിച്ചു കൊണ്ടിരുന്ന മത്സ്യ തൊഴിലാളികൾക്ക് ബിഷപ്പിന്റെ സാന്നിധ്യം പ്രോത്സാഹനമായി.

കത്തോലിക്കാ മത്സ്യതൊഴിലാളി യൂണിയൻ നേതാക്കളായ ഡെന്നി ആന്റണി, ക്ളീറ്റസ് വെളിയിൽ, തോമസ് കൂട്ടുങ്കൽ, ജോസ് കൊച്ചിക്കാരൻവീട്ടിൽ എന്നിവർ പിതാവിനോടൊപ്പമുണ്ടായിരുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker