Kerala

പ്രളയഭൂമിയിൽ കാരുണ്യപ്രവാഹമായി എറണാകുളം-അങ്കമാലി അതിരൂപത

പ്രളയഭൂമിയിൽ കാരുണ്യപ്രവാഹമായി എറണാകുളം-അങ്കമാലി അതിരൂപത

സ്വന്തം ലേഖകൻ

കൊച്ചി: മധ്യകേരളത്തിലെ പ്രളയം പിഴുതെറിഞ്ഞ മേഖലകളിൽ സന്നദ്ധസേവനവും സഹായങ്ങളും സജീവമാക്കി എറണാകുളം-അങ്കമാലി അതിരൂപത. ദുരിതാശ്വാസ ക്യാന്പുകളിലും മറ്റിടങ്ങളിലുമായി ഇതുവരെ ആറു കോടിയിലധികം രൂപയുടെ സഹായമാണു കാരുണ്യപ്രവാഹം എന്ന പേരിൽ അതിരൂപത വിവിധ തലങ്ങളിലൂടെ ലഭ്യമാക്കിയത്.

കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലായി അതിരൂപതയുടെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളെത്തി. അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സഹൃദയയാണു ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇടവകകളും സ്ഥാപനങ്ങളും വൈദികരും സന്യസ്തരും വിശ്വാസി സമൂഹവും ഒന്നിച്ചു കൈകോർത്തു സന്നദ്ധപ്രവർത്തനങ്ങളിലുണ്ട്.

ദുരിതാശ്വാസ ക്യാന്പുകളിലേക്കു ഭക്ഷണം, അനുബന്ധ സൗകര്യങ്ങൾ, വീടുകളിലേക്കു ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, മരുന്നുകൾ, മെഡിക്കൽ ക്യാന്പുകൾ, കുടിവെള്ളം, ക്ലീനിംഗ് സാമഗ്രികൾ തുടങ്ങിയവയാണ് എത്തിച്ചത്. അതിരൂപതയിൽ പ്രളയക്കെടുതി ബാധിച്ച 280 ഇടവകകൾ കേന്ദ്രീകരിച്ചു നാനാജാതി മതസ്ഥർക്കു ദുരിതാശ്വാസം ലഭ്യമാക്കി.

വിവിധ ഇടവക പള്ളികളിലും അനുബന്ധ സ്ഥാപനങ്ങളിലുമായി 1250 ദുരിതാശ്വാസ ക്യാന്പുകളാണു പ്രവർത്തിച്ചത്. 2.6 ലക്ഷം പേർ ഈ ക്യാന്പുകളിൽ താമസിച്ചു. ക്യാന്പുകൾ പലതും ഇപ്പോഴും തുടരുന്നുണ്ട്. 400-ഓളം വൈദികർ, അഞ്ഞൂറോളം സമർപ്പിതർ, സെമിനാരി വിദ്യാർഥികൾ, ആയിരത്തിലധികം അല്മായ വോളണ്ടിയർമാർ എന്നിവർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായി. നൂറു വാഹനങ്ങളും 380 ബോട്ടുകളും രക്ഷാ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചു. ആതിരൂപതയിലെ ഇടവകകൾ, സന്യാസ സമൂഹങ്ങൾ, ആശുപത്രികൾ, സംഘടനകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. സഹൃദയയുടെ പൊന്നുരുന്നിയിലെ ആസ്ഥാനം, അതിരൂപതയുടെ പാസ്റ്ററൽ സെന്‍ററായ അങ്കമാലി സുബോധന എന്നിവ കേന്ദ്രീകരിച്ചാണു ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

വെള്ളമിറങ്ങിപ്പോയ വീടുകൾ വൃത്തിയാക്കി താമസയോഗ്യമാക്കുന്നതിനും രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. ഇതിനായി വോളണ്ടിയർമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഇലക്ട്രിക്, പ്ലംബിംഗ് ജോലികൾ ആവശ്യമുള്ള സ്ഥലങ്ങളിൽ വിദഗ്ധരുടെ സംഘത്തെ ലഭ്യമാക്കുന്നു. എറണാകുളം ലിസി, അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രികളുടെ നേതൃത്വത്തിൽ എല്ലാ ദിവസങ്ങളിലും വിവിധ സ്ഥലങ്ങളിൽ മെഡിക്കൽ ക്യാന്പുകൾ നടന്നുവരുന്നു.

അതിരൂപതയുടെ വിവിധ മേഖലകളിൽ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു വലിയ തോതിലുള്ള സഹകരണമാണു ലഭിച്ചതെന്നു അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് മാർ ജേക്കബ് മനത്തോടത്തും ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്തും അറിയിച്ചു. എല്ലാ വിഭാഗം ജനങ്ങളും സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരുന്നതു വരെ സന്നദ്ധപ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയ ബാധിത മേഖലകളുടെ പുനരധിവാസത്തിനു ബൃഹദ് പദ്ധതികളാണു തയാറാക്കിയിട്ടുള്ളത്. വീടുകൾ നഷ്ടപ്പെട്ടവർക്കു പുനർനിർമാണത്തിനും നവീകരണത്തിനും ജീവനോപാധികൾ നഷ്ടപ്പെട്ടവർക്കു ബദൽ മാർഗങ്ങൾ ഉറപ്പാക്കുന്നതിനും ഹ്രസ്വ, ദീർഘകാല പദ്ധതികൾ ആവിഷ്കരിച്ചതായി സഹൃദയ ഡയറക്ടർ ഫാ. പോൾ ചെറുപിള്ളി അറിയിച്ചു. പ്രളയബാധിത മേഖലകളിൽ സമഗ്രമായ സർവേ, ദുരിതം നേരിടുന്ന കുടുംബങ്ങളെയും ഗ്രാമങ്ങളെയും ദത്തെടുക്കൽ, ദുരിതബാധിതർക്ക് ആവശ്യമായ തുടർസഹായങ്ങൾ എന്നിവ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker