Daily Reflection

പ്രത്യാശയുടെ നിശബ്ദ ശനി

നമ്മുടെ ജീവിതത്തിനുമുകളിൽ കയറ്റിവച്ചിരിക്കുന്ന വലിയ കല്ലുകൾ മാറ്റപ്പെടണം...

നാഥൻ ഉറങ്ങുന്ന ദിവസം. പെസഹകുഞ്ഞാടായി അർപ്പിക്കപ്പെട്ട രക്ഷകൻ കാരുണ്യത്തെ ധ്യാനിക്കാനും കാരുണ്യത്തെ കാത്തിരിക്കാനും നൽകിയ ശാന്തമായ ദിവസം. രക്ഷകന്റെ കരുണ അവിടുന്ന് ലോകത്തിലേക്ക് ചൊരിയപ്പെട്ടുകഴിഞ്ഞു. ഇനി ആ കരുണയുടെ മഹാസാഗരത്തിൽ നിന്നും അനുഗ്രഹത്തിന്റെ നീർജലം കോരിയെടുക്കാൻ നമ്മുടെ ജീവിതത്തിനുമുകളിൽ കയറ്റിവച്ചിരിക്കുന്ന വലിയ കല്ലുകൾ മാറ്റപ്പെടണം. അവിശ്വാസത്തിന്റെ, നിരാശയുടെ, സംശയത്തിന്റെ, വിമർശനത്തിന്റെ, പകയുടെ കല്ലുകൾ എടുത്തുമാറ്റി, കരുണയുടെ വാതിലുകൾ അടച്ചുകളയുന്നതെല്ലാം എടുത്തു മാറ്റി, പ്രത്യാശയോടെ കാത്തിരിക്കാൻ പഠിപ്പിച്ച സുന്ദരദിവസം. കർത്താവിന്റെ തിരുശരീരം സംസ്കരിച്ചശേഷമുള്ള സംഭവങ്ങൾ സുവിശേഷകന്മാർ വിവരിക്കുന്നിടത്ത്, അവിടുത്തെ കാരുണ്യം അനുഭവിക്കാൻ എന്ത് ചെയ്യണമെന്ന് രണ്ടു വ്യക്തികൾ ആരും കാണാതെ പറഞ്ഞുവയ്ക്കുന്നു.

1) അരിമത്തെയാക്കാരൻ യൗസേപ്പ്: യേശുവിന്റെ ശരീരം പീലാത്തോസിൽ നിന്നും വാങ്ങി “ശുചിയായ ഒരു തുണിയിൽ പൊതിഞ്ഞശേഷം, പാറയിൽ വെട്ടിയുണ്ടാക്കിയ തന്റെ പുതിയ കല്ലറയിൽ സംസ്കരിച്ചു” വെന്നാണ് സുവിശേഷം പറയുന്നത്. ശുചിയായ തുണി മനസ്സിന്റെ ശുചിത്വമാണ്. ശുദ്ധിയുള്ള ഒരു ഹൃദയത്തോടെ അവിടുത്തെ കരുണയ്ക്കായുള്ള കാത്തിരിപ്പ്. മരണം നടക്കുമ്പോഴേക്ക് പാറവെട്ടി കല്ലറ പണിത വ്യക്തി. മണിക്കൂറുകൾകൊണ്ട് പാറവെട്ടി കല്ലറ ഉണ്ടാക്കിയെങ്കിൽ യേശുവിന്റെ രക്ഷാകര മരണത്തെ ധ്യാനിക്കുകയും ലോകത്തോട് മുഴുവൻ കരുണ കാണിക്കാൻ തന്റെ ജീവൻ നൽകിയവനെ ധ്യാനിക്കാൻ സാധിക്കുകയും ചെയ്തതുകൊണ്ടാണ് അവനുവേണ്ടി ഒരു കല്ലറ ഒരുക്കാൻ അരിമത്തെയാക്കാരൻ യൗസേപ്പിനു സാധിച്ചത്. അതെല്ലാം പുതിയതായിരുന്നു, കാരണം അവനിലൂടെ ലഭിച്ച കരുണയാൽ ജീവിതം മുഴുവൻ പുതുമയായി മാറി. അതുകൊണ്ടു തന്നെ പ്രതീക്ഷയോടെയായിരിക്കണം അവൻ യേശുവിന് കബറിടം ഒരുക്കിയത്. ഒരു വിത്ത് മണ്ണിൽ പാകുന്ന കർഷകന്റെ പ്രതീക്ഷപോലെ യേശുവിന്റെ ശരീരം അവൻ കബറടക്കുന്നു. കൂടാതെ ആ കല്ലറ ഒരുക്കാൻ അവൻ ജീവന്റെ വില കൊടുത്തിട്ടുണ്ടാകും കാരണം, സാബത്തിന്റെ ദിവസം അടുത്തിരിക്കുന്നു, യാതൊരു ബിസിനസ്സും നടക്കാത്ത ആ ദിവസം അവൻ തനിക്കുള്ളതുമുഴുവൻ, ജീവൻ പോലും കൊടുക്കാൻ ധൈര്യം കാണിച്ചിട്ടായിരിക്കും ആ പറമ്പ് വാങ്ങി അവനുവേണ്ടി കല്ലറ ഒരുക്കിയിട്ടുണ്ടാകുകയെന്നു ചില ബൈബിൾ പണ്ഡിതൻ പറയുന്നു.

അരിമത്തെയാക്കാരൻ യൗസേപ്പ് നമ്മെ പഠിപ്പിക്കുന്നു, ദൈവത്തിന്റെ കരുണയ്ക്കുവേണ്ടി ഒരു ഹൃദയശുദ്ധീകരണം നടത്തേണ്ടിയിരിക്കുന്നു, ദൈവം കാരുണ്യവാനായതായതുകൊണ്ടുതന്നെ അവിടുത്തെ കാരുണ്യം നമുക്ക് ലഭിച്ചുകഴിഞ്ഞു, ആയതിനാൽ ഹൃദയത്തിൽ പ്രതീക്ഷയും അവിടുത്തെ സമയം വരെ കാത്തിരിക്കാനുള്ള ആത്മധൈര്യവും ആവശ്യമാണ്. ഈ കുരിശിന്റെ പാതയിലും അതിനു ശേഷമുള്ള നിശ്ശബ്ദതയിലും അവിടുത്തെ ഹിതം നിറവേറണമേയെന്നു പ്രാർത്ഥിക്കാൻ പഠിക്കാം. എല്ലാം പൂട്ടപ്പെട്ട് ഇനിയെന്ത് എന്ന ചിന്തയോടെ ലോകം മുഴുവൻ നിശബ്തതയിൽ കഴിയുന്ന ഈ ദിവസങ്ങളിൽ ഈ ഒരു പ്രത്യാശയും അവിടുത്തെ ഇടപെടൽ വൈകുന്നതിനും ഒരു കാരണമുണ്ട്, പ്രതീക്ഷയുടെ, ഉത്ഥാനവെളിച്ചത്തിന്റെ, കിരണങ്ങൾ കെട്ടുപോകാതെ കാത്തുസൂക്ഷിച്ച് ദൈവമേ ഈ നിശ്ശബ്‌ദതയിലും നിന്റെ ഹിതം നിറവേറട്ടെയെന്നു പ്രാർത്ഥിക്കാൻ ഈ ദിവസം നമ്മെ പഠിപ്പിക്കുന്നു.

2) യേശുവിനെ അനുഗമിച്ചിരുന്ന സ്ത്രീകൾ: അവർ അവനെ സംസ്‌കരിച്ച ഇടം കണ്ടു, “അവർ അതിനുശേഷം തിരിച്ചു ചെന്ന് സുഗന്ധദ്രവ്യങ്ങളും ലേപനവസ്തുക്കളും തയ്യാറാക്കി” (ലൂക്കാ. 23:56). ക്രിസ്തുവിനുവേണ്ടി തങ്ങളാൽ ചെയ്യാവുന്ന കാര്യങ്ങൾ അവർ പ്രതീക്ഷയോടെ ചെയ്തുവയ്ക്കുന്നു. അതുകൊണ്ടു തന്നെ യേശു ആദ്യം ഈ സ്ത്രീകൾക്കാണ് കർത്താവു പ്രത്യക്ഷപ്പെടുന്നത്‌. എല്ലാവരും ഉപേക്ഷിച്ചുപോയപ്പോഴും അവനെ കുരിശോളം അനുഗമിക്കുകയും കുരിശിനപ്പുറം അവന്റെ കരുണയുടെ സുഗന്ധം ഉയിർപ്പിന്റെ പ്രത്യാശ വരെ അവരെ നയിക്കുമെന്ന ഉറപ്പോടെയാണ് അവർ അവനുവേണ്ടി സുഗന്ധലേപനങ്ങൾ ഒരുക്കിവയ്ക്കുന്നത്.
കുരിശിന്റെ അതെ വഴിയിലൂടെ സഭയും ലോകം മുഴുവനും കടന്നുപോകുമ്പോൾ ഈ വിശുദ്ധ സ്ത്രീകളുടെ പ്രതീക്ഷയോടെ അവനുവേണ്ടി പ്രാർത്ഥനയുടെ സുഗന്ധങ്ങൾ ഒരുക്കി പ്രതീക്ഷയോടെ കാത്തിരിക്കാം.

പ്രതീക്ഷയുടെ ഈ ശനി നമുക്ക് നൽകുന്ന സന്ദേശങ്ങൾ ഇതാണ്:
ഈ ദുഃഖശനിയുംകടന്ന് നമ്മൾ കടന്നുപോകേണ്ടതുണ്ട് പ്രതീക്ഷയോടെ…
ഈ ദുഃഖശനിയ്ക്കുശേഷം നന്മയുടെ നാളുകൾ നമുക്കായി കാത്തിരിക്കുന്നു…
കാത്തിരിക്കുന്ന പ്രതീക്ഷകൾ ദൂരെയാകുമ്പോഴും അതിലും ദൈവത്തിന്റെ ഒരു പദ്ധതിയുണ്ട്…
പ്രതീക്ഷയുടെയും പ്രാർത്ഥനയുടെയും സുഗന്ധങ്ങൾ നഷ്ടമാകാതെ കാത്തിരിക്കാം…

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker